This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെര്‍സു ഉസാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:29, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദെര്‍സു ഉസാല

അകിരാ കുറസോവ

അകിരാ കുറസോവയുടെ ചലച്ചിത്രം. 1976-ലെ ന്യൂഡല്‍ഹി ചലച്ചിത്രോത്സവത്തില്‍ സുവര്‍ണമയൂരം നേടിയ ചിത്രമാണിത്. മോസ്കോ ചലച്ചിത്രമേളയില്‍ ഗ്രാന്റ് പ്രീയും (1975) ഓസ്കാര്‍ പുരസ്കാരവും (1975) ഈ ചിത്രം നേടുകയുണ്ടായി.

ദെര്‍സു ഉസാലയിലെ ഒരു രംഗം

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികതാളം ഹൃദയസ്പര്‍ശിയാംവിധം അവതരിപ്പിക്കുന്ന ചലച്ചിത്രമാണ് ദെര്‍സു ഉസാല. റഷ്യയിലെ മഞ്ഞുമേഖലയായ ഉസൂരി മേഖലയില്‍ പരീക്ഷണം നടത്തുന്ന അര്‍സനോഫും സംഘവും ഗിരിവര്‍ഗക്കാരനായ ദെര്‍സു ഉസാലയെ കണ്ടുമുട്ടുന്നതും അനന്തരസംഭവങ്ങളുമാണ് ഇതിലെ കഥാവസ്തു. പ്രകൃതിയുടെ ഓരോ മാറ്റവും അറിയാവുന്ന ദെര്‍സു, അര്‍സനോഫിന്റെ പര്യവേക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശകനായി. ലോകസിനിമയിലെതന്നെ ഏറ്റവും സൌന്ദര്യമാര്‍ന്ന ദൃശ്യങ്ങളിലൂടെ അവരുടെ യാത്ര മുന്നേറവേ, കൊടുങ്കാറ്റിന്റെ വരവ് ദെര്‍സു മണത്തറിയുന്നു. കാട്ടുപുല്ല് അരിഞ്ഞെടുത്ത് കൂമ്പാരംകൂട്ടി ദെര്‍സുവും അര്‍സനോഫും രക്ഷപ്പെടുന്ന രംഗം ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും ഉദാത്തമായ ദൃശ്യാഖ്യാനങ്ങളിലൊന്നാണ്. വര്‍ഷങ്ങള്‍ക്കുശേഷം അര്‍സനോഫ് കാഴ്ച മങ്ങിപ്പോയ ദെര്‍സുവിനെ കണ്ടെത്തുന്നു. അയാള്‍ ദെര്‍സുവിനെ നഗരത്തിലേക്ക് നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോയി. പക്ഷേ നഗരത്തിന്റെ സുഖസൌകര്യങ്ങള്‍ ദെര്‍സുവിനെ പൊള്ളിക്കുന്നവയായിരുന്നു. നഗരത്തോടു പൊരുത്തപ്പെടാനാകാത്ത ആ കാനനപുത്രന്‍ തന്റെ തോക്കും ഊന്നുവടിയുമായി അവിടം വിട്ടിറങ്ങി. നഗരം അയാളെ കൊന്നു. ആ അനാഥപ്രേതം സര്‍ക്കാര്‍ ചെലവില്‍ സംസ്കരിക്കപ്പെട്ടു. അര്‍സനോഫ് അയാളുടെ ഊന്നുവടി കുഴിമാടത്തില്‍ കുരിശുപോലെ നിര്‍ത്തി. മഞ്ഞ് ദെര്‍സുവിന്റെ കുഴിമാടത്തെ മൂടുന്നിടത്ത് ലോകത്തിലെ അതിമഹത്തായ പരിഷ്കൃത-പ്രകൃതിജീവന വൈരുധ്യത്തിന്റെ ഇതിഹാസം അവസാനിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍