This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നടരാജന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:20, 16 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നടരാജന്‍

ഹിന്ദുദേവതാസങ്കല്പത്തിലെ ത്രിമൂര്‍ത്തികളില്‍ (ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാര്‍) ഒന്നായ പരമശിവന്റെ വിവിധ നാമങ്ങളിലൊന്ന്. നൃത്തകലയുടെ അധിദേവതയായി ഭാരതീയര്‍ ആരാധിച്ചുപോരുന്നത് നടരാജനെയാണ്. വേദസാഹിത്യത്തില്‍ രുദ്രനായും, ഐതരേയ ബ്രാഹ്മണത്തില്‍ പേരെടുത്തു പ്രസ്താവിക്കപ്പെടാത്ത ആദിദേവനായും, ഋഗ്വേദപ്രകാരം രൌദ്രബ്രഹ്മനായും വാസ്തോസ്പതിയായും മൈത്രായനിസംഹിതപ്രകാരം പ്രജാപതിയായും പിന്നീട് പശുപതിയായും പരിണമിക്കുന്ന ശിവന്റെ ദേവതാസങ്കല്പം അതിന്റെ പ്രാഗ്രൂപത്തില്‍ ഹരപ്പന്‍ യുഗത്തിലെ സിദ്ധാസനത്തിലിരിക്കുന്ന ഊര്‍ധ്വലിംഗനായ ശിവനില്‍ കാണാം. എന്നാല്‍ നൃത്തകലയുടെ അധിഷ്ഠാനദേവനായി, നടരാജനായി ശിവന്‍ രൂപാന്തരം പ്രാപിക്കുന്നത് ഭരതമുനിയുടെ നാട്യശാസ്ത്രത്തോടുകൂടിയാണ്. വ്യാസവിരചിതമായ ശിവപുരാണത്തില്‍ ശിവന്‍ പ്രണവത്തിന്റെ സ്രഷ്ടാവും ശബ്ദബ്രഹ്മത്തിന്റെ അധിപനുമായി വിഭാവനം ചെയ്യപ്പെടുന്നു. ശാര്‍ങ്ഗദേവന്റെ സംഗീതരത്നാകരത്തില്‍ സംഗീതത്തിന്റെകൂടി അധിഷ്ഠാനദേവതയും പ്രണേതാവുമാണ് നടരാജന്‍. (സംഗീതമില്ലാതെ നൃത്തം പൂര്‍ണമാകുന്നില്ല.)

നടരാജന്‍:ചോളകാലശില്പം.ഉടുത്തൂര്‍

നാട്യശാസ്ത്രപ്രകാരം നാല് വേദങ്ങളുടെയും സാരമുള്‍ക്കൊള്ളുന്ന അഞ്ചാമത്തെ വേദമാണ് നാട്യവേദം. അത് ബ്രഹ്മാവ് സൃഷ്ടിച്ച് ദേവന്മാര്‍ക്ക് ആസ്വദിക്കുവാന്‍ നല്കി. നാട്യപ്രയോഗത്തിന് ബ്രഹ്മാവ് പുത്രനായ ദേവേന്ദ്രനോട് ആവശ്യപ്പെടുന്നു. എന്നാല്‍ നാട്യകലയില്‍ ദേവന്മാര്‍ അനഭിജ്ഞരാണെന്നും മഹര്‍ഷിമാര്‍ക്കുമാത്രമാണ് അതിനു കഴിയുന്നതെന്നും പറയുമ്പോഴാണ് നാട്യവേദത്തിന്റെ രംഗപ്രയോഗത്തിന് ഭരതമുനി നിയുക്തനാകുന്നത്. തുടര്‍ന്ന് ഭരതമുനിപുത്രന്മാരായ നൂറുപേരും അപ്സരസ്സുകളും ചേര്‍ന്ന് ബ്രഹ്മസന്നിധിയില്‍ 'അമൃതമഥനം' എന്ന സമവകാരം (ദശരൂപകങ്ങളില്‍ ഒന്ന്) അഭിനയിച്ചു. അതില്‍ അസുരന്മാര്‍ പരാജയപ്പെടുന്നതായി ചിത്രീകരിക്കുന്നതുകണ്ട് ക്ഷുഭിതരായ അവര്‍ നാട്യപ്രയോഗത്തിന് വിഘ്നങ്ങള്‍ വരുത്താന്‍ തുടങ്ങി. വിഘ്നങ്ങള്‍ തുടര്‍ന്നുണ്ടാകാതിരിക്കാന്‍ ബ്രഹ്മാവ് വിശ്വകര്‍മാവിനെ വരുത്തി നാട്യവേദിക്കായി ഒരു നാട്യഗൃഹം നിര്‍മിപ്പിച്ചു. നാട്യത്തില്‍ ആവിഷ്കൃതമാകുന്നതാകട്ടെ സൃഷ്ടിയിലെ നാനാമുഖമായ ലോകവൃത്താന്തങ്ങളാണെന്നും അതില്‍ ധര്‍മാര്‍ഥകാമമോക്ഷങ്ങളും യുദ്ധവും വധവും മറ്റും ഉണ്ടാകുമെന്നും വിജ്ഞാനം, വിനോദം, സമാശ്വാസം എന്നിവ ലക്ഷ്യമാക്കുന്ന നാട്യത്തില്‍ നാനാവിധ ശാസ്ത്രങ്ങള്‍, ശില്പങ്ങള്‍, കലകള്‍, കര്‍മങ്ങള്‍ എന്നിവ ഒക്കെയും അന്തര്‍ഭവിക്കുന്നുണ്ടെന്നും അതില്‍ ദേവന്മാര്‍, അസുരന്മാര്‍, മനുഷ്യര്‍ എന്നിങ്ങനെയുള്ള വിഭജനം ഒന്നുമില്ലെന്നും എല്ലാവരുടെയും വിധിവിഹിതങ്ങള്‍ ഒന്നാണെന്നും അസുരന്മാരെ ബ്രഹ്മാവ് ബോധ്യപ്പെടുത്തിയപ്പോള്‍ പിന്നീട് അവര്‍ സഹകരിക്കുകയും ചെയ്തു. എന്നാല്‍ നാട്യത്തിന്റെ ആദ്യാവതരണത്തില്‍ത്തന്നെ ഒരു കുറവ് ബ്രഹ്മാവിനു വ്യക്തമായി. നാട്യത്തില്‍ മാധുര്യം, ലാളിത്യം, സൌകുമാര്യം എന്നീ ഗുണങ്ങള്‍ തികഞ്ഞ കൈശികീവൃത്തികൂടി സന്നിവേശിപ്പിക്കണമെന്ന് ബ്രഹ്മാവ് ഭരതനോട് നിര്‍ദേശിച്ചു. നൃത്തസംബന്ധിയായ അനവധി അംഗവിക്ഷേപങ്ങള്‍ ഇടകലര്‍ത്തി രസഭാവാഭിനയത്തിന് തികച്ചും ഉപയുക്തമായ കൈശികീവൃത്തി ഭഗവാന്‍ ശ്രീപരമേശ്വരന്റെ നൃത്തങ്ങളില്‍ താന്‍ കണ്ടിട്ടുള്ളതായി ബ്രഹ്മാവ് പറയുന്നു. ബ്രഹ്മാവിന്റെ നാട്യവേദനിര്‍മിതിയുടെ ഈ വേളയില്‍ ഇപ്രകാരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നതില്‍നിന്നും നാട്യവേദത്തിന്റെ സൃഷ്ടിക്കുമുമ്പുതന്നെ നൃത്തകലയിലൂടെ ശിവന്‍ ആത്മസാക്ഷാത്കാരം നിര്‍വഹിച്ചിരുന്നതായി കരുതാവുന്നതാണ്. ശൃംഗാരാദിരസങ്ങളുടെ ആസ്വാദനത്തിനുവേണ്ടി, പിന്നീട് അഭിനയത്തിലും അലങ്കാരത്തിലും വിദുഷികളായ അപ്സരസ്സുകള്‍ രംഗത്തു വരികയുണ്ടായി.

അലാമപുരം-പശ്ചിമ ചാലുക‌്യശൈലി-ശിലാശില്പം(8-ാം ശ.

'അമൃതമഥനം' എന്ന സമവകാരം അരങ്ങേറിയപ്പോള്‍ ദേവാസുരന്മാര്‍ സന്തുഷ്ടരായി. ഇനി അടുത്ത രംഗപ്രയോഗം ശിവനെ കാണിക്കണമെന്ന് ബ്രഹ്മാവ് ഭരതനോടാവശ്യപ്പെടുകയും ശിവന്‍ കാണാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി ഹിമവാന്റെ മുകളില്‍ കൈലാസശൃംഗം മറ്റുള്ളവര്‍ക്കും വേദിയായി. പ്രകടനം കണ്ട് പ്രീതനായ ശിവന്‍, താന്‍ നൃത്തം ചെയ്യുമ്പോഴും പലവിധ സുകുമാര നൃത്തശൈലികളും അംഗഹാരങ്ങളും പ്രയോഗിക്കാറുണ്ടെന്നും അവയൊക്കെ ഉപദേശിച്ചുകൊടുക്കാമെന്നും സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ നിരീക്ഷിച്ച നാട്യത്തിന്റെ പൂര്‍വരംഗം 'ശുദ്ധ'മാണെന്നും അത് 'ചിത്രം' (ചേതോഹരം) ആകണമെങ്കില്‍ വിവിധ അംഗഹാരങ്ങള്‍, കരണങ്ങള്‍ എന്നിവയുംകൂടി ചേര്‍ക്കണമെന്നും ശിവന്‍ പറയുന്നു. ബ്രഹ്മാവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ശിഷ്യനായ തണ്ഡുമുനിയെ ശിവന്‍ നിയോഗിക്കുന്നു. പുതിയ 108 കരണങ്ങളും 32 അംഗഹാരങ്ങളും പാദരേചകങ്ങളും ചാരികളും പിണ്ഡീബന്ധങ്ങളും എല്ലാം ഭരതനെ പഠിപ്പിക്കുവാന്‍ തണ്ഡുമുനിയെയാണ് ശിവന്‍ ചുമതലപ്പെടുത്തിയതത്രെ. തണ്ഡുവില്‍നിന്നാണ് ഭരതമുനി നൃത്തവിദ്യ പഠിക്കുന്നത്. തണ്ഡുവില്‍നിന്ന് കിട്ടിയ നൃത്തവിശേഷമാണ് താണ്ഡവം.

ശിവന്റെ രണ്ട് രൂപങ്ങള്‍: A.ദക്ഷിണേന്ത്യന്‍(കൈകളില്‍ മഴുവും മാനും)B.ഉത്തരേന്ത്യന്‍(കൈകളില്‍ ശൂലവും സര്‍പ്പവും

പിന്നീടുനടന്ന ഒരു നാട്യരംഗാവിഷ്കാരത്തിന് ദേവേന്ദ്രന്‍, ബ്രഹ്മാവ്, വിഷ്ണു, വരുണന്‍, സൂര്യന്‍, വായുദേവന്‍ എന്നിവര്‍ ഓരോരുത്തരും ഓരോ വാദ്യോപകരണം ദാനംചെയ്തു. ശിവനാകട്ടെ, നാട്യപ്രയോഗസിദ്ധിക്കുള്ള അനുഗ്രഹമാണ് സംഭാവന ചെയ്തത്. മറ്റൊരവസരത്തില്‍ വിവിധ അംഗഹാരങ്ങളോടെ ശോഭായമാനമായ നൃത്തം-നടരാജന്‍ താണ്ഡവവും, പാര്‍വതി സുകുമാര രീതിയില്‍ ലാസ്യവും-ചെയ്യുമ്പോള്‍ സഹൃദയരായ ഭൂതഗണങ്ങള്‍ മൃദംഗം, ഭേരി, പടഹം, പണവം, ചെണ്ട, ദര്‍ദുരം, ഇലത്താളം, ഗോമുഖം എന്നീ വാദ്യങ്ങള്‍ വായിക്കുകയുംചെയ്തു. ദക്ഷന്റെ യജ്ഞാവസാനം ഒരു പ്രദോഷസന്ധ്യാനേരത്ത് വാദ്യമേളങ്ങളുടെ താളലയഭംഗിയുടെ പരമകാഷ്ഠയില്‍ സ്വയം മറന്ന് നടരാജന്‍ നൃത്തം ചെയ്തപ്പോഴാണ് നിരവധി രേചകങ്ങളും അംഗഹാരങ്ങളും ആവിഷ്കരിക്കാന്‍ ശിവനു കഴിഞ്ഞത്. ഇവ തണ്ഡുമുനി ഔചിത്യപൂര്‍വം ഗീത-വാദ്യങ്ങളോടു സമന്വയിപ്പിച്ച് നൃത്തപ്രയോഗത്തില്‍ വരുത്തി. അതുകൊണ്ടാണ് ഗൗരവമുള്ള നൃത്തം താണ്ഡവം എന്നറിയപ്പെടുന്നത്. നാട്യത്തില്‍ ഗീതം (സംഗീതം) പ്രയോഗിക്കുന്നതിനുമുമ്പ് താണ്ഡവം ചെയ്യണമെന്നും, ഗീതത്തെ കൂട്ടുപിടിച്ച് മംഗലപ്രദവും ആഹ്ലാദകരവുമായ ഈ വീരസുകുമാരകലയെ നര്‍ത്തകര്‍ പ്രചരിപ്പിക്കണമെന്നും, ദേവതാസ്തുതികള്‍ ഇതിവൃത്തമായിട്ടുള്ള താണ്ഡവം പ്രായേണ വീരരൗദ്രരസപ്രധാനമായിരിക്കുമെന്നും നൃത്തത്തിന്റെ ലാവണ്യപൂര്‍ണമായ പ്രയോഗത്തിന് ഉചിതമായത് ശൃംഗാരരസപ്രധാനമായ ലാസ്യമാണെന്നും ശിവന്‍ വ്യക്തമാക്കുന്നു. താണ്ഡവ നടനത്തിനുള്ള വാദ്യങ്ങള്‍ എപ്രകാരം സമമായും ഹൃദ്യമായും താള ശബ്ദങ്ങള്‍ വേര്‍തിരിച്ച്, വായ്ത്താരികളിലെ അക്ഷരങ്ങള്‍ ഉരുത്തിരിച്ച്, നൃത്താംഗങ്ങളുടെ ചലനങ്ങള്‍ പ്രേക്ഷകരെ ഹഠാദാകര്‍ഷിക്കത്തക്കവണ്ണം വായിക്കണമെന്നും തണ്ഡുവിനോട് ശിവന്‍ നിര്‍ദേശിക്കുന്നതായി നാട്യശാസ്ത്രം പ്രസ്താവിക്കുന്നു. അങ്ങനെ നാട്യത്തിന്റെയും നൃത്തത്തിന്റെയുമെല്ലാം സര്‍വഗ്രാഹിയായ ആചാര്യന്റെ ആധികാരികതയാണ് നടരാജശിവനില്‍ നാട്യശാസ്ത്രകര്‍ത്താവായ ഭരതന്‍ അവരോധിക്കുന്നത്. പുരാതന ദേവതാസങ്കല്പപ്രകാരം ശിവന്‍ അഷ്ടമൂര്‍ത്തിയാണ്. അതിലൊരു പ്രതിഭാസം മാത്രമാണ് നടരാജന്‍.

108 കരണങ്ങളില്‍ ഒന്ന്(ചിദംബരംക്ഷേത്രത്തിലെ കല്‍ത്തൂണില്‍
അങ്ങനെ വേദേതിഹാസപുരാണങ്ങളിലും ഭാരതത്തിലെ പില്ക്കാല പ്രാദേശിക ഭാഷാസാഹിത്യങ്ങളിലും വിശിഷ്യ, കാളിദാസാദി മഹാകവികളുടെ കൃതികളിലും വിപുലമായ സംഘകാലകൃതികളിലും ശൈവസാഹിത്യത്തിലും എല്ലാം നടരാജശിവന്‍ ഒരു സജീവസാന്നിധ്യമാണ്. ശിവന് ഭാരതത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നു കല്പിച്ച് ശിവഭക്തന്മാര്‍ ആദരിക്കുന്ന ചിദംബരത്തില്‍, നടരാജന്‍ ചിദാകാശത്തില്‍ നിന്നുകൊണ്ട് പ്രപഞ്ചത്തിലെ നിതാന്ത ചലനമെന്ന സത്യത്തിന്റെ പ്രതീകമായി അനവരതം താണ്ഡവം ചെയ്യുന്നു എന്നാണ് വിശ്വാസം. ചിദംബരംക്ഷേത്രത്തില്‍ മുഖ്യപ്രതിഷ്ഠ വേണ്ടതായ പീഠത്തില്‍ വിഗ്രഹമേ ഇല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെയാണ് ക്ഷേത്രത്തിന്റെ കൂറ്റന്‍ കല്‍ത്തൂണുകളില്‍ 108 കരണങ്ങള്‍ കൊത്തിവച്ചിട്ടുള്ളതും. അത്യുദാത്തമായ ഒരു ദേവതാസങ്കല്പവും കലാസൗന്ദര്യാവബോധവും ആദര്‍ശാത്മകവീക്ഷണവും ദാര്‍ശനികതയും ഉള്ള ഒരു മഹത്ജനതയ്ക്കു മാത്രമേ നടരാജശിവനെപ്പോലെ തികച്ചും അസാധാരണമായ ദേവതാബിംബകല്പന ചെയ്യുവാന്‍ കഴിയുകയുള്ളൂ എന്നാണ് നിരൂപണം ചെയ്യുന്നത്. നടരാജന്റെ അനേകം വെങ്കലശില്പങ്ങള്‍ (വിവിധ ശൈലികളില്‍ ഉള്ളവ) തെക്കേ ഇന്ത്യയിലും ഉത്തരേന്ത്യയില്‍ പലയിടത്തും കണ്ടുവരുന്നുണ്ടെങ്കിലും അപൂര്‍വമായ പ്രൗഢിയും ചാരുതയും നിറഞ്ഞവ തഞ്ചാവൂരിലും സമീപ പ്രദേശങ്ങളിലും നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവയ്ക്ക് കലാനിരൂപകന്മാരുടെ പ്രശംസ ലഭിച്ചിട്ടുണ്ട്. ശില്പകലയുടെ ശാസ്ത്രീയഗ്രന്ഥങ്ങള്‍ പഠിച്ചവരും ശില്പകലാശാസ്ത്രമര്‍മങ്ങള്‍ അറിഞ്ഞവരും പ്രതിഭാധനരുമായ സ്ഥപതിമാരും ശില്പികളുമാണ് ഇത്തരം നിരവധി നടരാജവിഗ്രഹങ്ങള്‍ക്ക് രൂപം നല്കിയിട്ടുള്ളത്. നോ: നടരാജനൃത്തം, നടരാജവിഗ്രഹം

(ഡോ. നീനാ പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍