This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാതു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:19, 7 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധാതു

Root

പദങ്ങളുടെ മൂലാംശം. വ്യാകരണപരമായ അടിസ്ഥാന ശബ്ദം അഥവാ പ്രകൃതി. ഒരു ഭാഷയിലെ അര്‍ഥയുക്തമായ ഏറ്റവും ചെറിയ ശബ്ദമൂലക സമൂഹമാണ് രൂപമൂലകം (morpheme). രൂപമൂലകങ്ങളുടെ ക്രമീകൃത വിന്യാസത്തില്‍നിന്നാണ് പദം ഉണ്ടാകുന്നത്. ഒരു പദം കുറിക്കുന്ന ആശയത്തിന്റെ മുഖ്യ ഭാവം ഉള്‍ക്കൊള്ളുന്ന രൂപമൂലകത്തെ മുഖ്യ രൂപമൂലകം എന്നും അതിനോടു ചേര്‍ന്നുനില്ക്കുന്ന രൂപമൂലകത്തെ സഹായക രൂപമൂലകമെന്നും വിളിക്കുന്നു. പാടി, ഓടി എന്നീ പദങ്ങളില്‍ പാട്, ഓട് എന്നിവ മുഖ്യ രൂപമൂലകവും 'ഇ' സഹായക മൂലകവുമാണ്. മുഖ്യരൂപമൂലകത്തോട് സഹായക രൂപമൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പദത്തെ ധാതു, പ്രത്യയം എന്നിങ്ങനെ രണ്ടായി തിരിക്കാം. മുഖ്യരൂപമൂലകമാണ് ധാതു. ഇതിനോടു ചേര്‍ന്നുനില്ക്കുന്ന സഹായക രൂപമൂലകങ്ങള്‍ പ്രത്യയങ്ങളും. പ്രത്യയങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാവശ്യമായ രൂപഭേദം വരുത്തിയ ധാതുവിന് പ്രകൃതി എന്നാണു പേര്. രൂപഭേദങ്ങള്‍ വരാത്ത സാഹചര്യത്തില്‍ ധാതു തന്നെയാണ് പ്രകൃതി.

ഉദാ. നട > നടക് + ഉന്നു > നടക്കുന്നു (നട ധാതുവും നടക് പ്രകൃതിയും).

നട + ന്നു > നടന്നു (നട എന്ന ധാതു തന്നെയാണ് പ്രകൃതിയും).

ധാതു ഒന്നിലധികം ശബ്ദമൂലകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെങ്കില്‍ പ്രത്യയം ധാതുവിനുള്ളിലും ചേര്‍ക്കാറുണ്ട്. മുഖ്യ രൂപമൂലകത്തിനോ അതിന്റെ പ്രകൃതിക്കുമുമ്പോ വരുന്ന പ്രത്യയത്തെ പുരപ്രത്യയം (prefix) എന്നും രൂപമൂലകത്തിനുള്ളില്‍ ചേര്‍ന്നുവരുന്ന പ്രത്യയത്തെ മധ്യപ്രത്യയം (infix) എന്നും പ്രകൃതിയെ തുടര്‍ന്നുവരുന്ന പ്രത്യയത്തെ പരപ്രത്യയം (suffix) എന്നും വിളിക്കുന്നു.

ധാതുവെന്നാല്‍ ക്രിയയെ കുറിക്കുന്ന പദമെന്ന് കേരളപാണിനി അഭിപ്രായപ്പെടുന്നുണ്ടെങ്കിലും നാമത്തില്‍നിന്ന് രൂപംകൊള്ളുന്ന ധാതുക്കളെ നാമധാതുക്കള്‍ എന്നും വിളിക്കുന്നു. ധാതുക്കള്‍ രണ്ടുവിധമുണ്ട്. നാമത്തില്‍നിന്ന് നാമധാതുവും ക്രിയയില്‍നിന്ന് ക്രിയാധാതുവും ഉണ്ടാകുന്നു.

ഉദാ. തടി-തടി-തടിക്കുന്നു നാമധാതു

കല്ല്-കല്ലി-കല്ലിക്കുന്നു

അടി-അടിക്-അടിക്കുന്നു ക്രിയാധാതു

ഇടി-ഇടിക്-ഇടിക്കുന്നു

ക്രിയയോട് സദാ ചേര്‍ന്നുനില്ക്കുന്ന ഓരോരോ ഉപാധികളെ കുറിക്കുന്നതിന് അതതിന്റെ വാചകമായ ധാതുവില്‍ ഓരോരോ വികാരങ്ങളെ ചെയ്യുന്നു. ഈ വികാരങ്ങളാണ് ധാതുവിന്റെ രൂപങ്ങള്‍. പ്രകൃതി, സ്വഭാവം, കാലം, പ്രകാരം, പ്രയോഗം, പുരുഷന്‍, ലിംഗം, വചനം എന്നിവയാണ് ഉപാധികള്‍. സ്വതേ ഉള്ള ധാതുക്കള്‍ കൂടാതെ മറ്റു ശബ്ദങ്ങളില്‍നിന്നു സൃഷ്ടിക്കുന്ന ധാതുക്കള്‍ മിക്കവാറും നാമജങ്ങളാകയാല്‍ ഇവയെ നാമധാതുക്കള്‍ എന്നു പറയുന്നു. നാമധാതുക്കള്‍ വിവിധ പ്രത്യയങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നു.

"ഇ' പ്രത്യയത്താല്‍ കൃതിയായ്

ചമയും മിക്ക നാമവും' (കേരള പാണിനീയം).

ചില നാമങ്ങളോട് 'ഇ' ചേര്‍ത്ത് ക്രിയാധാതു ഉണ്ടാക്കുന്നു.

ഉദാ. ഒന്ന്-ഒന്നിക്കുന്നു

കല്ല്-കല്ലിക്കുന്നു.

'നാമം സ്വരാന്തമാണെങ്കില്‍

കാരിതീകരണം മതി.'

സ്വരത്തില്‍ അവസാനിക്കുന്ന നാമത്തിന് കാരിതത്തിനുള്ള 'ക്കു' പ്രയോഗവും ഭൂതകാല 'തു'കാര ദ്വിത്വവും മതിയാകും (അടു-അടുക്കുന്നു, ബല-ബലക്കുന്നു).

'വികാരമെന്നിയേ നാമം

ധാതുവാകുമപൂര്‍വമായ്'

അപൂര്‍വം ചില ധാതുക്കള്‍ വികാരമൊന്നും കൂടാതെ യഥാസ്ഥിതമായ നിലയില്‍ത്തന്നെ ധാതുവാകുന്നുണ്ട് (കരി-കരിയുന്നു, പുക-പുകയുന്നു).

'കൊള്ളാം പെടുകയെന്നുള്ള

ധാതുവോട് സമാസവും.'

പെട് എന്ന ധാതുവിനോട് സമാസം ചെയ്തും നാമധാതുവിനെ ഉണ്ടാക്കാം (സുഖ-സുഖപ്പെടുന്നു, ഗുണ-ഗുണപ്പെടുന്നു).

'ഗുണം പ്രസക്തിയുണ്ടെങ്കില്‍

ചെയ്തിട്ടി പ്രത്യയത്തോടെ

പ്രയോഗിപ്പൂ സംസ്കൃതത്തില്‍

നിന്നു ധാതുവെടുക്കുകില്‍

രൂപമെല്ലാമികാരാന്ത

കാരിതത്തിനു തുല്യമാം.'

സംസ്കൃതത്തില്‍നിന്ന് ധാതുക്കളെ ഭാഷയിലേക്ക് എടുക്കുമ്പോള്‍ അവയ്ക്ക് സംസ്കൃത പ്രസിദ്ധമായ 'ഗുണം' എന്ന സ്വരവികാരം നിമിത്തമുള്ളിടത്തെല്ലാം ചെയ്തിട്ട് പ്രയോജകത്തിനു പറഞ്ഞ 'ഇ' പ്രത്യയം ചേര്‍ക്കണം. അപ്പോള്‍ അത് 'ഇ'കാരാന്ത കാരിതധാതുപോലെ ആയിത്തീരുന്നതിനാല്‍ ആ നിലയില്‍ വരുന്ന രൂപങ്ങളെല്ലാം അതിന് വന്നുചേരും (നമ്-നമി-നമിക്കുന്നു, ചിന്ത്-ചിന്തി-ചിന്തിക്കുന്നു).

ഏതൊരു ക്രിയയോടും ചില പ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ ആ ക്രിയയുടെ പേരിനെ കുറിക്കുന്ന നാമരൂപങ്ങള്‍ ഉണ്ടാകുന്നു (എഴുതുക-എഴുത്ത്, കഴിക്കുക-കഴിപ്പ്). ക്രിയകളില്‍ നിന്നുണ്ടാകുന്ന നാമരൂപങ്ങളെ ക്രിയാനാമങ്ങള്‍ എന്നു പറയുന്നു. ക്രിയാപദങ്ങളെ ക്രിയാനാമങ്ങളാക്കാന്‍ ഉപയോഗിക്കുന്ന ധാരാളം പ്രത്യയങ്ങള്‍ (കൃത്ത്) ഉണ്ട്: ചുട്-ചൂട്, വിടു-വിടുതല്‍, കിട-കിടപ്പ്, അറി-അറിവ്, കാണ്‍-കാഴ്ച, കെടു-കെടുതി, മറ-മറവി, വരു-വരുമാനം, നല്‍-നന്മ, നീള്‍-നീളം ആദിയായവ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%BE%E0%B4%A4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍