This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:14, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധനം

റോബര്‍ട്ട് ഓവന്‍
വ്യക്തികളുടെ കൈവശമിരിക്കുന്ന വസ്തുക്കളുടെയും സമ്പത്തിന്റെയും മറ്റും മൂല്യം. ഒരു സമൂഹത്തിന്റെ മൊത്തം വരുമാനസ്രോതസ്സുകളില്‍നിന്നു സമാഹരിക്കുന്ന വരുമാനത്തെയാണ് ധനം എന്നുപറയുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനപരമായ പ്രശ്നങ്ങളുടെ പഠനമാണ് പൊതുധനകാര്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പലവിധ കര്‍ത്തവ്യങ്ങളും നിറവേറ്റുവാനുള്ള ഉത്തരവാദിത്വവുമുണ്ട്. കര്‍ത്തവ്യനിര്‍വഹണാര്‍ഥം പലവിധ പ്രവര്‍ത്തനങ്ങളും അവ നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രതിഫലമായും തൊഴിലിനുള്ള വിലയായും മറ്റും പൊതുസ്ഥാപനങ്ങള്‍ ധാരാളം പണം ചെലവഴിക്കുന്നു. നികുതി, ഫീസ്, സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രദാനം, പൊതുകടം മുതലായ മാര്‍ഗങ്ങളിലൂടെ ചെലവിനാവശ്യമായ വരുമാനം സംഭരിക്കപ്പെടുന്ന സര്‍ക്കാരിന്റെ വരുമാനമാര്‍ഗങ്ങളും ചെലവിനങ്ങളും ഏതൊക്കെയാണ്, നികുതി ചുമത്തലും പൊതുകടവും ഏതു പരിധിവരെ അധികരിപ്പിക്കാം, നികുതിഭാരംമൂലം ഉളവാകുന്ന ത്യാഗവും പൊതു ചെലവില്‍നിന്ന് ഉദ്ഭവിക്കുന്ന മെച്ചവും സമൂഹത്തില്‍ ഏതു വിധത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്, നികുതിയും പൊതുകടവും പൊതുചെലവും സാമ്പത്തിക ജീവിതത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നു, ഉദ്ദേശ്യലക്ഷ്യങ്ങളുടെ സാക്ഷാത്കരണാര്‍ഥം അവയെ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്താം, നികുതി-പൊതുകടം-പൊതുചെലവ് എങ്ങനെ ക്രമീകരിക്കുന്നു മുതലായ പ്രശ്നങ്ങളുടെ അപഗ്രഥനമാണ് ധനകാര്യപഠനം. ചുരുക്കത്തില്‍ പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവ ധനകാര്യപ്രവര്‍ത്തനങ്ങളും ധനകാര്യനയങ്ങളും ധനകാര്യപഠനവുമായി ഗാഢമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.

സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളുടെ മേഖലയും അവ സാമൂഹ്യജീവിതത്തില്‍ സംജാതമാക്കുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിയും വര്‍ധിക്കുന്നതനുസരിച്ച് ധനകാര്യപഠനത്തിന്റെ പ്രാധാന്യവും കൂടിയിട്ടുണ്ട്. ധനതത്ത്വശാസ്ത്രത്തില്‍ അല്പമെങ്കിലും പരിജ്ഞാനമില്ലാതെ ഒരു നല്ല പൗരനാകാന്‍ സാധ്യമല്ലെന്ന് സാമ്പത്തികശാസ്ത്ര ചിന്തകന്മാര്‍ പറയുന്നുണ്ട്. ധനകാര്യപഠനം ധനതത്ത്വശാസ്ത്രത്തിന്റെ അവിഭാജ്യ അംശമാണ്. പുരാതനകാലം മുതല്‍തന്നെ ചില പ്രത്യേക കര്‍ത്തവ്യങ്ങള്‍ ഭരണകൂടങ്ങള്‍ വഴിയാണ് നിര്‍വഹിക്കപ്പെട്ടുപോന്നിട്ടുള്ളത്. രാജ്യത്തെ വിദേശാക്രമണത്തില്‍നിന്നു രക്ഷിക്കുക, രാജ്യത്തിനുള്ളില്‍ ക്രമസമാധാനം പാലിക്കുക എന്നിവ സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായിരുന്നു. പക്ഷേ ഇന്ന് ഭരണകൂടപ്രവര്‍ത്തനങ്ങളുടെ എണ്ണവും വ്യാപ്തിയും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആധുനികകാലത്ത് സമൂഹത്തിന്റെ സാമ്പത്തിക ജീവിതത്തിലെ നിര്‍ണായകഘടകം ഭരണകൂടപ്രവര്‍ത്തനങ്ങളാണ്.

ക്ളാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡം സ്മിത്തും അദ്ദേഹത്തിന്റെ അനുയായികളും യഥേച്ഛാകാരിതാസിദ്ധാന്തത്തിലുള്ള അവഗാഢമായ വിശ്വാസത്താല്‍ പ്രേരിതരായി സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് പൊറുപ്പിക്കാന്‍ തയ്യാറായിരുന്നില്ല. അവരുടെ അഭിപ്രായത്തില്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഇടപെടലുകളും സാമ്പത്തിക പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല, അവയുടെ അഭാവം മെച്ചപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരകമാവുകയും ചെയ്യും. സ്വന്തം ക്ഷേമം വര്‍ധിപ്പിക്കുവാനും താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഓരോ വ്യക്തിയും ശ്രമിക്കുന്നതിന്റെ ഫലമായി സമൂഹത്തിന്റെ പൊതുക്ഷേമം സ്വമേധയാ ഉയരുമെന്നാണ് ക്ളാസ്സിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചത്. കൂടാതെ കമ്പോളത്തില്‍ സംഭവിക്കാവുന്ന അസന്തുലിതാവസ്ഥ ചോദനപ്രദാനപ്രക്രിയകളുടെ പ്രവര്‍ത്തനഫലമായും അദൃശ്യഹസ്തത്തിന്റെ പരോക്ഷനിയന്ത്രണം വഴിയും സ്വയം ക്രമീകരിക്കപ്പെടുന്നു. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ ഇടപെടലും നിയന്ത്രണവും കഴിയുന്നത്ര ഒഴിവാക്കണമെന്നായിരുന്നു ക്ളാസ്സിക്കല്‍ ചിന്തകരുടെ ഉറച്ച അഭിപ്രായം. പക്ഷേ, പില്ക്കാലത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച് ചിന്തകരുടെ അഭിപ്രായങ്ങള്‍ മാറുകയും യഥേച്ഛാകാരിതാസിദ്ധാന്തം എന്ന ആശയംതന്നെ ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. വ്യവസായവിപ്ളവത്തെത്തുടര്‍ന്ന് സമൂഹത്തില്‍ ഉടലെടുത്ത ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാണിച്ച് അവ ഇല്ലാതാക്കുവാന്‍ റോബര്‍ട്ട് ഓവന്‍, ഡിസ്മോണ്ടി, ജെ. എസ്.മില്‍ എന്നീ ചിന്തകന്മാര്‍ സര്‍ക്കാരിനോടാവശ്യപ്പെടുകയുണ്ടായി.

മുതലാളിവര്‍ഗം തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്നു എന്ന കാരണത്താല്‍ ലോകത്തെമ്പാടുമുള്ള സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍, പ്രത്യേകിച്ചും കാള്‍ മാര്‍ക്സ് നിലവിലുള്ള വ്യവസ്ഥിതികളെയും പ്രത്യയശാസ്ത്രങ്ങളെയും ചോദ്യംചെയ്യുകയും അവയെ നിര്‍മാര്‍ജനം ചെയ്യുവാന്‍ സര്‍ക്കാരിടപെടലും നിയന്ത്രണവും അനിവാര്യമാണെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തു. വിദേശാക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിച്ച് ആഭ്യന്തരരംഗത്ത് ക്രമസമാധാനം പാലിക്കുവാനുള്ള കടമ സര്‍ക്കാരിനാണെങ്കില്‍ പകര്‍ച്ചവ്യാധികള്‍, ദാരിദ്യം മുതലായവയുടെ ആഘാതത്തില്‍നിന്ന് ജനങ്ങളെ രക്ഷിച്ച് സാമൂഹികക്ഷേമം വര്‍ധിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുവാന്‍ ഭരണകൂടം തയ്യാറാകണമെന്ന ആശയം പ്രബലമായിത്തീര്‍ന്നു. ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സിന്റെ 'ജനറല്‍ തിയറി'യും അദ്ദേഹം ആവിഷ്കരിച്ച 'പൊതു തൊഴില്‍ സിദ്ധാന്തവും' സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ പുരോഗതിക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും അനിവാര്യത തുറന്നുകാണിച്ചു. പൊതുധനകാര്യ പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ തൊഴില്‍ നിലവാരവും സുസ്ഥിരമായ സമ്പദ്ഘടനയും സംജാതമാക്കാമെന്ന് തന്റെ നവീന സിദ്ധാന്തങ്ങളിലൂടെ കെയിന്‍സ് തെളിയിച്ചു. തൊഴില്‍നില മെച്ചപ്പെടുത്തുകയും ദേശീയ വരുമാനം വര്‍ധിപ്പിക്കുകയുമാണ് ആധുനിക ഭരണകൂടങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളില്‍ പ്രധാനം. സര്‍ക്കാര്‍ പൂര്‍ണ തൊഴില്‍സ്ഥിതിയിലേക്കു നയിക്കുന്ന അനുസ്യൂതമായ സാമ്പത്തികപുരോഗതിക്കാവശ്യമായ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവികസനം ത്വരിതപ്പെടുത്തുന്നതില്‍ ഭരണകൂടത്തിന് അതിമഹത്തായ പങ്കാണ് വഹിക്കുവാനുള്ളത്. ചുരുക്കത്തില്‍, സാമ്പത്തിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പൊതുധനകാര്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വര്‍ധിച്ചുവരുകയാണ്.

ഇതേക്കുറിച്ചുള്ള വിശകലനങ്ങള്‍ സൈദ്ധാന്തിക മേഖലയില്‍ മാത്രം പരിമിതപ്പെടുന്നില്ല. പ്രാവര്‍ത്തികമായി സര്‍ക്കാരിന്റെ കടമകളും ഉത്തരവാദിത്വങ്ങളും വര്‍ധിച്ചിട്ടുള്ളതായി കാണാം. മുമ്പൊക്കെ സ്വകാര്യവ്യക്തികള്‍ നിര്‍വഹിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കുന്നുണ്ട്. ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ കാര്യം തന്നെ എടുക്കാം. സ്വകാര്യസ്ഥാപനങ്ങളുടെ ചുമതലയില്‍പ്പെട്ടിരുന്ന ഗതാഗതവും വാര്‍ത്താവിനിമയവും ജനങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്കത്തക്ക വിധത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. റോഡ്, റെയില്‍വേ, വിദ്യുച്ഛക്തി, കമ്പിത്തപാല്‍, ടെലിഫോണ്‍ മുതലായ പല സൗകര്യങ്ങളും പ്രദാനം ചെയ്ത് ഉത്പാദനവും ഉത്പാദന സമ്പ്രദായവും മെച്ചപ്പെടുത്തുവാനും സാമ്പത്തികമേന്മ കൈവരിക്കുവാനും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. സമ്പദ്വിതരണത്തിലുള്ള അസമത്വം ദൂരീകരിക്കുക എന്നതും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്. വില നിയന്ത്രണം, ഉത്പാദന നിയന്ത്രണം മുതലായവയില്‍ക്കൂടി ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമായ സാധനങ്ങളുടെ ഉത്പാദനം നിരുത്സാഹപ്പെടുത്തുന്നു. പണപ്പെരുപ്പത്തില്‍നിന്നും വിലയിടിവില്‍നിന്നും സമ്പദ്ഘടനയെ രക്ഷിക്കുവാനാവശ്യമായ നടപടികളും സര്‍ക്കാരിന്റെ ചുമതലയാണ് ഇന്ന്. വികസനം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ വിഭവങ്ങള്‍ സംഭരിക്കുന്നതോടൊപ്പം ആസൂത്രണവികസനത്തിന്റെ ചുമതലകൂടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.

പ്രവര്‍ത്തനമണ്ഡലം വിപുലമാകുന്നതനുസരിച്ച് പൊതുചെലവുകള്‍ വര്‍ധിക്കുന്നു. അതനുസരിച്ച് വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ആദ്യകാല സാമ്പത്തികശാസ്ത്ര എഴുത്തുകാര്‍ പൊതുവരുമാനവും ചെലവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കാണ് ധനകാര്യപഠനത്തില്‍ മുന്‍ഗണന നല്കിയിരുന്നത് എന്നാല്‍, ഇന്ന് ധനകാര്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ പലതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുവെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ധനകാര്യപ്രവര്‍ത്തനത്തെ ശക്തമായ ഉപകരണമാക്കി ഉപയോഗപ്പെടുത്താമെന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അനുയോജ്യമായ ധനകാര്യനയങ്ങള്‍ ആവിഷ്കരിച്ച് അനാവശ്യ വ്യതിയാനങ്ങള്‍ ഒഴിവാക്കാവുന്നതാണ്. ആധുനിക ധനതത്ത്വശാസ്ത്രജ്ഞന്മാര്‍ ഇക്കാര്യത്തിന് വളരെയേറെ പ്രാധാന്യം നല്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളില്‍ ത്വരിതവികസനമാണ് പ്രധാന ലക്ഷ്യമെന്നതിനാല്‍ അതിനനുസൃതമായ ധനകാര്യനയവും ആവിഷ്കരിക്കപ്പെടുന്നു.

ഒരു വശത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാലും മറുവശത്ത് അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണതഫലമായി ഉത്പാദനം, ഉപഭോഗം, വിതരണം, ക്രയവിക്രയം മുതലായവ വളരെയധികം സ്വാധീനിക്കപ്പെടുമെന്നതിനാലും ധനകാര്യപഠനത്തിന്റെ പ്രാധാന്യം വളരെയേറെ വര്‍ധിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍