This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദീക്ഷിതര്‍, മുത്തുസ്വാമി (1775 - 1834)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദീക്ഷിതര്‍, മുത്തുസ്വാമി (1775 - 1834)
കര്‍ണാടക സംഗീതകൃത്തും വൈണികനും ഗായകനും. ത്യാഗരാജന്‍, ശ്യാമശാസ്ത്രി എന്നിവരോടൊപ്പം 'കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍' എന്ന വിശേഷണം പങ്കിട്ട വ്യക്തിയാണ് ഇദ്ദേഹം. തഞ്ചാവൂരിലെ തിരുവാരൂരില്‍ 1775-ല്‍ ജനിച്ചു. പിതാവ് രാമസ്വാമി ദീക്ഷിതര്‍ മികച്ച സംഗീതജ്ഞനായിരുന്നു. അദ്ദേഹം ഹംസധ്വനിരാഗം ആവിഷ്കരിക്കുകയും വര്‍ണം, ദാരു, കീര്‍ത്തനങ്ങള്‍, രാഗമാലികകള്‍ മുതലായ നിരവധി കൃതികള്‍ രചിക്കുകയും ചെയ്തിരുന്നു. തന്റെ പുത്രന്‍ വേദശാസ്ത്രങ്ങളില്‍ പാണ്ഡിത്യമുള്ളവനായിരിക്കണമെന്ന് രാമസ്വാമി ആഗ്രഹിച്ചു. അതുപ്രകാരം വേദാധ്യയനത്തിന് ഏര്‍പ്പാടു ചെയ്തതിനു പുറമേ, സംസ്കൃതപഠനത്തിനുവേണ്ടി മകനെ ജ്ഞാനിയായ ഒരു പണ്ഡിതന്റെ മേല്‍നോട്ടത്തിലാക്കുകയും ചെയ്തു. ബാല്യകാലത്തുതന്നെ മുത്തുസ്വാമി കാവ്യാലങ്കാരങ്ങളില്‍ നിപുണത നേടി. സംസ്കൃതത്തിലുള്ള ഈ വിസ്മയാവഹമായ പാണ്ഡിത്യം ദീക്ഷിതര്‍ കൃതികളില്‍ പ്രതിഫലിച്ചുകാണാം. പുരന്ദരദാസന്റെ കാലം മുതല്‍ കര്‍ണാടക സംഗീതം സ്വീകരിച്ചിട്ടുള്ള മുറകളനുസരിച്ച് പ്രായോഗിക സംഗീതവും വെങ്കടമഖിയെപ്പോലെയുള്ള സംഗീതശാസ്ത്രജ്ഞന്മാര്‍ ആവിഷ്കരിച്ച ആധുനിക കര്‍ണാടക സംഗീത തത്ത്വങ്ങളും ദീക്ഷിതര്‍ ചെറുപ്പത്തിലേ പഠിച്ചു. വെങ്കടമഖിയുടെ ലക്ഷണഗീതങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും മുത്തുസ്വാമിയുടെ സംഗീതാധ്യയനത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്നു.
മദിരാശിക്കു സമീപം മണലി എന്ന സ്ഥലത്തെ നാടുവാഴിയായിരുന്ന മുത്തുകൃഷ്ണ മുതലിയാര്‍ ഒരു തീര്‍ഥയാത്രക്കിടയില്‍ തിരുവാരൂര്‍ സന്ദര്‍ശിക്കുകയും ത്യാഗരാജക്ഷേത്രസന്നിധിയില്‍വച്ച് രാമസ്വാമി ദീക്ഷിതരുടെ ഭജനം ശ്രവിക്കുകയും ചെയ്തു. സംപ്രീതനായ മുതലിയാര്‍ തന്റെ ആസ്ഥാന വിദ്വാനായി മണലിയിലേക്കു ചെല്ലുവാന്‍ രാമസ്വാമിയെ ക്ഷണിച്ചു. രാമസ്വാമി ദീക്ഷിതര്‍ ക്ഷണം സ്വീകരിക്കുകയും മണലിയിലേക്ക് താമസം മാറ്റുകയും ചെയ്തു. അവിടെവച്ച് മുത്തുസ്വാമിക്ക് സെന്റ് ജോര്‍ജ് കോട്ടയില്‍ ബാന്‍ഡ്വാദ്യക്കാര്‍ ആലപിക്കുന്ന പാശ്ചാത്യസംഗീതം നിരന്തരം കേള്‍ക്കുവാന്‍ അവസരം ലഭിച്ചു. ദീക്ഷിതര്‍ കുടുംബവും പാശ്ചാത്യസംഗീതവുമായുള്ള ഈ സമ്പര്‍ക്കം ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികാസത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി. ബാന്‍ഡ്വാദ്യത്തിലെ നിരവധി രാഗങ്ങള്‍ മുത്തുസ്വാമി ദീക്ഷിതര്‍ തിരഞ്ഞെടുക്കുകയും കേണല്‍ ബ്രൗണിന്റെ നിര്‍ദേശപ്രകാരം അവയ്ക്ക് സംസ്കൃതത്തില്‍ സാഹിത്യം രചിക്കുകയുമുണ്ടായി. ഇത്തരത്തിലുള്ള അമ്പതോളം ഗാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉദാഹരണമായി 'ഗോഡ് സേവ് ദ് കിങ്' എന്ന വിഖ്യാത മധുര സംഗീതത്തിലെ ഇംഗ്ളീഷ് പദങ്ങള്‍ക്കു പകരം മുത്തുസ്വാമി ഉപയോഗിച്ച സംസ്കൃത പദങ്ങള്‍ ദേവിയെ അഭിസംബോധന ചെയ്യുന്നവയും ദേവിയുടെ സംരക്ഷണത്തിന് പ്രാര്‍ഥിക്കുന്നവയുമാണ്.
'സതതം പാഹിമാം സംഗീത ശ്യാമളേ സര്‍വാധാരേ
ജനനി ചിന്തിതാര്‍ഥപ്രദേ ചിദ്രൂപിണി ശിവേ
ശ്രീ ഗുരുഗുഹപൂജിതേ ശിവമോഹാകാരേ സതതം പാഹിമാം'
ലഘുഗാനങ്ങള്‍ എന്ന നിലയില്‍, കര്‍ണാടക സംഗീതാഭ്യസനം ആരംഭിച്ചിട്ടുള്ളവരെ പഠിപ്പിക്കാവുന്നവയാണ് ഈ രചനകള്‍.
ദീക്ഷിതര്‍ കുടുംബവും പാശ്ചാത്യസംഗീതവുമായുള്ള സമ്പര്‍ക്കത്തില്‍നിന്നുളവായ മറ്റൊരു നേട്ടമാണ് സംഗീതോപകരണമെന്നനിലയില്‍ കച്ചേരികളില്‍ വയലിന്‍ സ്ഥിരമായി സ്വീകരിക്കപ്പെട്ടത്. ബാന്‍ഡ്വാദ്യസംഗീതം കേട്ടപ്പോള്‍ വീണപോലെ വയലിനും പക്കമേളത്തിലുപയോഗിക്കാമെന്നുള്ള ആശയഗതി അവര്‍ക്കുണ്ടായി. മുത്തുസ്വാമി വീണ വായിക്കുന്നതുകൊണ്ട് വയലിന്‍ പഠിക്കുന്ന കൃത്യം അനുജന്‍ ബാലുസ്വാമിയെ ഏല്പിച്ചു. വയലിനില്‍ വൈദഗ്ധ്യം നേടിയ ബാലുസ്വാമി പിന്നീട് മുത്തുസ്വാമിക്കു തുണയായി ഒരു വീണക്കച്ചേരിയില്‍ പങ്കെടുത്തു. തത്ഫലമായി ദക്ഷിണ ഭാരത സംഗീതക്കച്ചേരികളുടെ രൂപത്തില്‍ വിപ്ളവാത്മകമായ പരിവര്‍ത്തനം വന്നുചേര്‍ന്നു. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യനായ വടിവേലു വയലിന്‍ വായനയില്‍ നിപുണനാവുകയും അദ്ദേഹം സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്സില്‍ ആസ്ഥാന വിദ്വാനായപ്പോള്‍ തിരുവിതാംകൂറില്‍ വയലിന്‍ പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തു. പ്രമുഖ വയലിന്‍ വിദ്വാനായിരുന്ന തിരുക്കൊടിക്കവന്‍ കൃഷ്ണയ്യര്‍ മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യപരമ്പരയില്‍പ്പെട്ട ആളാണ്. കര്‍ണാടകസംഗീതത്തിന് അനുയോജ്യമായ വാദ്യോപകരണമെന്ന നിലയില്‍ വയലിനിന്റെ പദവി ഉയര്‍ത്തിയത് അദ്ദേഹമാണ്.
രാമസ്വാമി ദീക്ഷിതരുടെ ഗുരുവായ ചിദംബരനാഥയോഗി കാശിയിലേക്കുള്ള തീര്‍ഥാടനവേളയില്‍ മദിരാശിയിലെത്തുകയും ശിഷ്യന്റെ ക്ഷണമനുസരിച്ച് മണലിയില്‍ എത്തിച്ചേരുകയും ചെയ്തു. പൂജാവേളകളില്‍ മുത്തുസ്വാമിയുടെ കീര്‍ത്തനാലാപനം കേട്ട യോഗി തന്നോടൊപ്പം മുത്തുസ്വാമിയെയും കാശിയിലേക്കു വിടണമെന്ന് രാമസ്വാമിയോട് അഭ്യര്‍ഥിച്ചു. മകനെ വേര്‍പിരിയുന്നതില്‍ വിഷണ്ണനായിരുന്നെങ്കിലും രാമസ്വാമിക്ക് വഴങ്ങേണ്ടിവന്നു. മാര്‍ഗമധ്യേയുള്ള ക്ഷേത്രങ്ങളും പുണ്യതീര്‍ഥങ്ങളും സന്ദര്‍ശിച്ച് അവര്‍ കാശിയിലെത്തി. അഞ്ചാറുവര്‍ഷക്കാലം അവിടെ ഒരുമിച്ചു താമസിക്കുകയും ചെയ്തു.
കാശിയില്‍ ചിദംബരനാഥയോഗിയുടെ നേതൃത്വത്തില്‍ അത്യന്തം ആധ്യാത്മികവും ധര്‍മനിഷ്ഠവുമായ ജീവിതമാണ് മുത്തുസ്വാമി നയിച്ചത്. യോഗി ഇദ്ദേഹത്തിന് ശ്രീവിദ്യാസമ്പ്രദായത്തിലെ പ്രാഥമിക തത്ത്വങ്ങളും ഷോഡശാക്ഷരിമന്ത്രവും ഉപദേശിച്ചുകൊടുക്കുകയും താന്ത്രികാരാധനാക്രമത്തില്‍ പരിശീലനം നല്കുകയും ചെയ്തു. ഇതിനു പുറമേ, യോഗാഭ്യാസവും ശങ്കരവേദാന്തവും പഠിപ്പിച്ചു.
കാശിയിലെ താമസത്തിനിടയില്‍ യോഗിയും ശിഷ്യനും ഉത്തര ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. മുത്തുസ്വാമി ഒരു ഗാനരചയിതാവായി മാറിയപ്പോള്‍ ഉത്തരേന്ത്യയില്‍ താന്‍ ആരാധന നടത്തിയ ക്ഷേത്രങ്ങളെ അനുസ്മരിക്കുകയും അവിടങ്ങളിലെ പ്രതിഷ്ഠകളെ പ്രകീര്‍ത്തിച്ചുകൊണ്ട് കൃതികള്‍ രചിക്കുകയും ചെയ്തു. വിശ്വേശ്വരന്‍, അന്നപൂര്‍ണ, വിശാലാക്ഷി, കാലഭൈരവന്‍ എന്നീ ദേവതകളെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ഇവയിലുണ്ട്. കാശിയിലെ ഗംഗാനദിയെ സ്തുതിക്കുന്ന ഗാനവും പശുപതീശ്വരനെക്കുറിച്ചുള്ള ഗാനവും ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. ബദരിനാഥത്തില്‍ സ്ഥിതിചെയ്യുന്ന ഉജ്ജ്വലപ്രഭയുള്ള ശ്രീ സത്യനാരായണനെക്കുറിച്ചുള്ള ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടക സംഗീതവും ചില സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും ഒരേ സംഗീതപദ്ധതിയുടെ രണ്ട് സരണികളാണ് അവ എന്ന സത്യം മുത്തുസ്വാമി മനസ്സിലാക്കി. അവ രണ്ടും ഒരേ ഉറവിടത്തില്‍നിന്ന് ഉദ്ഭവിച്ചതും ഭാരതീയസംഗീതത്തിന്റെ സവിശേഷതയായ രാഗതാള സങ്കല്പങ്ങളില്‍ അധിഷ്ഠിതവുമാണ്. വെങ്കടമഖിയുടെ യുഗത്തില്‍ ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ പ്രകടമായിരുന്നില്ല. വെങ്കടമഖിയുടെ പാരമ്പര്യത്തില്‍ വളര്‍ന്ന മുത്തുസ്വാമി ദീക്ഷിതരെ ഹിന്ദുസ്ഥാനി സംഗീതം ശക്തമായി ആകര്‍ഷിച്ചു. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള ഇദ്ദേഹത്തിന്റെ നിപുണത ഹിന്ദുസ്ഥാനി രാഗങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍നിന്നു മാത്രമല്ല, മറ്റു രാഗങ്ങള്‍ ആലപിച്ച രീതിയില്‍നിന്നും കാണാവുന്നതാണ്. ചില ഹിന്ദുസ്ഥാനി രാഗങ്ങള്‍ മുത്തുസ്വാമി ദീക്ഷിതരുടെ രചനകളില്‍ അവയുടെ നൈസര്‍ഗികവിശുദ്ധിയുടെ രൂപം വീണ്ടെടുക്കുന്നതായി കാണാം. വൃന്ദാവന സാരംഗത്തില്‍ അനേകം ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. യമുന കല്യാണി രാഗത്തില്‍ രചിച്ച 'ജംബുപഥേ പാഹിമാം' എന്ന ഗാനം രാഗഭാവത്തിലും ഗാംഭീര്യത്തിലും അപ്രതിമമായി നിലകൊള്ളുന്നു. ഹമീര്‍ കല്യാണി രാഗത്തിലുള്ള 'പരിമളരംഗനാഥം' എന്ന കൃതി ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രസ്തുത രാഗത്തിനുള്ള സവിശേഷതകള്‍ ദൃഢമായി വെളിവാക്കുന്ന അതിവിശിഷ്ടമായ രചനയാണ്. കര്‍ണാടകസംഗീതത്തില്‍ ദ്വിജാവന്തി എന്ന പേരില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള ജൈജൈവന്തി എന്ന ഹിന്ദുസ്ഥാനി രാഗത്തെ അതിന്റെ സര്‍വഭാവങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന പ്രൌഢിയേറിയ രചനയാണ് 'ചേതസ്ശ്രീ ബാലകൃഷ്ണം' എന്നാരംഭിക്കുന്ന കൃതി.
ഗുരുനാഥന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന് മുത്തുസ്വാമി ദീക്ഷിതര്‍ കാശിയില്‍നിന്ന് സ്വന്തം നാട്ടിലേക്കു തിരിച്ചു. മണലിയിലെ താമസക്കാലത്ത് മുത്തുസ്വാമി തിരുത്തനി സന്ദര്‍ശിക്കുകയും അവിടത്തെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഭജനമിരിക്കുകയും ചെയ്തു. സുബ്രഹ്മണ്യനെ 'ഗുരുഗുഹ'എന്ന് സംബോധന ചെയ്തുകൊണ്ട് അപദാനങ്ങളെ വാഴ്ത്തി നിരവധി ഗാനങ്ങള്‍ രചിച്ചു. ഗുരുഗുഹഗാനങ്ങള്‍ അഥവാ തിരുത്തനി കൃതികള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. 'മാനസഗുരുഗുഹ' എന്നാരംഭിക്കുന്ന വിഖ്യാത കൃതി ഇവയിലുള്‍പ്പെടുന്നു. തിരുത്തനിയില്‍നിന്ന് തിരുപ്പതിയിലേക്കു പോയ മുത്തുസ്വാമി ശ്രീവെങ്കടേശ്വരനെ സ്തുതിക്കുന്ന കൃതികളും രചിച്ചു.
ദീക്ഷിതര്‍ കുടുംബം കാഞ്ചീപുരത്തേക്ക് താമസം മാറ്റിയതിനെ തുടര്‍ന്ന് അവിടത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് കാമാക്ഷിദേവിയെക്കുറിച്ചും ഏകാഗ്രേശ്വനെ(ശിവനെ)ക്കുറിച്ചും കൃതികള്‍ രചിച്ചു. കമല മനോഹരി രാഗത്തിലുള്ള 'കഞ്ജദളയതാക്ഷി', ഹിന്ദോള രാഗത്തിലുള്ള 'നീരജാക്ഷി കാമാക്ഷീ', ഭൈരവിരാഗത്തിലുള്ള 'ചിന്തയമകന്ദ' എന്നീ പ്രഖ്യാത കൃതികള്‍ ഇവയിലുള്‍പ്പെടുന്നു.
അദ്വൈതവേദാന്തത്തില്‍ അടിയുറച്ച വിശ്വാസമുള്ള ദീക്ഷിതര്‍ എല്ലാ ക്ഷേത്രങ്ങളും-ശൈവക്ഷേത്രങ്ങളും വൈഷ്ണവക്ഷേത്രങ്ങളും- സന്ദര്‍ശിക്കുകയും എല്ലാ ദേവതകളെയും ആരാധിക്കുകയും അവയെക്കുറിച്ച് കൃതികള്‍ രചിക്കുകയും ചെയ്തു. ദീക്ഷിതരെ മുഖ്യമായും ആകര്‍ഷിച്ചത് തിരുവാരൂരിലെ ത്യാഗരാജസ്വാമി ക്ഷേത്രമായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ നല്ലൊരു പങ്ക് ത്യാഗരാജസ്വാമിയെക്കുറിച്ചുള്ളതാണ്.
അവസാനകാലത്ത് മധുര, എട്ടയപുരം തുടങ്ങി വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച മുത്തുസ്വാമി അനേകം കൃതികള്‍ രചിച്ചു. ശബരിമല സന്ദര്‍ശിച്ച് അയ്യപ്പനെ സ്തുതിച്ചുകൊണ്ട് വസന്തരാഗത്തില്‍ 'ഹരിഹരപുത്രാം' എന്ന കൃതി ആലപിക്കുകയും ചെയ്തു.
1834 ഒ.-ല്‍ മുത്തുസ്വാമി ദീക്ഷിതര്‍ അന്തരിച്ചു.