This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധനകാര്യ ആസ്തികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധനകാര്യ ആസ്തികള്‍
എശിമിരശമഹ മലൈ
സമ്പദ്വ്യവസ്ഥയില്, വ്യത്യസ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന്. ധനകാര്യ ആസ്തികളെ ധനനിക്ഷേപ പത്രങ്ങള്‍ (ളശിമിരശമഹ ലെരൌൃശശേല) എന്നും പറയാം. ഭൌതികവിഭവം, മനുഷ്യവിഭവം, ധനവിഭവം എന്നിങ്ങനെ മൂന്ന് തരം വിഭവങ്ങളാണ് സമ്പദ്വ്യവസ്ഥയില് വ്യത്യസ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ളത്. ഇതില്‍ പ്രകൃതിവിഭവങ്ങള്‍, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭൌതികവിഭവങ്ങളും മനുഷ്യവിഭവങ്ങളും ഏകോപിപ്പിക്കാനാവശ്യമായിവരുന്ന ഘടകം ധനവിഭവമാണ്. അതായത്, ധനവിഭവശേഷിയെ ആശ്രയിച്ചാണ് സമ്പദ്വ്യവസ്ഥയുടെ പ്രവര്‍ത്തനം നിലകൊള്ളുന്നത്. ധനവിഭവസമാഹരണത്തിനായി ഓരോ സംരംഭവും വ്യത്യസ്ത മാര്‍ഗങ്ങളെയാണ് അവലംബിക്കുന്നത്. ഓഹരി, കടപ്പത്രം, പൊതുനിക്ഷേപം, മ്യൂച്ച്വല്‍ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലെ നിക്ഷേപ പത്രങ്ങള്‍ നല്‍കിയാണ് വിവിധ വിഭാഗങ്ങളില്‍പ്പെട്ട സംരംഭങ്ങള്‍ ധനവിഭവം സ്വരൂപിക്കുന്നത്. നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സംരംഭങ്ങളില്‍നിന്നു ലഭിക്കുന്ന ധനനിക്ഷേപ പത്രങ്ങള്‍ ധനകാര്യ ആസ്തികളാണ്.
ആസ്തികളെ, തൊട്ടറിയാന്‍ കഴിയുന്ന ആസ്തികള്‍ എന്നും തൊട്ടറിയാന്‍ കഴിയാത്ത ആസ്തികള്‍ എന്നും രണ്ടായി വിഭജിക്കാം. കെട്ടിടം, ഭൂമി, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ തൊട്ടറിയാന്‍ കഴിയുന്ന ആസ്തികളാണ്. ഇവയുടെ മൂല്യം ഭൌതികമായ അവസ്ഥയെയും രൂപത്തെയും അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി ഭാവിനേട്ടങ്ങളെ അടിസ്ഥാനമാക്കിയാകും തൊട്ടറിയാന്‍ കഴിയാത്ത ആസ്തികളുടെ മൂല്യം നിശ്ചയിക്കുക. ധനകാര്യ ആസ്തികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
ധനകാര്യ ആസ്തികള്‍ പണം വായ്പയായി നിക്ഷേപിച്ച വകയിലോ ഉടമസ്ഥാവകാശത്തിനായി നിക്ഷേപിച്ച വകയിലോ ഉള്ളതാണ്. കടപ്പത്രങ്ങള്‍, പൊതുനിക്ഷേപങ്ങള്‍ തുടങ്ങിയവ ആദ്യവിഭാഗത്തിലും ഓഹരിനിക്ഷേപങ്ങള്‍ രണ്ടാം വിഭാഗത്തിലും പെടുന്നു. നിക്ഷേപകന് ഈ രണ്ട് വിഭാഗങ്ങളിലും യഥാക്രമം നിശ്ചിത നിരക്കിലുള്ള പലിശയോ സാമ്പത്തികനേട്ടത്തെ അടിസ്ഥാനമാക്കിയുള്ള ലാഭവിഹിതമോ ലഭിക്കും. വായ്പാനിക്ഷേപങ്ങള്ക്കു ലഭിക്കുന്ന പലിശ, സംരംഭം ലാഭത്തിലോ നഷ്ടത്തിലോ ആണ് പ്രവര്‍ത്തിക്കുന്നതെന്ന പരിഗണന കൂടാതെ നല്‍കേണ്ട ബാധ്യതയാണ്. അതേസമയം ഓഹരി ഉടമകള്‍ക്കു ലഭിക്കുന്ന ലാഭവിഹിതം സാമ്പത്തികനേട്ടം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം നല്കേണ്ടിവരുന്ന ഇനത്തില്‍പ്പെട്ടതാണ്.
സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് ഭൌതിക ആസ്തികള്‍ ആര്ജിക്കുന്നതിനുവേണ്ടിയും മനുഷ്യവിഭവം പ്രായോഗികതലത്തിലെത്തിക്കുന്നതിനുവേണ്ടിയുമുള്ള ധനസമാഹരണ സംവിധാനമാണ് ധനകാര്യ ആസ്തികള്‍. നിശ്ചിത നിരക്കിലുള്ള പലിശ/ലാഭവിഹിതം നിക്ഷേപകന് പ്രതിഫലമായി നല്കുന്നു.
ധനകാര്യ ആസ്തികളായ ഓഹരികള്‍, കമ്പനിക്കടപ്പത്രങ്ങള്, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവ
ക്രയവിക്രയ സൌകര്യം ഉള്ളവയാണ്. മൂലധനവിപണിയില്‍ ക്രയവിക്രയം നടത്തുമ്പോള്‍ ലാഭം നേടാനും നഷ്ടം സംഭവിക്കാനും ഉള്ള സാധ്യതകള്‍ ഉണ്ട്. സംരംഭങ്ങളുടെ പ്രവര്‍ത്തനവും അതുവഴി ആര്‍ജിച്ച കരുത്തും പ്രശസ്തിയുമാകും ക്രയവിക്രയ ഇടപാടുകളിലെ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും വഴി തെളിക്കുന്നത്. ഉയര്‍ന്ന വരുമാനം, സുരക്ഷിതത്വം, മൂലധനനേട്ടം, എളുപ്പത്തില്‍ പണമാക്കി മാറ്റാനുള്ള കഴിവ്, നികുതിയിളവ് തുടങ്ങിയവയിലെ ആകര്‍ഷണീയതയാണ് ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്ച്വല്‍ ഫണ്ടിലും പണംമുടക്കാന്‍ നിക്ഷേപകനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതേസമയം ബാങ്കുകളിലെ നിക്ഷേപം, കമ്പനികളിലെ പൊതുനിക്ഷേപം, ഇന്‍ഷുറന്‍സ് നിക്ഷേപം തുടങ്ങിയ ധനകാര്യ ആസ്തികള്‍ക്ക് ക്രയവിക്രയസൌകര്യമില്ല.
ക്രയവിക്രയച്ചെലവ്, നഷ്ടസംഭാവ്യത തുടങ്ങിയ കാര്യങ്ങളില്‍ മതിയായ ശ്രദ്ധപതിപ്പിച്ചാണ് നിക്ഷേപകര്‍ ധനകാര്യ ആസ്തികള്‍ ആര്‍ജിക്കുന്നത്.
(ഡോ. എം. ശാര്ങ്ഗധരന്)