This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെബ്രു, ജെറാര്‍ഡ് (1921 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:48, 5 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദെബ്രു, ജെറാര്‍ഡ് (1921 - 2004)

Debray,Regis

ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവും. ഫ്രാന്‍സിലെ കീലെയ്സില്‍ 1921 ജൂല. 4-ന് ജനിച്ചു. പാരിസില്‍ ഗണിതശാസ്ത്രത്തില്‍ പരിശീലനം നേടിയ ഇദ്ദേഹം 1948 - ല്‍ അമേരിക്കയിലേക്കു കുടിയേറി. 1956 - ല്‍ ഗവേഷണബിരുദം നേടിയ ദെബ്രു യേല്‍ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസറായി നിയമിതനായി. 1960 - 61ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ബിഹേവിയറല്‍ സയന്‍സില്‍ ഫെലോ ആയി പ്രവര്‍ത്തിച്ചു. കാലിഫോര്‍ണിയ, ബെര്‍ക്കിലി സര്‍വകലാശാലകളില്‍ ഗണിതശാസ്ത്ര പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 - ല്‍ അമേരിക്കന്‍ പൌരത്വം ലഭിച്ച ദെബ്രുവിന് 1977 - ല്‍ അലക്സാണ്ടര്‍ ഫൊണ്‍ ഹുംബോള്‍ട്ട് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സീനിയര്‍ യു.എസ്. സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ചു. 1982 - ല്‍ അമേരിക്കന്‍ ഇക്കണോമിക് അസോസിയേഷന്‍ ഇദ്ദേഹത്തെ വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. 1983-ല്‍ സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

ആധുനിക ഗണിത സാമ്പത്തികശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ദെബ്രു. ഉത്പാദനം, ഉപഭോഗം, പൊതുസന്തുലിതത്വസിദ്ധാന്തം എന്നിവയെ സംബന്ധിച്ചുള്ള ആധുനിക സാമ്പത്തികശാസ്ത്രങ്ങള്‍ക്ക് രൂപംനല്കുന്നതില്‍ ഇദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. പുതിയ സിദ്ധാന്തങ്ങളുടെയും വിശകലന സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതു സന്തുലിതത്വസിദ്ധാന്തം പുനരാവിഷ്കരിച്ചതിനാണ് ദെബ്രുവിന് നോബല്‍ സമ്മാനം ലഭിച്ചത്. 1838-ല്‍ അഗസ്റ്റീന്‍ കൊര്‍ണൂത് രചിച്ച ഒരു ഗവേഷണ പ്രബന്ധമാണ് ഗണിത സാമ്പത്തികശാസ്ത്രശാഖയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍, 1944-ല്‍ ജോണ്‍ ഫൊണ്‍ ന്യൂമാനും ഓസ്കാര്‍ മോര്‍ഗന്‍ സ്റ്റേണും സംയുക്തമായി രചിച്ച തിയറി ഒഫ് ഗെയിംസ് ആന്‍ഡ് ഇക്കോണമിക് ബിഹേവിയര്‍ എന്ന കൃതിയാണ് ഈ വിജ്ഞാനശാഖയില്‍ വഴിത്തിരിവുണ്ടാക്കിയത്. 1991-ല്‍ ദെബ്രു രചിച്ച ദ് മാത്തമാറ്റൈസേഷന്‍ ഒഫ് ഇക്കണോമിക് തിയറി എന്ന കൃതിയില്‍ ഗണിത സാമ്പത്തികശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസപരിണാമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 1969-ലാണ് സാമ്പത്തികശാസ്ത്രത്തിന് നോബല്‍സമ്മാനം ഏര്‍പ്പെടുത്തിയത്. 1990 വരെ നല്കിയ നോബല്‍ പുരസ്കാരങ്ങളില്‍ 25 എണ്ണവും ഗണിത സാമ്പത്തികശാസ്ത്ര പ്രബന്ധങ്ങള്‍ക്കാണ്. ഈ വിജ്ഞാനശാഖയുടെ നിര്‍ണായക പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

സങ്കീര്‍ണമായ സാമ്പത്തിക പ്രശ്നങ്ങള്‍ അപഗ്രഥിക്കുന്നതിന് ഏറ്റവും സമര്‍ഥമായ സങ്കേതമാണ് ഗണിത സാമ്പത്തികശാസ്ത്രമെന്ന് ദെബ്രു സിദ്ധാന്തിക്കുന്നു. പൂര്‍വകല്പനകള്‍, ശക്തമായ നിഗമനങ്ങള്‍, സാമാന്യ സിദ്ധാന്തങ്ങള്‍ എന്ന രീതിയിലാണ് ഈ രീതിശാസ്ത്രം പ്രയുക്തമാക്കുന്നത്. കെന്നത്ത് ആരോ (Kenneth Arrow) എന്ന സാമ്പത്തികശാസ്ത്രജ്ഞനുമായി ചേര്‍ന്ന്, കമ്പോള സമ്പദ്ഘടനയുടെ ഗണിത മാതൃക ആവിഷ്കരിച്ചു എന്നതാണ് ദെബ്രുവിന്റെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത്. വിവിധ ഉത്പാദകര്‍ വ്യത്യസ്തങ്ങളായ സാധനസാമഗ്രികള്‍ ഉത്പാദിപ്പിക്കുന്നു എന്നു വിചാരിക്കുക. ഉത്പാദന സാമഗ്രികളുടെ ചോദനവും വ്യത്യസ്തമാണ്. ലാഭം പരമാവധി വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഇവിടെ വിഭിന്ന ഉത്പാദകരും വിതരണക്കാരും അവരുടെ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത്. കമ്പോളത്തിലെ ഇത്തരം പെരുമാറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ട് ദെബ്രു 1959-ല്‍ പ്രസിദ്ധീകരിച്ച തിയറി ഒഫ് വാല്യു എന്ന കൃതി, ഗണിത സാമ്പത്തികശാസ്ത്രത്തിലെ ഒരു ക്ളാസ്സിക് ആയി മാറുകയാണുണ്ടായത്. ഈ കൃതിയെ 'സൈദ്ധാന്തിക വിപണി' എന്നാണ് വിശേഷിപ്പിക്കുന്നത്. 20-ാം ശ.-ത്തില്‍ രചിക്കപ്പെട്ട സാമ്പത്തികശാസ്ത്ര ക്ളാസ്സിക് കൃതികളില്‍ ഒന്നായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. സ്വകാര്യ താത്പര്യത്താല്‍ പ്രചോദിതരായി പ്രവര്‍ത്തിക്കുന്ന അനവധി ഉത്പാദകരുടെയും കച്ചവടക്കാരുടെയും ചോദന-പ്രദാനങ്ങളെയും വിലകളെയും ഗണിതപരമായി അപഗ്രഥിച്ചുകൊണ്ട് കമ്പോള സന്തുലിതത്വത്തെക്കുറിച്ച് മനസ്സിലാക്കാമെന്ന് ദെബ്രു സിദ്ധാന്തിക്കുന്നു.

2004 ഡി. 31-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍