This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവീസങ്കല്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദേവീസങ്കല്പം

ഒരു ഹൈന്ദവ സങ്കല്പം. ദേവി മഹാമായയാണെന്നും അനാദിയാണെന്നുമാണ് സങ്കല്പം. ജീവികള്‍ക്ക് ദേവി ആദ്യം ഗോചരമായത് എങ്ങനെയെന്ന് പുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. പണ്ട് മഹാവിഷ്ണു ശിശുരൂപിയായി ആലിലയില്‍ കിടക്കുന്ന കാലത്ത് 'ഞാന്‍ ആരാണ്? എന്നെ സൃഷ്ടിച്ചത് ആരാണ്?' എന്നെല്ലാം ചിന്തിച്ച് അസ്വസ്ഥനായപ്പോള്‍ ആകാശത്തില്‍നിന്ന് ഒരു അശരീരി ഉണ്ടായി: 'ഇതെല്ലാം ഞാന്‍ തന്നെയാണ്. ഞാനല്ലാതെ സനാതനമായി യാതൊന്നും ഇല്ല'. അശരീരിയെ ധ്യാനിച്ചു കിടന്ന മഹാവിഷ്ണുവിന്റെ മുന്നില്‍ ദേവി നാല് തൃക്കൈകളോടും ശംഖ്ചക്രഗദാപദ്മായുധങ്ങളോടും ദിവ്യവസ്ത്രാഭരണങ്ങളോടും കൂടി രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, ധൃതി, സ്മൃതി, ശ്രദ്ധ, മേധ, സ്വധ, സ്വാഹ, ക്ഷുധ, നിദ്ര, ദയ, ഗതി, തുഷ്ടി, പുഷ്ടി, ക്ഷമ, ലജ്ജ, ജൃംഭ, തന്ദ്രി എന്നീ ശക്തികളാല്‍ ആവൃതയായി പ്രത്യക്ഷപ്പെട്ടു.

ദുര്‍ഗ

മഹാവിഷ്ണുവിനെ നോക്കി ദേവി ഇപ്രകാരം പറഞ്ഞു: 'ഹേ വിഷ്ണുദേവാ, അദ്ഭുതപ്പെടുവാന്‍ എന്തുണ്ട്. ജഗത്തിന് സൃഷ്ടിസ്ഥിതിലയങ്ങളുണ്ടാകുന്ന കാലങ്ങളിലെല്ലാം ഇതുപോലെ മഹാശക്തിയുടെ മാഹാത്മ്യം നിമിത്തം അങ്ങയും ഉണ്ടായിട്ടുണ്ടല്ലൊ. പരാശക്തിയാകട്ടെ ഗുണാതീതയാണ്. നമ്മളെല്ലാം ഗുണത്തോടുകൂടിയവരുമാണ്. സത്വഗുണപ്രധാനനായ അങ്ങയുടെ നാഭിയില്‍നിന്ന് രജോഗുണപ്രധാനനായ ബ്രഹ്മാവ് ഉണ്ടാകും. ആ ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍നിന്ന് താമസശക്തിയോടുകൂടിയ രുദ്രനും ജനിക്കും. ബ്രഹ്മാവ് തപോബലം നിമിത്തം സൃഷ്ടിശക്തിയെ സമ്പാദിച്ച് രജോഗുണംകൊണ്ട് രക്തവര്‍ണമായ ലോകത്തെ സൃഷ്ടിക്കും. ആ ലോകത്തിന് അങ്ങ് രക്ഷിതാവായിത്തീരും. അതേ ജഗത്തിനെത്തന്നെ കല്പാന്തത്തില്‍ രുദ്രന്‍ സംഹരിക്കുകയും ചെയ്യും. സൃഷ്ടിക്കുവേണ്ടി അങ്ങയെ സമാശ്രയിച്ചു നില്ക്കുന്ന സാത്വിക ശക്തി തന്നെയാണ് ഞാന്‍ എന്ന് അറിഞ്ഞുകൊള്‍ക'. ദേവിയുടെ നിര്‍ദേശമനുസരിച്ചാണ് അനന്തരകാലത്ത് ലോകസൃഷ്ടികളെല്ലാം നടന്നിട്ടുള്ളത്.

ദേവിയുടെ ഉദ്ഭവത്തെക്കുറിച്ച് ദേവീഭാഗവതം പഞ്ചമസ്കന്ധത്തില്‍ഇപ്രകാരംപറയുന്നു:'നാനാരൂപങ്ങളിലായി സ്ഥിതി ചെയ്യുന്ന ശക്തികളെല്ലാം നിത്യയായ ആ ദേവിതന്നെയാകുന്നു. ഒരു നടനപ്രമാണി ജനപ്രീതി വരുത്തുന്നതിനുവേണ്ടി പല രൂപങ്ങളെടുത്ത് രംഗത്തില്‍ പ്രവേശിക്കുന്നതുപോലെ അരൂപിയായിരിക്കുന്ന ദേവിയും ദേവകാര്യങ്ങള്‍ക്കായി അനേകരൂപങ്ങള്‍ സ്വീകരിച്ച് നിര്‍ഗുണയെങ്കിലും സഗുണയായിത്തീരുന്നു. തന്നിമിത്തം ആവക പല രൂപങ്ങളെയും പല വേഷങ്ങളെയും പല കര്‍മങ്ങളെയും ആസ്പദമാക്കി ദേവിക്ക് പല പേരുകളും ഉണ്ടായിട്ടുണ്ട്.'

മൂലപ്രകൃതി മഹാവിഷ്ണുവിന്റെ രൂപത്തില്‍ അവതരിച്ചപ്പോള്‍ ആ ഭഗവാന് സൃഷ്ടിക്കുന്നതിനുള്ള ആഗ്രഹം ഉദിച്ചു. ഉടന്‍തന്നെ ഭഗവാനിലുള്ള ദേവ്യംശങ്ങള്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്ന പഞ്ചരൂപങ്ങളില്‍ ആവിര്‍ഭവിച്ചു. ഈ അഞ്ചുരൂപങ്ങളെ പഞ്ചദേവിമാര്‍ എന്നു പറയുന്നു.

ഗണേശഭഗവാന്റെ മാതാവായ ദുര്‍ഗാദേവി ശിവരൂപിണിയും ശിവപ്രിയയും വിഷ്ണുമായയായ നാരായണിയും പരിപൂര്‍ണ ബ്രഹ്മസ്വരൂപിണിയും ബ്രഹ്മാവ് തുടങ്ങിയുള്ള ദേവന്മാരാലും മുനികളാലും മനുക്കളാലും സ്തുതിച്ച് പൂജിക്കപ്പെടുന്നവളും സര്‍വത്തിനും അധിഷ്ഠാനമൂര്‍ത്തിയും ശര്‍വരൂപയും സനാതനയും ധര്‍മപരിപാലനശീലയും സത്വാത്മികയും പുണ്യം, കീര്‍ത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം മുതലായവയെ കൊടുക്കുന്നവളും ശോകം, ആര്‍ത്തി, ദുഃഖം മുതലായവയെ കൊടുക്കുന്നവളും തന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാരുടെ ദീനതകളെയും ആര്‍ത്തികളെയും ഇല്ലാതാക്കുന്നതില്‍ സന്തോഷത്തോടുകൂടിയവളും അതിതേജസ്സുള്ളവളും ശ്രേഷ്ഠയും കൃഷ്ണമൂര്‍ത്തിയുടെ അന്തഃകരണാധിഷ്ഠാത്രിയും സര്‍വശക്തിസ്വരൂപിണിയും ഈശ്വര ശക്തിയും സിദ്ധേശ്വരിയും സിദ്ധിരൂപിണിയും സര്‍വസിദ്ധികളെയും കൊടുക്കുന്നവളും ഈശ്വരിയും ബുദ്ധി, നിദ്ര, തന്ദ്രി, വിശപ്പ്, ദാഹം, നിഴല്‍, മടി, ദയ, ഓര്‍മ, ഉദ്ഭവം, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടുകൂടിയവളും പരമാത്മാവിന്റെ സര്‍വശക്തിസ്വരൂപിണിയും ആകുന്നു.

പരമാത്മാവിന്റെ ശുദ്ധ സത്വസ്വരൂപമാണ് പദ്മാദേവിയായ മഹാലക്ഷ്മിക്ക്. ഈ ദേവി സര്‍വസമ്പദ്സ്വരൂപിണിയും പരമേശ്വര സമ്പത്തുകള്‍ക്ക് അധിഷ്ഠാന ദേവതയും കാന്തി, ദയ, ശാന്തി, സൌശീല്യം, മംഗളം എന്നിവയുടെ ഇരിപ്പിടവും ലോഭം, മോഹം, കോപം, മദം, അഹങ്കാരം മുതലായ ദോഷങ്ങള്‍ അല്പംപോലും സ്പര്‍ശിച്ചിട്ടില്ലാത്തവളും ഭക്തന്മാരില്‍ അനുഭാവത്തോടുകൂടിയവളും പരമ പതിവ്രതയും ഭഗവാന്‍ ഹരിക്ക് പ്രാണതുല്യയും ഭഗവാന്റെ പ്രേമഭാജനവും ഭഗവാനോട് ഒന്നിനും ഒരിക്കലും അപ്രിയം പറയാത്തവളും സര്‍വസസ്യാത്മികയും ജീവികളുടെ പ്രാണരക്ഷ ചെയ്യുവാനുള്ള സാമര്‍ഥ്യത്തോടുകൂടിയവളും വൈകുണ്ഠത്തില്‍ മഹാലക്ഷ്മിയായി സദാ ഭര്‍തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും സതിയും സ്വര്‍ഗത്തില്‍ സ്വര്‍ഗശ്രീയായും രാജധാനിയില്‍ രാജലക്ഷ്മിയായും ഗൃഹത്തില്‍ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ദ്രവ്യങ്ങളിലും ശോഭയെ പ്രദാനം ചെയ്തുകൊണ്ട് മനോഹരിയായും ഇരിക്കുന്നവളും പുണ്യാത്മാക്കളില്‍ കീര്‍ത്തിരൂപയും രാജാക്കന്മാരില്‍ പ്രഭാരൂപയും കച്ചവടക്കാരില്‍ വ്യാപാരശ്രീയും പാപികളില്‍ കലഹബീജവും സര്‍വത്ര ദയാരൂപിയും സര്‍വപൂജ്യയും സര്‍വവന്ദ്യയുമാകുന്നു.

അഷ്ടലക്ഷ്മി
സരസ്വതീദേവി വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം എന്നിവയ്ക്കെല്ലാം അധിഷ്ഠാത്രിയും പരമാത്മസ്വരൂപിണിയും തന്നെ ഉപാസിക്കുന്നവര്‍ക്ക് ബുദ്ധി, കവിത, ചാതുര്യം, യുക്തി, ധാരണാശക്തി മുതലായവയെ പ്രദാനം ചെയ്യുന്നവളും നാനാ സിദ്ധാന്തഭേദങ്ങള്‍ക്കു പൊരുളായി വിളങ്ങുന്നവളും സര്‍വാര്‍ഥജ്ഞാന സ്വരൂപിണിയും സര്‍വസംശയനിവാരിണിയും അര്‍ഥവിചാരണയ്ക്കും ഗ്രന്ഥ നിര്‍മാണത്തിനുമുള്ള ബുദ്ധിയെ കൊടുക്കുന്നവളും സ്വരം, രാഗം, താളം മുതലായവയ്ക്കു കാരണഭൂതയും വിഷയജ്ഞാനരൂപയും വാഗ്രൂപയും സര്‍വലോകത്തിനും ഉണര്‍ച്ച നല്കുന്നവളും സുശീലയും വാക്യാര്‍ഥ വാദങ്ങള്‍ക്കു കാരണഭൂതയും ശാന്തയും വീണാപുസ്തക ധാരിണിയും ശുദ്ധ സത്വസ്വരൂപിണിയും ഹരിപ്രിയയും മഞ്ഞുകട്ട, ചന്ദനം, മുല്ലപ്പൂ, ചന്ദ്രന്‍, വെള്ളാമ്പല്‍ മുതലായവയെപ്പോലെ മനോഹരമായ വെളുത്ത നിറത്തോടുകൂടിയവളും പരമാത്മാവായ ശ്രീകൃഷ്ണന്റെ തിരുനാമങ്ങളെ ജപിച്ച് രത്നമാലകൊണ്ട് കണക്കുപിടിക്കുന്നവളും തപഃസ്വരൂപിണിയും തപസ്വികള്‍ക്ക് തപഃഫലത്തെ കൊടുക്കുന്നവളും സിദ്ധവിദ്യാസ്വരൂപിണിയും സര്‍വസിദ്ധികളെയും കൊടുത്തുകൊണ്ടിരിക്കുന്നവളും ആകുന്നു. ഈ സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെപോയാല്‍ മനുഷ്യരെല്ലാം സംസാരിക്കാന്‍ കഴിവില്ലാത്തവരായിത്തീരുന്നു.

ബ്രാഹ്മണാദി നാല് ജാതികള്‍, വേദാംഗങ്ങള്‍, ഛന്ദസ്സുകള്‍, സന്ധ്യാവന്ദനാദി മന്ത്രങ്ങള്‍, തന്ത്രശാസ്ത്രങ്ങള്‍ മുതലായവയ്ക്കെല്ലാം മാതാവായും ദ്വിജാദി ജാതിരൂപിണിയായും ജപരൂപിണിയായും തപഃസ്വരൂപിണിയായും ബ്രഹ്മതേജോരൂപിണിയായും ഗായത്രിയെ ജപിക്കുന്നവര്‍ക്ക് പ്രിയയായും തീര്‍ഥസ്വരൂപിണിയായും ശുദ്ധസ്ഫടികത്തെപ്പോലെ മനോഹരമായ നിറത്തോടുകൂടിയവളായും ശുദ്ധ സത്വസ്വരൂപിണിയായും പരമാനന്ദ സ്വരൂപിണിയായും ശ്രേഷ്ഠയായും സനാതനയായും പരബ്രഹ്മസ്വരൂപിണിയായും നിര്‍വാണപദത്തെ പ്രദാനം ചെയ്യുന്നവളായും ബ്രഹ്മതേജോമയിയായ ശക്തിയായും ബ്രഹ്മതേജസ്സിന് അധിഷ്ഠാന ദേവതയായും ഇരിക്കുന്ന സാവിത്രീദേവി അവര്‍ണനീയയാണ്. സര്‍വതീര്‍ഥങ്ങളും പുണ്യഫലത്തെ പ്രദാനം ചെയ്യുന്നവയായിത്തീരണമെങ്കില്‍ ദേവിയുടെ സ്പര്‍ശം സിദ്ധിച്ചിരിക്കേണ്ടതാണ്. ഈ ലോകം പരിശുദ്ധമായിത്തീര്‍ന്നിട്ടുള്ളത് ദേവിയുടെ പാദസ്പര്‍ശം കൊണ്ടാണ്.

കൃഷ്ണനും രാധയും
പഞ്ചപ്രകൃതികളില്‍ അഞ്ചാമത്തെ രാധികാദേവി പഞ്ചപ്രമാണങ്ങളുടെയും അധിദേവതയും പഞ്ചപ്രാണസ്വരൂപിണിയും പ്രാണങ്ങളെക്കാള്‍ പ്രിയപ്പെട്ടവളും പരമസുന്ദരിയും ഏറ്റവും ശ്രേഷ്ഠയും സര്‍വസൌഭാഗ്യങ്ങളും തികഞ്ഞവളും ഗൌരവത്തോടുകൂടിയവളും മാനിനിയും ശ്രീകൃഷ്ണ പരമാത്മാവിന്റെ വാമാംഗാര്‍ധ സ്വരൂപിണിയും ഭഗവാനെപ്പോലെതന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളും പരാപര സാരഭൂതയും സനാതനയും പരമാനന്ദസ്വരൂപിണിയും ധന്യയും മാന്യയും പൂജ്യയും ശ്രീകൃഷ്ണ ഭഗവാന്റെ രാസക്രീഡയില്‍ അധിദേവിയും രാസമണ്ഡലത്തില്‍ ഉണ്ടായി രാസമണ്ഡലത്തില്‍ പരിശോഭിക്കുന്ന രാസേശ്വരിയും രസികയും രാസാവാസനിവാസിനിയും ഗോലോകസ്ഥിതയും ഗോപികാവേഷധാരിണിയും പരമാനന്ദസ്വരൂപിണിയും നിര്‍ഗുണയും നിരാകാരയും നിര്‍ലിപ്തയും ആത്മസ്വരൂപിണിയും യാതൊരവസ്ഥാഭേദത്താലും ബാധിക്കപ്പെടാത്തവളും നിരീഹയും നിരഹങ്കാരയും ഭക്തന്മാര്‍ക്ക് അനുഗ്രഹം കൊടുക്കുന്നവളും ദേവശ്രേഷ്ഠന്മാരാലും മുനിശ്രേഷ്ഠന്മാരാല്‍ക്കൂടിയും ഈ മാംസചക്ഷുസ്സുകള്‍ കൊണ്ട് കാണപ്പെടുവാന്‍ സാധിക്കാത്തവളും എന്നാല്‍ വേദങ്ങളാല്‍ വിധിക്കപ്പെട്ടിട്ടുള്ള ധ്യാനങ്ങളനുസരിച്ച് ധ്യാനിച്ചാല്‍ ജ്ഞാനദൃഷ്ടികൊണ്ട് കാണപ്പെടുന്നവളും അഗ്നിയില്‍പ്പോലും ദഹിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നവളും കോടി ചന്ദ്രന്റെ പ്രകാശമുള്ളവളും വരാഹകല്പത്തില്‍ വൃഷഭാനുവിന്റെ പുത്രിയായി അവതരിച്ചവളുമാകുന്നു. അക്കാലത്ത് ആ ദേവിയുടെ പാദസ്പര്‍ശം നിമിത്തം ഭാരതഭൂമി പുണ്യവതിയായി. പണ്ട് ബ്രഹ്മാവ് ഈ ദേവിയുടെ പാദസ്പര്‍ശം കാംക്ഷിച്ച് അറുപതിനായിരം വര്‍ഷം തപസ്സുചെയ്യുകയുണ്ടായി. അക്കാലത്ത് ദേവിയെ സ്വപ്നത്തില്‍പ്പോലും കാണുവാന്‍ സാധിച്ചില്ല. പിന്നെ കരുണാമയിയായ ആ ദേവിതന്നെ വൃന്ദാവനത്തില്‍ ലോകാനുഗ്രഹാര്‍ഥം അവതരിച്ചപ്പോള്‍ അവിടെവച്ചു മാത്രമേ ആ ദേവിയെ എല്ലാവര്‍ക്കും പ്രത്യക്ഷമായി കാണുവാന്‍ കഴിഞ്ഞുള്ളൂ.

മേല്‍സൂചിപ്പിച്ച പഞ്ചരൂപങ്ങള്‍ക്കു പുറമേ ദേവിയുടെ അംശത്തില്‍നിന്നു രൂപംകൊണ്ട ആറ് ദേവികളുണ്ട്. ഗംഗാദേവി വിഷ്ണുവിന്റെ ദേഹത്തുനിന്ന് ഉദ്ഭവിച്ചവളും ജലരൂപത്തില്‍ പ്രവഹിക്കുന്നവളും മനുഷ്യന്റെ പാപങ്ങളെ നശിപ്പിക്കുന്നവളും പുണ്യദാത്രിയുമാണ്. തുളസീദേവി വിഷ്ണുവിന്റെ കാമിനിയും വിഷ്ണുവിന്റെ പാദസേവിനിയുമാണ്. ഈ ദേവിയും മനുഷ്യന്റെ പാപം നശിപ്പിച്ച് പുണ്യം കൊടുക്കുന്നു. മനസാദേവി കശ്യപ പുത്രിയും ശങ്കരന്റെ പ്രിയശിഷ്യയും മഹാജ്ഞാന വിശാരദയും നാഗരാജാവായ അനന്തന്റെ സഹോദരിയും നാഗവാഹിനിയും തപോധനന്മാര്‍ക്കു ഫലം കൊടുക്കുന്നവളും മന്ത്രങ്ങളുടെ അധിദേവതയും ജരല്‍ക്കാരുമുനിയുടെ പത്നിയും ആസ്തികമുനിയുടെ മാതാവുമായ തപസ്വിനിയാണ്. ദേവസേനാദേവി മഹാമായയുടെ ആറില്‍ ഒരു ഭാഗംകൊണ്ട് ജനിച്ചവളാകയാല്‍ ഷഷ്ഠീദേവി എന്ന പേരും പറഞ്ഞുകാണുന്നു. ജീവികള്‍ക്ക് പുത്രപുത്രിമാരെ കൊടുക്കുന്നതും അവരെ രക്ഷിക്കുന്നതും ഈ ദേവിയാണ്. മംഗള ചണ്ഡിക മൂലപ്രകൃതിയുടെ മുഖത്തുനിന്നു ജനിച്ചവളാണ്. ഈ ദേവി പ്രസാദിച്ചാല്‍ പുത്രന്‍, പൌത്രന്‍, ധനം, ഐശ്വര്യം, കീര്‍ത്തി തുടങ്ങിയ സകല മംഗളങ്ങളും ലഭിക്കും. ഭൂമിദേവി സര്‍വത്തിനും ആധാരഭൂതയും സര്‍വസസ്യങ്ങള്‍ക്കും ഉത്പത്തിസ്ഥാനവും സര്‍വരത്നങ്ങളുടെയും ഭണ്ഡാഗാരവും കരുണാമൂര്‍ത്തിയുമാകുന്നു.

[[Image:1862Ganga, Gupta, 5th c. CE, Ahichchhatra, UP-7.png |thumb|200x200px|right|ഗംഗ]]മഹാമായയുടെ അംശങ്ങളുടെ അംശങ്ങള്‍കൊണ്ട് ജനിച്ചവരാണ് അംശകലാദേവികള്‍. അഗ്നിഭഗവാന്റെ ഭാര്യയായ സ്വാഹാദേവി, യജ്ഞദേവന്റെ ഭാര്യ ദക്ഷിണാദേവി, പിതൃക്കളുടെ പത്നി സ്വധാദേവി, വായുപത്നി സ്വസ്തിദേവി, ഗണപതിയുടെ ഭാര്യ പുഷ്ടിദേവി, അനന്തപത്നി തുഷ്ടിദേവി, ഈശാനപത്നി സമ്പത്തി, കപിലപത്നി ധൃതി, സത്യപത്നി സതീദേവി, മോഹപത്നി ദയാദേവി, പുണ്യപത്നി പ്രതിഷ്ഠാദേവി, സുകര്‍മപത്നികളായ സിദ്ധാദേവിയും കീര്‍ത്തിദേവിയും, ഉദ്യോഗപത്നി ക്രിയാദേവി തുടങ്ങിയവരാണ് അംശകലാദേവികള്‍.

ഭൂമിദേവി വരാഹ മൂര്‍ത്തിയുടെ കൈയില്‍
ക്ഷേത്രങ്ങളില്‍ ദേവിയുടെ പ്രതിമ നിര്‍മിക്കുന്നതിന് പ്രത്യേക വിധികളുണ്ട്. ചണ്ഡികാദേവി ഇരുപതു കൈകളോടുകൂടിയവളായിരിക്കും. അവയില്‍വച്ച് വലതുഭാഗത്തെ കൈകളില്‍ ശൂലം, വാള്‍, വേല്‍, ചക്രം, പാശം, പരിച, മഴു, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, മുല്‍ഗരം എന്നിവ ധരിച്ചിരിക്കും. ലക്ഷ്മീദേവിയുടെ വലതുകൈയില്‍ താമരപ്പൂവും ഇടതുകൈയില്‍ കൂവളത്തിന്‍കായും ഉണ്ടായിരിക്കും. സരസ്വതീദേവി കൈകളില്‍ പുസ്തകവും അക്ഷമാലയും വീണയും ധരിച്ചുകൊണ്ടിരിക്കുന്നു. ഗംഗാദേവി കൈകളില്‍ കുടവും താമരപ്പൂവും ധരിച്ച് ശ്വേതവര്‍ണയായി മകരമത്സ്യത്തിന്റെ പുറത്ത് സ്ഥിതിചെയ്യുന്നു. യമുനാദേവി ആമയുടെ പുറത്തിരിക്കുന്നവളും കൈയില്‍ കുടം ധരിക്കുന്നവളും ശ്യാമളവര്‍ണത്തോടുകൂടിയവളുമാണ്.

ശുക്ളവര്‍ണനായ തുംബുരു കൈയില്‍ വീണ ധരിച്ചുകൊണ്ട് മാതൃക്കളുടെ മുമ്പില്‍ വൃഷഭാരൂഢനായി ശൂലത്തില്‍ സ്ഥിതി ചെയ്യുന്നു. മാതൃക്കളില്‍ ബ്രാഹ്മി നാല് മുഖങ്ങളോടുകൂടിയവളും ഗൌര വര്‍ണമുള്ളവളും അക്ഷമാല ധരിക്കുന്നവളും ഇടതുകൈയില്‍ കിണ്ടി, അക്ഷപാത്രം എന്നിവയോടു കൂടിയവളും ഹംസഗമനയുമായി സ്ഥിതി ചെയ്യുന്നു. ശാങ്കരി (മഹേശ്വരി) ശുഭ്രവര്‍ണയാണ്. വലതുകൈകളില്‍ ശരചാപങ്ങളും ഇടതുകൈകളില്‍ ചക്രവും ധനുസ്സും വാഹനമായിട്ട് വൃഷഭവും ഉണ്ടായിരിക്കും. കൌമാരി മയിലിന്റെ പുറത്തിരിക്കുന്നവളും രക്തവര്‍ണയും രണ്ടുകൈകള്‍ ഉള്ളവളുമാണ്. ഒരു കൈയില്‍ ശക്തി (വേല്‍) ധരിച്ചിരിക്കുന്നു. ലക്ഷ്മി വലതുകൈകളില്‍ ശംഖു ചക്രങ്ങളും ഇടതുകൈകളില്‍ ഗദാപദ്മങ്ങളും ധരിച്ചുകൊണ്ടിരിക്കുന്നു.

യമുന
വാരാഹി എന്ന ദേവി കൈകളില്‍ ദണ്ഡം, ഖഡ്ഗം, ഗദ, ശംഖ് എന്നിവ ധരിച്ചു കൊണ്ട് പോത്തിന്റെ പുറത്ത് സ്ഥിതിചെയ്യുന്നു. ഇന്ദ്രാണി ഗദാരൂഢയും വജ്രഹസ്തയും സഹസ്രാക്ഷിയുമാണ്. ചാമുണ്ഡി മരപ്പൊത്തുകള്‍ക്കൊത്ത കണ്ണുകള്‍ ഉള്ളവളും മാംസഹീനയും മൂന്ന് കണ്ണുകളോടുകൂടിയവളുമാണ്. ഇടതുകൈകളില്‍ ആനത്തോലും വലതു കൈകളില്‍ ശൂലവും ധരിച്ചിരിക്കും. ചിലപ്പോള്‍ ശവാരൂഢയായും സ്ഥിതിചെയ്യുന്നു.
അംബമാരുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിനുള്ള വിധികള്‍ ഇപ്രകാരമാണ്: രുദ്രചര്‍ച്ചിക ഇടത്തും വലത്തും കൈകളില്‍ തലയോട്, കര്‍ത്തരി, ശൂലം, പാശം എന്നിവയെ ധരിക്കുന്നു. ഉടുക്കുന്നത് ആനത്തോലാണ്. കാല്‍ ഊര്‍ധ്വമുഖമായി പൊക്കിപ്പിടിച്ചിരിക്കുന്നു. ആ ദേവിതന്നെ എട്ടുകൈകള്‍ ഉള്ളവളും ശിരഃകപാലത്തെയും ഡമരുവിനെയും ധരിക്കുന്നവളുമായാല്‍ രുദ്രചാമുണ്ഡയാകും. ആ ദേവിതന്നെ നൃത്തം ചെയ്യുന്ന നിലയിലായാല്‍ നടേശ്വരിയാകും. നാലുമുഖങ്ങളോടു കൂടിയിരിക്കുന്നവളുടെ ആകൃതിയിലായാല്‍ മഹാലക്ഷ്മിയാകും. ആ ദേവി തന്നെ പത്തുകൈകളോടും മൂന്നുകണ്ണുകളോടും കൂടിയവളും മനുഷ്യര്‍, കുതിരകള്‍, പോത്തുകള്‍, ആനകള്‍ എന്നിവയെ കൈയിലെടുത്തു കടിച്ചുതിന്നുന്നവളും വലത്തെ കൈകളില്‍ ശസ്ത്രം, വാള്‍, ഡമരു എന്നിവയും ഇടത്തെ കൈകളില്‍ ഘണ്ടാമണി, ചുരിക, കുറുവടി, ത്രിശൂലം എന്നിവ ധരിക്കുന്നവളുമായാല്‍ സിദ്ധചാമുണ്ഡ എന്ന പേരാകും. ഈ ദേവിതന്നെ സര്‍വസിദ്ധി പ്രദായികയായാല്‍ സിദ്ധയോഗേശ്വരിയാകും. ഈ രൂപത്തില്‍ത്തന്നെ പാശാങ്കുശധാരിണിയും അരുണവര്‍ണയുമായി മറ്റൊരു ദേവിയുണ്ട്. അതാണ് ഭൈരവി. ഈ ദേവിതന്നെ പന്ത്രണ്ടുകൈകളോടുകൂടിയവളായാല്‍ രൂപവിദ്യയാകും. ഇവരെല്ലാംതന്നെ ശ്മശാനത്തില്‍ ജനിച്ചവരും രൌദ്ര മൂര്‍ത്തികളുമാകുന്നു. ഇവരെ അഷ്ടാംബമാരെന്നു പറയുന്നു.
ചാമുണ്ഡേശ്വരി
യക്ഷി
അപ്സരസ്സ്

ഭൂമിദേവി ശിവാവൃതയായും വൃദ്ധയായും രണ്ടുകൈകള്‍ ഉള്ളവളായും കാല്‍മുട്ടുകളും കൈകളുമൂന്നി ഭൂമിയില്‍ സ്ഥിതി ചെയ്യുന്നവളുമായും പ്രതിഷ്ഠിക്കപ്പെടുന്നു. യക്ഷികള്‍ സ്തബ്ധങ്ങളും ദീര്‍ഘങ്ങളുമായ കണ്ണുകള്‍ ഉള്ളവരായിരിക്കും. അപ്സര സ്സുകള്‍ പിംഗലനേത്രമാരും രൂപഗുണമുള്ളവരുമായിരിക്കും. അഗ്നിപുരാണം അന്‍പതാമധ്യായത്തിലാണ് ഈ വിവരണം നല്കിയിരിക്കുന്നത്.

(കെ. പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍