This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവന്‍ നായര്‍ (1923 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവന്‍ നായര്‍ (1923 - 2005)
സിംഗപ്പൂരിലെ പ്രസിഡന്റ് ആയിരുന്ന കേരളീയന്‍. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും ഇദ്ദേഹത്തിന് സിംഗപ്പൂര്‍ പൌരത്വമാണുണ്ടായിരുന്നത്. പ്രഗല്ഭനായ സംഘാടകനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു ദേവന്‍ നായര്‍. എളിയ ജീവിതസാഹചര്യങ്ങളില്‍നിന്ന് രാജ്യത്തിനും ജനതയ്ക്കും വേണ്ടി അര്‍പ്പിതമായ ജീവിതം നയിച്ചതിലൂടെ ഇദ്ദേഹത്തിന് സിംഗപ്പൂരിന്റെ പ്രസിഡന്റ്പദവിയില്‍ എത്താന്‍ കഴിഞ്ഞു. തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുനിന്ന് മലേഷ്യയിലേക്കു കുടിയേറിയ ഇല്ലത്തു വയലക്കര കരുണാകരന്‍ നായരുടെയും ചെങ്ങരവീട്ടില്‍ ശ്രീദേവി അമ്മയുടെയും മകനായി 1923 ആഗ. 5-ന് മലേഷ്യയില്‍ ജനിച്ചു. പിതാവ് അക്കാലത്ത് മലേഷ്യയില്‍ ഒരു റബ്ബര്‍ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. 1930-കളിലെ സാമ്പത്തികത്തകര്‍ച്ച ദേവന്‍നായരുടെ കുടുംബത്തെയും ബാധിച്ചു. ഇതുമൂലം കുടുംബം സിംഗപ്പൂരിലേക്ക് താമസം മാറ്റി. ദേവന്‍ നായര്‍ക്ക് 10 വയസ്സായിരുന്നു അപ്പോള്‍ പ്രായം. തുടര്‍ന്ന് സിംഗപ്പൂരിലായിരുന്നു വിദ്യാഭ്യാസം. സീനിയര്‍ കേംബ്രിജ് പരീക്ഷ പാസ്സായശേഷം അധ്യാപകനാകാനുള്ള പരിശീലനം നേടി. 1949 മുതല്‍ 51 വരെ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ളീഷ് അധ്യാപകനായി ജോലിനോക്കി.
അധ്യാപകരുടെ ക്ഷേമകാര്യങ്ങളില്‍ തത്പരനായിരുന്ന ഇദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും അധ്യാപകസംഘടനയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ നയങ്ങള്‍ക്കെതിരെ അധ്യാപകരെ അണിനിരത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് സ്വാതന്ത്യ്രസമരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇതുമൂലം 1951-ല്‍ അറസ്റ്റിലായി. 1953 വരെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ദേവന്‍ നായര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. സിംഗപ്പൂരിലുടനീളം നിരവധി തൊഴിലാളി പണിമുടക്കുകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയിരുന്നു. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിനും നേതൃത്വം നല്കി. 1956 മുതല്‍ 59 വരെ വീണ്ടും തടവിലായി. തടവില്‍ കിടക്കവേ ഇംഗ്ളീഷ് സാഹിത്യപഠനങ്ങളില്‍ മുഴുകി. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള താത്പര്യം വെടിഞ്ഞ് പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുകയും എല്ലാ പാര്‍ട്ടിബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. സ്വതന്ത്ര മലേഷ്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി 1959-60-ല്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. സ്വതന്ത്രമായ അഭിപ്രായഗതികളില്‍ ഉറച്ചുനിന്നതുമൂലം ഈ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. അതിനുശേഷം അധ്യാപകവൃത്തിയിലേക്കും പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്കും മടങ്ങി. നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായും (1964-65) സെക്രട്ടറി ജനറലായും (1969-79) പ്രസിഡന്റായും (1979-81) ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 1964-ല്‍ മലേഷ്യന്‍ പാര്‍ലമെന്റില്‍ അംഗമായി. മലേഷ്യയില്‍നിന്ന് വേറിട്ടുമാറി സിംഗപ്പൂര്‍ 1965-ല്‍ റിപ്പബ്ളിക് ഒഫ് സിംഗപ്പൂര്‍ ആയി. 1969 മുതല്‍ സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ് ദേവന്‍ നായര്‍ പ്രവര്‍ത്തനം തുടര്‍ന്നത്. 1979-ല്‍ സിംഗപ്പൂരില്‍ പാര്‍ലമെന്റംഗമായി. 1981-ല്‍ ഇദ്ദേഹം സിംഗപ്പൂരിന്റെ പ്രസിഡന്റ്പദവിയിലെത്തി. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1985 വരെ ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് പൊതുജീവിതത്തില്‍നിന്നു വിരമിച്ചു. തുടര്‍ന്നുള്ള കാലം ഇദ്ദേഹം വിദേശത്താണ് ചെലവഴിച്ചത്. സംഗീതം, നാടകം, ഇംഗ്ളീഷ് സാഹിത്യം എന്നീ മേഖലകളില്‍ ദേവന്‍ നായര്‍ തത്പരനായിരുന്നു. ദേവന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 1963-ല്‍ 'പബ്ളിക് സര്‍വീസ് സ്റ്റാര്‍' എന്ന ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു. സിംഗപ്പൂര്‍ സര്‍വകലാശാല 1976-ല്‍ ഓണററി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഹൂ ലിവ്സ് ഇഫ് മലേഷ്യ ഡൈസ് ?, റ്റുമാറോ-ദ് പെരില്‍ ആന്‍ഡ് ദ് പ്രോമിസ്, സിംഗപ്പൂര്‍-സോഷ്യലിസം ദാറ്റ് വര്‍ക്സ്, ഏഷ്യന്‍ ലേബര്‍ ആന്‍ഡ് ദ് ഡൈനമിക്സ് ഒഫ് ചെയ്ഞ്ച് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
2005 ഡി. 6-ന് കാനഡയിലെ ഒന്റാറിയോയില്‍ ഇദ്ദേഹം നിര്യാതനായി.
(വലലന്‍; സ.പ.)