This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ബര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:09, 22 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അക്ബര്‍ (1542 - 1605)

മുഗള്‍ ചക്രവര്‍ത്തി. അബുല്‍ഫത്ത് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നായിരുന്നു പൂര്‍ണമായ പേര്. ഹുമയൂണിന്റെയും ഹമീദാബാനുവിന്റെയും പുത്രനായി 1542 ന. 23-ന് (ചൊവ്വാഴ്ച പൌര്‍ണമി രാത്രി) സിന്‍ഡ് മരുഭൂമിയുടെ കിഴക്കന്‍ പ്രാന്തത്തിലുള്ള അമര്‍ക്കോട് നഗരത്തില്‍ ജനിച്ചു. ഹുമയൂണ്‍ തന്റെ പുത്രന് ആദ്യം നല്കിയ പേര്‍ ബഹറുദ്ദീന്‍ (മതപൌര്‍ണമി) മുഹമ്മദ് അക്ബര്‍ എന്നായിരുന്നു. അക്ബര്‍ 'ജന്‍' പട്ടണത്തിലെ ഒരു കൊച്ചു വീട്ടില്‍ 1543 ജൂല. വരെ മാതാവിനോടൊത്തു താമസിച്ചു. കാന്തഹാറിലെത്തിയ ഹുമയൂണിന് അനുജനായ അസ്ക്കാരിയുടെ ശത്രുതമൂലം അക്ബറെ അവിടെ ഉപേക്ഷിച്ച് ഹമീദയോടൊപ്പം രക്ഷപ്പെടേണ്ടിവന്നു. പക്ഷേ അസ്ക്കാരിയുടെ കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായ സുല്‍ത്താനാ ബീഗത്തിന്റെ വാത്സല്യപാത്രമാവാന്‍ അക്ബര്‍ക്കു കഴിഞ്ഞു. അടുത്ത കൊല്ലം അക്ബര്‍ മുത്തച്ഛന്റെ സഹോദരിയായ ഖല്‍സാദ് ബീഗത്തിന്റെ സംരക്ഷണയിലായി. അതേകൊല്ലം തന്നെ ഹുമയൂണ്‍ പുത്രസംരക്ഷണം വീണ്ടും ഏറ്റെടുത്തു. ഇതോടുകൂടി ബഹറുദ്ദീന്റെ പേര് 'ജലാലുദ്ദീന്‍' (മതതേജസ്സ്) എന്നുമാറ്റി. ഹുമയൂണിന് പെട്ടെന്നുണ്ടായ രോഗബാധ ശത്രുക്കള്‍ നല്ല ഒരവസരമായി കരുതി. സഹോദരനായ കംറാന്‍ 1546-ല്‍ കാബൂള്‍ പിടിച്ചെടുത്ത് ജലാലുദ്ദീന്‍ അക്ബറെ തടവിലാക്കി; എങ്കിലും 1550-ല്‍ ഹുമയൂണ്‍ പുത്രനെ വീണ്ടെടുത്തു. ഹുമയൂണ്‍ അപകടത്തില്‍പ്പെട്ടു മരിച്ചതോടെ ജലാലുദ്ദീന്‍ അക്ബര്‍ പതിനാലാമത്തെ വയസ്സില്‍ (1556 ഫെ. 14) ഡല്‍ഹി ചക്രവര്‍ത്തിയായി അധികാരമേറ്റു.


തന്റെ ചക്രവര്‍ത്തിപദം അന്വര്‍ഥമാക്കുന്നതിന് അക്ബറിന് ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കേണ്ടിയിരുന്നു. ഇന്ത്യയിലെ ഒരൊറ്റ പ്രദേശമോ നാടുവാഴിയോ അക്ബറെ അംഗീകരിക്കുവാന്‍ ആദ്യം കൂട്ടാക്കിയില്ല. തന്മൂലം അക്ബര്‍ക്ക് ഏതാണ്ട് ജീവിതകാലം മുഴുവന്‍ തന്നെ യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു.


അക്ബര്‍ക്ക് ആദ്യം നേരിടേണ്ടിവന്നത് ആദിര്‍ഷാ സൂറിന്റെ മന്ത്രിയായിരുന്ന ഹിമുവിനെ ആയിരുന്നു. ആഗ്രയും ഡല്‍ഹിയും പിടിച്ചെടുത്ത് ഹിമു ഇതിനകം തന്നെ 'വിക്രമാദിത്യന്‍' (വിക്രംജിത്) എന്ന പേര് സ്വീകരിച്ചിരുന്നു. ബൈരംഖാനോടൊത്ത് അക്ബര്‍ ശത്രുസങ്കേതത്തിലെത്തുകയും 1556 ന. 5-ന് നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധത്തില്‍ ശത്രുവിനെ വധിക്കുകയും ചെയ്തു. ഡല്‍ഹിയും ആഗ്രയും അതോടെ അക്ബര്‍ക്കു അധീനമായി. മാന്‍കോട്ടില്‍ എതിര്‍ത്തുനിന്ന സിക്കന്തര്‍സൂറും അക്ബര്‍ക്കു കീഴടങ്ങി (1557). മാന്‍കോട്ടുവച്ചുതന്നെ അക്ബര്‍ 15-ാം വയസ്സില്‍ പിതൃസഹോദരന്റെ പുത്രിയെ വിവാഹം ചെയ്തു.


ഈ കാലത്താണ്, അക്ബറിന്റെ വിദ്യാഭ്യാസത്തിനു വേണ്ടി മീര്‍ അബ്ദുല്‍ ലത്തീഫ് എന്ന പേര്‍ഷ്യന്‍ പണ്ഡിതന്‍ നിയമിതനായത്.

Image:p53.png

'സര്‍വരോടും സഹിഷ്ണുത' (സുല്‍ഹ്-ഇ-കുല്‍) എന്ന നൂതനാശയം അക്ബറില്‍ പകര്‍ന്നത് ഈ ഗുരുനാഥനായിരുന്നു. സകല മതങ്ങളുടെയും അടിസ്ഥാനപ്രമാണം ഒന്നുതന്നെയെന്നും അക്ബര്‍, ലത്തീഫില്‍ നിന്നും ഗ്രഹിച്ചു. അക്ബര്‍ വായനയില്‍ വിമുഖത കാണിച്ചെങ്കിലും വ്യായാമം, നായാട്ട്, പക്ഷിനിരീക്ഷണം, മൃഗസംരക്ഷണം മുതലായവയില്‍ പ്രാവീണ്യം നേടി. വേദാന്തഗ്രന്ഥങ്ങള്‍ വായിച്ചു കേള്‍ക്കുന്നതില്‍ അക്ബര്‍ തത്പരനായിരുന്നു. ബൈരംഖാന്റെ സ്വാധീനത 1560 വരെ നിലനിന്നു. ഇതിനിടയ്ക്കു ഗ്വാളിയര്‍, അജ്മീര്‍, ജാന്‍പൂര്‍ എന്നീ പ്രദേശങ്ങള്‍ അക്ബര്‍ അധീനമാക്കി. അക്ബറിന്റെ രാഷ്ട്രജീവിതം കരുപിടിപ്പിക്കുന്നതില്‍ ബൈരംഖാന്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വേച്ഛാധികാരമോഹത്തില്‍ അക്ബര്‍ അസന്തുഷ്ടനായിരുന്നു. 1560-ല്‍ ബൈരംഖാനെ തീര്‍ഥാടനത്തിനായി മെക്കയിലേക്കു യാത്രയാക്കി. അക്ബര്‍ ബൈരംഖാന്റെ പുത്രനായ അബ്ദുര്‍റഹിമിന് പിതാവിന്റെ ഔദ്യോഗിക പദവി നല്കി ബഹുമാനിച്ചു.


അക്ബറിന്റെ ഒരു വലിയ വിജയം 1561-ല്‍ മാള്‍വ കീഴടക്കിയതാണ്. യുദ്ധത്തടവുകാരെ അടിമകളാക്കുന്നതിനെ ഇദ്ദേഹം കര്‍ശനമായി തടഞ്ഞത് ഈ യുദ്ധത്തോടെയാണ്. മാത്രമല്ല തീര്‍ഥാടകരില്‍ ചുമത്തിയിരുന്ന നികുതിയും അതേത്തുടര്‍ന്ന് 'ജസിയ' എന്ന നികുതിയും അക്ബര്‍ അവസാനിപ്പിച്ചു. അക്കൊല്ലം തന്നെ ജയ്പൂര്‍ രാജാവായ രാജാബിഹാരിമല്ലന്റെ പുത്രിയെ അക്ബര്‍ വിവാഹം ചെയ്തു. ജഹാംഗീറിന്റെ മാതാവായ ഈ സ്ത്രീ മറിയം സമാനി എന്ന പേരില്‍ ഇസ്ളാംമതം സ്വീകരിച്ചു. ഇതേ കാലഘട്ടത്തിലാണ് പ്രസിദ്ധ ഗായകനായ താന്‍സനെ ചക്രവര്‍ത്തി കണ്ടെത്തിയത്.


സാമ്രാജ്യസ്ഥാപനം. സാമ്രാജ്യവിപുലീകരണമാണ് രാജധര്‍മമെന്ന വിശ്വാസത്തെ അക്ബര്‍ തികച്ചും മാനിച്ചു. ഭാത്ത് രാജ്യവും തുടര്‍ന്ന് ഗോണ്ട്വാനയും (ഇന്നത്തെ മധ്യപ്രദേശിന്റെ വടക്കന്‍ പ്രദേശങ്ങള്‍) ഇദ്ദേഹം കീഴടക്കി. ഒരു വമ്പിച്ച യുദ്ധത്തില്‍ രാജവീരനാരായണനും രാജമാതാവായ റാണി ദുര്‍ഗാവതിയും കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ഉസ്ബെഗ് വംശജര്‍ നടത്തിയ ലഹളയായിരുന്നു 1565-ല്‍ ആഗ്രാകോട്ടയുടെ പണി ആരംഭിക്കുവാന്‍ പ്രചോദനമായത്. മണിക്പൂര്‍ യുദ്ധത്തില്‍ ഈ ലഹളയ്ക്കൊരുങ്ങിയവരെ തീര്‍ത്തും നശിപ്പിക്കുവാന്‍ അക്ബര്‍ക്കു കഴിഞ്ഞു.


സുശക്തമായ ഭരണസംവിധാനത്തിന് പ്രബലമായ കോട്ടകള്‍ നേടിയെടുക്കേണ്ടത് ആവശ്യമാണെന്ന് അക്ബര്‍ ചക്രവര്‍ത്തിക്കു ബോധ്യമായി. ആദ്യത്തെ സംരംഭം മേവാറിന്റെ തലസ്ഥാനമായ ചിത്തോര്‍കോട്ട പിടിക്കുകയായിരുന്നു. മേവാര്‍റാണാ ഉദയസിംഹന്‍ മുഗള്‍സേനയുടെ ആഗമനത്തോടെ പലായനം ചെയ്തു. എങ്കിലും രാജമല്ലന്റെ നേതൃത്വത്തില്‍ മേവാറിനെ രക്ഷിക്കാന്‍ രജപുത്രര്‍ തയ്യാറായി. ഒരു സമരത്തിനുശേഷം 1568 ഫെ. 2-ന് ചിത്തോര്‍ കീഴടക്കി. അക്ബര്‍ കോട്ടയില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് രജപുത്രസ്ത്രീകള്‍ സതി അനുഷ്ഠിച്ച ചിതയുടെ അവശിഷ്ടങ്ങളാണ്. രജപുത്രരുടെ സ്വരാജ്യസ്നേഹത്തില്‍ ആദരവുതോന്നിയ ചക്രവര്‍ത്തി, ജയമല്ലന്റെയും പുത്രന്റെയും പ്രതിമകള്‍ കോട്ടയില്‍ സ്ഥാപിച്ചു.


വിജയങ്ങള്‍. ചിത്തോറിന്റെ പതനത്തിനുശേഷം 1569-ല്‍ അക്ബര്‍ രണ്‍ഥംഭോര്‍ കോട്ടയും കലിഞ്ജാര്‍ കോട്ടയും കീഴടക്കി. ഈ കാലത്ത് അനപത്യതാദുഃഖം അക്ബറെ വ്യാകുലപ്പെടുത്തിയിരുന്നു. സന്താലലാഭത്തിനുവേണ്ടി ഇദ്ദേഹം സിക്രിയിലെ ഷെയ്ക്കു സലിം എന്ന യോഗിവര്യനെ കണ്ടെത്തി. മൂത്ത പുത്രനായ സലിം ജനിച്ചത് (1569) ഷെയ്ക്കിന്റെ അനുഗ്രഹം മൂലമാണെന്ന് അക്ബര്‍ വിശ്വസിച്ചു. അടുത്തകൊല്ലം ബിക്കാനീറിലേയും ജെയ്സാല്‍മറിലേയും രാജകുമാരിമാരെ അക്ബര്‍ വിവാഹം കഴിച്ചു. ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പുത്രനായ മുറാദ് ജനിച്ചതും ഈ വര്‍ഷം തന്നെയാണ്. ഫത്തേപ്പൂര്‍ സിക്രി സ്ഥാപിച്ചത് ചക്രവര്‍ത്തിക്കു ഷെയ്ക്കിനോടുള്ള ഭക്തിയുടെ പ്രതീകമായിട്ടായിരുന്നു. ഗുജറാത്ത് 1572-ലും സൂററ്റ് 1573-ലും അക്ബര്‍ക്കധീനമായി. ഒരു യുദ്ധം കൂടാതെ തന്നെ കാംഗ്ര ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്മ സ്വീകരിച്ചു. ഗുജറാത്ത് മുഗള്‍ സാമ്രാജ്യത്തിലുള്‍പ്പെട്ടതിന്റെ ഫലമായി ചക്രവര്‍ത്തിക്കു വിദേശവാണിജ്യം പ്രോത്സാഹിപ്പിക്കുവാനും പോര്‍ത്തുഗീസുകാരുടെ സ്വാധീനശക്തി നിയന്ത്രിക്കുവാനും സാധിച്ചു. ഷേര്‍ഷായുടെ മരണശേഷം സ്വാതന്ത്യ്രം പ്രഖ്യാപിച്ച ബംഗാള്‍സുല്‍ത്താന്‍ ദാവൂദ് ചക്രവര്‍ത്തിയെ പ്രകോപിപ്പിച്ചു. രാജ്മഹല്‍ യുദ്ധത്തില്‍ ദാവൂദ് കൊല്ലപ്പെടുകയും 1574-ല്‍ ബംഗാള്‍ മുഗള്‍സാമ്രാജ്യത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. അക്ബറുടെ സേനാനായകനായിരുന്ന മാനസിംഹന്‍ 1590-ല്‍ ഒറീസയും കീഴടക്കി.

Image:p54a.png

ഉത്തരേന്ത്യ ഏറെക്കുറെ മുഴുവന്‍ തന്നെ അക്ബര്‍ക്ക് അധീനപ്പെട്ടു. മേവാര്‍ റാണാ പ്രതാപസിംഹന്‍ 1576-ല്‍ ഹല്‍ദീഘാട്ടു യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും മേവാര്‍ പരിപൂര്‍ണമായും കീഴടങ്ങിയിരുന്നില്ല. പ്രതാപസിംഹനു ശേഷം പുത്രനായ അമരസിംഹനും സ്വാതന്ത്യ്രസമരം തുടര്‍ന്നു. ഈ കാലഘട്ടത്തിലാണ് ഫെയ്സി-അബുല്‍ ഫസല്‍ സഹോദരന്മാരെ സുഹൃത്തുക്കളായി ചക്രവര്‍ത്തിയ്ക്ക് ലഭിച്ചത്. ചക്രവര്‍ത്തിയില്‍ ആത്മീയബോധം ഉണര്‍ത്തിവിട്ടത് അബുല്‍ ഫസലായിരുന്നു. 1583-ല്‍ അക്ബര്‍ അലഹബാദ് കോട്ട പണിയിച്ചു. കശ്മീര്‍ 1586-ല്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. സ്വാത്ത് പ്രദേശം കീഴടക്കുന്നതിനിടയില്‍ ചക്രവര്‍ത്തിക്കു തന്റെ ഉത്തമസുഹൃത്തായ രാജാബീര്‍ബല്‍ നഷ്ടപ്പെട്ടു. കാബൂളിലേക്കു ചക്രവര്‍ത്തി പുറപ്പെട്ടപ്പോഴാണ്, രാജാഭഗവന്‍ദാസിന്റെയും രാജാടോഡര്‍മാളിന്റെയും മരണവാര്‍ത്ത അക്ബര്‍ ശ്രവിച്ചത്. സിന്‍ഡ് 1591-ലും ബലൂചിസ്താന്‍ 1592-ലും മക്കറാന്‍ 1593-ലും കാന്തഹാര്‍ 1596-ലും അക്ബര്‍ കീഴടക്കി. പക്ഷേ ഈ വിജയം കൊണ്ടാടുന്നതിന് അക്ബര്‍ക്കു കഴിഞ്ഞില്ല. വടക്കേ ഇന്ത്യയിലാകമാനം 1595-ല്‍ പടര്‍ന്നുപിടിച്ച ക്ഷാമവും പകര്‍ച്ചവ്യാധികളും അനേകമാളുകളുടെ മരണത്തിനിടയാക്കി.


ദക്ഷിണേന്ത്യയില്‍ സൈനികനടപടിയെക്കാള്‍ അക്ബര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് നയതന്ത്രജ്ഞതയാണ്. ഖാന്‍ദേശ് അഹമ്മദ് നഗരം, ഗോല്‍ക്കൊണ്ട, ബിജാപ്പൂര്‍ എന്നീ രാജ്യങ്ങളോടും തന്റെ ആധിപത്യം അംഗീകരിക്കുവാനും മുഗള്‍ സാമ്രാജ്യാധിപതിക്ക് കപ്പം നല്കുവാനും അക്ബര്‍ ആവശ്യപ്പെട്ടു. ഖാന്‍ദേശ് ഒഴികെ മറ്റുള്ളവര്‍ ഇത് അംഗീകരിച്ചില്ല. ക്ഷുഭിതനായ അക്ബര്‍ അഹമ്മദ് നഗരം ആക്രമിച്ചു. അഹമ്മദ് നഗരത്തിന്റെ പ്രതിരോധത്തില്‍ റാണി ചാന്ദ്ബീബി പ്രധാന പങ്കുവഹിച്ചിരുന്നു. സമരനായകത്വം ഏറ്റെടുത്ത് അക്ബര്‍ 1600-ല്‍ ബുര്‍ഹാന്‍പൂര്‍ കീഴടക്കി. അസീര്‍ഗഢ്കോട്ട വളഞ്ഞ് ഇതിനിടയില്‍ മറ്റൊരു മുഗള്‍ സൈന്യം അഹമ്മദ്നഗരവും കീഴടക്കി. അസീര്‍ഗഢ് കോട്ട 1601-ല്‍ അക്ബര്‍ക്കധീനമായി. ഈ പ്രദേശങ്ങളെ മൂന്നു സുബകളായി വിഭജിച്ച് ഭരണകാര്യങ്ങള്‍ക്കായി പുത്രനായ ദാനിയാലിനെ നിയോഗിച്ചു.

Image:p54b.png

അന്ത്യദിനങ്ങള്‍. പുത്രന്മാരുടെ ധിക്കാരവും ആപ്തമിത്രങ്ങളുടെ വേര്‍പാടും വൃദ്ധനായ ചക്രവര്‍ത്തിയെ വ്യാകുലനാക്കി. പിതാവിന്റെ അധികാരങ്ങളെ വെല്ലുവിളിച്ച് സലിം പലവട്ടം പരസ്യമായി ലഹളയ്ക്കൊരുങ്ങി. 1603-ല്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെടുന്നതുവരെ സലിം ആഭ്യന്തരകലഹങ്ങളില്‍ നിന്ന് പിന്തിരിഞ്ഞില്ല. കൊട്ടാരത്തിലെ അന്തഃഛിദ്രം ചക്രവര്‍ത്തിയെ ഒരു രോഗിയാക്കിമാറ്റി.

Image:p55c.png

വയറുകടി ബാധിച്ച് അവശനായ അക്ബര്‍ ചക്രവര്‍ത്തി 63-ാമത്തെ വയസ്സില്‍, 1605 ഒ. 17-ന് രാത്രി അന്തരിച്ചു. സിക്കന്തരയില്‍ താന്‍ തന്നെ തുടങ്ങിവച്ച ശവകുടീരത്തില്‍ മതാനുഷ്ഠാനങ്ങളോടെ ചക്രവര്‍ത്തിയുടെ ഭൌതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു. അറംഗസീബിനോടുള്ള പ്രതികാരത്തിന്റെ ഭാഗമായി 1661-ല്‍ ജാട്ടുവംശജര്‍ ഈ ശവകുടീരം കൊള്ളയടിക്കുകയും ഭൌതികാവശിഷ്ടം നശിപ്പിക്കുകയും ചെയ്തു.


അക്ബറുടെ മതം. ബംഗാള്‍ സ്വാധീനമാക്കി തിരിച്ചുവരുമ്പോഴാണ് മതപരമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ഒരു മന്ദിരം പണിയുവാന്‍ അക്ബര്‍ തീര്‍ച്ചപ്പെടുത്തിയത്. ഫത്തേപ്പൂര്‍ സിക്രിയില്‍ പണി ചെയ്യപ്പെട്ട 'ഇബാദത്ത് ഖാന' എന്നറിയപ്പെടുന്ന ആ സൌധത്തില്‍ സര്‍വമത സമ്മേളനങ്ങള്‍ കൃത്യമായിത്തന്നെ വിളിച്ചുകൂട്ടി. വിവിധ മതങ്ങള്‍ പരസ്പരം പുലര്‍ത്തിപ്പോന്ന അസഹിഷ്ണുത 'മത'ത്തിന്റെ പൊരുളറിയുന്ന ശ്രമത്തിലേക്ക് അക്ബറുടെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു. ക്രിസ്തുമതമുള്‍പ്പെടെ എല്ലാ മതങ്ങളിലെയും വിജ്ഞര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ ചക്രവര്‍ത്തിയെ ഒരു പ്രത്യേക മതത്തിലേക്കും ആകര്‍ഷിച്ചില്ല. അതേ സമയം വിവിധ മതസ്ഥരടങ്ങിയ തന്റെ സാമ്രാജ്യത്തിന്റെ ഭദ്രതയ്ക്ക് എല്ലാ വിഭാഗക്കാര്‍ക്കും സ്വീകാര്യമായതും സാമാന്യബുദ്ധിക്കു നിരക്കുന്നതുമായ ഒരു പുതിയ മതം കണ്ടെത്തുക ആവശ്യമായി ഇദ്ദേഹത്തിനു തോന്നുകയും ചെയ്തു. ഷെയിക്ക് മുബാറക്കിന്റെ നേതൃത്വത്തില്‍ 1579-ല്‍ ചില മതപുരോഹിതര്‍ മതവിശ്വാസങ്ങളിലുണ്ടാകാവുന്ന തര്‍ക്കങ്ങള്‍ക്ക് അന്ത്യമായ തീര്‍പ്പു കല്പിക്കുന്നതിന് ചക്രവര്‍ത്തിയെ ചുമതലപ്പെടുത്തി. അതനുസരിച്ച് അക്ബര്‍ പുറപ്പെടുവിച്ച ശാസനം 'അപ്രമാദിത്വശാസനം' എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ശാസനം അക്ബറെ 'മാര്‍പാപ്പ'യും ചക്രവര്‍ത്തിയും ആക്കിത്തീര്‍ത്തു. അന്നുമുതല്‍ അക്ബറുടെ നാണയങ്ങളില്‍ 'അല്ലാഹു അക്ബര്‍, ജല്ലജലാല' എന്ന വാക്യം മുദ്രിതമാകാന്‍ തുടങ്ങി.


വിവിധ വിശ്വാസസിദ്ധാന്തങ്ങളെപ്പറ്റിയുള്ള ചര്‍ച്ച 1582 വരെ നീണ്ടുനിന്നു. എല്ലാ മതസ്ഥരോടും സഹകരണവും സഹിഷ്ണുതയും പുലര്‍ത്തുക എന്ന തത്ത്വം (സുല്‍ഹ്-ഇ-കുല്‍) ഈ കാലഘട്ടത്തിലാണ് അക്ബര്‍ തന്റെ മതാനുഷ്ഠാനങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി അംഗീകരിച്ചത്. ഹിന്ദുക്കളും രജപുത്രരുമായി ഉറ്റ സൌഹൃദം പുലര്‍ത്തിപ്പോന്നതും അന്യമതസ്ഥരില്‍ അടിച്ചേല്‍പ്പിച്ചിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതും യുക്തിക്കടിസ്ഥാനമായി മാത്രം ജീവിച്ചതും സര്‍വജനസാഹോദര്യമെന്ന വിശ്വാസത്തില്‍ ഊന്നിക്കൊണ്ടു മാത്രമായിരുന്നു. ഇതിലെല്ലാം ഇദ്ദേഹത്തിനു വമ്പിച്ച എതിര്‍പ്പു നേരിടേണ്ടിവന്നു. എങ്കിലും 1582-ല്‍ ഇദ്ദേഹം ഒരു ചുവടുകൂടി മുന്നോട്ടുവച്ച് ഒരു നവീനമതമായ "ദിന്‍-ഇലാഹി സ്ഥാപിച്ചു. എല്ലാ മതങ്ങളുടെയും സാരാംശം അതില്‍ അടങ്ങിയിരുന്നു. ഏകദൈവത്തിലും സഹിഷ്ണുതയിലും സര്‍വജനസാഹോദര്യത്തിലും മാത്രം വിശ്വാസമര്‍പ്പിച്ച 'ദിന്‍ ഇലാഹി' അര്‍ഥശൂന്യമായ മതാചാരങ്ങള്‍ക്കതീതമായിരുന്നു. ദേശീയവും സംസ്കാര പ്രബുദ്ധവുമായ ജീവിതദര്‍ശനം കൈവരുത്തുകയായിരുന്നു ചക്രവര്‍ത്തിയുടെ പരമമായ ലക്ഷ്യം.


ഭരണരീതി. ഷേര്‍ഷായുടെ ഭരണസംവിധാനം അക്ബര്‍ വികസിപ്പിച്ചെടുത്തു. ഏകാധിപത്യത്തിലും രാജവാഴ്ചയിലുമാണ് അക്ബര്‍ വിശ്വസിച്ചിരുന്നത്. ചക്രവര്‍ത്തിയുടെ ആജ്ഞാനുവര്‍ത്തികളായി മന്ത്രിമാരും വകുപ്പധ്യക്ഷന്മാരും നിയമിതരായി. 'വക്കീല്‍' (പ്രധാന മന്ത്രി: മേലന്വേഷണം), 'ദിവാന്‍' (ധനകാര്യം), 'ബക്ഷി' (സൈനികകാര്യങ്ങള്‍), 'സദര്‍' (മതകാര്യം) എന്നിവയ്ക്കു മന്ത്രിപ്രമുഖന്മാരും അവര്‍ക്കു പുറമേ വകുപ്പധ്യക്ഷന്മാരും അസംഖ്യം മറ്റുദ്യോഗസ്ഥന്മാരും ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവന്നു.


എല്ലാ മതവിഭാഗക്കാരെയും ഭരണകാര്യത്തില്‍ പങ്കെടുപ്പിക്കുകയെന്ന നയം അക്ബര്‍ ആവിഷ്കരിച്ചു. 'മന്‍സബ്ദാരി' സമ്പ്രദായത്തിലാണ് ഉദ്യോഗസ്ഥന്മാരുടെ പദവി നിശ്ചയിക്കപ്പെട്ടിരുന്നത്. കാര്യശേഷിക്കനുസരിച്ച് പദവി ഉയര്‍ത്തുകയെന്ന ചക്രവര്‍ത്തിയുടെ നയം ഭരണകൂടത്തിന്റെ കഴിവ് വര്‍ധിപ്പിച്ചു.


സേനാസംവിധാനം. ചെലവു നിയന്ത്രിച്ചുകൊണ്ടുതന്നെ ഒരു വമ്പിച്ച സൈന്യത്തെ അക്ബര്‍ നിലനിര്‍ത്തി. സൈനികഘടന സംവിധാനം ചെയ്തത് നാലു അടിസ്ഥാനങ്ങളിലാണ്: (ശ) പ്രഭുക്കന്മാരും സാമന്തന്മാരും സംരക്ഷിക്കേണ്ട സൈനികര്‍ (ശശ) മന്‍സബ്ദാരന്‍മാര്‍ പരിരക്ഷിക്കേണ്ടവര്‍ (ശശശ) ഭരണകൂടം നേരിട്ടു നിയന്ത്രിച്ചിരുന്നവര്‍ (ശ്) സ്വമേധയാ സൈനികവൃത്തി സ്വീകരിച്ചിരുന്നവര്‍. ആയുധ നിര്‍മാണശാലകളും ആയുധപ്പുരകളും ചക്രവര്‍ത്തിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊണ്ടുവരികയും അശ്വസൈന്യത്തിനു മേന്മ കല്പിക്കുകയും ചെയ്തു. ഒരു നാവികപ്പട സംഘടിപ്പിക്കുന്നതില്‍ അക്ബര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു.


നീതിന്യായഭരണം. ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള നീതിന്യായനിര്‍വഹണത്തിന് അക്ബര്‍ അടിസ്ഥാനമിട്ടു. ഗ്രാമത്തലവന്‍ ഗ്രാമത്തിലും റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍, ഫൌജ്ദാര്‍ എന്നിവര്‍ 'സര്‍ക്കാരി'ലും (ഉപപ്രവിശ്യ) കൊത്ത്വാള്‍ നഗരങ്ങളിലും നീതിനിര്‍വഹണത്തിനും ക്രമസമാധാനത്തിനുമായി നിയമിതരായി. രാജ്യത്തുടനീളം സിവില്‍ കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഇസ്ളാം മതതത്ത്വങ്ങള്‍ ആയിരുന്നു സിവില്‍ നിയമങ്ങള്‍ക്കടിസ്ഥാനം. ഓരോ ഭരണഘടകത്തിലും ഓരോ ഖാസിയും അവര്‍ക്ക് ഉപരി സദര്‍ പ്രമുഖനും നിയമിക്കപ്പെട്ടു. ഏറ്റവും വലിയ അപ്പീല്‍ കോടതി ചക്രവര്‍ത്തി തന്നെയായിരുന്നു.


നാണയം. ഷേര്‍ഷാ തുടങ്ങിവച്ച നാണയസമ്പ്രദായം അക്ബര്‍ പുതുക്കി. ബംഗാള്‍, ജാന്‍പൂര്‍, ലാഹോര്‍, അഹമ്മദാബാദ്, പാറ്റ്ന എന്നിവിടങ്ങളില്‍ കമ്മട്ടങ്ങള്‍ സ്ഥാപിച്ചു. സ്വര്‍ണം-വെള്ളി-ചെമ്പ് നാണയങ്ങള്‍ വൃത്താകൃതിയിലും ചതുരാകൃതിയിലും പ്രചരിപ്പിച്ചു. 'ഡറോഗ' എന്ന ഉദ്യോഗസ്ഥന്‍ ഇവയുടെ മേല്നോട്ടം വഹിച്ചു. കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേക ജാഗ്രത പാലിക്കാന്‍ അക്ബര്‍ വ്യവസ്ഥ ചെയ്തിരുന്നു.


റവന്യൂ. സാമ്രാജ്യം ഭരണപരമായ സൌകര്യങ്ങള്‍ക്കായി 12 'സുബ'കളായി തിരിക്കപ്പെട്ടു. ഓരോ സുബയും സര്‍ക്കാരുകളായും ഫര്‍ഗാനകളായും പുനര്‍വിഭജിക്കപ്പെട്ടിരുന്നു. സുബയിലെ പരമാധികാരിയായ സുബേദാര്‍ ഉയര്‍ന്ന സൈനികരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ദിവാന്‍, അമീര്‍, ഗുമസ്തന്‍, ഖജാന്‍ജി എന്നിവരായിരുന്നു സുബയിലെ പ്രധാന ഉദ്യോഗസ്ഥന്മാര്‍. സര്‍ക്കാര്‍ ഭരിച്ചിരുന്നത് ഫൌജ്ദാരും അമാല്‍ ഗുസരും കൂടിയായിരുന്നു. നഗരഭരണം കൊത്ത്വാളിലാണ് നിക്ഷിപ്തമായിരുന്നത്.

Image:p56.png

വാണിജ്യം, ഖനി, കമ്മട്ടങ്ങള്‍, ഉപ്പ്, ജസിയ എന്നിവയായിരുന്നു രാജ്യത്തിലെ പ്രധാന ധനാഗമമാര്‍ഗങ്ങള്‍. ചില ഉത്പാദനമേഖലകള്‍ രാഷ്ട്രത്തിന്റെ കുത്തകയായി. റവന്യൂ ഇനത്തില്‍ അക്ബര്‍ക്കു 220 ലക്ഷം മോഹര്‍ വരവുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഭൂനികുതിയിന്മേല്‍ 'സെസ്സ്' ചുമത്തുക പതിവായിരുന്നു. മധ്യവര്‍ത്തിയെ ഒഴിവാക്കി ഭൂനികുതി നേരിട്ടു പിരിക്കുകയെന്ന സമ്പ്രദായം നടപ്പിലാക്കാന്‍ അക്ബര്‍ ചക്രവര്‍ത്തിയെ സഹായിച്ചത് ടോഡര്‍മാളും മുസഫര്‍ഖാനുമായിരുന്നു. കൃഷിഭൂമി തിട്ടപ്പെടുത്തല്‍, തരംതിരിക്കല്‍, നികുതി വ്യവസ്ഥ ചെയ്യല്‍ എന്നിവയാണ് ടോഡര്‍മാള്‍ നിര്‍ബന്ധിതമാക്കിയത്. ഈ സമ്പ്രദായം 'റയത്ത്വാരി' സമ്പ്രദായത്തിന്റെ ആരംഭം കുറിച്ചു. കൃഷിഭൂമി 'പോലാജ്' (വര്‍ഷംതോറും കൃഷിചെയ്യുന്നവ); 'പരൌട്ടി' (ഇടയ്ക്കിടെ തരിശായിട്ടിടുന്നവ); 'ചച്ചാര്‍' (മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശിടുന്നവ) ബന്‍ജാര്‍ (അഞ്ചുകൊല്ലം തരിശിടുന്നവ) എന്നിങ്ങനെ നാലിനങ്ങളായി തരംതിരിച്ചു. ഭൂനികുതി ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാക്കി. മൊത്തം ഉത്പാദനത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാര്‍ നികുതിയായി പിരിച്ചുവന്നു. ഭൂമിയളവിന്നുള്ള 'ഇലാഹിഗാസ' എന്ന അടിസ്ഥാനമാനം അക്ബര്‍ നടപ്പാക്കി. റവന്യൂ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നത് 'കനുംഗോ' എന്ന ഉദ്യോഗസ്ഥനായിരുന്നു. രാജപാതകള്‍ എല്ലാം ഗതാഗതയോഗ്യമായിരുന്നില്ല. എങ്കിലും ഇടയ്ക്കിടെ വിശ്രമസങ്കേതങ്ങള്‍ ഉണ്ടാക്കപ്പെട്ടിരുന്നു. സാമ്രാജ്യത്തിലെ പ്രധാന രാജപാത ലാഹോര്‍ മുതല്‍ ആഗ്രവരെ നീണ്ടുകിടന്നു. രാജപാതകളും പാലങ്ങളും പണി ചെയ്യുന്നതിന് ഒരു സംഘം ഉദ്യോഗസ്ഥന്മാര്‍ നിയുക്തരായി.


മതപരമായ സഹിഷ്ണുത പുലര്‍ത്തിയിരുന്നതുകൊണ്ട് അക്ബറുടെ ഭരണകാലം സാഹിത്യത്തിനും സാഹിത്യകാരന്മാര്‍ക്കും വളരെയേറെ പ്രോത്സാഹജനകമായിരുന്നു. ഇദ്ദേഹത്തിന്റെ വാസ്തുശില്പങ്ങളാകട്ടെ ഹിന്ദു-പേര്‍ഷ്യന്‍ രീതികളുടെ സമ്മേളനരംഗങ്ങളുമായിരുന്നു. 1569-ല്‍ നിര്‍മിതമായ ഹുമയൂണിന്റെ ശവകുടീരം, ആഗ്ര, ലാഹോര്‍, അലഹബാദ് എന്നിവിടങ്ങളിലെ കോട്ടകള്‍, ഫത്തേപൂര്‍ സിക്രിയിലെ ഹര്‍മ്യങ്ങള്‍ എന്നിവ ചക്രവര്‍ത്തിയുടെ കലാഭിരുചിയുടെ പ്രതീകങ്ങളാണ്. അക്ബര്‍ പ്രോത്സാഹിപ്പിച്ച പതിനേഴു ചിത്രകാരന്മാരില്‍ അബ്ദുസ്സമദ്, ദസ്വനാഥ്, ബസവന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സംഗീതതത്പരനായിരുന്ന ഇദ്ദേഹം, ബസ്ബഹദൂര്‍, താന്‍സന്‍ മുതലായവരുള്‍പ്പെടെ 36 സംഗീതജ്ഞരെ പ്രോത്സാഹിപ്പിച്ചു.


സാധാരണ പൊക്കം, ഗോതമ്പിന്റെ നിറം, ഉറച്ച ശരീരം, കറുത്ത പുരികങ്ങള്‍, വിസ്താരമേറിയ മാര്‍വിടം, നീണ്ട ബാഹുക്കള്‍ എന്നിവ ഒത്തിണങ്ങിയ അനുപമസുഭഗമായ ശരീരമായിരുന്നു അക്ബറുടേത്. ഉറക്കെ മാത്രം സംസാരിച്ചിരുന്ന അക്ബര്‍ക്ക് നര്‍മബോധവും വശ്യമായ വാചാലതയും ഉണ്ടായിരുന്നു. ദുശ്ശീലങ്ങളില്‍നിന്ന് അകന്നു കൃത്യനിഷ്ഠ പാലിച്ച ചക്രവര്‍ത്തി പ്രസിദ്ധനായ ഒരു പോളോ കളിക്കാരനായിരുന്നു. നോ: അക്ബര്‍ നാമാ, അബ്ദുല്‍ റഹിം ഖാന്‍, അബുല്‍ ഫസ്ല്‍, ആയ്നെ അക്ബരി, മുഗള്‍ വംശം, മുഗള്‍ ശില്പകല


(എ.ജി. മേനോന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍