This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍സാ, ആഢാ (1538 - 1651)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:01, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദുര്‍സാ, ആഢാ (1538 - 1651)

മധ്യകാല രാജസ്ഥാനി കവി. ജൈതാരന്‍ ഗ്രാമത്തില്‍ ജനിച്ചു. കുട്ടിക്കാലം വളരെ ദുരിതപൂര്‍ണമായിരുന്നു. സമകാലികരായ അനേകം രാജാക്കന്മാരുടെ ആശ്രിതനായിരുന്ന ദുര്‍സായെ അവരെല്ലാം ആദരിച്ചിരുന്നു. ബിക്കാനീറിലെ സഗത്സിംഹ്, ഉദയസിംഹ് ഹോട്ട്, ജോധ്പൂരിലെ രാജാഗജസിംഹ്, അക്ബര്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ആരാധകരായിരുന്നു.

ആഢാ ദുര്‍സായുടെ കാവ്യപ്രപഞ്ചം വിപുലമാണ്. കൃതികളെ ബൃഹത്കൃതികള്‍, ലഘുകൃതികള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. വിരുദ്ഛഹത്തരി, ദോഹാഡോളകി വിരാം ദേവ്ജിരാ, ഝുലാനറാവ് സുര്‍ത്താന്‍ രാ, മര്‍സ്യറാവ് സുര്‍ത്താന്‍ രാ, ഝുലാന രാജാ മാന്‍സിംഹ് മഛവഹരാ, ഝുലാന റാവത് മേഘഗീത്, രാജി ശ്രീ രോഹിതാഡ്ജിരാ, ഝുലാന റാവ് അമരസിംഹ് ഗജസിന്‍ ഘോത്ര, ശ്രീകുമാര്‍ അജ്ജാജിനിദ്രചാര്‍മോരി നിഗജഗദ്, കിര്‍താര്‍ബാവനി, മാതാജിരാചന്ദ് എന്നിവയാണ് ബൃഹദ്ഗ്രന്ഥങ്ങള്‍. കവിത്ത ദേവിദാസ് ജൈതാവത്രാ, നിയാനി ഹാഥിഗോപാല്‍ ദസോതരി, നവാബ് മൊഹബത്ഖാന്‍ രാമര്‍സിക, കവിത്തറാണായ് പ്രതാപ് രാ എന്നിവയാണ് ലഘുകൃതികള്‍. ഇവ കൂടാതെ കവിതകളും ദോഹകളും ഡിംഗല്‍ ഗീതങ്ങളുമായി നൂറ്റി ഇരുപത്തിയഞ്ചോളം കൃതികള്‍ ദുര്‍സായുടേതായുണ്ട്.

ആഢാ ദുര്‍സായുടെ കൃതികളുടെ ഇതിവൃത്തം അന്നത്തെ പ്രസിദ്ധങ്ങളായ ചരിത്രസംഭവങ്ങളാണ്. പ്രാദേശിക സംഭവങ്ങളും ചില കൃതികളില്‍ മിഴിവ് ആര്‍ജിക്കുന്നുണ്ട്. കിര്‍താര്‍ബാവനിയും മാതാജിരാചന്ദും ഒഴിച്ചുള്ള ഗ്രന്ഥങ്ങളെല്ലാം ചരിത്രപുരുഷന്മാരെ നായകരാക്കി രചിച്ചവയാണ്. ചരിത്രപുരുഷന്മാര്‍ക്ക് കവി വേണ്ടത്ര ഓജസ്സും ആകര്‍ഷകത്വവും നല്കുന്നുണ്ട്. കിര്‍താര്‍ബാവനിയില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ അപകടകരവും ഹീനവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നതിന്റെ ഹൃദയസ്പര്‍ശിയായ വിവരണമുണ്ട്.

ദുര്‍സായുടെ പ്രകൃഷ്ട കൃതി ഝൂലാനറാവ് അമരസിംഹ് ഗജസില്‍ ഘോഷയാത്രയാണ്. ഇതില്‍ ബക്ഷി സലാബത് ഖാനിനെ കൊട്ടാരത്തില്‍വച്ച് നാഗ്പൂരിലെ റാവു അമര്‍സിംഹ് വധിച്ചശേഷം വീരാത്മാവായി സ്വര്‍ഗം പൂകിയ കഥായാണുള്ളത്.

മധ്യകാലത്തിലെ 'ചാരണ' കവികളുടെ പൊതുസ്വഭാവമായിരുന്നു ദുര്‍സായ്ക്കും. ആശയങ്ങള്‍ അവതരിപ്പിക്കാനല്ല, മറിച്ച് ധീരന്മാരെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ പാടാനാണ് കവിക്ക് ഇഷ്ടം. മധ്യകാലത്തിലെ ധീരോദാത്ത നായകന്മാരുടെ പരാക്രമങ്ങള്‍ ദുര്‍സായുടെ കാവ്യങ്ങളില്‍ ഉടനീളം ദൃശ്യമാണെങ്കിലും രാജാക്കന്മാര്‍ വിദേശികളെ എതിര്‍ത്തതിന്റെ കഥയൊന്നും അവയിലില്ല. ഹിന്ദുമതാനുയായി ആയിരുന്ന കവി ഹിന്ദുമതത്തിലുള്ള തന്റെ ഉറച്ച വിശ്വാസം പ്രകടിപ്പിക്കുന്നതോടൊപ്പം ഹിന്ദു നായകന്മാരെ കാവ്യങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഒപ്പം മുഗളന്മാരുടെ ദുഷ്ചെയ്തികളെ വിവരിക്കുകയും ചെയ്യുന്നു. രാജാറായ് സിംഹ്, കഛവഹ തുടങ്ങിയവരെക്കുറിച്ചുള്ള വര്‍ണനകളില്‍ അവരുടെ ദയാലുത്വം കവി എടുത്തുകാട്ടുന്നു.

ആഢാ ദുര്‍സായുടെ കാവ്യങ്ങള്‍ വീരത്വത്തിന്റെയും പുരുഷത്വത്തിന്റെയും ഉദ്ഗാനങ്ങളാണ്. സംഭവങ്ങളുടെ നിരന്തര പ്രവാഹം ഇദ്ദേഹത്തിന്റെ വര്‍ണനകള്‍ക്ക് ചാരുത നല്കുന്നു. ഉചിതമായ ഉപമകളുടെ സന്നിവേശം അനുവാചകരെ ഹഠാദാകര്‍ഷിക്കാന്‍ പോന്നതാണ്. സാഹിത്യസമ്പന്നമായ ഭാഷാപ്രയോഗമാണ് ഇദ്ദേഹത്തിന്റേത്. സന്ദര്‍ഭോചിതമായ വിവരണങ്ങള്‍ ചൈതന്യവത്താണ്. അതുകൊണ്ടുതന്നെ ഈ കവിയുടെ കാവ്യങ്ങള്‍ക്ക് അനുവാചകരെ ആകര്‍ഷിക്കാന്‍ ഇന്നും കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍