This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുരവസ്ഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:26, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദുരവസ്ഥ

മലയാള കാവ്യം. മലബാറിലെ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ മഹാകവി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യമാണിത്. ചെറുശ്ശേരിമട്ടില്‍ 1700 ശീലുകളുണ്ട് ഈ കാവ്യത്തില്‍. 1922 ജൂണ്‍ മുതല്‍ സെപ്. വരെയാണ് കാവ്യത്തിന്റെ രചനാകാലം. തെക്കേ മലബാറില്‍ 1921-ല്‍ ആരംഭിച്ച ലഹള കല്പനാതീതമായ പൈശാചിക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആ മഹാവിപത്തിന്റെയും അതു പഠിപ്പിച്ച പാഠങ്ങളില്‍ ചിലതിന്റെയും ഓര്‍മ, സമുദായത്തിന്റെ പുനഃസംഘടനയ്ക്ക് പ്രേരകമാകത്തക്കവിധത്തില്‍ നിലനിര്‍ത്തണമെന്ന കവിമനസ്സിന്റെ പ്രത്യാശയില്‍നിന്നു രൂപമെടുത്തതാണ് ഈ കാവ്യം.

ഏറനാട്ടിലെ ഒരു കുന്നിന്‍ചരുവിലിരിക്കുന്നതും, ശില്പതന്ത്രം എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു പുല്ലുമാടവും, അതില്‍ ശാപഗ്രസ്തയായൊരു ദേവിയെപ്പോലെ നായികയായ സാവിത്രി അന്തര്‍ജനവും, അവള്‍ക്ക് കൂട്ടിന് ഒരു പെണ്‍മൈനയും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നായികയുടെ സുദീര്‍ഘമായ ആത്മഗതം ഔചിത്യപൂര്‍ണമാകുന്നതിന് മൈനയുടെ സാമീപ്യം അനിവാര്യമാണ്. കീഴാളനായ ചാത്തനാണ് നായകന്റെ സ്ഥാനത്തുള്ളത്. ചാളയിലെ ചെറുമനായ ചാത്തന്റെ സഹധര്‍മിണിയായി, ലഹളമൂലം മറ്റു വഴിയില്ലാതായ, ഇല്ലത്തെ സവിത്രി അന്തര്‍ജനത്തെ കവി അവരോധിക്കുന്നു. കവി കാവ്യസന്ദര്‍ഭങ്ങളിലിടപെട്ട്, ജാതിമതാദികള്‍ ഉയര്‍ത്തുന്ന വിദ്വേഷകലുഷമായ വിഭാഗീയ ചിന്താഗതികള്‍ക്കെതിരെ നടത്തുന്ന ഉദ്ബോധനങ്ങള്‍ പ്രകടങ്ങളാകയാല്‍ കാവ്യശരീരത്തില്‍ മുഴച്ചുനില്ക്കുന്നുണ്ട്.

കുമാരനാശാന്റെ മറ്റു ഖണ്ഡകാവ്യങ്ങളില്‍ നായികമാരാരുംതന്നെ കാവ്യത്തിന്റെ പരിസമാപ്തിയില്‍ കുടുംബജീവിതത്തിന്റെ ഭദ്രതയിലേക്ക് എത്തുന്നില്ല. അവിടെയെല്ലാം സ്നേഹത്തിന്റെ ഉദാത്തത മോക്ഷപ്രാപ്തിയാണ്. ദുരവസ്ഥയിലെ നായിക മാത്രമാണ് കുടുംബജീവിതത്തിലേക്ക് എത്തുന്നത്. ആശാന്‍ കവിതകളില്‍ ആദ്യമായി, വര്‍ത്തമാനകാല ചരിത്രസംഭവങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം സ്ഥാനംപിടിച്ചത് ഈ കാവ്യത്തിലാണ്. ആശാന്റെ ഇതര കാവ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ കൃതി വിലക്ഷണ രീതിയിലുള്ള കാവ്യമാണെന്ന് കവിതന്നെ കാവ്യത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയി

ട്ടുണ്ട്. കാവ്യത്തിന്റെ പരിമിതികളെക്കുറിച്ചും കവി ബോധവാനായിരുന്നു.

കുമാരനാശാന്റെ ഇതര കഥാകാവ്യങ്ങള്‍ക്കുള്ള സംക്ഷിപ്തതയും ഭാവാത്മകതയും ഈ കാവ്യത്തിനില്ല എന്ന് വിമര്‍ശനമുണ്ട്. ദുരവസ്ഥയെ കവി 'പാഴുപാട്ടാമെളിയ വിജ്ഞാപനം' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെങ്കിലും, ഇതിലെ

'ഉണരിനുണരിനുള്ളിലാത്മശക്തി-

പ്രണയമെഴും സഹജാതരേ ത്വരിപ്പിന്‍!

രണപടഹമടിച്ചു ജാതിരക്ഷ-

സ്സണവൊരിടങ്ങളിലൊക്കെയെത്തി നേര്‍പ്പിന്‍!'

'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെത്താന്‍'

തുടങ്ങിയ പല വരികളും പ്രശസ്തങ്ങളാണ്. തുടക്കത്തില്‍ പരാമൃഷ്ടമായ മാപ്പിളലഹളയ്ക്ക് കാവ്യത്തിന്റെ ആത്മാവുമായി അടുത്ത ബന്ധമില്ല. ദുരവസ്ഥ ഇതിവൃത്തമാക്കി കഥാപ്രസംഗങ്ങളും ബാലെകളും നാടകങ്ങളും കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

(ഇ. സര്‍ദാര്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%81%E0%B4%B0%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍