സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാരികന്
പുരാണത്തില്‍, ഭദ്രകാളിയാല്‍ വധിക്കപ്പെട്ട അസുരന്.
മഹിഷാസുരന്റെ ഒരു അനുയായി ആയിരുന്നു ദാരികന് എന്ന്
ദേവീമാഹാത്മ്യത്തില്‍ പറഞ്ഞിട്ടുണ്ട്. ബ്രഹ്മാവില്‍നിന്നു ലഭിച്ച വരത്തിന്റെ അഹങ്കാരത്താല്‍ ലോകമെങ്ങും ഭീകരത അഴിച്ചുവിട്ട ദാരികനെ നിഗ്രഹിക്കാനായി പരമശിവന് ഭദ്രകാളിയെ സൃഷ്ടിച്ചു. ഭദ്രകാളി ദാരികനെ പോരില്‍ വധിച്ചു. പുരാണപ്രസിദ്ധി അധികമൊന്നുമില്ലാത്ത കഥാപാത്രമാണ് ദാരികന്. പക്ഷേ, കേരളത്തിലെ കാളീപൂജയുമായി ബന്ധപ്പെട്ട ഒട്ടെല്ലാ അനുഷ്ഠാനങ്ങളിലും കാളി-ദാരികവധം കഥയുണ്ട്. കേരളത്തിലൊഴികെ മറ്റെങ്ങും ദാരിക കഥയ്ക്ക് പ്രചാരമില്ല. ദാരികവധം തോറ്റം, ദാരികന് തോറ്റം, കളംപാട്ട്, ഭദ്രോത്പത്തി, പാനത്തോറ്റം, ദാരികവധം പാട്ട് എന്നിവയിലെല്ലാം ദാരിക കഥയുണ്ട്. മുടിയേറ്റ്, പറണേറ്റ് എന്നീ അനുഷ്ഠാനങ്ങളില്‍ കാളിയും ദാരികനും തമ്മില്‍ നടക്കുന്ന യുദ്ധം പ്രധാന ഭാഗമാണ്. നിലത്തില്‍ പ്പോര് എന്നാണ് ഇതറിയപ്പെടുന്നത്. ഇടമന ഗണപതിപ്പോറ്റി രചിച്ച
ഭദ്രകാളീമാഹാത്മ്യം കഥകളിയില്‍ ദാരികന് പ്രധാന കഥാപാത്രമാണ്.