This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിന്‍കര്‍ മേത്ത (1907 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:53, 28 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിന്‍കര്‍ മേത്ത (1907 - 89)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ നേതാവും. ദിന്‍കര്‍ കൃഷ്ണലാല്‍ മേത്ത എന്നാണ് പൂര്‍ണമായ പേര്. കൃഷ്ണലാലിന്റെയും വിജയാബഹന്റെയും മകനായി 1907 ഒ. 17-ന് ഗുജറാത്തിലെ സൂറത്തില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ദിന്‍കര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. ബര്‍ദോളി സത്യഗ്രഹത്തെത്തുടര്‍ന്ന് ഇദ്ദേഹം 1928-ല്‍ അറസ്റ്റിലായി. പിന്നീട് പലതവണ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് വിദ്യാപീഠത്തില്‍നിന്ന് 1929-ല്‍ സാമൂഹികശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം 1933 വരെ അവിടെ അധ്യാപകനായി ജോലിനോക്കി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജോയിന്റ് സെക്രട്ടറിയായി 1934 മുതല്‍ 40 വരെ പ്രവര്‍ത്തിച്ചു. 1935-ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയുണ്ടായി. 1940 മുതല്‍ 42 വരെ ഒളിവില്‍പ്പോയി രാഷ്ട്രീയപ്രവര്‍ത്തനം നടത്തി. 1948-ല്‍ അറസ്റ്റിലായ ദിന്‍കര്‍ മേത്ത 49-ല്‍ രക്ഷപ്പെട്ടശേഷം 51 വരെ ഒളിവുജീവിതം നയിച്ചു.

ഗുജറാത്ത് സംസ്ഥാനം രൂപവത്കരിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 1957 മുതല്‍ 60 വരെ ഇദ്ദേഹം നേതൃത്വം നല്കിയിരുന്നു. ബോംബെ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗം (1958-60), അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ (1966-67) എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1968 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്)യുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ സെക്രട്ടറിയായി 1972 വരെ പ്രവര്‍ത്തിച്ചു. കമ്യൂണിസത്തെ സംബന്ധിച്ച് ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍ കാള്‍ മാര്‍ക്സിന്റെ ജീവചരിത്രഗ്രന്ഥമാണ് പ്രധാനം. കൂടാതെ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1989 ആഗ. 30-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍