This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിനോസോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 28 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദിനോസോര്‍

Dinosaur

ഒരു അസ്തമിത ഉരഗവര്‍ഗം. കരയില്‍ ജീവിച്ചിരുന്നവയില്‍വച്ച് ഏറ്റവും വലുപ്പം കൂടിയ ജന്തുക്കളായാണ് ഇവയെ കണക്കാക്കുന്നത്. 1842-ല്‍ ഇംഗ്ലീഷ് അനാറ്റമിസ്റ്റായ റിച്ചാര്‍ഡ് ഓവന്‍ (Richard Owen) ആണ് ഭീമാകാരികളായ ഈ ഉരഗങ്ങളെ ദിനോസോറുകള്‍ എന്ന് നാമകരണം ചെയ്തത്. ടെറിബിള്‍ ലിസാര്‍ഡ് (terrible lizard) എന്ന് അര്‍ഥം വരുന്ന ദിനോസ്, സോറസ് എന്നീ രണ്ടു ഗ്രീക്ക് പദങ്ങളില്‍നിന്നാണ് ദിനോസോര്‍ അഥവാ ഡൈനോസോറിയ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്.

175 ദശലക്ഷം വര്‍ഷക്കാലത്തോളം ദിനോസോറുകള്‍ ഭൂമുഖത്ത് ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. 243 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ട്രയാസിക കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ദിനോസോറുകളുടെ ജീവാശ്മങ്ങള്‍ ചുണ്ണാമ്പുകല്ലുകളില്‍നിന്നും പാറകളില്‍നിന്നും ലഭിച്ചിട്ടുണ്ട്. ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ അവസാന പകുതിയിലെ, അതായത് 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്ന, ജന്തുക്കളുടെ അവശിഷ്ടങ്ങളും അടുത്തകാലത്ത് ലഭിച്ചു. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ പ്രദേശങ്ങളില്‍നിന്നും ദിനോസോറുകളുടെ ജീവാശ്മങ്ങള്‍ ലഭ്യമായിട്ടുണ്ട്. കരയില്‍ ജീവിച്ചിരുന്ന കശേരുകികളായ ഭീമാകാരന്മാരായിരുന്നു ആ കാലഘട്ടത്തില്‍ ഭൂമുഖം അടക്കി വാണിരുന്നത്.

ഇംഗ്ലണ്ടില്‍നിന്ന് ആദ്യമായി ലഭിച്ച ജീവാശ്മങ്ങള്‍ 12 മീറ്ററോളം നീളമുള്ള ഭീമാകാര ദിനോസോറുകളുടേതായിരുന്നു. അതിനാല്‍ ദിനോസോറുകളെല്ലാം ഭീമാകാരജീവികളായി കരുതപ്പെട്ടിരുന്നു; പിന്നീട് ഇവയില്‍ വലുപ്പം കുറഞ്ഞവയും ഉണ്ടായിരുന്നു എന്നു കണ്ടെത്തുകയുണ്ടായി. 1887-ല്‍ ഹാരി സീലി (Harry Seeley) എന്ന ഇംഗ്ലീഷ് പുരാജീവിശാസ്ത്രകാരന്‍ സൗറിഷ്ച്യ (Saurischia), ഓര്‍നിത്തീഷ്ച്യ (Ornithischia) എന്നീ ഉരഗഗോത്രങ്ങളെ ഡൈനോസോറിയ (Dinosauria) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവിഭാഗങ്ങളിലുമുള്ള ഉരഗങ്ങളെല്ലാം ദിനോസോറുകള്‍ എന്നുതന്നെയാണ് അറിയപ്പെട്ടിരുന്നത്. സസ്യഭുക്കുകളായ ദിനോസോറുകള്‍, പ്രത്യേകിച്ച് സോറോപോഡുകള്‍ (Sauropods) വളരെ വലുപ്പം കൂടിയവയായിരുന്നു. കരയില്‍ ജീവിച്ചിരുന്നവയില്‍വച്ച് ഏറ്റവും മെലിഞ്ഞ് നീളം കൂടിയ ജന്തുക്കള്‍ ജൂറാസിക കാലഘട്ടത്തിലെ ഡിപ്ലോഡോക്കസ് (Diplodocus) എന്നറിയപ്പെടുന്ന സോറോപോഡുകളാണ്. ഇവയ്ക്ക് 27 മീറ്ററോളം നീളവും 12 ടണ്ണോളം ഭാരവും ഉണ്ടായിരുന്നു. ഡിപ്ളോഡോക്കസിനോട് ബന്ധുത്വമുള്ള ബ്രോണ്ടോസോറസ് (Brontosaurus) എന്ന ഇനത്തിന് സുമാര്‍ 20 മീ. നീളവും 30 ടണ്‍ ഭാരവുമുണ്ടായിരുന്നു. ബ്രോണ്ടോസോറസുകള്‍ സസ്യാഹാരികളും ഡിപ്ളോഡോക്കസുകളെക്കാള്‍ തടിച്ച ശരീരമുള്ളവയും നടക്കാന്‍ നാലുകാലുകളും ഉപയോഗപ്പെടുത്തുന്നവയുമായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. 24 മീറ്ററിലധികം ഉയരമുള്ള ബ്രാക്കിയോസോറസ് (Brachiosaurus) ഇനത്തിന് 50-70 ടണ്‍ ഭാരമുണ്ടായിരുന്നു.

ദിനോസോറുകള്‍ക്കിടയില്‍ വലുപ്പം കുറഞ്ഞ ഇനങ്ങളുമുണ്ട്. കോംബ്സോനാത്തസ് (Compsognathus) എന്ന സീലുറോസോര്‍ (Caelurosaur) ഇനത്തിന് ഒരു കോഴിക്കുഞ്ഞിന്റെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ വലുപ്പം കുറഞ്ഞ സീലുറോസോറുകളുടെ കൂട്ടത്തില്‍ രണ്ടര മീറ്ററിലധികം നീളമുള്ള ചില ഇനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. 1818-ല്‍ സോളമന്‍ എല്‍സ്വര്‍ത്ത് ജൂനിയര്‍ (Solomon Ellsworth Jr.) കണക്ടികട്ട് (Connecticut) താഴ്വരയില്‍നിന്നു ശേഖരിച്ച അസ്ഥികളാണ് ആദ്യമായി ലഭിച്ച ദിനോസോര്‍ ജീവാശ്മം. ഇത് ഇന്നും ദിനോസോറുകളുടേതുതന്നെയാണെന്ന തെളിവുശേഖരണത്തിനു ലഭ്യമാണുതാനും. ഈ അസ്ഥികള്‍ മനുഷ്യന്റെ അവശിഷ്ടങ്ങളായിരിക്കാം എന്നായിരുന്നു ആദ്യത്തെ നിഗമനം. 1824-ല്‍ വില്യം ബക്ലന്‍ഡ് (William Buckland) എന്ന ഇംഗ്ലീഷ് ഭൂതത്ത്വശാസ്ത്രജ്ഞന്‍ ആദ്യത്തെ ദിനോസോര്‍ ജീവാശ്മം മെഗാലോസോറസ് (Megalosaurus) എന്ന പുതിയൊരിനം ജന്തുവിന്റേതായിരിക്കാമെന്ന് കരുതി. ഇത് 'സ്റ്റോണ്‍സ്ഫീല്‍ഡിലെ ഏറ്റവും വലുപ്പം കൂടിയ ഉരഗ'ത്തിന്റെ ജീവാശ്മമാണെന്നു രേഖപ്പെടുത്തുകയും ചെയ്തു.

അടുത്തവര്‍ഷം തന്നെ ബല്‍ജിയത്തില്‍നിന്ന് ഇഗ്വാനോഡോണ്‍ (Iguanodon) എന്ന ദിനോസോറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. 1856-ല്‍ ഫിലാഡെല്‍ഫിയയിലെ ജോസഫ് ലെയ്ഡിക്ക് വടക്കെ അമേരിക്കയുടെ പടിഞ്ഞാറന്‍പ്രദേശങ്ങളില്‍നിന്നു ലഭിച്ച ഏതാനും പല്ലുകള്‍ ട്രാക്കോഡോണ്‍ (Trachodon) വിഭാഗത്തിന്റെതും ഡെയ്നോഡോണ്‍ (Deinodon) വിഭാഗത്തിന്റെതും ഉള്‍പ്പെട്ടതായിരുന്നു. ട്രാക്കോഡോണുകള്‍ ഇഗ്വാനോഡോണുകളോടും സസ്യഭുക്കുകളായ പല്ലിവര്‍ഗങ്ങളോടും സാദൃശ്യമുള്ളവയായിരുന്നു; ഡെയ്നോഡോണുകള്‍ മെഗാലോസോറസ് (Megalosaurus) ഉരഗങ്ങളോടു സാദൃശ്യമുള്ളവയും. ഇതിനുശേഷം ലഭിച്ച ഇഗ്വാനോഡോണുകളോടു ബന്ധുത്വമുള്ള ഹാഡ്രോസോറസു (Hadrosaurus)കളുടെ അസ്ഥികൂടം വിവരിക്കപ്പെട്ടിട്ടുണ്ട്.

1877 മുതല്‍ അമേരിക്കന്‍ പുരാജീവിശാസ്ത്രകാരന്മാരായ എഡ്വേഡ് ഡി.കോപ് (Edward D.Cope), ഒത്നിയേല്‍ സി.മാര്‍ഷ് (Othniel C. Marsh)എന്നിവര്‍ കൊളറാഡോയിലും യോമിങ്ങിലും (Wyoming) നടത്തിയ അന്വേഷണങ്ങളില്‍ പത്ത് ടണ്ണോളം ദിനോസോര്‍ അസ്ഥികള്‍ ശേഖരിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് മീസോസോയിക ദിനോസോറുകളെക്കുറിച്ച് നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളുമുണ്ടായി.

ബല്‍ജിയത്തില്‍നിന്ന് ക്രിട്ടേഷ്യസ് കാലഘട്ടത്തിലെ ഒരുകൂട്ടം ഇഗ്വാനോഡോണുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. 1882 മുതല്‍ 1900 വരെ ലൂയിസ് ഡോളോ (Louis Dollo) മുപ്പതിലധികം സ്പീഷീസുകളെ കണ്ടെത്തുകയും അവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാര്‍ഷ്, കോപ്, ഡോളോ എന്നിവരുടെ കണ്ടെത്തലുകളും പഠനങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ദിനോസോറുകളെക്കുറിച്ചുള്ള പഠനങ്ങളുടെയെല്ലാം തറക്കല്ല് എന്നു വിശേഷിപ്പിക്കാം.

ദിനോസോറുകളുടെ ഉദ്ഭവം. ദിനോസോറുകള്‍ ആര്‍ക്കോ സോര്‍സ് (Archosaurs) എന്ന ഉരഗവിഭാഗത്തില്‍പ്പെടുന്നു. ഇതില്‍ സൗറിഷ്ച്യ (Saurischia), ഓര്‍നിത്തീഷ്ച്യ (Ornithischia) എന്നീ ഗോത്രങ്ങളിലെ ദിനോസോറുകള്‍, ദിനോസോറുകളുടെ മുന്‍ഗാമികളായ തീക്കോഡോണ്‍ഷ്യ(Thecodontia)നുകള്‍, അസ്തമിത പറക്കും ഉരഗങ്ങള്‍ (ടെറോസോറിയ-Pterosauria), മുതലവര്‍ഗങ്ങള്‍ (Crocodylia), ഇന്നത്തെ പക്ഷികളുടെ മുന്‍ഗാമികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

മറ്റ് ഉരഗവിഭാഗത്തില്‍നിന്നു വ്യത്യസ്തമായി ആര്‍ക്കോസോറുകളുടെ തലയോട്ടിക്ക് ഡയാപ്സിഡ് (Diapsid)അവസ്ഥയായ ഇരട്ടരന്ധ്ര അവസ്ഥയാണുള്ളത്. ഇവയുടെ പല്ലുകള്‍ താടിയെല്ലിലെ പ്രത്യേക ഗര്‍ത്തികകളിലാണ് ഉറപ്പിച്ചിരിക്കുന്നത്.

ആദിമ ആര്‍ക്കോസോറുകളുടെ ജീവിച്ചിരിക്കുന്ന പിന്‍ഗാമികളായി കരുതപ്പെടുന്ന മുതലയിനങ്ങളിലും പക്ഷികളിലും ഇന്നത്തെ ഉരഗങ്ങളില്‍ കാണപ്പെടാത്ത സവിശേഷമായ ആകൃതി, ശരീരശാസ്ത്രം, സ്വഭാവഗുണങ്ങള്‍ തുടങ്ങിയവ പ്രകടമാണ്. ഇതില്‍ കൂടുതല്‍ വികാസം പ്രാപിച്ച രക്തചംക്രമണ വ്യവസ്ഥയും നാല് അറകളോടുകൂടിയ ഹൃദയവും പക്ഷികളെപ്പോലെ കൂടുകെട്ടലും കുഞ്ഞുങ്ങളെ സംരക്ഷിക്കലും തൂവലുകളും താപനിലാ ക്രമീകരണവും ശരീരോഷ്മാവ് നിലനിര്‍ത്തലും ഉള്‍പ്പെടുന്നു. ദിനോസോറുകള്‍ അധികവും ഇത്തരം സവിശേഷതകളുള്ളവയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ദിനോസോറുകള്‍ മുട്ടയിട്ട് പ്രജനനം നടത്തുന്നവയായിരുന്നു.

ദിനോസോറുകളുടെ മുന്‍ഗാമികള്‍. ഏതാണ്ട് 245 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, അതായത് പെര്‍മിയന്‍ കാലഘട്ടത്തിന്റെ അവസാനത്തോടെ ആദിമ വിഭാഗത്തില്‍പ്പെട്ട നിരവധി ഉരഗങ്ങള്‍ അസ്തമിതങ്ങളായി. എന്നാല്‍ ഭാഗികമായി ദ്വിപാദി (partially bipedal)കളായിരുന്ന താരതമ്യേന വലുപ്പം കുറഞ്ഞ ഒരു വിഭാഗം ഉരഗങ്ങള്‍ (തീക്കോഡോണ്ടുകള്‍) ജീവിച്ചിരുന്നതായും ഇവയില്‍നിന്ന് പിന്നീട് ആര്‍ക്കോസോറുകള്‍ ഉദ്ഭവിച്ചതായും കരുതപ്പെടുന്നു. തെക്കെ ആഫ്രിക്കയില്‍ ട്രയാസിക കാലഘട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന 0.9 മീറ്ററോളം നീളമുള്ളതും മെലിഞ്ഞ പല്ലിയെപ്പോലുള്ളതുമായ ഉരഗം യുപാര്‍ക്കേരിയ (Euparkeria) തീക്കോഡോണ്ടുകളെ പ്രതിനിധാനം ചെയ്യുന്നു. ഇതിന്റെ തലയോട്ടി ചില ആദിമ ലക്ഷണങ്ങള്‍ നിലനിര്‍ത്തിയിരുന്നു. മുന്‍കാലുകളെക്കാള്‍ നീളം കൂടിയതും അഞ്ചാമത്തെ വിരല്‍ ലോപിച്ചുപോയതുമായ പിന്‍കാലുകള്‍, താലവ ദന്തങ്ങള്‍ എന്നീ ആദിമ ലക്ഷണങ്ങളും പ്രകടമായിരുന്നു. ആര്‍ക്കോസോറുകളുടേതുപോലെയുള്ള ശരീരകവചം (body armour) ഉണ്ടായിരുന്നുവെങ്കിലും ഇത് ശരീരത്തിന്റെ മധ്യഭാഗം മുതല്‍ പിന്നറ്റം വരെയുള്ള ഒരു ജോഡി അസ്ഥിപ്ലേറ്റുകള്‍ മാത്രമായി പരിമിതപ്പെട്ടതായിരുന്നു. മുന്‍-പിന്‍ കാലുകളുടെ നീളത്തിന്റെ അനുപാതം ഇവയ്ക്ക് നാല്‍ക്കാലികളെപ്പോലെ നടക്കാനും ദ്വിപാദികളെപ്പോലെ ഓടാനും സഹായകമായിരുന്നു. ശരീരത്തിന്റെ തുലനാത്മകത കാത്തുസൂക്ഷിക്കുന്നത് നീളം കൂടിയ വാല്‍ ആണ്. മറ്റ് ഉരഗങ്ങളെക്കാള്‍ വളരെ വേഗത്തില്‍ ഇവയ്ക്ക് ഓടാന്‍ കഴിയും. ഇവയുടെ കാലുകള്‍ പക്ഷികളുടേതുപോലെ ഉദരത്തിനടിവശത്തായി സ്ഥിതിചെയ്യുന്നതാണ് ഇതിനു കാരണം. മറ്റ് ആദിമ ഉരഗങ്ങളുടെ കാലുകള്‍ ശരീരത്തിന്റെ (ഉദരത്തിന്റെ) പാര്‍ശ്വഭാഗത്തുനിന്നാണ് ഉദ്ഭവിച്ചിരുന്നത്. യുപാര്‍ക്കേരിയ പോലെയുള്ള തീക്കോഡോണ്ടുകള്‍ യഥാര്‍ഥ ദിനോസോറുകളുടെ ഉദ്ഭവത്തിന്റെ ആദ്യപടി ആയിരുന്നിരിക്കാം. സൗറിഷ്ച്യന്‍ (Saurischian) ദിനോസോറുകളെന്നും തീക്കോഡോണ്ടുകളെന്നും വിവിധ ശാസ്ത്രജ്ഞര്‍ വര്‍ഗീകരിച്ച ട്രയാസിക ഉരഗങ്ങളായ സ്ക്ളീറോമോക്ലസ് (Scleromochlus), ഓര്‍നിത്തോസുക്കസ് (Ornithosuchus) എന്നിവ ദിനോസോറുകളുടെ മധ്യേയുള്ളവയായിരിക്കാം. തീക്കോഡോണ്ടുകളില്‍നിന്നുള്ള ആദ്യകാല ദിനോസോറുകളുടെ അവസ്ഥാന്തരം (transition) സങ്കീര്‍ണമാണ്. ഇവയുടെ ശ്രോണീമേഖലയില്‍ (pelvic girdle) അത്യാവശ്യ ക്രമീകരണങ്ങളുണ്ടായി, പിന്‍കാലുകള്‍ക്ക് ശരീരഭാരം മുഴുവന്‍ താങ്ങാന്‍ കെല്പുള്ളതായി. മുന്‍കാലുകള്‍ ലോപിക്കുകയും ഇതോടൊപ്പംതന്നെ ആദിമ സ്വഭാവസവിശേഷതയായ താലവ ദന്തങ്ങള്‍ ദിനോസോറുകള്‍ക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.

ആധുനിക ഉരഗങ്ങളെപ്പോലെ ദിനോസോറുകള്‍ ശീതരക്തമുള്ളവ ആയിരുന്നോ അതോ പക്ഷികളെയും സസ്തനികളെയും പോലെ ഉഷ്ണരക്തമുള്ളവ ആയിരുന്നോ എന്ന കാര്യത്തില്‍ ഇന്നും പുരാജീവിശാസ്ത്രജ്ഞര്‍ക്കിടയില്‍ വിവാദങ്ങള്‍ നിലനില്ക്കുന്നു. ദിനോസോറുകളിലധികവും ഇഴഞ്ഞു നടക്കുന്നവയായിരുന്നില്ല. മാംസഭുക്കുകളായ, വലുപ്പം കൂടിയ ഇനങ്ങള്‍ പക്ഷികളെപ്പോലെ രണ്ടുകാലുകളും ഉപയോഗിച്ച് സാവധാനത്തില്‍ സഞ്ചരിക്കുന്നവയായിരുന്നു. ഇതില്‍പ്പെടുന്ന അല്ലോസോറസും (Allosaurus), ദിനോസോറുകളുടെ രാജാവ് എന്നറിയപ്പെടുന്ന ടിറാനോസോറസും (Tyannosaurus) മാംസഭുക്കുകളും ദ്വിപാദങ്ങളുപയോഗിച്ച് സഞ്ചരിക്കുന്നവയുമായിരുന്നു. പിന്നിലേക്കു നിവര്‍ന്നുനിന്നിരുന്ന വാല്‍ സ്നായുക്കള്‍ (ligaments) ഉള്ളതിനാല്‍ ദൃഢതയുള്ളതായിരുന്നു. ഇതിന്റെ ധര്‍മം ഒരു സന്തുലനാവയവത്തിന്റേത് ആയിരുന്നിരിക്കാം എന്നു കരുതപ്പെടുന്നു. ദ്വിപാദസഞ്ചാരത്തിനും ശരീരത്തിന്റെ ഭാരം താങ്ങാനും വളരെ ഊര്‍ജം ആവശ്യമാണ്. ഇന്ന് കരയില്‍ ജീവിക്കുന്ന ഉരഗങ്ങള്‍ക്കൊന്നുംതന്നെ രണ്ടുകാലുകള്‍ മാത്രം ഉപയോഗിച്ച് രണ്ടോ മൂന്നോ മിനിട്ടില്‍ കൂടുതല്‍ നിവര്‍ന്നുനില്ക്കാനോ നടക്കാനോ കഴിയുന്നില്ല. ശീതരക്തജീവികളുടെ ശ്വാസകോശങ്ങളും ചംക്രമണവ്യൂഹവും പേശികള്‍ക്കാവശ്യമുള്ളത്ര ഓക്സിജന്‍ ലഭ്യമാക്കുന്നില്ല. ദിനോസോറുകള്‍ രണ്ടുകാലുകളുമുപയോഗിച്ചു നിവര്‍ന്നുനില്ക്കാന്‍ കഴിയുന്നവയായിരുന്നു. മാത്രമല്ല, ശ്വാസകോശങ്ങളും രക്തചംക്രമണവ്യൂഹവും ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്നവയും ആയിരുന്നു. അതിനാല്‍ ഇവ ഉഷ്ണരക്ത ജീവികളായിരുന്നിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. ഇതിനെ പിന്താങ്ങുന്ന നിരവധി തെളിവുകളുണ്ട്. അമേരിക്കന്‍ പുരാജീവിഗവേഷകരായ ജോണ്‍ ഓസ്ട്രോം (John Ostrom), റോബര്‍ട്ട് ബേക്കര്‍ (Robert Bakker) എന്നിവരുടെ ഗവേഷണങ്ങളാണ് ദിനോസോറുകള്‍ ഉഷ്ണരക്ത ജീവികളാണെന്നുള്ള തെളിവു നല്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടവ:

1.ദിനോസോറുകളല്ലാതെ പക്ഷികളും സസ്തനികളും മാത്രമേ ദ്വിപാദസഞ്ചാരികളായിട്ടുള്ളൂ. ഇവ ഉഷ്ണരക്ത ജീവികളാണു താനും.

2.ധാരാളം ഭക്ഷണം ആവശ്യമുള്ളതും ഉപാപചയ പ്രക്രിയാനിരക്ക് വളരെ കൂടുതലുള്ളതുമായ ജന്തുക്കളുടെ ഫോസിലുകളധികവും ഉഷ്ണരക്ത ജീവികളുടേതായിരുന്നു.

3.ഉഷ്ണരക്ത ജീവികളുടേതിനോടു സമാനമായ അസ്ഥിഘടനയാണ് ദിനോസോറുകള്‍ക്കുണ്ടായിരുന്നത്.

ജൂറാസിക കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ആര്‍ക്കിയോപ്ടെറിക്സ് 'പക്ഷി' (Archaeopteryx) തൂവലുകളുള്ള ഒരു സീല്യുറോസോര്‍ (Coelurosaur) മാത്രമായിരിക്കാം. ചുണ്ണാമ്പുകല്ലില്‍നിന്നു ലഭ്യമായ ജീവാശ്മങ്ങളില്‍ ഇവയുടെ തൂവലുകള്‍ വളരെ നന്നായി ഫോസിലീകരിക്കപ്പെട്ടിരുന്നില്ലായിരുന്നുവെങ്കില്‍ ആര്‍ക്കിയോപ്ടെറിക്സ് ഭാരം കുറഞ്ഞ ചെറിയൊരു ദിനോസോര്‍ ആയി കണക്കാക്കപ്പെടുമായിരുന്നു. തൂവലുകള്‍ ഉരഗങ്ങളുടെ സ്കെയിലുകള്‍ രൂപാന്തരപ്പെട്ടുണ്ടായതാണെന്നും, ആദ്യഘട്ടങ്ങളില്‍ തൂവലുകള്‍ ഒരു ആവരണത്തിന്റെ ധര്‍മം നിര്‍വഹിക്കുകയും പില്ക്കാലത്ത് ഇവ പറക്കുന്നതിന് ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണരക്തജീവികള്‍ക്ക് ശരീരോഷ്മാവ് നിലനിര്‍ത്താന്‍ ശരീരാവരണം ആവശ്യമാണെന്നും അതിനാല്‍ ആര്‍ക്കിയോപ്ടെറിക്സ് ഒരു ഉഷ്ണരക്ത ജീവിയാണെന്നും ഉള്ളതിന് ഇത് നല്ല തെളിവാണ്.

മധ്യ ട്രയാസിക കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വലുപ്പം കുറഞ്ഞ തീക്കോഡോണ്ട് ആയിരുന്ന ലോംഗിസ്ക്വാമേറ്റ(Longisquamata)യുടെ ജീവാശ്മം റഷ്യയില്‍നിന്നു ലഭിച്ചിട്ടുണ്ട്. നന്നായി പരിരക്ഷിക്കപ്പെട്ടിട്ടുള്ളതും ഉരഗങ്ങളുടെ സ്കെയിലുകളില്‍നിന്ന് തൂവലുകളിലേക്കുള്ള അവസ്ഥാന്തരാവസ്ഥ (transition) വ്യക്തമായി പ്രകടമാക്കുന്നതുമായിരുന്നു ഇവ. വലുപ്പം കൂടിയതും അയഞ്ഞതും ഒന്നിനു മേല്‍ ഒന്ന് അടുക്കിയിരിക്കുന്നതുമായ സ്കെയിലുകള്‍ ഇവയ്ക്ക് ഒരു സംരക്ഷണ ആവരണമായിരുന്നിരിക്കാം. ഇക്കാരണത്താല്‍ നിരവധി പുരാജീവിശാസ്ത്രകാരന്മാര്‍ ദിനോസോറുകള്‍ ഉഷ്ണരക്തമുള്ളവയും തൂവലുകള്‍കൊണ്ട് പൊതിയപ്പെട്ടവയും ആയിരുന്നിരിക്കാം എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു.

ഓര്‍നിത്തിഷ്ച്യന്‍ (Ornithischian) ദിനോസോറുകള്‍ സൗറിഷ്ച്യന്‍ (Saurischian) ദിനോസോറുകള്‍ക്കു കുറച്ചുകാലം മുമ്പുമാത്രം പ്രത്യക്ഷപ്പെട്ടവയാണ്. ഇവയ്ക്കു രണ്ടിനുമിടയില്‍ അറിയപ്പെടുന്ന കണ്ണികളൊന്നുംതന്നെയില്ല. ഇവ വ്യത്യസ്ത തീക്കോഡോണ്‍ഷ്യന്‍ മുന്‍ഗാമികളില്‍നിന്ന് ഉദ്ഭവിച്ചവയാണ്. ശ്രോണീമേഖലയുടെ സവിശേഷതയാണ് ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്.

I.സൗറിഷ്ച്യന്‍ ദിനോസോറുകള്‍ (Saurischian Dinosaurs). ആധുനിക ഉരഗങ്ങളിലേതുപോലെ സൌറിഷ്ച്യ ഗോത്രത്തിലെ അംഗങ്ങളുടെ അരീയശ്രോണി (triradiate pelvis) തീക്കോഡോണ്ടുകളുടേതുപോലെയായിരുന്നു. മാംസഭുക്കുകളായ ദിനോസോറുകളെല്ലാം ദ്വിപാദികളും സൗറിഷ്ച്യ ഗോത്രത്തില്‍പ്പെടുന്നവയുമായിരുന്നു. ട്രയാസിക കാലഘട്ടത്തിന്റെ അവസാനത്തോടെ ചിലയിനങ്ങള്‍ (Prosauropods) വലുപ്പം കൂടിയ നാല്ക്കാലികളായും സസ്യഭുക്കുകളായും രൂപാന്തരപ്പെട്ടു. ജൂറാസിക കാലഘട്ടത്തോടെ ഇവ വലുപ്പം കൂടിയ ദിനോസോറുകള്‍ (Sauropods) ആയി പരിണമിച്ചു.

മാംസഭോജികളായ ദിനോസോറുകള്‍ തെറോപോഡ (Theropoda) എന്നറിയപ്പെടുന്നു. ഇവയില്‍ വലുപ്പവും ഭാരവും കുറഞ്ഞവ സീല്യുറോസോറിയ (Coelurosauria) എന്നും വലുപ്പവും ഭാരവും കൂടിയവ കാര്‍ണോസോറിയ (Carnosauria) എന്നും തരംതിരിക്കപ്പെട്ടു.

1.സീല്യുറോസോറുകള്‍ (Coelurosaurs). പക്ഷികളോടു സാദൃശ്യമുള്ള ഇത്തരം ജീവികള്‍ക്ക് നീളം കൂടിയ പൊള്ളയായ അസ്ഥികളും വായു അറകളോടുകൂടിയ ശ്വസനവ്യൂഹവും അഞ്ചാമത്തെ വിരല്‍ ലോപിച്ചുപോയതോ നഷ്ടമായതോ കാലിന്റെ പിന്‍ഭാഗത്തേക്കു മാറ്റപ്പെട്ടതോ ആയ പിന്‍കാലുകളും സവിശേതയായുണ്ട്. ഇവ മുന്‍കാലുകള്‍ നടക്കാനായല്ല, ഇരപിടിക്കാനാണ് ഉപയോഗിച്ചിരുന്നത്. കഴുത്ത് നീളം കൂടിയതും വളയുന്നതും (flexible) ആയിരുന്നു. തല താരതമ്യേന ചെറുതും നീളം കൂടിയതും വലുപ്പം കൂടിയ കണ്ണുകളുള്ളതുമായിരുന്നു.

ട്രയാസിക കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സീല്യുറോസോറുകളാകട്ടെ (Coelurosaurs) വളരെ വലുപ്പം കുറഞ്ഞവയായിരുന്നു. സാള്‍ട്ടോപസ് (Saltopus), പോഡോകിസോറസ് (Podokesaurus) എന്നീ ഇനങ്ങള്‍ വളര്‍ത്തുപൂച്ചകളെക്കാള്‍ അല്പം വലുപ്പം കൂടിയവയായാണ് കണ്ടിരുന്നത്. ഇതിലെ വലുപ്പം കൂടിയവയായി കരുതപ്പെടുന്ന സിലോഫൈസിസ് (Coelophsis) എന്ന ഇനത്തിന് 1.8-2.4 മീ. നീളമുണ്ടായിരുന്നു. ജൂറാസിക കാലഘട്ടത്തിലെ സീലൂറസി(Cole)ന് 1.8 മീറ്റര്‍ നീളമാണ് ഉണ്ടായിരുന്നത്; ക്രിട്ടേഷ്യസ് കാലഘട്ടത്തിലെ, ഒട്ടകപ്പക്ഷിയെപ്പോലെയുള്ള ഓര്‍നിത്തോമിമസ് (Ornithomimus) എന്ന ഇനത്തിന് 2.4 മീ. നീളവും. ഇവ മുന്‍കാലുകളുടെ സഹായത്തോടെ വളരെ വേഗത്തില്‍ ഓടിയാണ് ഇരപിടിച്ചിരുന്നത്. ഇതിനുശേഷം ഉദ്ഭവിച്ച പല ഇനങ്ങള്‍ക്കും പല്ലുകള്‍ നഷ്ടമായിരുന്നു. ഇവയ്ക്ക് പക്ഷികളുടെതിനോടു സാദൃശ്യമുള്ള ചുണ്ടുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള, മാംസഭുക്കുകളായ ചെറിയ ദിനോസോറുകള്‍ പ്രാണികളെയും പല്ലിയിനങ്ങളെയും ചെറിയ ഇനം കശേരുകികളെയും ഇരയാക്കിയിരുന്നു. ട്രയാസിക്കിന്റെ അവസാന ഘട്ടത്തോടെ ഇത്തരം കനംകുറഞ്ഞ, മാംസഭുക്കുകളായ ദിനോസോറുകളില്‍നിന്ന് വലുപ്പംകൂടിയ, മാംസഭുക്കുകളായ കാര്‍നോസോറുകളുടെ (Carnosaurs) ഒരു വിഭാഗവും പക്ഷികളുടെതിനോടു സാദൃശ്യമുള്ള കനംകുറഞ്ഞ പൊള്ളയായ അസ്ഥികളുള്ള ദിനോസോറുകളുടെ മറ്റൊരു വിഭാഗവും രൂപപ്പെട്ടു.

2.കാര്‍നോസോറുകള്‍ (Carno-saurs). സീല്യുറോസോറുകളില്‍നിന്നു വ്യത്യസ്തമായി കാര്‍നോസോറുകള്‍ക്ക് നീളം കുറഞ്ഞ ദൃഢമായ കഴുത്തും വലുപ്പം കൂടിയ തലയും താടിയെല്ലില്‍ പല്ലുകളും ഉണ്ടായിരുന്നു. തെറോപോഡ് ദിനോസോറുകളില്‍നിന്ന് ഉദ്ഭവിച്ചവ വലുപ്പം കൂടിയ ജന്തുക്കളെയാണ് ഇരയാക്കിയിരുന്നത്. സ്കോട്ട്ലന്‍ഡില്‍നിന്നു ലഭിച്ച, ട്രയാസിക കാലഘട്ടത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന ഓര്‍നിത്തോസുച്ചസ് (Ornithosuchus) എന്ന ഇനമാണ് ഏറ്റവും അറിയപ്പെടുന്ന കാര്‍നോസോര്‍. പൊള്ളയായ അസ്ഥികളോടുകൂടിയ ദ്വിപാദികളായ ഈ ഇനത്തിന് 3.7 മീ. നീളവും വായ് നിറയെ നീളം കൂടിയ മൂര്‍ച്ചയുള്ള പല്ലുകളുമുണ്ടായിരുന്നു. ജൂറാസിക കാലഘട്ടത്തിലെ കാര്‍നോസോറുകള്‍ അല്ലോസോറസ് (Allosaurus) എന്നറിയപ്പെടുന്നു. വടക്കെ അമേരിക്കയുടെ പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ നിന്നാണ് അല്ലോസോറസിന്റെ അപൂര്‍ണ ജീവാശ്മങ്ങള്‍ ലഭിച്ചത്. ഇതിന് 10 മീ.നീളം, കട്ടികൂടിയ ദൃഢതയുള്ള തലയോട്ടി, ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന ഭയാനകമായ പല്ലുകള്‍ എന്നിവയുണ്ടായിരുന്നു. ഇവയുടെ മുന്‍കാലുകളില്‍ മൂന്നു വിരലുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷികളുടെതിനോടു സാദൃശ്യമുള്ള പിന്‍കാലുകള്‍ ദൃഢതയും കനവും ഉള്ളതായിരുന്നു. മൂന്നുവിരലുകള്‍ മുന്നോട്ടേക്കും നാലാമത്തെ വിരല്‍ ഒരു താങ്ങെന്നപോലെ പിന്നിലേക്കും തിരിഞ്ഞിരിക്കുന്നു. ഇവയുടെ സവിശേഷമായ പല്ലുകള്‍ അക്കാലത്തുണ്ടായിരുന്ന ഏറ്റവും വലുപ്പം കൂടിയ ജന്തുക്കളെ ഭക്ഷിക്കുന്നതിനനുയോജ്യമായ ദൃഢതയുള്ളവയായിരുന്നു എന്നു വ്യക്തം.

ക്രിട്ടേഷ്യസ് കാലഘട്ടത്തോടെ ഇത്തരം വലുപ്പം കൂടിയ മാംസഭോജികള്‍ ഭീമാകാരമുള്ള ടിറാനോസോറസു(Tyrannosaurus)കളായി പരിണമിച്ചു. കരയില്‍ ജീവിച്ചിരുന്നവയില്‍വച്ച് ഏറ്റവും വലുപ്പം കൂടിയ മാംസഭോജികളായിരുന്നു ടിറാനോസോറസുകള്‍. ഇവയ്ക്ക് 14 മീറ്ററോളം നീളമുണ്ടായിരുന്നു. അല്ലോസോറസുകളുടേതുപോലെയുള്ള തലയും വളരെ വലുപ്പമുള്ള വായയും ഇവയുടെ സവിശേഷതകളായിരുന്നു. അറക്കവാള്‍ പോലെ ദന്തുരമായിരുന്ന ഇവയുടെ പല്ലുകളില്‍ ചിലതിന് 15 സെന്റിമീറ്ററോളം നീളമുണ്ടായിരുന്നു. ടിറാനോസോറസുകളും അവയോടു ബന്ധുത്വമുള്ള ഇനങ്ങളും ക്രിട്ടേഷ്യസിന്റെ അവസാനഘട്ടം വരെ ജീവിച്ചിരുന്നില്ല. മറ്റു ദിനോസോറുകളോടൊപ്പം ഈ കാലഘട്ടത്തിന്റെ അവസാനത്തിനു മുമ്പുതന്നെ ടിറാനോസോറസുകളും അസ്തമിച്ചു എന്നു കണക്കാക്കപ്പെടുന്നു.

3.പ്രോസോറോപോഡുകള്‍ (Prosauropods). ആദ്യകാല സൗറിഷ്ച്യനു(Saurischians)കളെല്ലാംതന്നെ മാംസഭുക്കുകളായിരുന്നു. എന്നാല്‍ ട്രയാസിക കാലഘട്ടത്തിന്റെ അവസാനത്തോടെ പ്രത്യക്ഷമായ സസ്യഭുക്കുകളായ ഭീമാകാര ഇനങ്ങളാണ് പ്രോസോറോപോഡുകള്‍. ആദിമ മാംസഭുക്കുകളേക്കാള്‍ വലിയൊരു വിഭാഗമായിരുന്നു ഇവയെങ്കിലും പ്രോസോറോപോഡുകളുടെ പിന്‍കാലുകള്‍ ആദിമ ഇനങ്ങളുടേതിനെക്കാള്‍ ആനുപാതികമായി നീളം കൂടിയവയായിരുന്നു. അതിനാല്‍ ഇവയെ ദ്വിപാദികളായി കണക്കാക്കാനാവുകയില്ല. പാദങ്ങളിലെ നഖങ്ങള്‍ കുളമ്പുപോലെയായിരുന്നു. ആറുമീറ്ററോളം നീളമുള്ള പ്ലാറ്റിയോസോറസ് (Plateosaurus) ആണ് ഈ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പ്രശസ്ത മാതൃക. സീല്യുറോസോറസു()കളില്‍നിന്നു വ്യത്യസ്തമായി പ്രോസോറോപോഡുകള്‍ അവലക്ഷണമുള്ള ജന്തുക്കളായിരുന്നു. ഇതിന്റെ തല ശരീരത്തിന്റെ വലുപ്പത്തിന് ആനുപാതികമായിരുന്നില്ല; വളരെ ചെറുതായിരുന്നു. പ്ലാറ്റിയോസോറസിന്റെ പല്ലുകള്‍ സസ്യാഹാരത്തിനനുയോജ്യമായതും അസ്ഥികള്‍ ദൃഢതയും കട്ടിയും ഉള്ളവയുമായിരുന്നു. ജൂറാസിക കാലഘട്ടത്തിലെ യഥാര്‍ഥ സോറോപോഡുകള്‍ ഇതില്‍നിന്ന് ഉദ്ഭവിച്ചവയാകാം എന്നു കരുതപ്പെടുന്നു.

4.സോറോപോഡുകള്‍ (Sauropods). ക്രിട്ടേഷ്യസ്-ജൂറാസിക് കാലഘട്ടങ്ങളിലുണ്ടായിരുന്ന സസ്യഭോജികളായ ഭാരമേറിയ നാല്‍ക്കാലികളായിരുന്നു സോറോപോഡുകളധികവും. ബ്രോണ്ടോസോറസ് (Brontosaurus) എന്ന് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന അപ്പാറ്റോസോറസ് (Apatosaurus), ഡിപ്ലോഡോക്കസ് (Diplodocus), കമറസോറസ് (Camarasaurus), മാമെന്‍ചിസോറസ് (Mamenchisaurus), ബ്രാക്കിയോസോറസ് (Brachiosaurus) എന്നിവയായിരുന്നു പ്രമുഖ സോറോപോഡുകള്‍. ഭീമാകാരമായ ശരീരം, വലുപ്പം കുറഞ്ഞ തല, നീളം കൂടിയ കഴുത്ത്, തൂണുകള്‍ പോലെയുള്ള കാലുകള്‍, നീളം കൂടിയ കൂര്‍ത്ത വാല്‍, സങ്കീര്‍ണമായ ദഹനേന്ദ്രിയവ്യൂഹം എന്നിവ ഇവയുടെ സവിശേഷതകളായിരുന്നു. ആനകളുടെ കാലുകളോടു സാദൃശ്യമുള്ള ഇവയുടെ കാലുകള്‍ 50 ടണ്ണിലധികം ഭാരമുള്ള ശരീരത്തെ താങ്ങാന്‍ കെല്പുള്ളതായിരുന്നു. ഇവ ജലജീവികളോ ഉഭയജീവികളോ ആയിരുന്നിരിക്കാം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രോസോറോപോഡുകളുടേതുപോലെ ഇവയുടെ പല്ലുകള്‍ ഇലകള്‍ മുറിച്ചു കഷണങ്ങളാക്കത്തക്കവിധത്തില്‍ പരന്നതായിരുന്നു. ഇവ കരയില്‍ സഞ്ചരിച്ച് സസ്യങ്ങളുടെ ഇലകള്‍ ആഹാരമാക്കിയിരുന്നു.

II.ഓര്‍നിത്തീഷ്ച്യന്‍ ദിനോസോറുകള്‍ (Ornithischian). സോറോപോഡുകളില്‍നിന്നു വ്യത്യസ്തത പുലര്‍ത്തുന്നതും വലുപ്പം കുറഞ്ഞതും വിചിത്രവുമായ സസ്യഭോജികളായ ജന്തുക്കളായിരുന്നു ഓര്‍നിത്തീഷ്ച്യന്‍ ദിനോസോറുകള്‍. പക്ഷികളുടേതിനോടു സമാനമായ ത്രിഅരീയ ആകൃതിയിലുള്ള ശ്രോണീമേഖല ഇവയുടെ സവിശേഷതയാണ്. ഇവയ്ക്ക് ദന്തങ്ങളുണ്ടാകുന്നതിനു മുമ്പുള്ള പ്രത്യേക അവസ്ഥയായ അസ്ഥിയുപാസ്ഥി സംയോഗം കീഴ്ത്താടിയെല്ലിനെ അതിവിശിഷ്ടമായ അസ്ഥിയാക്കുന്ന അവസ്ഥയാണുള്ളത്. ഇത് മറ്റ് ഉരഗങ്ങളിലൊന്നുംതന്നെ പ്രകടമല്ലാത്ത ഒരു അവസ്ഥയാണ്.

ഓര്‍നിത്തീഷ്ച്യന്‍ ദിനോസോര്‍ വിഭാഗത്തിലെ ആദിമ ഇനങ്ങള്‍ക്ക് വായയുടെ മുന്‍ഭാഗത്ത് പല്ലുകളുണ്ടായിരുന്നു. ഇവയെക്കാള്‍ കുറേക്കൂടി പുരോഗമിച്ച ഇനങ്ങള്‍ക്ക് കട്ടിയുള്ള സസ്യഭാഗങ്ങളെ കടിച്ചുമുറിക്കുന്നതിനനുയോജ്യമായ സവിശേഷതയുള്ള ചുണ്ട് ഉണ്ടായിരുന്നു; ചുണ്ടിനു പിന്നിലായി, താടിയെല്ലുകളുടെ പാര്‍ശ്വഭാഗത്ത്, നിരനിരകളായി ക്രമീകരിച്ചിരിക്കുന്ന സങ്കീര്‍ണതയുള്ള നിരവധി പല്ലുകളും. ഇത് കട്ടിയുള്ള സസ്യങ്ങളെ ചെറുകഷണങ്ങളാക്കി മുറിക്കുന്നതിനും ചവയ്ക്കുന്നതിനും ഉപകരിച്ചിരുന്നു. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ദിനോസോറുകള്‍ ട്രയാസിക കാലഘട്ടത്തിന്റെ അന്ത്യം മുതല്‍ ക്രിട്ടേഷ്യസിന്റെ അന്ത്യം വരെയുണ്ടായിരുന്നവയാണെങ്കിലും ഇതിലുള്‍പ്പെടുന്ന ആദിമ ഇനങ്ങളുടെ മാതൃകയായി ലഭ്യമായ അസ്ഥിശകലങ്ങളില്‍നിന്ന് വളരെക്കുറച്ചു വിവരങ്ങളേ ലഭ്യമാകുന്നുള്ളൂ.

ഓര്‍നിത്തീഷ്ച്യന്‍ വിഭാഗത്തെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

1.ഓര്‍നിത്തോപോഡ (Omithopoda). ട്രയാസിക കാലഘട്ടത്തില്‍ ഉദ്ഭവിച്ച ആദിമ ദ്വിപാദികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയില്‍നിന്നാണ് മറ്റു വിഭാഗങ്ങളിലെ ജന്തുക്കളുടെ ഉദ്ഭവമെന്നു കരുതപ്പെടുന്നു.

ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ ആദ്യകാലത്ത് യൂറോപ്പില്‍ കാണപ്പെട്ടിരുന്ന ഹിപ്സിലോഫോഡോണ്‍ (Hypsilophodon) എന്നയിനമാണ് ഈ വിഭാഗത്തില്‍പ്പെടുന്നതില്‍വച്ച് ഏറ്റവും ആദിമമെന്നു കണക്കാക്കപ്പെടുന്നത്. 1.2 മീറ്ററോളം നീളമുള്ള ഈ ഓര്‍നിത്തോപോഡിന് ചുണ്ടും വായയുടെ മുന്‍വശത്തായി കുറച്ചു പല്ലുകളുമുണ്ടായിരുന്നു. ചുണ്ടിനു പിന്നില്‍ അടുത്തടുത്തായി അടുക്കിയതുപോലെയുള്ള അണപ്പല്ലുകള്‍ നിരനിരയായി കാണപ്പെട്ടിരുന്നത് ഈ വിഭാഗത്തിന്റെ സവിശേഷതയാണ്. മുന്‍കാലുകള്‍ താരതമ്യേന വലുപ്പം കൂടിയ യഥാര്‍ഥ ദ്വിപാദികളായിരുന്നു ഇവ.

ജൂറാസിക കാലഘട്ടത്തിന്റെ അവസാനത്തിലും ക്രിട്ടേഷ്യസിന്റെ ആദ്യഘട്ടത്തിലും യൂറോപ്പിലും വടക്കെ അമേരിക്കയിലും കാണപ്പെട്ടിരുന്ന കാംപ്റ്റോസോറസ് (Camptosaurus) 1.8-6.1 മീറ്ററോളം നീളമുള്ള ദ്വിപാദികളായിരുന്നുവെങ്കിലും ഇവയ്ക്ക് മുന്‍പല്ലുകളുണ്ടായിരുന്നില്ല.

ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ അന്ത്യത്തില്‍ പ്രസിദ്ധമായിരുന്ന, ഒമ്പത് മീറ്ററോളം നീളമുളള ദ്വിപാദികളായ സസ്യഭുക്കുകളായിരുന്നു ഹാഡ്രോസോറസു(Hadrosaurs)കള്‍. ദിനോസോര്‍ ഫോസിലുകള്‍ക്കിടയില്‍ നന്നായി സംരക്ഷിക്കപ്പെട്ട നിലയിലുള്ള ഹാഡ്രോസോറസുകളുടെ അവശിഷ്ടങ്ങള്‍ സാധാരണമാണ്.

2.സ്റ്റീഗോസോറസുകള്‍ (Stegosaurus). ജൂറാസിക കാലഘട്ടത്തിന്റെ അവസാനഘട്ടത്തിലുണ്ടായിരുന്ന ഈ ഇനത്തിന്റെ വലുപ്പംകുറഞ്ഞ് നീളംകൂടിയ തല അതിന് അസാധാരണമായ ആകൃതി നല്കുന്നു. ഇതിന്റെ വാലിന്റെ അഗ്രത്തിനു തൊട്ടുപിന്നിലായുള്ള നീളം കൂടിയ രണ്ടുജോഡി മുള്ളുകളും അപൂര്‍വമായ രൂപഘടനയാണ്. പിന്‍കാലുകള്‍ മുന്‍കാലുകളെക്കാള്‍ നീളം കൂടിയവയായിരുന്നു.

3.ആങ്കൈലോസോറസുകള്‍ (Ankylosaurus). ക്രിട്ടേഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചവയായിരുന്നു ആങ്കൈലോസോറസുകള്‍. വീതികൂടിയ പരന്ന ശരീരം, ശരീരമാകമാനമുള്ള കവചം, ചെറിയ കാലുകള്‍ എന്നീ സവിശേഷതകളോടുകൂടിയതും ചന്തമില്ലാത്തതും ഭീമാകാരമായ ആമയെപ്പോലെയുള്ളതും ആയിരുന്നു ആങ്കൈലോസോറസുകള്‍.

4.സെറാറ്റോപ്സിഡുകള്‍ (Ceratopsids). ക്രിട്ടേഷ്യസ് കാലഘട്ടത്തിലാണ് കൊമ്പുകളുള്ള ദിനോസോറുകള്‍ പ്രത്യക്ഷമായത്. ക്രിട്ടേഷ്യസിന്റെ മധ്യഘട്ടത്തോടെ സെറാറ്റോപ്സിഡുകളില്‍പ്പെടുന്ന 2.4 മീറ്ററോളം നീളമുള്ള, കൊമ്പുകളില്ലാത്ത പ്രോട്ടോസെറാറ്റോപ്പു(Protoceratops)കള്‍ ഉദ്ഭവിച്ചു. പ്രോട്ടോസെറാറ്റോപ്പുകളില്‍നിന്ന് വിവിധ തരത്തിലും വലുപ്പത്തിലുമുള്ള നിരവധി ഇനങ്ങള്‍ രൂപപ്പെട്ടുവെങ്കിലും ക്രിട്ടേഷ്യസിന്റെ അവസാന ഘട്ടത്തോടെ ഇവ അപ്രത്യക്ഷമായി.

സെറാറ്റോപ്സിഡുകളില്‍പ്പെടുന്ന ട്രൈസെറാറ്റോപ്പു(Triceratops)കള്‍ ആറുമീറ്ററോളം നീളമുള്ളവയായിരുന്നു. ഇവയില്‍ ചിലതിന് മൂക്കിന്മേല്‍ ഒരു കൊമ്പു കാണപ്പെട്ടിരുന്നു. ചിലവ, രണ്ടു കണ്ണുകള്‍ക്കും മുകളിലായി ഒന്നോ അതിലധികമോ കൊമ്പുകളോടുകൂടിയവയായിരുന്നു. ട്രൈസെറാറ്റോപ്പുകളിലെല്ലാം കഴുത്തിനെ മറയ്ക്കത്തക്ക വിധത്തിലുള്ള ഒരു അസ്ഥിമടക്കുപാളി (frill) പ്രകടമായിരുന്നു. കഴുത്തിന്റെ സംരക്ഷണത്തിന് എന്നതിനുപരി വലുപ്പംകൂടിയ താടിയെല്ലിന്റെ പേശീസംയോജന ഭാഗമായിട്ടാണ് ഇത് വര്‍ത്തിച്ചിരുന്നത്. ഇവയുടെ ചുണ്ടും അണപ്പല്ലും വൃക്ഷങ്ങളുടെ തടിപോലും കടിച്ചുതിന്നാന്‍ പ്രാപ്തമായിരുന്നു എന്നുവേണം കരുതാന്‍.

ദിനോസോറുകളുടെ വംശനാശം. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ അന്ത്യത്തോടെ ദിനോസോറുകള്‍ അപ്രത്യക്ഷമായി. അടുത്തകാലംവരെ ഇവ അസ്തമിതമാകാനുള്ള കാരണങ്ങളെക്കുറിച്ച് തീരുമാനത്തിലെത്താന്‍ ശാസ്ത്രകാരന്മാര്‍ക്കു കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പഠനങ്ങള്‍ ദിനോസോറുകള്‍ പെട്ടെന്ന് ചത്തൊടുങ്ങുകയായിരുന്നു എന്നു വ്യക്തമാക്കി. കാലാവസ്ഥ, സമുദ്രതാപനില എന്നിവയിലുണ്ടായ വ്യതിയാനങ്ങള്‍ ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തോടെ ദിനോസോറുകള്‍ അസ്തമിതമാകാനിടയാക്കി. ഏകദേശം 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ പതിച്ച ഉല്‍ക്കകളോ വാല്‍നക്ഷത്രങ്ങളോ ഉണ്ടാക്കിയ കാലാവസ്ഥാമാറ്റങ്ങളാവാം ദിനോസോറുകളുടെ വംശനാശത്തിന് വഴിവച്ചതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ദിനോസോറുകള്‍ അപ്രത്യക്ഷമായതോടെ പാലിയോസീന്‍ കാലഘട്ടത്തില്‍ത്തന്നെ (സീനോസോയിക കാലഘട്ടത്തിന്റെ ആദ്യഘട്ടം) സസ്തനികള്‍ പ്രത്യക്ഷമാവുകയും ചെയ്തു.

ദിനോസോറുകള്‍ ചത്തൊടുങ്ങിയ അതേ കാലത്തുതന്നെ കടലിലും കരയിലും നിരവധിയിനം ജീവികള്‍ വിലുപ്തമായി. ക്രിട്ടേഷ്യസ് കാലഘട്ടത്തിനോടടുത്ത കാലങ്ങളിലൊന്നുംതന്നെ ഭൂമിയില്‍ 25 കിലോഗ്രാമിലധികം ഭാരമുള്ള ജീവികളുണ്ടായിരുന്നില്ല. ആഴം കുറഞ്ഞ സമുദ്രങ്ങളില്‍നിന്ന് ഭീമാകാര ഉരഗങ്ങളായ മോസസോറുകള്‍ (Mosasaurs), പ്ലിസിയോസോറുകള്‍ (Plesiosaurs), ഡോള്‍ഫിനുകളെപ്പോലെയുള്ള ഇക്തിയോസോറുകള്‍ (Ichthyosaurs) എന്നിവ പെട്ടെന്ന് അപ്രത്യക്ഷമായി. പാലിയോസീന്‍ യുഗത്തില്‍ എല്ലാ സമുദ്രങ്ങളിലെയും ഏകകോശ ജലജീവികള്‍പോലും അസ്തമിതമായതായി രേഖകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍