This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാദായിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:13, 27 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാദായിസം

Dadaism

ഒരു പാശ്ചാത്യ കലാസാഹിത്യപ്രസ്ഥാനം. ഒന്നാം ലോകയുദ്ധകാലത്തുണ്ടായ യുക്തിഹീനമായ അക്രമപ്രവണതകളെ എതിര്‍ത്തുകൊണ്ടാണ് ഈ പ്രസ്ഥാനം നിലവില്‍വന്നത്. സാന്മാര്‍ഗിക മൂല്യങ്ങളെയും കലാമൂല്യങ്ങളെയും ലോകയുദ്ധം അര്‍ഥശൂന്യമാക്കി എന്ന് ദാദായിസ്റ്റുകള്‍ കരുതി. ഫ്രഞ്ച് ഭാഷയില്‍ 'വിനോദക്കുതിര' എന്നര്‍ഥം വരുന്ന ദാദാ എന്ന പദമാണ് പ്രസ്ഥാനത്തിന്റെ പേരിന് ആസ്പദം.

ദാദായിസം:ലോഗോ

നിലവിലുള്ള നിയമങ്ങളെ പാടേ അവഗണിച്ചുകൊണ്ട് ദാദായിസ്റ്റുകള്‍ കലാസൃഷ്ടി നടത്തി. യഥാതഥമായിട്ടുള്ളത് ഭാവന മാത്രമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ദാദായിസത്തെ ശൂന്യതാവാദവുമായി താരതമ്യപ്പെടുത്താറുണ്ടെങ്കിലും സുചിന്തിതമായ അമുക്തികതയാണ് ഇതിനു പിന്നിലുള്ളതെന്നും അഭിപ്രായമുണ്ട്. മനസ്സിന്റെ അജ്ഞാത മേഖലകളിലേക്കു കടന്ന് സ്വാതന്ത്യ്രാനുഭവം കൈവരുത്താനുള്ള ശ്രമമാണ് ദാദായിസ്റ്റുകള്‍ നടത്തിയത്.

ദാദാശൈലിയിലുള്ള പെയിന്‍റിങ്ങ്

ഒന്നാം ലോകയുദ്ധകാലത്ത് സൂറിച്ചിലാണ് ദാദായിസത്തിന്റെ ആദ്യകിരണങ്ങള്‍ കണ്ടുതുടങ്ങിയത്. ജര്‍മന്‍ നാടകകൃത്തായ ഹ്യൂഗോ ബാള്‍, കവിയായ റിച്ചാഡ് ഹ്യൂല്‍സന്‍ ബെക്ക്, റൊമേനിയന്‍ ചിത്രകാരനായ മാഴ്സല്‍ ജാങ്കോ, കവിയായ ട്രിസ്റ്റന്‍ സാറാ മുതലായവര്‍ ചേര്‍ന്ന് 'കാബറെ വോള്‍ട്ടയര്‍' എന്ന പേരില്‍ ഒരു തിയെറ്ററിനു രൂപംനല്കിക്കൊണ്ട് സാഹിത്യസമ്മേളനങ്ങള്‍ക്കും ചിത്രപ്രദര്‍ശനങ്ങള്‍ക്കും ഇടമൊരുക്കി. നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്ന കലാപരിപാടികളും ചിത്രപ്രദര്‍ശനങ്ങളും നടത്തി ജനങ്ങളെ ആകര്‍ഷിച്ചു. ആര്‍പ്, ജോര്‍ജിയോ ഡിഷിറിക്കോ, മാക്സ് ഏണ്‍സ്റ്റ്, വാസ്സിലി കാന്റിന്‍സ്കി, പോള്‍ക്ളി, പാബ്ലോ പിക്കാസോ മുതലായവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഹ്യൂല്‍സന്‍ ബെക്കിന്റെയും സാറായുടെയും രചനകള്‍ക്ക് ചിത്രം വരച്ച ആര്‍പ് വര്‍ണക്കടലാസ്സുകഷണങ്ങള്‍ അയുക്തികമായി നിരത്തി കൊളാഷുകള്‍ നിര്‍മിച്ചു. 1918-ല്‍ സാറാ എന്ന കവി ദാദായിസത്തിന്റെ മാനിഫെസ്റ്റോ തയ്യാറാക്കി.

1915-ല്‍ ന്യൂയോര്‍ക്കിലെത്തിയ മാര്‍ഷല്‍ ഡൂഷാംപ് ആണ് ദാദായിസത്തിന്റെ മുന്‍ഗാമിയായി മാറിയത്. 'റെഡിമെയ്ഡ്' എന്ന പേരില്‍ പല ഉപകരണങ്ങളും കലാസൃഷ്ടികളാക്കി മാറ്റിയ ഡൂഷാംപ് ഒരു അബ്സ്ട്രാക്റ്റ് ചലച്ചിത്രം നിര്‍മിക്കുകയും ചില നിരൂപണമാസികകള്‍ എഡിറ്റ് ചെയ്യുകയുമുണ്ടായി. ഇതിനു പുറമേ, സുഹൃത്തായ ഫ്രാന്‍സിസ് പിക്കാബിയായുമായി ചേര്‍ന്ന് 'ദാദാ റിവ്യു 291'-നു വേണ്ടിയും പ്രയത്നിച്ചു.

1919-ല്‍ മാക്സ് ഏണ്‍സ്റ്റ് സുഹൃത്തായ ആര്‍പുമായി ചേര്‍ന്ന് കൊളോണില്‍ ദാദായിസത്തിന് ആരംഭം കുറിച്ചു. ഏണ്‍സ്റ്റിന്റെ കൊളാഷുകളും ജര്‍മനിയിലെ കര്‍ട്ട് ഷ്വിറ്റേഴ്സിന്റെ കൊളാഷ് ചിത്രരചനകളും ദാദായിസത്തിന് പുത്തനുണര്‍വ് നല്കി. 1922-ല്‍ പാരിസിലെ മൊണ്‍ടെയ് ന്‍ ഗ്യാലറിയില്‍ ഒരു ദാദാസലോണ്‍ ആരംഭിച്ചതോടെ അവിടെ ദാദായിസ്റ്റുകളുടെ സംഘടിതമായ പ്രവര്‍ത്തനം രൂപംകൊണ്ടു.

ലൂയി ആരഗണ്‍, ആന്ദ്രെ ബ്രെറ്റന്‍, പോള്‍ എലുഡ് ഫിലിപ്പ് സോപാള്‍ട്ട് മുതലായവരുടെ രചനകളിലൂടെ ഫ്രാന്‍സിലെ സാഹിത്യരംഗത്തും ദാദായിസം പ്രകടമായി. 1919 മുതല്‍ ഇവരുടെ മേല്‍നോട്ടത്തില്‍ റിവ്യൂ ലിറ്ററേച്ചര്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ സാഹിത്യകാരന്മാര്‍ പില്ക്കാലത്ത് സര്‍റിയലിസത്തിലേക്ക് വഴിമാറുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍