This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാവെ, ജയന്ത്കൃഷ്ണ (1909 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:02, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദാവെ, ജയന്ത്കൃഷ്ണ (1909 - )

ഗുജറാത്തി പണ്ഡിതനും സാഹിത്യകാരനും. ഹിന്ദിയിലും ഇംഗ്ലീഷിലുംകൂടി സാഹിത്യരചനയിലേര്‍പ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ മുപ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയന്ത്കൃഷ്ണ ദാവെ 1909 ആഗ. 31-ന് സൂററ്റില്‍ ജനിച്ചു. ഗുജറാത്തിയിലും സംസ്കൃതത്തിലും എം.എ. ബിരുദങ്ങള്‍ നേടിയതോടൊപ്പം എല്‍എല്‍.ബി. ബിരുദവും സമ്പാദിക്കുകയുണ്ടായി. കൂടാതെ മഹോപാധ്യായ, വിദ്യാവാചസ്പതി ബിരുദങ്ങളും നേടി. ധര്‍മശാസ്ത്രവിഷയങ്ങള്‍ സംസ്കൃത വിദ്യാര്‍ഥികളെയും നിയമവിദ്യാര്‍ഥികളെയും പഠിപ്പിച്ച ഇദ്ദേഹം 1970 മുതല്‍ മഹാരാഷ്ട്രയിലെ കേന്ദ്രീയ സംസ്കൃത ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. സുപ്രീംകോടതി വക്കീല്‍, ബന്ദവാര ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം, നിയമം, സാഹിത്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് ജയന്ത്കൃഷ്ണ ദാവെ. ഭാരതീയ വിദ്യാഭവന്‍ സീരീസ്സിന്റെ ജനറല്‍ എഡിറ്റര്‍, സമര്‍പ്പണ്‍ ഗുജറാത്തി പാക്ഷികത്തിന്റെയും സംവാദ് സംസ്കൃത ത്രൈമാസികത്തിന്റെയും എഡിറ്റര്‍, ഭവന്‍സ് ജേര്‍ണലിന്റെ മാനേജിങ് എഡിറ്റര്‍, ഗവണ്മെന്റ് ഒഫ് ഇന്ത്യ സംസ്കൃത കമ്മീഷന്‍ മെമ്പര്‍ (1959-65) എന്നീ നിലകളിലുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.

സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ സാഹിത്യസൃഷ്ടി നടത്തിയ ദാവെയുടെ സംസ്കൃത കവിതാസമാഹാരങ്ങള്‍ സോമ-സ്ഥാവരാജയും പുഷ്പാഞ്ജലിയുമാണ്. വ്യവഹാരപ്രകാശ, മനുസ്മൃതി എന്നിവ വ്യാഖ്യാനങ്ങളും മന്ത്രികര്‍മചന്ദപ്രബന്ധ ജീവചരിത്രവും രഘുവിലാസ നാടകവുമാണ്. കൗമുദീമിത്രാനന്ദ, മല്ലികാമാര്‍ക്കണ്ഡ എന്നിവയാണ് മറ്റു നാടകങ്ങള്‍. മന്ത്രരാജ രഹസ്യ ജൈനകൃതിയെ അധികരിച്ചുള്ള രചനയാണ്. ഇംഗ്ലീഷില്‍ രചിച്ച ഇമ്മോര്‍ട്ടല്‍ ഇന്ത്യ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഗുജറാത്തി സാഹിത്യചരിത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് ഗുജറാത്തി സാഹിത്യ കാ ഇതിഹാസ്. ശക്തിതന്ത്ര, ശിവതത്ത്വ എന്നിവ ഗുജറാത്തി ഭാഷയിലെഴുതിയ ഉപന്യാസങ്ങളുടെ സമാഹാരങ്ങളാണ്. പ്രശ്ന, മുണ്ഡക, മാണ്ഡൂക്യ ഉപനിഷത്തുകളുടെ വ്യാഖ്യാനങ്ങളും ഇദ്ദേഹം ഗുജറാത്തിഭാഷയില്‍ എഴുതിയിട്ടുണ്ട്.

ദാവെ ഹിന്ദുനിയമത്തെക്കുറിച്ച് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണം നടത്തുകയും ഇംഗ്ലണ്ട്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പഠനപര്യടനങ്ങള്‍ നടത്തുകയും ചെയ്തു. സംസ്കൃത പണ്ഡിതനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്, ഗുര്‍ജറ രത്ന തുടങ്ങിയ ബഹുമതികളും ഈ ബഹുഭാഷാപണ്ഡിതന് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍