This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദര്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:53, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാമോദര്‍ നദി

Damodar river

ഇന്ത്യയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന ഒരു നദി. ബിഹാറിലെ ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍നിന്ന് ഉദ്ഭവിക്കുന്ന ദാമോദര്‍ നദിക്ക് ഉദ്ദേശം 596 കി.മീ. നീളമുണ്ട്. ഉദ്ഭവസ്ഥാനത്തുനിന്ന് പശ്ചിമ ബംഗാളിലൂടെ തെക്കുകിഴക്ക് ദിശയിലൊഴുകുന്ന ഈ നദി കൊല്‍ക്കത്തയ്ക്കു സമീപത്തുവച്ച് ഹൂഗ്ലി നദിയില്‍ ചേരുന്നു. പശ്ചിമബംഗാള്‍ സംസ്ഥാനത്തിലെ പ്രധാന ഭൂപ്രദേശമായ പടിഞ്ഞാറന്‍ ഉന്നത തടങ്ങളിലൂടെയാണ് ദാമോദര്‍ മുഖ്യമായും പ്രവഹിക്കുന്നത്. നദിയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നതിനാല്‍ ഈ നദിയെ 'ബംഗാളിന്റെ ദുഃഖം' എന്നു വിശേഷിപ്പിക്കാറുണ്ട്.

ബാറാകര്‍, ബൊകാറോ, കോനാര്‍ എന്നിവയാണ് ദാമോദര്‍ നദിയുടെ പ്രധാന പോഷക നദികള്‍. ദാമോദറും അതിന്റെ പോഷകനദികളും ചേര്‍ന്ന് ഏതാണ്ട് 20,700 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. ഇന്ത്യയിലെ മുഖ്യ ജലവൈദ്യുത പദ്ധതികളിലൊന്നായ ദാമോദര്‍ വാലി പദ്ധതി സ്ഥിതിചെയ്യുന്നത് ഈ നദിയിലാണ്.

ബംഗാളിലൂടെ ഒഴുകുന്ന ദാമോദറും ദ്വാരകേശ്വരാ നദിയും ഇടയ്ക്കിടെ പ്രവാഹദിശ മാറ്റുന്നു. ഈ ദിശാമാറ്റത്തിനനുസൃതമായി ദാമോദറും ഹൂഗ്ലി നദിയുമായുള്ള സംഗമസ്ഥാനത്തിനും വ്യതിയാനം സംഭവിക്കുന്നുണ്ട്. തെക്കന്‍ ദിശയിലേക്കുള്ള നദിയുടെ പ്രവാഹദിശാവ്യതിയാനം ഹൂഗ്ലി ചാനല്‍ അവസാദങ്ങളാല്‍ മൂടപ്പെടുവാന്‍ കാരണമായിട്ടുണ്ട്.

ദാമോദര്‍ നദിയാല്‍ ജലസിക്തമാക്കപ്പെടുന്ന ഗ്രാമങ്ങളധികവും ജനസാന്ദ്രതയിലും കാര്‍ഷികോത്പാദനത്തിലും മുന്നിലാണ്. ഈ പ്രദേശത്ത് നെല്ലും പച്ചക്കറികളുമാണ് പ്രധാനമായും കൃഷിചെയ്യുന്നത്. നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ഇന്ത്യയിലെ പ്രധാന കല്‍ക്കരിപ്പാടങ്ങള്‍ സ്ഥിതിചെയ്യുന്നു. ഈ മേഖലയിലെ അസന്‍സോള്‍-ദുര്‍ഗാപൂര്‍ പ്രദേശം ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യാവസായിക മേഖലയാണ്.

1948-ല്‍ ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ നിര്‍മാണം പൂര്‍ത്തിയായി. ജലവൈദ്യുതോത്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം, നാവിക ഗതാഗതം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍