This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്തവിജ്ഞാനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:03, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ദന്തവിജ്ഞാനീയം

Dentistry


മനുഷ്യന്റെ പല്ലുകള്‍, താടിയെല്ലുകള്‍, വായ്, അനുബന്ധ അവയവങ്ങള്‍ എന്നിവയുടെ ഉദ്ഭവം, വളര്‍ച്ച, ഘടന, പ്രവര്‍ത്തനം, രോഗങ്ങള്‍, ചികിത്സ, രോഗപ്രതിരോധം എന്നീ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രശാഖ. ദന്തക്ഷയം, വേദന എന്നിവ അകറ്റുക, സാമാന്യമായ ആരോഗ്യത്തെ സഹായിക്കുന്ന വിധത്തില്‍ പല്ലുകളെ സംരക്ഷിക്കുക, ആഹാരം ചവച്ച് കഴിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുക, ഉച്ചാരണവും സംസാരശേഷിയും മെച്ചപ്പെടുത്തുക, ദന്തക്രമീകരണത്തിലൂടെ മുഖത്തിന്റെ ഭംഗി കൂട്ടുക എന്നീ ലക്ഷ്യങ്ങളാണ് ഈ വൈദ്യശാസ്ത്രശാഖയ്ക്കുള്ളത്.


ചരിത്രം

ചരിത്രാതീത കാലത്തുതന്നെ മനുഷ്യര്‍ക്ക് ദന്തരോഗങ്ങള്‍ ബാധിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട് ദന്തരോഗങ്ങളുടെ തെളിവുകള്‍ അവശേഷിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആധുനിക മനുഷ്യരില്‍ പൊതുവേ കണ്ടുവരുന്ന ദന്തരോഗങ്ങള്‍ പ്രാചീന മനുഷ്യരില്‍ അത്ര വ്യാപകമായിരുന്നില്ല. വേവിക്കാത്തതും കട്ടി കൂടിയതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ ആഹരിക്കുകമൂലം ഉണ്ടാകുന്ന ദന്തക്ഷയമായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്.

പല്ലുവേദനയെക്കുറിച്ചുള്ള ഏറ്റവും പുരാതന ലിഖിതങ്ങള്‍ മെസപ്പൊട്ടേമിയയില്‍നിന്നു ലഭിച്ച സുമേറിയന്‍ കളിമണ്‍ ഫലകങ്ങളിലാണ് കണ്ടുകിട്ടിയത്. ബി.സി. 2500-ഓളം പഴക്കമുള്ള ഇവയില്‍ മരുന്നുകളും യന്ത്രങ്ങളും മന്ത്രങ്ങളും ഉപയോഗിച്ച് പല്ലുവേദന ചികിത്സിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുഴുക്കള്‍ ദന്തക്ഷയത്തിന് കാരണമാകുമെന്നും ഇതില്‍ പ്രസ്താവിച്ചിരിക്കുന്നു. വായിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ദന്തധാവനത്തിനുപയോഗിക്കുന്ന ഔഷധക്കമ്പുകളെക്കുറിച്ചും ഹൈന്ദവ വേദങ്ങളില്‍ പരാമര്‍ശമുണ്ട്. പുരാതന ചൈനയില്‍ ബി.സി. 2700-ല്‍ത്തന്നെ പല്ലുവേദനയ്ക്ക് അക്യുപങ്ചര്‍ ചികിത്സ നടത്തിയിരുന്നു. ബൈബിള്‍ പഴയനിയമത്തിലും ആരോഗ്യമുള്ള പല്ലുകളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഹീബ്രു വിഭാഗക്കാര്‍ പല്ലുവേദനയ്ക്ക് വിനാഗിരി പുരട്ടിയിരുന്നതായും സ്വര്‍ണം, വെള്ളി, തടി എന്നിവകൊണ്ടുള്ള കൃത്രിമ ദന്തങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ഈജിപ്തില്‍ ബി.സി. സു. 3700-ല്‍ത്തന്നെ ഒരു വൈദ്യശാസ്ത്രശാഖ എന്ന നിലയില്‍ ദന്തചികിത്സ വികസിച്ചുതുടങ്ങിയിരുന്നു എന്ന് ബി.സി. 1500-ല്‍ എഴുതപ്പെട്ടതും 1875-ല്‍ ജോര്‍ജ് എമ്പര്‍സ് കണ്ടെത്തിയതുമായ എമ്പര്‍സ് പാപിറസ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു. താടിയെല്ലുകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും വായിലുണ്ടാകുന്ന വ്രണങ്ങളും ഉള്‍പ്പെടെ എല്ലാ ദന്തരോഗങ്ങള്‍ക്കുമുള്ള പ്രതിവിധികളും ഔഷധങ്ങളും ഈ ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

'ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്' എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് (ബി.സി. 5-4 ശ.) ദന്തരോഗങ്ങളെയും ദന്തചികിത്സയെയും പറ്റിയുള്ള നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല്ലെടുക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമേ ഇദ്ദേഹം കേടുവന്ന പല്ലുകള്‍ നീക്കം ചെയ്യുകയും താടിയെല്ലുകളിലും വായിലും ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തിരുന്നു. ഗാലന്‍ തുടങ്ങിയ അനവധി ഗ്രീക്ക് ഭിഷഗ്വരന്മാര്‍ ദന്തചികിത്സാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. എങ്കിലും അക്കാലത്ത് പല്ലു പറിച്ചിരുന്നത് ബാര്‍ബര്‍മാരും, ആനക്കൊമ്പും മറ്റും ഉപയോഗിച്ച് കൃത്രിമ ദന്തങ്ങള്‍ ഉണ്ടാക്കിയിരുന്നത് ശില്പികളും ആയിരുന്നു.

എ.ഡി. ഒന്നാം ശ.-ത്തില്‍ റോമാക്കാരായ സെല്‍സസ്, പ്ളിനി എന്നിവര്‍ വായിലെ രോഗങ്ങള്‍, പല്ലെടുക്കുന്ന രീതികള്‍, ഞെരുങ്ങിയ പല്ലുകള്‍ ക്രമമാക്കുന്ന വിധം, വായ്നാറ്റം, വായുടെ ശുചിത്വം എന്നീ കാര്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ ആയുര്‍വേദത്തില്‍ വായുടെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശുചിത്വം പരിപാലിക്കേണ്ട വിധങ്ങളെക്കുറിച്ചും ചരകസംഹിതയില്‍ പറയുന്നു. ദന്തരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സാരീതികളെക്കുറിച്ചും സുശ്രുതസംഹിതയിലും വിവരിക്കുന്നുണ്ട്. ദന്തധാവന ചൂര്‍ണങ്ങളും ദന്തധാവനത്തിനുള്ള പ്രകൃതിദത്ത ഉപകരണങ്ങളും പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. മേല്‍വായിലെ ദന്തമൂലാഗ്രത്തില്‍ പഴുപ്പ് കെട്ടിയാല്‍ അത് മസ്തിഷ്കത്തെ ബാധിക്കാന്‍ ഇടയുണ്ടന്ന വസ്തുത ആയുര്‍വേദാചാര്യന്മാര്‍ക്ക് അറിവുണ്ടായിരുന്നു.

മധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍ യൂറോപ്പില്‍നിന്ന് ഈ രംഗത്ത് കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ അറബി ഭിഷഗ്വരന്മാര്‍ (റേസസ്, അബുല്‍ കാസിസ്) പല്ല് തേക്കുന്നതിന് കുഴമ്പും സുഷിരങ്ങള്‍ നിറയ്ക്കുന്നതിന് ലോഹപദാര്‍ഥങ്ങളും ശുപാര്‍ശ ചെയ്തിരുന്നു. ദന്തമാലിന്യം പല്ലുകള്‍ക്ക് ദോഷമുണ്ടാക്കുമെന്നും അവര്‍ സമര്‍ഥിച്ചു. എ.ഡി. 1300-1700 വരെ ഇംഗ്ളണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാര്‍ബര്‍മാരായിരുന്നു പല്ലുപറിച്ചിരുന്നത്. 1308-ല്‍ ഇവര്‍ രൂപവത്കരിച്ച ഒരു സംഘടന 400 വര്‍ഷത്തോളം നിലനിന്നിരുന്നു. ദന്തചികിത്സക്കായി ഇവര്‍ പല തരത്തിലുള്ള ഉപകരണങ്ങള്‍ നിര്‍മിച്ച് ഉപയോഗിച്ചിരുന്നു. ദൃഢമായ വേരുകളുള്ള പല്ലുകള്‍ വലിച്ചെടുക്കുന്നതിനുള്ള ലീവറും പെലിക്കനും ഇതിനുദാഹരണങ്ങളാണ്. നവോത്ഥാന കാലഘട്ടം ആരോഗ്യരംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവവും ജന്തുശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ശരീരശാസ്ത്രം, ശരീരക്രിയാശാസ്ത്രം തുടങ്ങിയ ശാസ്ത്രമേഖലകളിലുണ്ടായ കണ്ടുപിടിത്തങ്ങളും ദന്തചികിത്സയ്ക്ക് ശാസ്ത്രീയ അടിത്തറ പാകി.

വൈദ്യശാസ്ത്രത്തിന്റെ ഒരു വിഭാഗമായി ദന്തവിജ്ഞാനീയ പഠനം ആരംഭിച്ചത് ഫ്രാന്‍സിലാണ്. 1700-ല്‍ സര്‍ജന്‍മാരുടെ കോളജില്‍ രണ്ടുവര്‍ഷത്തെ പാഠ്യപദ്ധതിയും തുടര്‍ന്നുള്ള പരീക്ഷയും പ്രവൃത്തിപരിചയവും ദന്തചികിത്സകര്‍ക്ക് നിര്‍ബന്ധിതമാക്കി. 1728-ല്‍ പിയര്‍ ഫോഷാര്‍ഡ് എന്ന ദന്തഡോക്ടര്‍ ദ് സര്‍ജന്‍ ഡെന്റിസ്റ്റ് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയത് ആധുനിക ഡെന്റിസ്ട്രിയുടെ തുടക്കം കുറിച്ചു. ഇദ്ദേഹത്തെ ആധുനിക ഡെന്റിസ്ട്രിയുടെ പിതാവായി കരുതിവരുന്നു. 1789-ല്‍ ഡ്യൂബോ ഡി ഷിമാന്‍ഡ് പോഴ്സലേന്‍കൊണ്ട് കൃത്രിമ ദന്തങ്ങള്‍ ഉണ്ടാക്കി. കൂടാതെ ഞെരുങ്ങിനില്ക്കുന്ന പല്ലുകള്‍ അകറ്റുന്നതിന് ബാന്‍ഡ്ലെറ്റ് (bandelette) എന്ന ഉപകരണം നിര്‍മിക്കുകയും ചെയ്തു.

ഫ്രാന്‍സിന്റെ ചുവടുപിടിച്ച് യൂറോപ്പിന്റെ ഇതരഭാഗങ്ങളിലും ദന്തസംരക്ഷണ-ദന്തചികിത്സാ രംഗങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവുകയും അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമാവുകയും ചെയ്തു. പല്ല് പറിക്കുവാന്‍ 'ഇംഗ്ളിഷ് കീ' അഥവാ ടേണ്‍കീ (Turnkey) എന്ന പുതിയ ഉപകരണം വികസിപ്പിച്ചെടുത്തതാണ് 18-ാം ശ.-ത്തില്‍ യൂറോപ്പില്‍ ഈ രംഗത്തുണ്ടായ പ്രധാന നേട്ടം. പെലിക്കനെയും ലീവറിനെയും വളരെവേഗം പ്രതിസ്ഥാപിക്കുന്നതിന് ഈ ഉപകരണത്തിനു സാധിച്ചു.

19-ാം ശ.-ത്തില്‍ നൂതന ചികിത്സാരീതികളും ഉപകരണങ്ങളും പദാര്‍ഥങ്ങളും കണ്ടുപിടിക്കപ്പെട്ടു. വേദന കൂടാതെ ശസ്ത്രക്രിയ ചെയ്യുവാനുള്ള ബോധഹരണൌഷധങ്ങളുടെ കണ്ടുപിടിത്തം ഈ രംഗത്തെ ഒരു നാഴികക്കല്ലാണ്. ഹോറേസ് വെല്‍സ്, വില്യം മോര്‍ട്ടന്‍ എന്നീ ദന്തഡോക്ടര്‍മാരാണ് നൈട്രസ് ഓക്സൈഡും ഈഥറും ഉപയോഗിച്ച് വേദന കൂടാതെ ശസ്ത്രക്രിയ ചെയ്യാമെന്ന് ആദ്യം തെളിയിച്ചത്. പൊതുജനമധ്യത്തില്‍വച്ച് പല്ലെടുത്താണ് ഈ രാസപദാര്‍ഥങ്ങളുടെ ബോധഹരണസ്വഭാവം ഇവര്‍ വ്യക്തമാക്കിയത്. മോണയില്‍ കുത്തിവച്ച് മരവിപ്പിക്കുന്ന മരുന്നുകള്‍ (നോവാകെയ് ന്‍, ലിഗ്നോകെയ് ന്‍) കണ്ടുപിടിച്ചത് 19-ാം ശ.-ത്തിന്റെ അവസാനമാണ്. ഇക്കാലത്തുതന്നെയാണ് ഇ.വി. ബ്ലാക്ക് എന്ന ഭിഷഗ്വരന്‍ ദന്തസുഷിരങ്ങളുടെ പൂരണത്തിനായി സില്‍വര്‍ അമാല്‍ഗം അലോയ് രൂപപ്പെടുത്തിയത്.

1919-ല്‍ അമേരിക്കന്‍ ആര്‍മിയുടെ ആവശ്യപ്രകാരം അമേരിക്കന്‍ നാഷണല്‍ സ്റ്റാന്‍ഡേഡ്സ് എന്ന സ്ഥാപനം ദന്തചികിത്സയ്ക്ക് ഉപയോഗിക്കുന്ന എല്ലാ പദാര്‍ഥങ്ങള്‍ക്കും ഗുണനിലവാരം നിര്‍ദേശിച്ചു. കൂടാതെ ഔഷധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ യോഗ്യതയും നിശ്ചയിക്കപ്പെട്ടു. 1928-ല്‍ അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ സര്‍ക്കാര്‍ സഹയാത്തോടെ ഡെന്റിസ്ട്രിയില്‍ ഗവേഷണ പരമ്പരകള്‍തന്നെ ആരംഭിച്ചു. അനേകം ദന്തല്‍ കോളജുകള്‍ തുടങ്ങുകയും ദന്തചികിത്സ നടത്തണമെങ്കില്‍ 'ഡോക്ടര്‍ ഒഫ് ഡെന്റല്‍ സര്‍ജറി' എന്ന അടിസ്ഥാനബിരുദം നിര്‍ബന്ധിതമാക്കുകയും ചെയ്തു.

ഇംഗ്ലണ്ടില്‍ 1930-ല്‍ റോയല്‍ കോളജ് ഒഫ് സര്‍ജന്‍സ് എന്ന സ്ഥാപനത്തില്‍ 'ലൈസെന്‍ഷ്യേറ്റ് ഒഫ് ഡെന്റല്‍ സര്‍ജറി ഒഫ് ദ് റോയല്‍ കോളജ് ഒഫ് സര്‍ജന്‍സ്' (LDSRCS) എന്ന അടിസ്ഥാന ദന്തല്‍ ബിരുദത്തിന് നാലുവര്‍ഷത്തെ പാഠ്യക്രമം ഏര്‍പ്പെടുത്തി. 1940-നുശേഷം ബിരുദാനന്തരബിരുദമായി 'ഫെലോ ഒഫ് ഡെന്റല്‍ സര്‍ജന്‍ ഒഫ് ദ് റോയല്‍ കോളജ് ഒഫ് സര്‍ജന്‍സ്' (FDSRCS) എന്ന ദ്വിവര്‍ഷ പാഠ്യപദ്ധതിയും ഏര്‍പ്പെടുത്തി. ഇതേ സമയത്ത് അമേരിക്കയില്‍ ഡെന്റിസ്ട്രിയില്‍ പല ശാഖകള്‍ ഉണ്ടാവുകയും അതിലോരോന്നിലും ബിരുദാനന്തരബിരുദ (MS) പഠനക്രമം നിലവില്‍വരികയും ചെയ്തു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സോവിയറ്റ് റഷ്യയിലും ഇതേ വിധത്തിലുള്ള വികാസം ഉണ്ടായി. പക്ഷേ, ചൈനയില്‍ വളരെക്കാലം പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള്‍തന്നെയാണ് നിലനിന്നിരുന്നത്.

ഭാരതത്തില്‍, 1948-ല്‍ ഇന്ത്യന്‍ ഡെന്റിസ്റ്റ് ആക്റ്റ് (Indian Dentist Act) നിലവില്‍ വന്നു. ഇതനുസരിച്ച് ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സിലും സംസ്ഥാന കൗണ്‍സിലുകളും രൂപവത്കൃതമായി. നിയമാനുസൃതമായ വിദ്യാഭ്യാസവും ദന്തചികിത്സയും ഇതോടെ പ്രാബല്യത്തില്‍ വന്നു. രജിസ്ട്രേഷന്‍ കര്‍ശനമാക്കി. നിയമം നടപ്പിലാക്കിയ സമയത്ത് ദന്തവൈദ്യം തൊഴിലായി സ്വീകരിച്ചിരുന്നവരെ 'ബി' ക്ലാസ് ആയും ദന്തല്‍ ബിരുദധാരികളെ 'എ' ക്ലാസ് ആയും ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നിങ്ങോട്ട് ഡെന്റിസ്ട്രിയില്‍ ബിരുദം നേടിയവര്‍ക്കു മാത്രമേ രജിസ്ട്രേഷന്‍ നല്കുന്നുള്ളൂ.

ഇന്ത്യയില്‍ ആദ്യത്തെ ദന്തല്‍ കോളജ് സ്ഥാപിതമായത് കല്‍ക്കത്തയിലാണ് (1950). ലൈസന്‍ഷിയേറ്റ് ഇന്‍ ഡെന്റല്‍ സര്‍ജറി (ഡി എസ്) എന്ന ഡിപ്ലോമയാണ് ആദ്യമായി ആരംഭിച്ചത്. രണ്ടുവര്‍ഷത്തിനുശേഷം ഇതു നിറുത്തലാക്കിക്കൊണ്ട് ബാച്ചിലര്‍ ഒഫ് ഡെന്റല്‍ സര്‍ജറി (ബി.ഡി. എസ്.) എന്ന ബിരുദ പാഠ്യക്രമം ആരംഭിച്ചു. 1958-59 ഓടെ മിക്കവാറും സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഓരോ ദന്തല്‍ കോളജ് വീതം സ്ഥാപിച്ചു. സ്വകാര്യമേഖലയിലും ദന്തല്‍ കോളജുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോളജുകളുടെ നിലവാരം പരിശോധിക്കുന്നതും അംഗീകാരം നല്കുന്നതും ദന്തല്‍ കൌണ്‍സില്‍, കേന്ദ്രസര്‍ക്കാര്‍, ബന്ധപ്പെട്ട സര്‍വകലാശാല, സംസ്ഥാന സര്‍ക്കാര്‍ എന്നീ കാര്യനിര്‍വഹണകേന്ദ്രങ്ങളാണ്. ഡെന്റിസ്ട്രിയുടെ ഒരു പ്രത്യേക ശാഖയില്‍ വിദഗ്ധ പരിശീലനം നേടുന്നതിനായി ബിരുദാനന്തര ബിരുദം (എം.ഡി.എസ്.) ആദ്യമായി ആരംഭിച്ചത് ബോംബെ സര്‍വകലാശാലയിലാണ് (1960). ദന്തല്‍ കോളജുകളില്‍ ബിരുദത്തിന് അനുബന്ധമായി ദ്വിവര്‍ഷ ദന്തല്‍ ടെക്നീഷ്യന്‍, ദന്തല്‍ ഹൈജീനിസ്റ്റ്, ദന്തല്‍ അസിസ്റ്റന്റ് എന്നീ കോഴ്സുകള്‍ നിലവില്‍വന്നു. ദന്തഡോക്ടറെ സഹായിക്കാന്‍ ഇവരുടെ സേവനം അത്യാവശ്യമാണ്.

പാഠ്യക്രമം

ശാസ്ത്രീയമായ ദന്തചികിത്സയ്ക്ക് വായുടെയും അനുബന്ധ അവയവങ്ങളുടെയും ഘടനയും ധര്‍മവും രോഗാവസ്ഥയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും മാത്രം പഠനവിധേയമാക്കിയാല്‍ മതിയാവുകയില്ല. ദന്തവിദ്യാര്‍ഥിക്ക് പൊതുവായ ശരീരശാസ്ത്രത്തെപ്പറ്റി വ്യക്തമായ അറിവുണ്ടായിരിക്കണം. ശരീരശാസ്ത്രം , എംബ്രിയോളജി, ഹിസ്റ്റോളജി, ശരീരധര്‍മശാസ്ത്രം, ജൈവരസതന്ത്രം, സാമാന്യ ഔഷധശാസ്ത്രം, സൂക്ഷ്മാണു ജീവശാസ്ത്രം, സാമാന്യ ശസ്ത്രക്രിയാശാസ്ത്രം എന്നീ വിഷയങ്ങളുടെ സാമാന്യപഠനം ഡെന്റിസ്ട്രിയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീക്ലിനിക്കല്‍ വിഷയങ്ങള്‍

ദന്തല്‍ വിഷയങ്ങളെ ചികിത്സ തുടങ്ങുന്നതിനുമുമ്പുള്ള പ്രീക്ലിനിക്കല്‍ ദന്തല്‍ വിഷയങ്ങളെന്നും ചികിത്സിക്കുന്നതിനുള്ള ക്ളിനിക്കല്‍ ദന്തല്‍ വിഷയങ്ങളെന്നും വിഭജിച്ചിരിക്കുന്നു. പ്രീക്ളിനിക്കല്‍ ദന്തല്‍ വിഷയങ്ങളില്‍ ദന്തല്‍ പദാര്‍ഥങ്ങള്‍, ദന്തല്‍ അനാട്ടമി, എംബ്രിയോളജി, ഹിസ്റ്റോളജി, ഓറല്‍ പതോളജി, മൈക്രോബയോളജി എന്നിവ ഉള്‍പ്പെടുന്നു.

ദന്ത പദാര്‍ഥങ്ങള്‍ (Dental materials)

ദന്തചികിത്സയില്‍ ഉപയോഗപ്പെടുത്തുന്ന പദാര്‍ഥങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. താത്കാലിക പൂരണത്തിനുപയോഗിക്കുന്ന സിങ്ക് ഓക്സൈഡ് മുതല്‍ അസ്ഥിയില്‍ കുഴിച്ചുവയ്ക്കുന്ന ടൈറ്റാനിയം വരെ അനേകമാണ് ദന്ത പദാര്‍ഥങ്ങള്‍. ഇവ കൂടാതെ അളവുകള്‍ എടുക്കാനും മാതൃകകള്‍ ഉണ്ടാക്കാനും മറ്റനവധി പദാര്‍ഥങ്ങളും ഉപയോഗിച്ചുവരുന്നു. ഇത്തരം പദാര്‍ഥങ്ങളുടെയെല്ലാം ഉപയോഗത്തെയും പ്രയോഗരീതികളെയും കുറിച്ചുള്ള പഠനങ്ങള്‍ ഡെന്റിസ്ട്രിയുടെ പ്രധാന വിഷയമാണ്.

ദന്തല്‍ അനാട്ടമി, എംബ്രിയോളജി, ഹിസ്റ്റോളജി

വായ്, പല്ലുകള്‍, താടിയെല്ലുകള്‍, നാക്ക്, അനുബന്ധ അവയവങ്ങള്‍ എന്നിവയുടെ ഘടന, സൂക്ഷ്മഘടന, ഭ്രൂണദശയിലുള്ള വളര്‍ച്ച എന്നിവയെപ്പറ്റിയുള്ള വിശദമായ പഠനം.

ശൈശവാവസ്ഥയിലെ താത്കാലിക ദന്തങ്ങളെ 'പാല്‍പ്പല്ലുകള്‍' (milk teeth or deciduous teeth) എന്നാണ് പറയുന്നത്. ജനിച്ച് ആറുമാസം മുതല്‍ പാല്‍പ്പല്ലുകള്‍ മുളച്ചുതുടങ്ങുന്നു. രണ്ടര വയസ്സോടെ ഏതാണ്ട് എല്ലാ പാല്‍പ്പല്ലുകളും മുളച്ചുകഴിയും. പാല്‍പ്പല്ലുകള്‍ 20 എണ്ണം ഉണ്ടായിരിക്കും. ഓരോ അണയിലും പത്ത് വീതമാണുള്ളത്. നടുവിലെ ഉളിപ്പല്ല് (central incisor) - 2, വശത്തെ ഉളിപ്പല്ല് (lateral incisor)-2, കോമ്പല്ല് (canine)-2, അണപ്പല്ല് (molar) -4 എന്നിങ്ങനെ. ശിശുവിന് ആറ് വയസ്സാകുമ്പോള്‍ മുതല്‍ പൊഴിയാന്‍ തുടങ്ങുന്ന പാല്‍പ്പല്ലുകള്‍ 12 വയസ്സോടെ പൂര്‍ണമായും പൊഴിഞ്ഞുപോകുന്നു. ഇതേ കാലയളവില്‍(6-12 വയസ്സ്)ത്തന്നെ സ്ഥിര ദന്തങ്ങള്‍ മുളയ്ക്കുകയും ചെയ്യുന്നു. സ്ഥിരദന്തങ്ങള്‍ മുപ്പത്തിരണ്ട് എണ്ണം ആണ്; ഓരോ അണയിലും 16 വീതം. അണയുടെ പകുതിയിലുള്ള പല്ലുകള്‍, നടുവിലെ ഉളിപ്പല്ല് (1), പാര്‍ശ്വ ഉളിപ്പല്ല് (1), കോമ്പല്ല് (1), ചെറിയ അണപ്പല്ല് (2), വലിയ അണപ്പല്ലുകള്‍ (3) എന്നിങ്ങനെ.

ഓറല്‍ പതോളജിയും മൈക്രോബയോളജിയും

വായിലെ തൊലി, നാവ്, താടിയെല്ലുകള്‍, സന്ധികള്‍, ഗ്രന്ഥികള്‍, പല്ലുകള്‍ മുതലായവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍, അണുബാധകള്‍ എന്നിവയെക്കുറിച്ചുള്ള പഠനം. അര്‍ബുദത്തിന് മുന്നോടിയായി ഉണ്ടാകുന്ന വ്രണങ്ങള്‍, ആരംഭത്തില്‍ത്തന്നെ അര്‍ബുദം കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ബയോപ്സി തുടങ്ങിയവയിലും ദന്തഡോക്ടര്‍ക്ക് പരിശീലനം ലഭിക്കുന്നു.

ക്ലിനിക്കല്‍ ദന്തല്‍ വിഷയങ്ങള്‍

ശരീരശാസ്ത്രം, രോഗശാസ്ത്രം, ഔഷധശാസ്ത്രം, ദന്തഘടന, ദന്തപദാര്‍ഥങ്ങള്‍, കൃത്രിമ ദന്തപദാര്‍ഥങ്ങള്‍, വായിലെ രോഗങ്ങള്‍ എന്നിങ്ങനെയുള്ള സാമാന്യ പ്രീക്ലിനിക്കല്‍ വിഷയങ്ങളുടെ പഠനത്തിനുശേഷമാണ് ചികിത്സാവിഭാഗങ്ങളില്‍ അഭ്യസനം നേടുന്നത്. എട്ടുവിഭാഗങ്ങളിലായാണ് പാഠ്യക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

റേഡിയോളജിയും ഓറല്‍ ഡയഗ്നോസിസും

രോഗനിര്‍ണയത്തിനുള്ള വിവിധ ഉപാധികളെക്കുറിച്ചുള്ള പഠനം. റേഡിയോളജിയുടെ വികാസം ദന്തരോഗനിര്‍ണയത്തെ വളരെ ഏറെ സഹായിച്ചിട്ടുണ്ട്. ലളിതമായ എക്സ് റേ മുതല്‍ സീറോ റേഡിയോഗ്രഫി (Xero radiography), പാന്‍ടോമോഗ്രാഫ് (Pantomograph), ഇമേജിങ് (Imaging) എന്നീ നൂതന സാങ്കേതിക സംവിധാനങ്ങള്‍ വരെ പല്ലിന്റെയും എല്ലിന്റെയും അനുബന്ധ അവയവങ്ങളുടെയും രോഗങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നു. രക്തപരിശോധന, ജൈവരസതന്ത്ര പരിശോധനകള്‍, ബയോപ്സി എന്നിവയെ ആശ്രയിച്ചും രോഗനിര്‍ണയം നടത്താം.

ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജറി

വായിലും താടിയെല്ലുകളിലും മുഖത്തും ഉണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയാചികിത്സകള്‍. പല്ലെടുക്കുക, മുഴകള്‍ നീക്കം ചെയ്യുക, പൊട്ടിയ എല്ലുകള്‍ നേരെയാക്കുക, എല്ലുകളുടെയോ ദന്തങ്ങളുടെയോ വൈകൃതങ്ങള്‍ മാറ്റുക, സന്ധികളില്‍ ശസ്ത്രക്രിയ നടത്തുക, ഉമിനീര്‍ഗ്രന്ഥികളിലുണ്ടാകുന്ന അടവ് നീക്കം ചെയ്യുക, ഇംപ്ലാന്റുകള്‍ അസ്ഥിയില്‍ കുഴിച്ചുവയ്ക്കുക എന്നിങ്ങനെ നിരവധി ശസ്ത്രക്രിയകള്‍ ഈ ശാഖയില്‍ ഉള്‍പ്പെടുന്നു. ലിഗ്നോകെയ്ന്‍ കുത്തിവച്ച് മരവിപ്പിച്ചു നടത്തുന്ന ലളിതമായ ശസ്ത്രക്രിയകള്‍ മുതല്‍ ബോധം കെടുത്തി ചെയ്യുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ വരെ ഈ വിഭാഗത്തില്‍പ്പെടുന്നു.

കണ്‍സര്‍വേറ്റിവ് ഡെന്റിസ്ട്രിയും എന്റോഡോണ്‍ടിക്സും

ദന്തപരിപാലനവും ദന്താന്തര്‍ഭാഗചികിത്സയും. പല്ലില്‍ സുഷിരങ്ങള്‍ ഉണ്ടായി പല്ല് ദ്രവിക്കുന്ന ദന്തക്ഷയം, പല്ലുകളുടെ പൊട്ടല്‍, കീറല്‍, തേയ്മാനം, നിറഭേദം, പള്‍പ്പിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സയും ദന്ത പുനര്‍നിര്‍മാണവും ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഈ വിധത്തിലുള്ള ദന്തരോഗങ്ങള്‍ വരാതിരിക്കാന്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും പഠനവിഷയമാണ്.

അനേകം നാഡികളും രക്തക്കുഴലുകളും മറ്റു കോശങ്ങളും അടങ്ങുന്ന ദന്തമജ്ജ അഥവാ പള്‍പ്പ് വേരിനകത്ത് കുഴല്‍പോലെ നീളത്തില്‍ കിടക്കുന്ന ദന്തനാളിയിലൂടെ അസ്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ പള്‍പ്പിനുണ്ടാകുന്ന അണുബാധ അസ്ഥിയെയും അനുബന്ധ കലകളെയും ബാധിക്കാനിടയുണ്ട്. പള്‍പ്പിന് അണുബാധയുണ്ടാകാതിരിക്കാന്‍ ഉള്ള പള്‍പ്പ് ക്യാപ്പിങ്, അണുബാധ മാറ്റുവാനുള്ള പള്‍പോട്ടമി, പള്‍പെക്ടമി, ദന്തനാളീ ചികിത്സ (root canal treatment), പെരിത്തപിക്കല്‍ ടിഷ്യു മാനേജ്മെന്റ് തുടങ്ങിയ ചികിത്സകള്‍ ചെയ്ത് ദന്തപരിപാലനം നടത്തുകയാണ് എന്റോഡോണ്‍ടിക്സ് എന്ന ശാഖയുടെ ലക്ഷ്യം.

പെരിയോഡോണ്‍ടിക്സ് (Periodontics)

മോണ, പല്ലിന്റെ വേരുറപ്പിച്ചിരിക്കുന്ന അസ്ഥി, വേരിനെ പൊതിയുന്ന സിമന്റം, സിമന്റവും അസ്ഥിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നായുക്കള്‍ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍, ചികിത്സ, നിവാരണ മാര്‍ഗങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ക്രമം തെറ്റിയ പല്ലുകള്‍ കൂട്ടിക്കടിക്കുമ്പോള്‍ ചിലതില്‍ അമിത ബലവും മറ്റു ചിലതില്‍ ബലക്കുറവും ചെലുത്തുന്നത് മോണ ചുരുങ്ങാന്‍ (atrophy) ഇടയാക്കുന്നു. ചവയ്ക്കുമ്പോള്‍ ക്ഷതമുണ്ടാകാത്ത രീതിയില്‍ പല്ലുകളെ പുനര്‍വിന്യസിക്കേണ്ടതാണ്. ദന്തല്‍ ഇംപ്ലാന്റുകള്‍ (implants) പല്ലിന്റെ വേരിനു പകരം അസ്ഥിയിലാണ് ഉറപ്പിക്കുന്നത്. അതിനാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ പെരിയോഡോണ്‍ടിക്ക്സിന്റെ പരിധിയില്‍ വരുന്നു.

ഓര്‍ത്തോഡോണ്‍ടിക്സ് (Orthodontics)

മുഖവൈകൃതത്തിനു കാരണമായ ക്രമം തെറ്റിയ പല്ലുകള്‍, താടിയെല്ലുകളുടെ പരസ്പരബന്ധത്തിലുണ്ടാകുന്ന അപാകതകള്‍ എന്നിവയുടെ ചികിത്സ. പല്ലുകള്‍ക്ക് ക്രമമായി നില്ക്കാന്‍ ഇടം ഉണ്ടാക്കി പ്രത്യേക ഉപകരണങ്ങള്‍ക്കൊണ്ട് നേരിയ ബലം പ്രയോഗിച്ച് ക്രമേണ ദന്തങ്ങള്‍ ക്രമീകരിക്കുന്നു. നേര്‍ത്ത ഉരുക്കു കമ്പികളോ മറ്റു ലോഹസങ്കരങ്ങളോ കൊണ്ടുണ്ടാക്കിയ തന്തുക്കളാണ് നേരിയ ബലം ചെലുത്തുവാന്‍ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങള്‍ ഇളക്കിമാറ്റാനാവുന്നവയോ ദന്തവുമായി സ്ഥിരമായി ബന്ധിച്ചിരിക്കുന്നവയോ ആകാം. രണ്ടാമത്തെ വിഭാഗം കൂടുതല്‍ ഫലപ്രദമായി കണ്ടുവരുന്നു. ഇതിനായി ബാന്‍ഡുകള്‍, ബ്രാക്കറ്റുകള്‍, റ്റ്യൂബുകള്‍ തുടങ്ങിയവ കോംപസിറ്റ് റെസിനോ ഗ്ലാസ് അയണോമറ്റോ ഉപയോഗിച്ച് പല്ലിനോട് ചേര്‍ത്തുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ദീര്‍ഘകാല ചികിത്സയാണ്. താടിയെല്ലുകളുടെ അപാകത വളരെ ഗണ്യമാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.

പീഡോഡോണ്‍ടിക്സ് (Paedodontics)

പന്ത്രണ്ടുവയസ്സുവരെയുള്ള കുട്ടികളുടെ ദന്തചികിത്സ. കുട്ടികളുടെ അപക്വമായ മാനസികാവസ്ഥ, പേടി, സ്വഭാവസവിശേഷതകള്‍, മധുര പലഹാരങ്ങളോടുള്ള ആസക്തി, വായുടെ ശുചിത്വം പാലിക്കുന്നതിലുള്ള അനാസ്ഥ എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങളും ദന്തവൈകൃതങ്ങളും ചികിത്സിക്കുന്നത്.

പ്രോസ്തോഡോണ്‍ടിക്സ് (Prosthodontics)

കൃത്രിമ പദാര്‍ഥങ്ങളുപയോഗിച്ച് നഷ്ടപ്പെട്ട പല്ലുകളും വായിലെ മറ്റ് അവയവങ്ങളും നിര്‍മിച്ചു പുനഃസ്ഥാപിക്കുന്ന ദന്തവിജ്ഞാനീയ ശാഖയാണിത്. അപകടമോ അര്‍ബുദമോ മൂലം താടിയെല്ലുകള്‍ക്കും മുഖത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന തകരാറുകള്‍ മാറ്റുകയും രോഗബാധിതമായ അവയവങ്ങളെ കൃത്രിമ അവയവങ്ങള്‍കൊണ്ടു പ്രതിസ്ഥാപിക്കുകയും ചെയ്യുന്ന ചികിത്സകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

പൊതുജനാരോഗ്യ ദന്തവിജ്ഞാനീയം (Public Health Dentistry)

സാമൂഹിക സഹകരണത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ ദന്തപരിശോധന നടത്തി ബോധവത്കരണവും അത്യാവശ്യ ചികിത്സകളും നടത്തുന്ന ദന്തവിജ്ഞാനീയ വിഭാഗം. സ്കൂളുകളും വീടുകളും ഗ്രാമപ്രദേശങ്ങളും സന്ദര്‍ശിച്ച് ദന്തരോഗങ്ങളുടെ പട്ടിക തയ്യാറാക്കുക, ദന്തചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പുക്കുക, സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുക തുടങ്ങിയവ ഈ വിഭാഗത്തിലുള്ള ദന്തഡോക്ടര്‍മാരുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്നു. ദന്തരോഗങ്ങള്‍ തടയുവാനുള്ള നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുകയും സമൂഹത്തില്‍ മെച്ചപ്പെട്ട ദന്താരോഗ്യം ഉറപ്പുവരുത്തുകയുമാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. കമ്യൂണിറ്റി ഡെന്റിസ്ട്രി, പ്രിവന്റീവ് ഡെന്റിസ്ട്രി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

പൊതുജനാരോഗ്യത്തിനു മുന്‍ഗണന നല്കുന്ന ഒരു സമൂഹത്തില്‍ മറ്റേതൊരു വൈദ്യശാസ്ത്ര വിഭാഗത്തിനും പിന്നിലല്ല ദന്തവിജ്ഞാനീയത്തിന്റെ സ്ഥാനം. ഈ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഈ വിജ്ഞാനശാഖയുടെ വളര്‍ച്ചയുടെ തെളിവാണ്. ദന്തല്‍ മെറ്റീരിയല്‍സ്, എന്‍ഡോഡോണ്‍ടിക്സ്, ഓര്‍ത്തോഡോണ്‍ടിക്സ്, ഇംപ്ളാന്റോളജി, ഫോറന്‍സിക് ഡെന്റിസ്ട്രി എന്നീ നൂതന ദന്തല്‍വിഷയങ്ങളില്‍ വന്‍തോതില്‍ ഗവേഷണം നടന്നുവരുന്നു.


(ഡോ. ഇ.കെ. പരമേശ്വരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍