This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാനുന്‍സിയൊ, ഗബ്രിയേല്‍ (1863 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാനുന്‍സിയൊ, ഗബ്രിയേല്‍ (1863 - 1938)
D'Annunzio,Gabriele
ഇറ്റാലിയന്‍ സാഹിത്യകാരനും രാഷ്ട്രീയ നേതാവും. 1863 മാ. 12-ന് ഇറ്റലിയിലെ പെസ്കാരയില്‍ ജനിച്ചു. കവി, നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിലെല്ലാം സംഭാവനകള്‍ നല്കിയിട്ടുണ്ട്. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം മുതല്‍ 20-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധം വരെയുള്ള കാലയളവിലെ ഏറ്റവും പ്രമുഖ ഇറ്റാലിയന്‍ സാഹിത്യകാരന്‍ എന്ന അംഗീകാരം നേടിയ ഇദ്ദേഹം സൈനികരംഗത്തും പത്രപ്രവര്‍ത്തന മേഖലയിലും മികവു കാട്ടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒഫ് റോമിലായിരുന്നു പഠനം. 16-ാം വയസ്സില്‍ പ്രൈമൊ വേറെ (Primo vere, 1879-In Early Spring )എന്ന കാവ്യസമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെ ദാനുന്‍സിയൊ സാഹിത്യരംഗത്ത് അരങ്ങേറ്റം കുറിച്ചു.
1894-ല്‍ അഭിനേത്രിയായ എലിനോറ ഡ്യൂസുമായി രഹസ്യ പ്രേമബന്ധത്തിലായി. ഈ ബന്ധം ദീര്‍ഘനാള്‍ നിലനില്ക്കുകയും അവര്‍ക്കുവേണ്ടി പല നാടകങ്ങള്‍ രചിക്കുകയും ചെയ്തു. അവരുമായുള്ള ബന്ധം അവസാനിപ്പിച്ചതിനുശേഷം അതിനെപ്പറ്റി തുറന്നെഴുതുന്നതിനുള്ള ധീരതയും കാട്ടി. സ്വന്തം രചനകളില്‍നിന്ന് ഭീമമായ പ്രതിഫലം ലഭിച്ചിരുന്നെങ്കിലും സുഖലോലുപ ജീവിതത്തോടുള്ള അമിത ഭ്രമം ദാനുന്‍സിയൊയെ കടക്കെണിയിലാക്കി. സാമ്പത്തികബാധ്യതയില്‍നിന്നു മോചനം തേടി 1910-ല്‍ ഫ്രാന്‍സിലേക്കു പോയി. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇറ്റലിയിലേക്കു തിരിച്ചുവന്നു. ഈ യുദ്ധത്തില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ നാട്ടുകാരെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പ്രേരകമായത്. ഇറ്റലി യുദ്ധത്തില്‍ ഭാഗഭാക്കാകാന്‍ പോകുന്നു എന്ന പ്രഖ്യാപനമുണ്ടായ ഉടന്‍തന്നെ ഇദ്ദേഹം രണാങ്കണത്തിലെ മുന്നണിപ്പോരാളിയായി. എന്നാല്‍ യുദ്ധാവസാനമുണ്ടായ വഴ്സാ കരാറുമായി ദാനുന്‍സിയൊയ്ക്കു പൊരുത്തപ്പെടാനായില്ല. അതിനോടൊരു വെല്ലുവിളി എന്നപ്പോലെ 300 അനുഗാമികളുമായി ചേര്‍ന്ന് ഡാല്‍മേഷ്യന്‍ തുറമുഖമായ ഫിയുദെ (ഇന്നത്തെ ക്രൊയേഷ്യയിലെ റിജെക്ക) കൈയടക്കി (1919). ഫിയുദെയുടെ പൂര്‍ണാവകാശം ഇറ്റലിക്കാണെന്നായിരുന്നു ദാനുന്‍സിയൊയുടെ ഉത്തമ വിശ്വാസം. 1920 ഡിസംബര്‍ വരെ ആ തുറമുഖത്ത് ഇദ്ദേഹം സ്വേച്ഛാഭരണം തുടര്‍ന്നു. സ്വയം സ്ഥാനത്യാഗം ചെയ്യുവാന്‍ ഇറ്റാലിയന്‍ സൈനിക നേതൃത്വം ഇദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. 1924-ല്‍ തുറമുഖം പൂര്‍ണമായും ഇറ്റലിയുടെ കീഴിലായി. അനന്തരം ദാനുന്‍സിയൊ ഒരു സമ്പൂര്‍ണ ഫാസിസ്റ്റായി മാറി. എന്നാല്‍ ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ പിന്നീട് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല.
രാഷ്ട്രീയമായി സംഭവബഹുലമായ ജീവിതമായിരുന്നെങ്കിലും സാഹിത്യലോകത്തുനിന്ന് ദാനുന്‍സിയൊ മാറിനിന്നില്ല. പ്രഥമസമാഹാരം പ്രസിദ്ധീകരിച്ച് മൂന്നുവര്‍ഷത്തിനുശേഷം കാന്റൊ നോവൊ (Canto novo, 1881, 'New Song') വെളിച്ചം കണ്ടു. ആദ്യത്തെ സമാഹാരത്തിലെ രചനകളെക്കാള്‍ ഇതിലെ കവിതകള്‍ നിലവാരം പുലര്‍ത്തുന്നു. ചൈതന്യം, വികാരതീവ്രത എന്നിവ ഓളംവെട്ടുന്ന പല വര്‍ണനകളും അവയില്‍ കാണാം. ഇന്ദ്രിയവേദ്യമായ അനുഭൂതികള്‍ക്ക് ഇദ്ദേഹം ഏറെ പ്രാധാന്യം കല്പിച്ചിരുന്നു.
ഭാവഗീതങ്ങളുടെ സമാഹാരമായ ലോദി ദെല്‍ സിയെലൊ ദെല്‍ മാരെ ദെല്ല തെറാ ഈ ദേഗ്ളി എറോയ് (1889 'In Priase of Sky,Sea,Earth and Heroes') ആണ് ദാനുന്‍സിയോയുടെ കാവ്യരചനകളില്‍ ഏറ്റവും മികച്ചത് എന്ന അംഗീകാരം നേടിയിരിക്കുന്നത്. ഇതേ കാവ്യവിഭാഗത്തില്‍പ്പെട്ട ആല്‍ചിയോനെ (Alcyone) 1904-ല്‍ പ്രസിദ്ധീകരിച്ചു. ടസ്കനിയില്‍ ചെലവിട്ട ഒരു വേനല്‍ക്കാലത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അതിമനോഹരമായ കൃതിയാണിത്.
1892-ലാണ് നീഷേ(Nictzsche)യുടെ കൃതികള്‍ ദാനുന്‍സിയൊ വായിച്ചുതുടങ്ങിയതത്രെ. എന്നാല്‍, അതിനു മുമ്പുതന്നെ സ്വയമറിയാതെ താന്‍ നീഷെയുടെ അനുഗാമിയായിക്കഴിഞ്ഞിരുന്നു എന്ന് ദാനുന്‍സിയൊ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ തുടക്കം ഇല്‍ പിയചെറെ (Il Piacere 'The Child of Pleasure') എന്ന ആത്മകഥാപരമായ നോവലില്‍ കാണാം. വികാരതീവ്രമായി പ്രതികരിക്കുന്ന പല നായകന്മാരെയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ നീഷെയും അദ്ദേഹത്തിന്റെ അതിമാനുഷ (Superhuman) സങ്കല്പങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദാനുന്‍സിയൊയുടെ നായക കഥാപാത്രങ്ങളുടെ തുടക്കം കുറിച്ചത് ഇല്‍ പിയചെറെയിലെ നായകനാണ്. ത്രയോന്‍ഫൊ, ദെല്ല മോര്‍തെ (1896) എന്നീ നോവലുകളില്‍ നീഷെയുടെ സ്വാധീനം കൂടുതല്‍ പ്രബലമാകുന്നു.
രതിഭാവങ്ങള്‍ക്ക് ആദ്യകാലം മുതല്‍ സ്വന്തം കൃതികളില്‍ ദാനുന്‍സിയൊ പ്രാധാന്യം നല്കിയിരുന്നെങ്കിലും സോഗ്നോ ദി ഉന്‍ ത്രമോന്തൊ ദ് ഔത്തുനൊ എന്ന കാവ്യ നാടകത്തിലും ഇല്‍ ഫുയോക്കൊ ('The Flame of Love') എന്ന നോവലിലുമാണ് ഈ പ്രത്യേകത ഏറ്റവും ശക്തമാകുന്നത്. എലനോ ഡ്യൂസുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം സ്വന്തം രചനകളെയും സ്വാധീനിച്ചിട്ടുണ്ട്. അവരെക്കൊണ്ട് അഭിനയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പല നാടകങ്ങളും രചിക്കുകയും ചെയ്തു. കൂട്ടത്തില്‍ 1899-ല്‍ അരങ്ങിലെത്തിയ ല ഗിയാകൊന്‍ദ, 1901-ല്‍ അവതരിപ്പിച്ച ഫ്രാന്‍സെസ്കാ ദ റിമിനി എന്നീ ദുരന്ത നാടകങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അബ്രൂസി കൃഷീവലന്മാരുടെ ആശങ്കകളും ഭീതികളും അന്ധവിശ്വാസങ്ങളും വിഷയമാക്കുന്ന ലാ ഫിഗ്ളിയ ദി അയോറിയൊ 1904-ല്‍ അവതരിപ്പിച്ചു. ഈ കാവ്യനാടകം ഇദ്ദേഹത്തിന്റെ നാടകരചനകളില്‍ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായമുണ്ട്. ദാനുന്‍സിയൊയുടെ നാടകങ്ങള്‍ ക്ളാസ്സിക്കല്‍ പാരമ്പര്യത്തിലുപരി ഇറ്റാലിയന്‍ നാടകപാരമ്പര്യത്തിനനുഗുണമായി രചിച്ചിരിക്കുന്നു. അതിനാല്‍ ദയ, കരുണ എന്നീ രസങ്ങള്‍ക്കല്ല, ബീഭത്സത്തിനാണ് ദാനുന്‍സിയൊ തന്റെ രചനകളില്‍ ഊന്നല്‍ നല്കുന്നത്.
ചെറുകഥകളുടെ രചനയില്‍ മോപ്പസാങ് (1850-93) ദാനുന്‍സിയൊയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സാന്‍ പാന്റലിയൊനെ എന്ന സമാഹാരം ഈ വസ്തുത വെളിപ്പെടുത്തുന്നു. റഷ്യന്‍ സാഹിത്യവും ഇദ്ദേഹത്തെ സ്വാധീനിച്ചു. ജൊവാനീ എപ്പിസ്കോപൊ, ല് ഇനസെന്റ് എന്നീ കൃതികള്‍ ഇതു വ്യക്തമാക്കുന്നവയാണ്.
വേഡ്സ്വര്‍ത്തിന്റെ സംഭാവനകള്‍ ഇംഗ്ലീഷ് സാഹിത്യത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ക്കു തുല്യമായിട്ടാണ് ദാനുന്‍സിയൊയുടെ കൃതികളിലൂടെ ഇറ്റാലിയന്‍ സാഹിത്യം കൈവരിച്ച മികവിനെ സാഹിത്യ ചരിത്രകാരന്മാര്‍ പരിഗണിച്ചുവരുന്നത്. 18-ാം ശ.-ത്തിലെ ഇംഗ്ലീഷ് കവിതയെ കൃത്രിമത്വത്തില്‍നിന്നും പാണ്ഡിത്യപ്രകടനത്തില്‍നിന്നും വേഡ്സ്വര്‍ത്ത് മോചിപ്പിച്ചെങ്കില്‍, 19-ാം ശ.-ത്തിലെ ഇറ്റാലിയന്‍ സാഹിത്യത്തെ ശ്വാസംമുട്ടിക്കുന്ന ആലങ്കാരികത, ബൗദ്ധിക വ്യായാമങ്ങള്‍ തുടങ്ങിയവയില്‍നിന്നു മുക്തിനേടാന്‍ ദാനുന്‍സിയൊ സഹായിച്ചു. കാവ്യവികാര പ്രകടനത്തിന് ഇറ്റാലിയന്‍ ഭാഷ എത്ര അനുയോജ്യമാണെന്ന് സ്വന്തം തൂലികാസൃഷ്ടികളിലൂടെ ഇദ്ദേഹം കാട്ടിത്തരികയും ചെയ്തു. ഇറ്റാലിയന്‍ ഭാഷാചരിത്രത്തില്‍, വാക്കുകളുടെ ശക്തിസ്രോതസ്സുകള്‍ വെളിപ്പെടുത്തുവാനും ദാനുന്‍സിയൊയ്ക്കു കഴിഞ്ഞു. ആത്മനിഷ്ഠമായ വീക്ഷണം, ഇന്ദ്രിയങ്ങള്‍ പകരുന്ന സുഖാനുഭൂതികള്‍ക്കു നല്കുന്ന ഊന്നല്‍, ഒഴുക്കും സംഗീതാത്മകതയും, ചാരുതയാര്‍ന്ന ശൈലി എന്നിവ ദാനുന്‍സിയൊ കൃതികളുടെ മുഖമുദ്രകളാണ്.
ഗാര്‍ദാ തടാകത്തിനു സമീപമുള്ള ഗാര്‍ദോനെ റിവെയ്റയില്‍ 1938 മാ. 1-ന് ദാനുന്‍സിയൊ അന്തരിച്ചു.