This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്തപത്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:07, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദന്തപത്രി

Spindle tree


സെലാസ്ട്രേസീ (Celastraceae) സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹരിത വൃക്ഷം. ശാസ്ത്രനാമം: യൂനിമസ് ക്രെനുലേറ്റസ് (Euonymus crenulatus). യൂറോപ്പ്, ആസ്റ്റ്രേലിയ, ഏഷ്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍, ഹിമാലയപ്രദേശങ്ങള്‍, പശ്ചിമഘട്ടത്തിലെ ഈര്‍പ്പഭരിതമായ നിത്യഹരിത വനങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന ചെറിയ വൃക്ഷമാണിത്.

ദന്തപത്രിയുടെ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകള്‍ക്ക് അനുപര്‍ണങ്ങളുണ്ട്. പത്രഫലകത്തിന് 5-8 സെ.മീ. നീളവും 3-4 സെ.മീ. വീതിയുമുണ്ടായിരിക്കും. പത്രസീമാന്തം ദന്തുരമാണ്. പത്രവൃന്തത്തിന് അര സെ.മീ. നീളം മാത്രമേയുള്ളൂ. മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള കാലയളവിലാണ് ദന്തപത്രി പുഷ്പിക്കുന്നത്. ഒരു പൂങ്കുലയില്‍ ഏഴില്‍ക്കൂടുതല്‍ പുഷ്പങ്ങളുണ്ടാകാറില്ല. പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പുനിറമാണ്. ഒരു സെന്റിമീറ്ററോളം വ്യാസമുള്ള പുഷ്പങ്ങള്‍ ദ്വിലിംഗസമമിതമായിരിക്കും. നാലോ അഞ്ചോ ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളുമുണ്ട്. കേസരതന്തുക്കള്‍ക്ക് നീളം കുറവാണ്. ഊര്‍ധ്വവര്‍ത്തിയായ അണ്ഡാശയത്തിന് രണ്ട് ബീജാണ്ഡങ്ങള്‍ വീതമുള്ള 3-5 അറകളുണ്ടായിരിക്കും. വര്‍ത്തിക വളരെ ചെറുതോ ഇല്ലാത്ത അവസ്ഥയിലോ ആയിരിക്കും. കായ് 1-4 വിത്തുകളുള്ള മാംസളമായ സംപുടമാണ്. മൂപ്പെത്തിയ കായ്കള്‍ക്ക് കടും ചുവപ്പുനിറമാണുള്ളത്. വെള്ളയോ ചുവപ്പോ കറുപ്പോ നിറമുള്ള വിത്തിനെ കടും ചുവപ്പോ ഓറഞ്ചോ നിറമുള്ള ഏരില്‍ (aril) ആവരണം ചെയ്തിരിക്കും. വിത്ത് വിഷമുള്ളതാണ്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. വിത്തുകളുടെ ആകര്‍ഷണീയമായ ചുവപ്പുനിറം പക്ഷികളെ ആകര്‍ഷിക്കാനുതകുന്നു. വിത്തുകളുപയോഗിച്ചും കമ്പുകള്‍ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട്.

യൂനിമസ് യൂറോപ്പിയസ് (Euonymus europaeus) ഇനവും സ്പിന്‍ഡില്‍ വൃക്ഷം എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഇത് ഒമ്പതു മീ. വരെ ഉയരത്തില്‍ വളരും. ഇലകളില്‍ സ്വര്‍ണനിറത്തില്‍ പൊട്ടുകളുള്ള യൂനിമസ് ജാപ്പോനിക്കസ് (Euonymus japonicus) എന്നയിനം സാധാരണ വേലിച്ചെടിയായി നട്ടുവളര്‍ത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍