This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്തന്‍, കെ.ഡി. (1937 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:43, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദത്തന്‍, കെ.ഡി. (1937 - 96)

കേരളീയ ചിത്രകാരന്‍. കൊല്ലം ജില്ലയില്‍ പരവൂരില്‍ എന്‍. കൃഷ്ണന്റെയും സരസീഭായിയുടെയും മകനായി 1937 ജൂണ്‍ 6-ന് ജനിച്ചു. കെ. ദേവദത്തന്‍ എന്നാണ് പൂര്‍ണമായ പേര്. പരവൂര്‍ കോട്ടപ്പുറം സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചിത്രകലയോട് കുട്ടിക്കാലം മുതല്‍ അതിയായ താത്പര്യമുണ്ടായിരുന്നതുകൊണ്ട് മാവേലിക്കര രാജാ രവിവര്‍മ സ്കൂള്‍ ഒഫ് പെയിന്റിങ്ങില്‍ (ഇന്നത്തെ രാജാ രവിവര്‍മ കോളജ് ഒഫ് ഫൈന്‍ ആര്‍ട്സ്) ചിത്രകലാ(പെയിന്റിങ്)വിഭാഗത്തില്‍ ചേര്‍ന്ന് അഞ്ചുവര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമ കോഴ്സ് 1964-ല്‍ പൂര്‍ത്തിയാക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാമില്‍ ആര്‍ട്ടിസ്റ്റ് ആയി കുറച്ചുകാലം പ്രവര്‍ത്തിച്ചു. ഇതേ കാലയളവില്‍ത്തന്നെ സര്‍ ജെ. വാള്‍ട്ടര്‍ തോംസണ്‍, മെറ്റല്‍ ബോക്സ് തുടങ്ങിയ പരസ്യകലാ സ്ഥാപനങ്ങളില്‍ ചിത്രകാരനായും പ്രവര്‍ത്തിച്ചു. 1966-ല്‍ മടങ്ങിവന്ന് മാവേലിക്കരയില്‍ 'എസ്.എന്‍. അഡ്വര്‍ടൈസേഴ്സ്' എന്ന പരസ്യകലാ സ്ഥാപനം തുടങ്ങി. ഇക്കാലത്തുതന്നെ ആധുനിക ചിത്രകലാസങ്കേതങ്ങളെ അടിസ്ഥാനമാക്കി കുറേ എണ്ണച്ചായ ചിത്രങ്ങളും ചെയ്തിരുന്നു. 1965-ല്‍ കേന്ദ്ര ലളിതകലാ അക്കാദമി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ പ്രദര്‍ശനത്തില്‍ സ്കൈ എബോവ് മഡ് ബിലോ എന്ന എണ്ണച്ചായ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പല ചിത്രരചനാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്തു.

കെ.ഡി.ദത്തന്‍

കുടുംബപരമായ കാരണങ്ങളാല്‍ സ്വന്തം സ്ഥാപനം കൊല്ലത്തേക്കു മാറ്റി സ്ഥാപിച്ചു. 1968-ല്‍ ഒരു അക്കാദമിക്ക് വര്‍ഷം തിരുവനന്തപുരം ഗവണ്മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്സില്‍ പെയിന്റിങ് വിഭാഗത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്റ്ററായി ജോലി ചെയ്തു. ഈ ജോലിയും ഉപേക്ഷിച്ച് മുടങ്ങിക്കിടന്ന സ്വന്തം സ്ഥാപനത്തെ 'ഷോ ക്രാഫ്ട്' (Show craft) എന്ന പേരില്‍ തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ പുനഃസ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി. പരസ്യം, പുസ്തകങ്ങളുടെയും സുവനീറുകളുടെയും കവറുകള്‍, ചിത്രീകരണങ്ങള്‍, ഉത്പന്നങ്ങളുടെ ലേബലുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന മികവുറ്റ ചിത്രകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ഒപ്പം സര്‍ഗാത്മക രചനകളും എണ്ണച്ചായത്തില്‍ തുടര്‍ന്നു.

1970-കളില്‍ തിരുവനന്തപുരത്ത് ചിത്രലേഖാ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരം എന്ന സിനിമയുടെ കലാസംവിധായകനായിരുന്നു ഇദ്ദേഹം. ഇതിന്റെ കലാസംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത അഭയം എന്ന സിനിമയുടെ കലാസംവിധായകരില്‍ ഒരാളായും കെ.പി. കുമാരന്‍ സംവിധാനം ചെയ്ത അതിഥിയുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചു. നിരവധി അവാര്‍ഡുകള്‍, ശില്പങ്ങള്‍, സ്മരണികകള്‍ എന്നിവയും രൂപകല്പന ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോഗോ രചിച്ചത് ഇദ്ദേഹമാണ്. രണ്ടുതവണ കേരള ലളിതകലാ അക്കാദമിയുടെ ഭരണസമിതി അംഗമായിരുന്നു.

1996 ജൂല. 17-ന് തിരുവനന്തപുരത്ത് ഇദ്ദേഹം അന്തരിച്ചു.

(കാട്ടൂര്‍ നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍