This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്തകവി (1875 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:34, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദത്തകവി (1875 - 99)

മറാഠി കവി. ദേശാഭിമാനോത്തേജകമായ കവിതകള്‍ എഴുതി പ്രശസ്തനായി. റാണോജിയുടെയും ബാലുബായിയുടെയും മകനായി 1875 ജൂണ്‍ 26-ന് അഹമ്മദ്നഗറില്‍ ജനിച്ചു. മുഴുവന്‍ പേര് ദത്താത്രേയ കൊണ്ടോ ഘാട്ടേ എന്നാണ്. മിഷന്‍ സ്കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായശേഷം മുംബൈയിലെ വില്‍സണ്‍ കോളജിലും ഇന്‍ഡോറിലെ മിഷന്‍ കോളജിലും പഠിച്ച് ബിരുദം നേടി. ചെറുപ്പത്തില്‍ത്തന്നെ പ്രാര്‍ഥനാസമാജത്തില്‍ അംഗമായി. സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ജാതിസമ്പ്രദായത്തിനും ശൈശവ വിവാഹത്തിനും എതിരായും സ്ത്രീ വിദ്യാഭ്യാസം, വിധവാ വിവാഹം എന്നിവയ്ക്ക് അനുകൂലമായും പ്രവര്‍ത്തിച്ചു. 1898-ല്‍ ഉദ്യോഗം തേടി ബറോഡയിലേക്കു പോയി. സജായിസജയ് എന്ന വാരികയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിന്റെ വിവര്‍ത്തനമാണ് ദത്തിന്റെ ആദ്യകാല രചനകളില്‍ ഒന്ന്. ഒരു കൊല്ലത്തിനിടയില്‍ ഒട്ടേറെ കവിതകള്‍ ഇദ്ദേഹം രചിച്ചതില്‍ പ്രകൃതിവര്‍ണനയും ദേശീയതയും പ്രമേയങ്ങളാണ്. 'വിശ്വാമിത്രിയുടെ തീരങ്ങളില്‍', 'മാവാലന്മാരോടൊരു ആഹ്വാനം', 'അസന്തുഷ്ടനായ ഭര്‍ത്താവ്' തുടങ്ങിയ കവിതകള്‍ പ്രശസ്തമായി.

ഉത്തരരാമചരിതത്തിന്റെ വിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴാണ് ദത്തയുടെ ശ്രദ്ധ ആധുനിക മറാഠി കവിതയിലേക്കു തിരിഞ്ഞത്. രാംജോഷി സമ്പാദനം ചെയ്ത നവനീതത്തില്‍ ദത്തയുള്‍പ്പെടെയുള്ള അനേകം പേരുടെ കവിതകള്‍ ഉള്‍ക്കൊണ്ടിരുന്നില്ല. രാംജോഷിക്കുശേഷം രംഗത്തുവന്ന കവികളുടെ കൃതികള്‍ കൂടി ഉള്‍പ്പെടുത്തി ബൃഹത്തായ ഒരു സമാഹാരം പ്രസിദ്ധീകരിക്കാന്‍ ദത്ത ആഗ്രഹിച്ചെങ്കിലും അത് സാധിതമാകുന്നതിനുമുമ്പ് ഇദ്ദേഹം മരണമടഞ്ഞു. ദത്തയുടെ സുഹൃത്തായ ചന്ദ്രശേഖര്‍ ശിവറാം ഗോര്‍ഹെയാണ് ആധുനിക കവിത എന്ന പേരില്‍ 1903 ഡിസംബറില്‍ ആ സമാഹാരം പ്രസിദ്ധീകരിച്ചത്.

ആറേഴു വര്‍ഷം മാത്രമേ കാവ്യരചനയ്ക്കു ലഭിച്ചുള്ളൂവെങ്കിലും ദത്ത മറാഠി കാവ്യലോകത്ത് ചിരപ്രതിഷ്ഠ നേടി. വളരെ വൈകിയാണ് മറാഠികള്‍ ദത്തയുടെ കാവ്യ വ്യക്തിത്വം തിരിച്ചറിഞ്ഞത്.

1899 മാ. 13-ന് 24-ാമത്തെ വയസ്സില്‍ പ്ളേഗുമൂലം ദത്ത അന്തരിച്ചു. ദത്തയുടെ പുത്രനും പ്രശസ്ത പണ്ഡിതനുമായ വി.ഡി. ഘാട്ടെ 1921-ല്‍ ദത്തകവിയുടെ സമ്പൂര്‍ണ കൃതികള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍