This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍, കെ. (1912 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 25 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാമോദരന്‍, കെ. (1912 - 76)

എഴുത്തുകാരനും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സൈദ്ധാന്തികനും കമ്യൂണിസ്റ്റ് നേതാവും. മലപ്പുറം ജില്ലയിലെ തിരൂരില്‍ കീഴേടത്തു തറവാട്ടില്‍ 1912 ഫെ. 25-ന് ജനിച്ചു. കീഴേടത്ത് നാരായണി അമ്മയും കിഴക്കിനിയേടത്തുമനയ്ക്കല്‍ തുപ്പന്‍ നമ്പൂതിരിയുമാണ് മാതാപിതാക്കള്‍. മലബാര്‍ കെ. ദാമോദരന്‍ എന്ന പേരിലും അറിയപ്പെടുന്നു. 1932-ല്‍ കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോഴിക്കോട്ട് ഉപ്പുനിയമലംഘനസമരത്തില്‍ പങ്കെടുത്ത് 23 മാസം ജയില്‍ശിക്ഷ അനുഭവിച്ചു. തികഞ്ഞ ഗാന്ധിയനായിട്ടായിരുന്നു ജയില്‍മോചിതനായത്. പിന്നീട് കാശി വിദ്യാപീഠത്തില്‍ പഠിച്ച് ശാസ്ത്രിപരീക്ഷ പാസ്സായി. സംസ്കൃതം, ഹിന്ദി, റഷ്യന്‍ എന്നീ ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്തു. 1935-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ മുന്‍കൈയെടുത്തു. 1938-ല്‍ കെ.പി.സി.സി. സെക്രട്ടറിയും 1940-ല്‍ എ.ഐ.സി.സി. മെമ്പറുമായി.

 കേരളത്തില്‍ ആദ്യമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ പങ്കെടുത്ത നാല് പ്രമുഖരില്‍ ഒരാളായിരുന്നു കെ. ദാമോദരന്‍. വിപ്ളവപ്പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളില്‍ ഇദ്ദേഹത്തിന്റെ സംഭാവന വളരെ വിലപ്പെട്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ വളരെക്കാലം ഒളിവില്‍പ്പോവുകയും 10 വര്‍ഷത്തോളം ജയില്‍ജീവിതം അനുഭവിക്കുകയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ താത്ത്വികാചാര്യനായിരുന്ന ഇദ്ദേഹം മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നിട്ടുണ്ട്.  ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിരനേതാക്കളില്‍ ഒരാളായി. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിരിഞ്ഞപ്പോള്‍ ദാമോദരന്‍ സി.പി.ഐ.യില്‍ തുടര്‍ന്നു. പിന്നീട് രാജ്യസഭാ മെമ്പറായി ഡല്‍ഹിയില്‍ താമസിച്ചു. തുടര്‍ന്ന് ദൈനംദിന രാഷ്ട്രീയത്തില്‍നിന്നു വിട്ടകന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം, ഇന്ത്യയുടെ സാംസ്കാരികചരിത്രം തുടങ്ങിയ ഗവേഷണങ്ങളില്‍ മുഴുകി.
 മികച്ച വാഗ്മിയും എഴുത്തുകാരനും ആയിരുന്നു കെ. ദാമോദരന്‍. പത്രപ്രവര്‍ത്തനരംഗത്തും നിസ്തുലമായ സംഭാവനകള്‍ കാഴ്ചവച്ചു. പ്രഭാതം, കമ്യൂണിസ്റ്റ്, മുന്നോട്ട്, മാര്‍ക്സിസ്റ്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായും നവയുഗത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസത്തിനെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനും മാര്‍ക്സിസം പ്രചരിപ്പിക്കുന്നതിനുമായിരുന്നു ഈ പ്രസിദ്ധീകരണങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നത്.
 സാഹിത്യ അക്കാദമി, ഗ്രന്ഥശാലാസംഘം, പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നിവയിലും ദാമോദരന്‍ പ്രമുഖമായ സ്ഥാനങ്ങള്‍ വഹിച്ചു. 'കല കലയ്ക്കുവേണ്ടി', 'കല സാമൂഹിക പുരോഗതിക്കുവേണ്ടി' എന്നിങ്ങനെ രണ്ട് ചിന്താഗതികള്‍ ഉണ്ടായപ്പോള്‍ ദാമോദരന്‍ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ പക്ഷത്തു നിന്നു. അതിനായി പുരോഗമന സാഹിത്യം എന്ത്-എന്തിന്?,  എന്താണ് സാഹിത്യം? എന്നീ കൃതികള്‍ രചിക്കുകയും ചെയ്തു. സാമൂഹികജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യമെന്ന് ഈ കൃതികള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
 സാഹിത്യം, വിദ്യാഭ്യാസം, ചരിത്രം, രാഷ്ട്രമീമാംസ, ധനതത്ത്വശാസ്ത്രം, സാമൂഹിക ശാസ്ത്രം, സോഷ്യലിസം, കമ്യൂണിസം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് നാല്പതോളം കൃതികള്‍ രചിച്ചു. എട്ട് ചെറുകഥകളുടെ സമാഹാരമായ കണ്ണുനീര്‍ (1936) ആണ് ആദ്യത്തെ സാഹിത്യ കൃതി. പൊന്നാനി കര്‍ഷകസമ്മേളനത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി രചിച്ച പാട്ടബാക്കി എന്ന നാടകം മലയാളത്തിലെ യഥാതഥ നാടകപ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. മലബാര്‍പ്രദേശത്തെ ജന്മി-കുടിയാന്‍ വ്യവസ്ഥിതിയുടെ തനിനിറം കാട്ടുകയാണ് ഈ നാടകത്തില്‍ ചെയ്തിരിക്കുന്നത്. അക്കാലത്ത് 200-ല്‍പ്പരം സ്റ്റേജുകളില്‍ അരങ്ങേറിയ ഈ നാടകത്തില്‍ ദാമോദരനോടൊപ്പം ഏ.കെ.ജി, കെ.പി. ആര്‍. ഗോപാലന്‍, ഏ.വി. കുഞ്ഞമ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്. രക്തപാനം എന്നൊരു നാടകവും ഇദ്ദേഹം രചിക്കുകയുണ്ടായി. നിരൂപണരംഗത്തെ കൊള്ളരുതായ്മകളെയാണ് നിരൂപണരംഗം എന്ന കൃതിയില്‍ അതിശക്തമായി അവതരിപ്പിച്ചിരിക്കുന്നത്. മേല്പറഞ്ഞവയ്ക്കു പുറമേ നിരവധി കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 ഭാരതീയ തത്ത്വചിന്തകളെപ്പറ്റി എഴുതിയിട്ടുള്ള കൃതികളാണ് ഇന്ത്യയുടെ ആത്മാവ്, ഭാരതീയ ചിന്ത എന്നിവ. ഇന്ത്യന്‍ തത്ത്വശാസ്ത്രത്തിന്റെ ലഘുചരിത്രമാണ് ഇന്ത്യയുടെ ആത്മാവ്. ഇത് ഇന്ത്യന്‍ തോട്ട് (കിറശമി ഠവീൌഴവ) എന്ന പേരില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ ദര്‍ശനത്തെ മാര്‍ക്സിസ്റ്റ് അടിസ്ഥാനത്തില്‍ കാണുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. നാല് ഭാഗങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള കേരള ചരിത്രത്തിന്റെ ഒന്നാം ഭാഗമേ പ്രസിദ്ധീകരിച്ചുള്ളൂ. ഒരു കാലത്ത് കമ്യൂണിസ്റ്റുകാരന്റെ 'പാഠപുസ്തക'മായിരുന്ന കൃതിയാണ് മനുഷ്യന്‍. റഷ്യന്‍ഭാഷയില്‍നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയ കൃതിയാണ് ഇന്നത്തെ ഇന്ത്യ (ആറുഭാഗങ്ങള്‍).
 ധനശാസ്ത്രതത്ത്വങ്ങളില്‍ പണം, ബാങ്കും പണമിടപാടും, പണത്തിന്റെ വിലയും വിദേശവിനിമയവും എന്നിങ്ങനെയുള്ള വിവരങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തിരിക്കുന്നു. ധനശാസ്ത്രപ്രവേശികയില്‍ ചരക്ക്, പ്രയത്നം, കൈമാറ്റം, വില, മിച്ചവില, പണം, മൂലധനം മുതലായി ധനശാസ്ത്രത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക ജീവിതത്തിന്റെ എല്ലാ കണ്ണികളും കാട്ടിത്തരുന്ന കൃതിയാണ് ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങള്‍.
 മാര്‍ക്സിസത്തെപ്പറ്റിയും നിരവധി കൃതികള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. കമ്യൂണിസം എന്ത്-എന്തിന് ?, മാര്‍ക്സിസം (പത്തുഭാഗങ്ങള്‍), ഇന്ത്യയും സോഷ്യലിസവും, സോഷ്യലിസവും കമ്യൂണിസവും, മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍, കമ്യൂണിസവും ക്രിസ്തുമതവും തുടങ്ങിയവയാണ് മാര്‍ക്സിസത്തെപ്പറ്റിയുള്ള കൃതികള്‍.
 ഇവയ്ക്കു പുറമേ ശ്രദ്ധേയമായ ധാരാളം ലഘുലേഖകളും രചിച്ചിട്ടുണ്ട്. 'യേശുക്രിസ്തു മോസ്കോവില്‍', 'മാര്‍ക്സിസവും കുടുംബജീവിതവും', 'പ്രധാനമന്ത്രി നെഹ്റുവിന് പണ്ഡിറ്റ് നെഹ്റുവിന്റെ മറുപടി' എന്നിവയാണ് ലഘുലേഖകളില്‍ ചിലവ. ശക്തമായ ആശയങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകത്തക്കവിധം അതിലളിതമായാണ് അവതരിപ്പിച്ചിട്ടുള്ളത്.
 1976 ജൂല. 3-ന് ദാമോദരന്‍ ഡല്‍ഹിയില്‍ അന്തരിച്ചു. ദാമോദരന്റെ പേരില്‍ രൂപവത്കരിച്ചിട്ടുള്ള ട്രസ്റ്റ് മലയാളത്തിലെ മികച്ച വിജ്ഞാനഗ്രന്ഥത്തിന് അവാര്‍ഡ് നല്കിവരുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍