This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണാമൂര്‍ത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 24 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദക്ഷിണാമൂര്‍ത്തി

പരമശിവന്റെ ഒരു മൂര്‍ത്തിഭേദം. പേരാലിന്റെ ചുവട്ടില്‍ തെക്കോട്ടുതിരിഞ്ഞ് ചിന്മുദ്രാങ്കിതനായിരിക്കുന്ന ദക്ഷിണാമൂര്‍ത്തിയുടെ സമീപം തത്ത്വജിജ്ഞാസുക്കളായ മുനിമാര്‍ ഇരിക്കുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ചിന്മുദ്ര മഹര്‍ഷിമാരുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്നതിനു സമര്‍ഥമാണത്രെ.

ദക്ഷിണന്‍ എന്ന പദത്തിന് അനുകൂലന്‍ എന്നര്‍ഥമുണ്ട്. അനുകൂലഭാവത്തില്‍ അനുഗ്രഹതത്പരഭാവത്തില്‍ സ്ഥിതിചെയ്യുന്നവന്‍ എന്ന് ദക്ഷിണാമൂര്‍ത്തി എന്ന പദത്തിന് അര്‍ഥം കല്പിക്കാം. സതീവിയോഗംമൂലം തപസ്സനുഷ്ഠിച്ച പരമശിവന്റെ മൂര്‍ത്തിഭേദമാണ് ദക്ഷിണാമൂര്‍ത്തി എന്നാണ് പറയപ്പെടുന്നത്. വേദാന്തതത്ത്വം മുനിമാര്‍ക്ക് ഉപദേശിക്കുന്നതിന് ഈ സന്ദര്‍ഭം പ്രയോജനപ്രദമായി. ഏതു സംശയവുമായി എത്തുന്ന മുനിമാര്‍ക്കും ദക്ഷിണാമൂര്‍ത്തിയുടെ സാമീപ്യത്താല്‍ത്തന്നെ സംശയനിവാരണമുണ്ടാകുന്നു. ഗുരുവിന്റെ മൌനം വ്യാഖ്യാനമായിത്തീരുന്നതായി ശിഷ്യര്‍ക്കനുഭവപ്പെടുന്നു. പരമശിവനെ ഗുരു ആയി സ്വീകരിക്കുന്ന മൂര്‍ത്തിഭേദമാണിത്. മൗനരൂപമായ വ്യാഖ്യാനത്താല്‍ ശിഷ്യര്‍ സംശയനിവൃത്തിനേടി നിര്‍മലചിത്തരായിത്തീരുന്നു.'ഗുരോസ്തുമൌനം വ്യാഖ്യാനം, ശിഷ്യാസ്തു ഛിന്നസംശയാഃ' എന്ന വാക്യം ഈ ഭാവത്തെ വിശദമാക്കുന്നു.

ബ്രഹ്മജ്ഞാനം സൂചിപ്പിക്കുന്ന ഹസ്തമുദ്രയാണ് ദക്ഷിണാമൂര്‍ത്തിയുടെ ചിന്മുദ്ര. ജപമാല കയ്യിലുണ്ട്. ജ്ഞാനദേവനായി ആരാധിക്കുന്ന സുബ്രഹ്മണ്യദേവനും ദേവിയുടെ ജ്ഞാനമൂര്‍ത്തിഭേദങ്ങളായ ശാരദ, ത്രിപുരസുന്ദരി എന്നിവരും ജ്ഞാനമുദ്രയും ജപമാലയും ധരിക്കുന്നതായി പറയപ്പെടുന്നു. മഹേശന്‍, മഹായോഗി, പശുപതി തുടങ്ങിയ ശിവതത്ത്വഭേദങ്ങളും ദക്ഷിണാമൂര്‍ത്തിഭേദത്തിനു സമാനമായ തത്ത്വം ഉള്‍ക്കൊള്ളുന്നു. ദക്ഷിണാമൂര്‍ത്തിതന്നെ വ്യാഖ്യാനം, ജ്ഞാനം, യോഗം, വീണാധരം എന്ന് നാല് രീതികളിലുണ്ട്. ഈ മൂര്‍ത്തിഭേദങ്ങള്‍ക്ക് അതിനനുസരിച്ച് ധ്യാനവും ധ്യാനത്തിനനുസരിച്ച് വിഗ്രഹവും വ്യത്യസ്തമായിരിക്കും.

ദക്ഷിണാമൂര്‍ത്തി(വിജയനഗരം: 16-ാം ശ.

ശിവക്ഷേത്രങ്ങളില്‍ ചിലത് ദക്ഷിണാമൂര്‍ത്തി ക്ഷേത്രമാണ്. ഉദാഹരണമായി, ചൊവ്വര ശിവക്ഷേത്രത്തിലെ മൂര്‍ത്തി ദക്ഷിണാമൂര്‍ത്തിയാണെന്നു പ്രസിദ്ധിയുണ്ട്. വേദാന്ത സദസ്സിലും വിദ്യാരംഭ സന്ദര്‍ഭത്തിലും ദക്ഷിണാമൂര്‍ത്തിയെ സ്മരിക്കുന്ന പതിവുണ്ട്. ദക്ഷിണാമൂര്‍ത്ത്യുപനിഷത്ത്, ദക്ഷിണാമൂര്‍ത്തിസ്തവം തുടങ്ങിയ അനേകം കൃതികളില്‍ ദക്ഷിണാമൂര്‍ത്തിയുടെ വര്‍ണന കാണാം. ദക്ഷിണാമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന അനേകം സ്തോത്രകാവ്യങ്ങളുണ്ട്. ശ്രീശങ്കരാചാര്യരുടെ ദക്ഷിണാമൂര്‍ത്തിസ്തവമാണ് ഇവയില്‍ പ്രമുഖം.

ശിവതത്ത്വത്തെപ്പറ്റി ജിജ്ഞാസുക്കളായ മുനിമാര്‍ക്ക് മാര്‍ക്കണ്ഡേയമുനി ഉപദേശിക്കുന്നതാണ് ദക്ഷിണാമൂര്‍ത്ത്യുപനിഷത്ത്. യാതൊന്നുകൊണ്ടാണോ ദക്ഷിണാമുഖന്‍ എന്നു പേരുള്ള ശിവന്‍ ദൃഷ്ടിഗോചരനായി ഭവിക്കുന്നത് അതാണ് പരമരഹസ്യമായ ശിവതത്ത്വജ്ഞാനം എന്ന മുഖവുരയോടെയാണ് മാര്‍ക്കണ്ഡേയമുനിയുടെ ഉപദേശം. ദക്ഷിണാമൂര്‍ത്തിയെ ധ്യാനിക്കുന്നതിനു ചൊല്ലേണ്ട അനേകം മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയും ഓരോ മന്ത്രത്തോടൊപ്പം ചൊല്ലേണ്ട ധ്യാനവും ഈ ഉപനിഷത്തില്‍ വര്‍ണിക്കുന്നുണ്ട്. ധ്യാനങ്ങളില്‍ ദക്ഷിണാമൂര്‍ത്തിയുടെ സ്വരൂപവര്‍ണനയാണ് പ്രധാനം. ഉദാഹരണമായി, 'വിഷ്ണു ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ദക്ഷിണാമുഖോ ദേവതാ' എന്ന അനുസ്മരണത്തോടെ ചൊല്ലുന്ന മന്ത്രമാണ് 'ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദി സിദ്ധിദായിനേ, മായിനേനമഃ വാഗീശായ മഹാജ്ഞാനസ്വാഹാ' എന്നത്. ഈ മന്ത്രത്തോടൊപ്പം ചൊല്ലുന്നതും ദക്ഷിണാമൂര്‍ത്തിയുടെ സ്വരൂപവര്‍ണനയുള്ളതുമായ ധ്യാനമിതാണ്:

'മുദ്രാ പുസ്തക വഹ്നി നാഗ വിലസദ് ബാഹും പ്രസന്നാനനം

മുക്താഹാരവിഭൂഷണം ശശികലാഭാസ്വത്കിരീടോജ്ജ്വലം

അജ്ഞാനാപഹമാദിമാദിമഗിരാമര്‍ഥം ഭവാനീപതിം

ന്യഗ്രോധാന്തനിവാസിനം പരഗുരും ധ്യായാമ്യഭീഷ്ടാപ്തയേ.'

(അഭയമുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സര്‍പ്പങ്ങള്‍ എന്നിവയാല്‍ ശോഭിക്കുന്ന കൈകളോടുകൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാല്‍ ശോഭിക്കുന്ന ഉജ്ജ്വലമായ കിരീടത്തോടുകൂടിയവനും അജ്ഞാന നാശകനും ആദിപുരുഷനും ഓംകാരപ്പൊരുളും പാര്‍വതീപതിയും വടവൃക്ഷച്ചുവട്ടില്‍ സ്ഥിതിചെയ്യുന്നവനും എല്ലാവര്‍ക്കും ഗുരുവുമായ ദേവനെ അഭീഷ്ടസിദ്ധിക്കായി ഞാന്‍ ധ്യാനിക്കുന്നു.)

മറ്റു ധ്യാനങ്ങളില്‍ വര്‍ണിച്ചിരിക്കുന്ന സ്വരൂപവിശേഷമനുസരിച്ച് സഫ്ടികംപോലെയും വെള്ളിപോലെയും ധവള വര്‍ണത്തോടുകൂടിയവനും മുക്കണ്ണനും പരശു, മാന്‍ എന്നിവ കൈകളിലുള്ളവനും ഒരു കൈ ജംഘയില്‍ സ്പര്‍ശിച്ചിട്ടുള്ളവനും കൈയില്‍ വീണയും പുസ്തകവും ധരിച്ചിരിക്കുന്നവനും വ്യാഘ്രചര്‍മം ധരിച്ചിരിക്കുന്നവനും വ്യാഖ്യാപീഠത്തിലിരിക്കുന്നവനും ഒരു കൈയില്‍ അഭയദാനമുദ്രയോടുകൂടിയവനുമാണ് ദക്ഷിണാമൂര്‍ത്തി. രഥാക്രാന്ത വിഭാഗത്തില്‍പ്പെടുന്ന 64 തന്ത്രങ്ങളിലൊന്ന് ദക്ഷിണാമൂര്‍ത്തിതന്ത്രമാണ്. നോ: ദക്ഷിണാമൂര്‍ത്ത്യുപനിഷത്ത്, ദക്ഷിണാമൂര്‍ത്തിസ്തവം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍