This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപുര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 20 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ത്രിപുര

ഇന്ത്യയിലെ ഒരു വടക്കു കിഴക്കന്‍ സംസ്ഥാനം. അസമിന്റെ തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ കൊച്ചുസംസ്ഥാനത്തിന് കുന്നുകളും ഹരിത താഴ്വരകളും നിത്യഹരിത വനങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണുള്ളത്. അതിപുരാതനകാലം മുതല്‍ ഈ പ്രദേശത്തു നിവസിക്കുന്ന ത്രിപുരി (ത്രിപുര) ഗോത്രവര്‍ഗങ്ങളുടെയോ ദൈത്യ രാജാവായിരുന്ന ത്രിപുരന്റെയോ ഉദയപൂരിലെ പ്രസിദ്ധമായ ത്രിപുരേശ്വരിക്ഷേത്രദേവതയുടെയോ പേരില്‍നിന്ന് ആയിരിക്കാം ഈ സംസ്ഥാനത്തിന്റെ നാമം നിഷ്പന്നമായതെന്ന് അനുമാനിക്കുന്നു. മ്യാന്‍മര്‍ താഴ്വരകള്‍ക്കും ബംഗ്ലാദേശിനും മധ്യേ സ്ഥിതിചെയ്യുന്ന ത്രിപുരയുടെ മൂന്ന് വശങ്ങളും ബംഗ്ളാദേശിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. വടക്കുകിഴക്ക് അസം സംസ്ഥാനമാണ്. 1300 വര്‍ഷങ്ങളോളം രാജവാഴ്ച നിലനിന്നിരുന്ന ത്രിപുര സ്വാതന്ത്യ്രാനന്തരം 1949 ഒ. 15-ന് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. 1950-ലെ സംസ്ഥാന പുനഃസംഘടനയനുസരിച്ച് 1950 സെപ്. 1-ന് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു. 1972 ജനു. 1-ന് ത്രിപുരയ്ക്ക് സംസ്ഥാനപദവി ലഭിച്ചു. വടക്കന്‍ ത്രിപുര, തെക്കന്‍ ത്രിപുര, പടിഞ്ഞാറന്‍ ത്രിപുര, ധലായ് എന്നിങ്ങനെ 4 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന സംസ്ഥാനത്തിന് 10,441.69 ച.കി.മീ. വിസ്തൃതിയുണ്ട്. ഏറ്റവും കൂടിയ നീളം: തെക്കുവടക്ക് 183.5 കി.മീ., കിഴക്കുപടിഞ്ഞാറ് 112.7 കി.മീ.; ജനസംഖ്യ: 31,91,168 (2001); ജനസാന്ദ്രത: 304/ച.കി.മീ.; ഔദ്യോഗിക ഭാഷകള്‍: ബംഗാളി, കൊക്ബൊരക്; തലസ്ഥാനം: അഗര്‍ത്തല.

നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള ത്രിപുരയുടെ സവിശേഷമായ ഗോത്രസംസ്കൃതിയും ആകര്‍ഷകമായ നാടോടി കലാരൂപങ്ങളും ചിരപുരാതനകാലം മുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ത്രിപുരയിലെ രാജഭരണചരിത്രം വിവരിക്കുന്ന രാജ്മാല എന്ന ഗ്രന്ഥവും മുഹമ്മദീയ ചരിത്രകാരന്മാരുടെ കുറിപ്പുകളും ഈ പ്രദേശത്തിന്റെ ചരിത്രത്തിലേക്കും സാംസ്കാരിക പൈതൃകത്തിലേക്കും വെളിച്ചം വീശുന്നു. മഹാഭാരതം തുടങ്ങിയ കൃതികളിലും ത്രിപുരയെക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ളതു കാണാം. 19-ാം ശ.-ത്തില്‍ ഇവിടത്തെ ഭരണകര്‍ത്താവായിരുന്ന മഹാരാജ വീര്‍ ചന്ദ്രകിഷോര്‍ മാണിക്യബഹാദൂര്‍ ബ്രിട്ടിഷ് ഇന്ത്യന്‍ മാതൃകയില്‍ ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് നൂതന ഭരണപരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെയാണ് ആധുനിക ത്രിപുരയുടെ ചരിത്രം ആരംഭിക്കുന്നത്. 1949 ഒ. 15-ന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുവരെ ബഹാദൂറിന്റെ പിന്‍ഗാമികളാണ് ത്രിപുരയില്‍ ഭരണം നടത്തിയിരുന്നത്.

ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂമിശാസ്ത്രപരമായി പര്‍വതപ്രദേശമാണ് ത്രിപുര. സംസ്ഥാനത്തിന്റെ ഭൂരിഭാഗത്തും നിബിഡവനങ്ങള്‍ നിറഞ്ഞ ഉപപര്‍വതങ്ങളോ കുന്നിന്‍ പുറങ്ങളോ സാധാരണയാണ്. മധ്യ-പൂര്‍വ മേഖലകളിലാണ് കുന്നുകളും ഉപപര്‍വതങ്ങളും കൂടുതലുള്ളത്. ചില പര്‍വതനിരകള്‍ സംസ്ഥാനത്തിന്റെ വടക്കുനിന്ന് തെക്കുവരെ കിലോമീറ്ററുകളോളം നീളത്തില്‍ വ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറേക്കു വരുന്തോറും കുന്നുകളുടെ ഉയരം ക്രമേണ കുറഞ്ഞുവരുന്നു. 75 മീ. മുതല്‍ 700 മീ. വരെയാണ് ഇവിടത്തെ പര്‍വതങ്ങളുടെ ശരാശരി ഉയരമെങ്കിലും ചില പര്‍വതങ്ങള്‍ക്ക് അതിലേറെ ഉയരമുണ്ട്. ബരാമുര (Baramura), അതരമുര (Atharamura), ദിയോതമുര (Deotamura), ലോങ്തരായ് (Longtharai), ജംപായ് (Jampai), സഖന്‍ (Sakhan) എന്നിവയാണ് സംസ്ഥാനത്തെ പ്രധാന മലനിരകള്‍. 960 മീറ്ററോളം ഉയരമുള്ള ബെറ്റ്ലിങ് (Betling) ആണ് ത്രിപുരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സംസ്ഥാനത്തെ മലനിരകളില്‍ ഭൂരിഭാഗവും തെ. വ. ദിശയിലാണ് ഉപസ്ഥിതമായിട്ടുള്ളത്. കിഴക്കുഭാഗത്തെ പ്രധാന പര്‍വതനിരകളില്‍ സന്ധിക്കുന്നതോടെ ഇവയുടെ ഉയരം കൂടുന്നു. മലനിരകള്‍ക്കു മധ്യേയാണ് സംസ്ഥാനത്തെ സമതലപ്രദേശമായ വിശാല താഴ്വരകള്‍ വ്യാപിച്ചിരിക്കുന്നത്. 75 മീറ്ററില്‍ താഴെ മാത്രം ശരാശരി ഉയരമുള്ള സമതലപ്രദേശത്ത് കുത്തനെ ഉയര്‍ന്നുനില്ക്കുന്ന ഒറ്റപ്പെട്ട കുന്നുകളും അപൂര്‍വമല്ല. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍, തെക്കന്‍ അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന താരതമ്യേന വളക്കൂറുള്ള താഴ്ന്ന പ്രദേശങ്ങളാണ് ജനസാന്ദ്രതയില്‍ മുന്നില്‍. സംസ്ഥാനത്തിന്റെ വടക്കും വടക്കുകിഴക്കന്‍ മേഖലകളിലും തുണ്ടുതുണ്ടായ സമതലപ്രദേശങ്ങളുണ്ട്.

പൂര്‍ണമായും മലനിരകളാല്‍ ആവൃതമായ കിഴക്കന്‍ മേഖലയിലാണ് സംസ്ഥാനത്തെ പ്രധാന താഴ്വരപ്രദേശമായ മനു നദീതാഴ്വര സ്ഥിതിചെയ്യുന്നത്. മനു നദീതാഴ്വരയുടെ കിഴക്കായി ധലായ്, ഖോവായ് നദീതാഴ്വരകള്‍ സ്ഥിതിചെയ്യുന്നു. ത്രിപുരയിലെ പ്രധാന പട്ടണങ്ങളായ ലൊസ്ഹര്‍, മനു നദീതാഴ്വരയിലും കമല്‍പൂര്‍, ധലായ് നദീതാഴ്വരയിലുമാണ്. ഖോവായ് നദീതാഴ്വരയുടെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ദെഹ്തമൂര്‍ മലനിര, താഴ്വരപ്രദേശത്തിനെ സമതലപ്രദേശത്തുനിന്ന് വേര്‍തിരിക്കുന്നു.

പൊതുവേ പ്രസന്നമായ കാലവസ്ഥയാണ് ത്രിപുരയിലേത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍വാതങ്ങളില്‍നിന്ന് മേയ് മുതല്‍ ആഗ. വരെയുള്ള കാലയളവില്‍ സമൃദ്ധമായി മഴ ലഭിക്കുന്നു. പ്രതിവര്‍ഷം ശരാശരി 210 സെ.മീ. വരെ മഴ ലഭിക്കുന്ന ത്രിപുരയില്‍ താപനിലയുടെ വ്യതിയാനം ഏകദേശം 10ബ്ബഇ-നും 42ബ്ബഇ-നും മധ്യേയാണ്. നവംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുന്ന ശൈത്യകാലം ജനുവരിയോടെ ശക്തിപ്രാപിക്കുന്നു.

ജലസമ്പത്ത്

ത്രിപുരയിലെ നദികളെ വടക്കോട്ടൊഴുകുന്നവയെന്നും പടിഞ്ഞാറേക്കൊഴുകുന്നവയെന്നും രണ്ടായി തരം തിരിക്കാം. ജൂറി, മനു, ധലായ്, ഖോവായ്, ലങ്കായ്, ദിയോ എന്നിവയാണ് വടക്കോട്ടൊഴുകുന്ന പ്രധാന നദികള്‍. ഹോര, ബരിഗാങ് (Barigang), ഗുംതി (Gumti)എന്നിവ പടിഞ്ഞാറേക്കൊഴുകുന്നവയും. മലനിരകളില്‍നിന്ന് ഉദ്ഭവിക്കുന്നവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശില്‍ പ്രവേശിച്ചശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. പടിഞ്ഞാറേക്കൊഴുകുന്ന നദികളില്‍ ഏറ്റവും നീളം കൂടിയ നദിയായ ഗുംതി, ലോങ്തരായിയില്‍നിന്ന് ഉദ്ഭവിച്ച് അമര്‍പൂര്‍, ഉദയ്പൂര്‍, സോനമുര എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലെ മേഘന നദിയില്‍ സംഗമിക്കുന്നു. ഗുംതിയുടെ ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ദുംബുര്‍ വെള്ളച്ചാട്ടം സുന്ദരമാണ്. സുര്‍മ, റായ്മ, ലാവോഗാങ്, മുകാരി എന്നിവയാണ് തെക്കോട്ടൊഴുകുന്ന നദികളില്‍ പ്രധാനപ്പെട്ടവ.

ജൈവസമ്പത്ത്

സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 53 ശതമാനത്തോളം വനഭൂമിയാണ് (5538 ച.കി.മീ.). ഇതില്‍ 8% നിത്യഹരിത വനങ്ങളാണ്. ജൈവ വൈവിധ്യത്തിന്റെ കലവറകള്‍കൂടിയാണ് ത്രിപുരയിലെ വനങ്ങള്‍. മാറ്റക്കൃഷിക്കും ബംഗ്ളാദേശില്‍നിന്നുള്ള അഭയാര്‍ഥികളുടെ പുനരധിവാസത്തിനും മറ്റും വേണ്ടി വനഭൂമിയുടെ ഏറിയ ഭാഗവും കയ്യേറി നശിപ്പിച്ചിട്ടുണ്ട്. വനങ്ങളില്‍ സാല്‍, മുള, ചൂരല്‍, പുല്ലുവര്‍ഗങ്ങള്‍, വള്ളിച്ചെടികള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവ സമൃദ്ധിയായി വളരുന്നു. ഇവിടത്തെ വനങ്ങളില്‍നിന്ന് ഗണ്യമായ തോതില്‍ സുഗന്ധദ്രവ്യങ്ങളും ലഭിക്കുന്നുണ്ട്.

ത്രിപുരയില്‍ ആനകള്‍ ധാരാളമായി കാണപ്പെടുന്നു. കാട്ടുപോത്ത്, കാട്ടുപന്നി, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളും വിവിധയിനം ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവയും ത്രിപുരയിലെ വനങ്ങളിലുണ്ട്.

ജനങ്ങളും ജീവിതരീതിയും

വ്യത്യസ്ത ഭാഷാ-വംശീയ-മത വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ജനസമൂഹമാണ് ത്രിപുരയിലേത്. ഔദ്യോഗിക ഭാഷകളായ ബംഗാളിക്കും കൊക്ബൊരാകിനും പുറമേ ത്രിപുരി, മണിപ്പുരി എന്നീ ഭാഷകളും സംസ്ഥാനത്ത് പ്രചാരത്തിലുണ്ട്. മംഗളോയ്ഡ് വര്‍ഗത്തില്‍പ്പെട്ട ആദിവാസികള്‍ ഗോത്രഭാഷകളിലൂടെയാണ് പ്രധാനമായും ആശയവിനിമയം നടത്തുന്നത്. തദ്ദേശീയരിലധികവും ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ജനസംഖ്യയില്‍ ഭൂരിഭാഗവും ബംഗ്ളാദേശില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും കുടിയേറിയവരാണ്. സമതല നഗരങ്ങളിലും പട്ടണങ്ങളിലുമാണ് ഇവരില്‍ ഭൂരിഭാഗവും നിവസിക്കുന്നത്.

ത്രിപുരയുടെ ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന ബംഗാളികളുടെ ഭക്ഷണത്തിലെ മുഖ്യഘടകം മത്സ്യമാണ്. മുമ്പ് ബംഗ്ളാദേശില്‍നിന്നു സുലഭമായി മത്സ്യം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ ശുദ്ധജലതടാകമത്സ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന ത്രിപുരയിലെ ആദിവാസി വിഭാഗങ്ങളുടെ മുഖ്യ ആവാസകേന്ദ്രങ്ങള്‍ മലമ്പ്രദേശങ്ങളും വനങ്ങളുമാണ്. 19 ആദിവാസി വിഭാഗങ്ങള്‍ ത്രിപുരയില്‍ നിവസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഭില്‍, ഭുട്ടിയ, ചായ്മല്‍, ചക്മ, ഗാരോ, ഹാലം, ഖാസിയ, കുകി, ലെപ്ച, ലുഷായ്, മഗ്, സന്താള്‍, ത്രിപുരി എന്നീ ആദിവാസി വിഭാഗങ്ങളാണ് ജനസംഖ്യയില്‍ മുന്നിട്ടുനില്ക്കുന്നത്. വ്യതിരിക്തമായ ഗോത്രസംസ്കൃതിയും ഭാഷയും ഓരോ വിഭാഗത്തെയും തിരിച്ചറിയാന്‍ സഹായിക്കുന്നു. ഓരോ ആദിവാസി വിഭാഗത്തിലും നിരവധി ഉപവിഭാഗങ്ങളും ഉണ്ട്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ഇവരുടെ ലാളിത്യവും ആതിഥ്യമര്യാദകളും ജനാധിപത്യ സമീപനവും ശ്രദ്ധേയമാണ്. തറയില്‍നിന്ന് ആറ് അടിയോളം ഉയരത്തില്‍ ചൂരല്‍, പുല്ല് എന്നിവ കൊണ്ട് നിര്‍മിക്കുന്ന കോട്ടേജ് മാതൃകയിലുള്ള ഇവരുടെ വീടുകള്‍ പരിസ്ഥിതിയോട് ഇണങ്ങുന്നതും മനോഹരവുമാണ്. ഓലമേഞ്ഞ കുടിലുകളിലും ചില ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്നുണ്ട്. അടുത്തകാലംവരെ നായാടി വിഭാഗത്തില്‍പ്പെട്ട ചില ആദിവാസി വിഭാഗങ്ങളും ത്രിപുരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരിലധികവും ചെറുസമൂഹങ്ങളായി വേറിട്ട് സ്ഥിരതാമസമാക്കിയിരിക്കുന്നു. 'ജും' എന്ന പേരില്‍ അറിയപ്പെടുന്ന മാറ്റക്കൃഷിയാണ് ത്രിപുരയിലെ ആദിവാസികളുടെ മുഖ്യ ഉപജീവനമാര്‍ഗം. ഒരിടത്ത് കാടുവെട്ടി തീയിട്ട് കൃഷി ചെയ്തശേഷം അവിടം ഉപേക്ഷിച്ച് മറ്റൊരിടത്ത് അത് ആവര്‍ത്തിക്കുന്ന സമ്പ്രദായമാണ് മാറ്റക്കൃഷി. എന്നാല്‍ അടുത്തകാലത്ത് പല ആദിവാസി വിഭാഗങ്ങളും മാറ്റക്കൃഷി ഉപേക്ഷിച്ച് ആധുനിക കൃഷിസമ്പ്രദായം പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട്. നെല്ല്, പച്ചക്കറികള്‍ എന്നിവയ്ക്കു പുറമേ പരുത്തി, എണ്ണക്കുരുക്കള്‍ തുടങ്ങിയ വാണിജ്യവിളകളും ഇവര്‍ കൃഷിചെയ്യുന്നുണ്ട്. ഏറെക്കുറെ സ്വയം പര്യാപ്തത നേടിയ ഇക്കൂട്ടര്‍ അപൂര്‍വമായേ നഗരങ്ങളിലേക്കു സഞ്ചരിക്കാറുള്ളൂ. കാര്‍ഷികോത്പന്നങ്ങള്‍ വില്ക്കുന്നതിനും നിത്യോപയോഗസാധനങ്ങളും മറ്റും വാങ്ങുന്നതിനും വേണ്ടിയാണ് ഇവര്‍ മുഖ്യമായും നഗരങ്ങളിലെത്തുന്നത്. ത്രിപുരയിലെ ഓരോ ആദിവാസി വിഭാഗത്തിനും വ്യത്യസ്തമായ ജീവിതശൈലിയും ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണുള്ളത്. വിവാഹത്തിലും പിന്തുടര്‍ച്ചാവകാശ ക്രമത്തിലും മറ്റും ഈ വ്യത്യാസം പ്രകടമായി കാണാന്‍ കഴിയും. കഠിനാധ്വാനികളായ ഇക്കൂട്ടര്‍ വിശ്രമവേളകളില്‍ സംഗീതത്തിലും നൃത്തത്തിലും മുഴുകുന്നു. ചില വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും ശൈശവ വിവാഹം നിലവിലുണ്ട്. പ്രകൃത്യാരാധനയില്‍ അധിഷ്ഠിതമായ മതത്തിനാണ് ഇവര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം. വങ്ഹായ് എന്നു വിളിക്കുന്ന മൂപ്പനാണ് മതപരമായ ആരാധനകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നേതൃത്വം നല്കുന്നത്. ജനാധിപത്യമാതൃക പിന്തുടരുന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ യാതൊരുവിധ അസമത്വവും നിലനില്ക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മുതിര്‍ന്നവരുടെ കൂട്ടായ്മ ഓരോ ആദിവാസി വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ആഭരണങ്ങള്‍ ധരിക്കുന്നതില്‍ അതീവ തത്പരരാണ് ത്രിപുരയിലെ ആദിവാസി സ്ത്രീകള്‍. ചെമ്പും വെള്ളിയുംകൊണ്ടു നിര്‍മിച്ച വീതിയേറിയ വളകള്‍, മൂക്കുത്തി, കമ്മല്‍, നെക്ക്ലസ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങള്‍. വൈവിധ്യമാര്‍ന്ന പൂജകളും ആഘോഷങ്ങളും ഇവര്‍ക്കിടയില്‍ നിലവിലുണ്ട്. ഗംഗാപൂജ, ഗരിയപൂജ, കേര്‍പൂജ, ഖര്‍ചിപൂജ എന്നിവ ഇവയില്‍ ശ്രദ്ധേയങ്ങളാണ്. പൂജയോടനുബന്ധിച്ച് മൃഗബലിയും നടത്താറുണ്ട്.

 1. വിദ്യാഭ്യാസം. 2001-ലെ സെന്‍സസ് പ്രകാരം 73.66% ആണ് ത്രിപുരയിലെ സാക്ഷരത. 1996-97-ലെ കണക്കനുസരിച്ച് ഇവിടെ 2,045 പ്രൈമറി സ്കൂളുകള്‍, 411 മിഡില്‍ സ്കൂളുകള്‍, 558 ഹൈസ്കൂളുകള്‍, 14 പൊതുവിദ്യാഭ്യാസ കോളജുകള്‍, ഒരു എന്‍ജിനീയറിങ് കോളജ്, ഒരു ടീച്ചര്‍ ട്രെയിനിങ് കോളജ്, ഒരു പോളിടെക്നിക് എന്നിവ പ്രവര്‍ത്തിക്കുന്നു.  ത്രിപുര സര്‍വകലാശാല 1987-ല്‍ സ്ഥാപിതമായി.
 2. കല. വൈവിധ്യമാര്‍ന്ന കലാരൂപങ്ങളുടെ നാടാണ് ത്രിപുര. പൌരാണികതയും ഗോത്ര തനിമയും വിളംബരം ചെയ്യുന്ന ത്രിപുരയുടെ പരമ്പരാഗത നാടോടികലാരൂപങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഓരോ ഗോത്രവിഭാഗത്തിനിടയിലും വ്യത്യസ്ത രീതികളിലുള്ള സംഗീതവും നൃത്തരൂപങ്ങളും നിലനില്ക്കുന്നു. ഇവരുടെ പൂജകളും ആഘോഷങ്ങളുമെല്ലാം വ്യത്യസ്ത ശൈലികളും ഗോത്രപാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്ന സമൂഹനൃത്തത്തോടൊപ്പമാണ് അരങ്ങേറുന്നത്. പ്രസിദ്ധ സംഗീതജ്ഞനായിരുന്ന മഹാരാജ വീര്‍ ചന്ദ്രമാണിക്യ ബഹാദൂറിന്റെ കാലഘട്ടം ത്രിപുരയുടെ ക്ളാസ്സിക്കല്‍ സംഗീതത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. വിവിധ കലാരംഗങ്ങളില്‍ പ്രാവീണ്യം നേടിയ നിരവധി പ്രമുഖര്‍ ഇദ്ദേഹത്തിന്റെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു.
 സ്വാതന്ത്യ്രാനന്തരമാണ് ത്രിപുരയുടെ കലാരംഗം നിര്‍ണായകമായ പുരോഗതി കൈവരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമേ സംഗീത കോളജും സംഗീതഭാരതിയും ഉള്‍പ്പെടെ നിരവധി സ്വകാര്യസ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. രബിനാഗ്, പുലിന്‍ദേവ് ബര്‍മന്‍, ഇത്പാല്‍ദേവ് ബര്‍മന്‍, ബിരേന്ദ്രറോയ്, രഞ്ജിത്ഘോഷ്, സലില്‍ദേവ് ബര്‍മന്‍, ഭൂപേഷ് ബനിക്, അശ്വിനികുമാര്‍ ശര്‍മ തുടങ്ങിയവര്‍ ത്രിപുരയുടെ സംഗീതരംഗത്ത് അതുല്യമായ സംഭാവനകള്‍ നല്കിയവരാണ്. പബ്ളിസിറ്റി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ത്രിപുര കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ത്രിപുരസംഗീത്ചക്ര, രൂപം, രംഗം, ലോകരഞ്ജന്‍ തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങള്‍ വര്‍ഷംമുഴുവന്‍ നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മണിപ്പൂരി വിഭാഗത്തിന്റെ നാടോടിനൃത്തങ്ങളായ രാസലീല, രാഖല്‍ എന്നിവയ്ക്കും ത്രിപുരയില്‍ പ്രചാരമുണ്ട്.
  കകക. സമ്പദ്ഘടന. 
 1. കൃഷി. കൃഷിയാണ് ത്രിപുരയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. ജനസംഖ്യയുടെ 76 ശതമാനവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. എന്നാല്‍ വളക്കൂറുള്ള മണ്ണിന്റെ അഭാവവും നിമ്നോന്നതമായ ഭൂപ്രകൃതിയും കാര്‍ഷിക വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. മലനിരകള്‍ക്കിടയില്‍ സമൃദ്ധമായി ചെമ്മണ്ണ് കാണപ്പെടുന്നുണ്ടെങ്കിലും ഇത് കൃഷിക്ക് അനുയോജ്യമല്ല. മലയടിവാരങ്ങളിലും നദീതാഴ്വരകളിലും കാണപ്പെടുന്ന നദീജന്യ എക്കല്‍ തടങ്ങളിലാണ് സംസ്ഥാനത്തെ പ്രധാന കൃഷിയിടങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാന വിളകളില്‍ നെല്ല്, ഗോതമ്പ്, ചണം, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കള്‍, കരിമ്പ് എന്നിവ പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. പരുത്തി, ഫലവര്‍ഗങ്ങള്‍, റബ്ബര്‍ എന്നിവയും വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്. 
 2. വ്യവസായം. വന്‍കിട വ്യവസായസ്ഥാപനങ്ങളോ ഖനനമോ ത്രിപുരയിലില്ല. നോര്‍ത്ത് ത്രിപുര, സൌത്ത് ത്രിപുര, വെസ്റ്റ് ത്രിപുര എന്നീ ജില്ലകളില്‍ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്നുണ്ടെങ്കിലും ഇവയ്ക്ക് കാര്യമായ സാമ്പത്തിക പ്രാധാന്യമില്ല. ചുണ്ണാമ്പുകല്ലിന്റെയും കളിമണ്ണിന്റെയും നേരിയ നിക്ഷേപവും ത്രിപുരയിലുണ്ട്. ഇതില്‍ കളിമണ്ണ് പ്രാദേശികമായി കളിമണ്‍പാത്രനിര്‍മാണത്തിന് ഉപയോഗിക്കുന്നു. സൌത്ത് ത്രിപുരയിലും വെസ്റ്റ് ത്രിപുരയിലും പ്രകൃതിവാതകത്തിന്റെ ഉറവകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചൂഷണവും ഉപയോഗവും ആരംഭിച്ചിട്ടില്ല.
 തേയില ഉത്പാദനവും അനുബന്ധ വ്യവസായങ്ങളും ത്രിപുരയില്‍ പ്രാധാന്യം നേടിയിരിക്കുന്നു. മലമ്പ്രദേശങ്ങളിലാണ് തേയിലക്കൃഷി വ്യാപകമായിട്ടുള്ളത്. പ്രതിവര്‍ഷം 54,32,000 കി.ഗ്രാം ഉത്പാദനശേഷിയുള്ള സംസ്ഥാനത്തെ 55 അംഗീകൃത തേയിലത്തോട്ടങ്ങളില്‍ പതിനയ്യായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം 15 ടണ്‍ ഉത്പാദനശേഷിയുള്ള ഏതാനും ചണമില്ലുകളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അലൂമിനിയംപാത്രനിര്‍മാണം; റബ്ബര്‍ ഉത്പാദനം; ഫര്‍ണിച്ചര്‍, സോപ്പ്, പൈപ്പ് എന്നിവയുടെ നിര്‍മാണം; ഫലസംസ്കരണം; കൈത്തറി നെയ്ത്ത്; പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍ എന്നിവ ചെറുകിട വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
 വൈദ്യുതി ഉത്പാദനത്തിലും വിനിയോഗത്തിലും സ്വയംപര്യാപ്തത നേടിയ സംസ്ഥാനമാണ് ത്രിപുര. 560 മെഗാവാട്ട് ശേഷിയുള്ള മെലഘാനിലെ തെര്‍മല്‍ പവര്‍ പ്രോജക്റ്റിനു പുറമേ 15.98 മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള 8 വൈദ്യുതോത്പാദന കേന്ദ്രങ്ങളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. 10 മെഗാവാട്ട് ഉത്പാദനശേഷിയുള്ള മറ്റൊരെണ്ണം ദംബുറില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാണ്. 2001-2002 വര്‍ഷത്തില്‍ നടപ്പിലാക്കിയ പ്രത്യേക പദ്ധതിപ്രകാരം സംസ്ഥാനത്ത് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്കുകയുണ്ടായി.
 3. വിനോദസഞ്ചാരം. മലനിരകളും വിശാല താഴ്വരകളും നിത്യഹരിതവനങ്ങളുംകൊണ്ട് അനുഗൃഹീതമായ ത്രിപുര വടക്കുകിഴക്കന്‍ മേഖലയിലെ ശ്രദ്ധേയമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. പ്രകൃതിസ്നേഹികളെയും ചരിത്രാന്വേഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചരിത്ര പ്രസിദ്ധങ്ങളായ നിരവധി കേന്ദ്രങ്ങളും കെട്ടിട സമുച്ചയങ്ങളും ത്രിപുരയിലുണ്ട്. അഗര്‍ത്തലയിലെ ഉജ്ജയന്ത കൊട്ടാരം, ജഗന്നാഥക്ഷേത്രം, ഉമാമഹേശ്വരിക്ഷേത്രം, സ്റ്റേറ്റ് മ്യൂസിയം, ബുദ്ധവിഹാരം എന്നിവ നിത്യേന നൂറുകണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പഴയ അഗര്‍ത്തലയിലെ 14 ദേവിമാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും പ്രസിദ്ധമാണ്. കമലസാഗര്‍, ദുംബര്‍ തടാകം, ത്രിപുരസുന്ദരീക്ഷേത്രം, ഭുവനേശ്വരിക്ഷേത്രം, ബദര്‍മോകം, പരാതിയ റിസര്‍വ് വനങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ ശ്രദ്ധേയമായ സ്ഥാനമുണ്ട്. മകരസംക്രാന്തി, ഹോളി, അശോകാഷ്ടമി, ബംഗാളി പുതുവത്സരപ്പിറവി, മന്‍സമാകല്‍, ദീപാവലി തുടങ്ങിയവയും സംസ്ഥാനത്ത് ആഘോഷിക്കുന്നു.
 4. ഗതാഗതം. റോഡുകളാണ് ത്രിപുരയിലെ പ്രധാന ഗതാഗതമാര്‍ഗം. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും തലസ്ഥാന നഗരമായ അഗര്‍ത്തലയുമായി റോഡുമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. അഗര്‍ത്തലയെ അസമുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക്  198 കി.മീറ്ററില്‍ അധികം ദൈര്‍ഘ്യമുണ്ട്. റോഡുകളുടെ മൊത്തം നീളം 14,395 കി.മീ. ആണ്; റെയില്‍പ്പാതയുടേത് 44.72 കി.മീ.-ഉം. ത്രിപുരയിലെ പ്രധാന വിമാനത്താവളമായ അഗര്‍ത്തലയില്‍നിന്ന് കൊല്‍ക്കത്ത, ഗുവാഹത്തി, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വിമാനസര്‍വീസുണ്ട്. കൈലാഷഹര്‍, കമല്‍പൂര്‍ എന്നിവിടങ്ങളില്‍ ഇടത്തരം വിമാനത്താവളങ്ങള്‍ ഉണ്ടെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ല.
  കഢ. ചരിത്രവും ഭരണവും. വളരെ പുരാതനകാലം മുതല്‍ ത്രിപുരയില്‍ രാജഭരണം നിലവിലുണ്ടായിരുന്നു. 1300 വര്‍ഷത്തിലേറെക്കാലം ഇവിടെ രാജഭരണ വ്യവസ്ഥ നിലനിന്നിരുന്നതായി അനുമാനമുണ്ട്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ വളരെ പഴക്കമുള്ളവയില്‍ ഒന്നത്രേ ത്രിപുര. മഹാഭാരതത്തിലും പുരാണങ്ങളിലും ബൃഹത്സംഹിതയിലും അശോക ചക്രവര്‍ത്തിയുടെ ശിലാസ്തംഭ ലിഖിതങ്ങളിലും ത്രിപുരയെപ്പറ്റി പരാമര്‍ശമുണ്ട്. ത്രിപുരയിലെ ആദ്യകാല രാജാക്കന്മാരെപ്പറ്റിയുള്ള ആധികാരിക ചരിത്രരേഖകള്‍ പരിമിതമാണ്. ബംഗാളിഭാഷയില്‍ രചിച്ചിട്ടുള്ള പദ്യകൃതിയായ രാജമാലയില്‍ ത്രിപുരയില്‍ ഭരണം നടത്തിയിരുന്ന രാജാക്കന്മാരെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. യയാതിയുടെ പുത്രനായ ദ്രുഹ്യനാണ് ഇവിടത്തെ ആദ്യ രാജാവ് എന്നു വിശ്വസിക്കപ്പെടുന്നു. കിരാടരെന്ന ജനവിഭാഗങ്ങളുടെ ഭരണാധിപനെ തോല്പിച്ച് അധികാരഭ്രഷ്ടനാക്കിക്കൊണ്ട് ദ്രുഹ്യന്‍ ഭരണം സ്ഥാപിച്ചതായാണ് പരമ്പരാഗത വിശ്വാസം. അദ്ദേഹത്തിന്റെ പരമ്പരയില്‍പ്പെട്ടവരാണത്രെ പിന്നീട് ത്രിപുരയില്‍ ഭരണം നടത്തിവന്ന രാജാക്കന്മാര്‍.
  14-ാം ശ.-ത്തിനുശേഷമുള്ള ഭരണാധിപന്മാരുടെ പരമ്പര മാണിക്യ രാജാക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ബംഗാളിലെ ഭരണാധിപന്‍ നല്കിയ സഹായത്തിനു പ്രത്യുപകാരമായി അദ്ദേഹത്തിന് ത്രിപുരയിലെ രാജാവ് മാണിക്യം സമ്മാനമായി നല്കിയതോടെയാണ് ത്രിപുരയിലെ രാജാക്കന്മാര്‍ മാണിക്യരാജാക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയതത്രെ. ധര്‍മമാണിക്യന്‍ (1431-62) കലയ്ക്കും സാഹിത്യത്തിനും പ്രോത്സാഹനം നല്കിയ രാജാവായിരുന്നു. രാജമാല എഴുതിത്തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. ധന്യമാണിക്യന്‍ (1463-1515), വിജയമാണിക്യന്‍ (1528-70) എന്നീ രാജാക്കന്മാര്‍ പ്രഗല്ഭരായ ഭരണാധികാരികളായിരുന്നു. രാജ്യവിസ്തൃതി വര്‍ധിപ്പിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. 16-ാം ശ.-ത്തിലെത്തിയപ്പോഴേക്കും ത്രിപുരയുടെ ശക്തിയും യശസ്സും പാരമ്യതയിലെത്തി. 17-ാം ശ. മുതല്‍ ത്രിപുര മറ്റു രാജ്യങ്ങളുടെ ആക്രമണത്തിനു വിധേയമായി. ത്രിപുരയ്ക്ക് പലപ്പോഴും മുഗള്‍ ഭരണാധിപന്മാരുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. പല യുദ്ധങ്ങളിലും ബംഗാളിലെ മുഹമ്മദീയ സുല്‍ത്താന്മാരെ പരാജയപ്പെടുത്താന്‍ ത്രിപുരയിലെ ഭരണാധികാരികള്‍ക്കു സാധിച്ചു. എങ്കിലും 18-ാം ശ. ആയപ്പോഴേക്കും ശക്തി ക്ഷയിച്ച് പല പ്രദേശങ്ങളും നഷ്ടപ്പെട്ട് ത്രിപുര തീര്‍ത്തും ദുര്‍ബലമായിത്തീര്‍ന്നിരുന്നു.
 ആധുനിക ത്രിപുരയുടെ ചരിത്രം 19-ാം ശ.-ത്തോടെ തുടങ്ങുന്നു. മഹാരാജാ വീരചന്ദ്ര മാണിക്യ ബഹാദൂറിന്റെ (1862-96) ഭരണാരംഭത്തോടെ ഇതിനു തുടക്കം കുറിച്ചു. ബ്രിട്ടിഷ് ഇന്ത്യയില്‍ നിലനിന്നിരുന്ന തരത്തിലുള്ള ഭരണ നവീകരണം ഇവിടെ നടപ്പിലായി. അടിമസമ്പ്രദായം അവസാനിപ്പിച്ചു. സംഗീതജ്ഞനും ഭാഷാവിദഗ്ധനുമായിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സംഗീതാദികലകള്‍ പരിപോഷിപ്പിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പുത്രനായ മഹാരാജാ രാധാകിഷോര്‍ മാണിക്യ ബഹാദൂര്‍ (ഭ.കാ. 1897-1909) ത്രിപുരയുടെ സാംസ്കാരിക ഉന്നമനത്തിന് ഏറെ സംഭാവന നല്കിയ രാജാവായിരുന്നു. രവീന്ദ്രനാഥ ടാഗൂറുമായി അടുത്ത സൌഹൃദം പുലര്‍ത്തിയിരുന്ന ഈ ഭരണാധികാരി രാജ്യത്ത് നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. പുത്രനായ വീരേന്ദ്ര കിഷോര്‍ മാണിക്യ ബഹാദൂര്‍ ആണ് തുടര്‍ന്ന് രാജാവായത്. 1909 മുതല്‍ 23 വരെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. അതിനുശേഷം ഇദ്ദേഹത്തിന്റെ പുത്രന്‍ മഹാരാജാ വീര വിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍ 1923-ല്‍ രാജാവായി. ജനപ്രിയ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ബഹുമുഖ പണ്ഡിതനായിരുന്ന ഈ രാജാവ് നാടിന്റെ സമഗ്ര വിദ്യാഭ്യാസപുരോഗതിക്കായി ഏറെ സംഭാവന നല്കിയിട്ടുണ്ട്. 1947-ല്‍ ഇദ്ദേഹം ദിവംഗതനായി. ഇദ്ദേഹത്തിന്റെ പുത്രനും ത്രിപുര രാജവംശത്തിലെ 179-ാമത്തെ ഭരണാധിപനുമായിരുന്ന മഹാരാജാ വിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍ ത്രിപുരയില്‍ ജനകീയഭരണം നിലവില്‍ വന്നതോടെ അധികാരമൊഴിഞ്ഞു.
 ഇന്ത്യന്‍ സ്വാതന്ത്യ്രസമരരംഗത്ത് ത്രിപുരയുടെ തനതായ സംഭാവന പരിമിതമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളിലെ സ്വാതന്ത്യ്രസമരപ്രവര്‍ത്തകര്‍ക്ക് ഈ നാട് അഭയസ്ഥാനമായി വര്‍ത്തിച്ചു. 'ഭാരതിസംഘം' എന്ന സംഘടന രൂപവത്കരിക്കപ്പെട്ടതോടെ 1930-കളില്‍ ത്രിപുരയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി. 1936-ല്‍ 'ഗണപരിഷത്' എന്ന സംഘടന ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവന്നു. 1945-ല്‍ നിലവില്‍വന്ന 'ത്രിപുര രാജ്യ ജനശിക്ഷാസമിതി' സാധാരണക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചതോടെ രാഷ്ട്രീയരംഗം ഊര്‍ജസ്വലമായി. 1946-ല്‍ രൂപംകൊണ്ട 'ത്രിപുര രാജ്യ പ്രജാമണ്ഡലം' രാജ്യത്ത് ജനകീയ ഭരണവ്യവസ്ഥിതി നടപ്പിലാക്കാന്‍ യത്നിച്ചു. 1946-ല്‍ ത്രിപുരയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായി. തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭ ഉള്‍പ്പെടെയുള്ള ഭരണപരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ത്രിപുരയിലെ രാജാവ് 1941-ല്‍ ഒരു നിയമനിര്‍മാണത്തിലൂടെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
  1949 ഒ. 15-ന് ത്രിപുര ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. ഇന്ത്യന്‍ പ്രസിഡന്റിനാല്‍ നിയമിതനാകുന്ന ചീഫ് കമ്മിഷണര്‍ ഭരണത്തലവനായുള്ള 'പാര്‍ട്ട് സി' സംസ്ഥാനമായിത്തീര്‍ന്നു ത്രിപുര. സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് 1956 സെപ്. 1-ന് ത്രിപുര കേന്ദ്രഭരണപ്രദേശമായി മാറ്റാന്‍ തീരുമാനമായി. ഈ പരിഷ്കാരം 1957 ന.-ല്‍ നടപ്പിലായി. 1963 ജൂല.-ല്‍ ത്രിപുരയുടെ നിയമസഭയും ആദ്യത്തെ ജനകീയ മന്ത്രിസഭയും നിലവില്‍വന്നു. 1970 ജനു.-ല്‍ ത്രിപുരയുടെ ഭരണം ലഫ്റ്റനന്റ് ഗവര്‍ണറുടെ കീഴിലായി. 1972 ജനു. 21-ന് ത്രിപുരയ്ക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചു.
 ഒരു സഭ മാത്രമുള്ള നിയമസഭയാണ് ത്രിപുരയ്ക്കുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ത്രിപുരയില്‍നിന്ന് രണ്ട് ലോക്സഭാംഗങ്ങളെയും ഒരു രാജ്യസഭാംഗത്തെയും തെരഞ്ഞെടുക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്‍ഡിജിനസ് നാഷനല്‍ പാര്‍ട്ടി ഒഫ് ത്രിപുര തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു. ചില തീവ്രവാദിസംഘടനകളുടെ സാന്നിധ്യവും സംസ്ഥാനത്തുണ്ട്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍