This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അണിയറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:58, 16 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.137 (സംവാദം)

അണിയറ

നാടകം, നൃത്തം, തുള്ളല്‍, കഥകളി തുടങ്ങിയ നാട്യകലാപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന നടീനടന്‍മാര്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ രംഗവേദിക്കു സമീപം തയ്യാറാക്കുന്ന ചമയമുറി. 'അണിയുന്നതിനുള്ള അറ' എന്നാണ് ഇതിന്റെ ശബ്ദാര്‍ഥം. സ്ഥലലഭ്യതയനുസരിച്ച് സാധാരണയായി രംഗവേദിക്ക് തൊട്ടു പിന്നിലോ വശങ്ങളിലോ ആയാണ് അണിയറകള്‍ സജ്ജമാക്കുക. ഒരു നടനോ നടിയോ അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രങ്ങളെ യഥാതഥമാക്കുവാന്‍ ആവശ്യമായ വേഷഭൂഷാദികളും എത്രയും വേഗം രംഗത്ത് ഒരുക്കേണ്ട ഉപകരണങ്ങളും അണിയറകളില്‍ തയ്യാറായിരിക്കും. വേഷാലങ്കാരങ്ങള്‍ക്കു പുറമേ നടീനടന്‍മാര്‍ക്കണിയേണ്ട ചായങ്ങള്‍, ചൂര്‍ണങ്ങള്‍ തുടങ്ങിയവയും ചിലപ്പോള്‍ രംഗത്തിലെ പ്രകാശസംവിധാനം ആസൂത്രണം ചെയ്യാനുള്ള ഉപകരണങ്ങളും അണിയറകളില്‍ യഥാസ്ഥാനങ്ങളില്‍ വയ്ക്കുന്നു.

ആധുനിക ദൃശ്യകലാപ്രകടനങ്ങളില്‍ സങ്കീര്‍ണമായ പല സംവിധാനക്രമങ്ങളുടെയും സജ്ജീകരണങ്ങളുടെയും ഇരിപ്പിടമാണ് അണിയറ. പ്രാചീനകാലങ്ങളിലും ഇതിന് സര്‍വതോമുഖമായ പ്രാധാന്യം കല്പിച്ചിരുന്നു എന്നതിന് -

  'അണിസഭയില്‍ നടിതുമുടനണിയറകളും മറ-

ച്ചപ്സരോഗന്ധര്‍വ വിദ്യാധരാദികള്‍'

  (ഗിരിജാകല്യാണം)

എന്നു തുടങ്ങിയ കാവ്യപരാമര്‍ശങ്ങള്‍ തെളിവാണ്. രംഗസംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന കൂട്ടത്തില്‍ ഭരതമുനിയുടെ നാട്യശാസ്ത്രം അണിയറയുടെ കാര്യവും വിവരിക്കുന്നുണ്ട്. പ്രാചീനഗ്രീക് നാടകവേദിയുടെ സംവിധാനത്തെപ്പറ്റി സമഗ്രമായ പ്രതിപാദനം അരിസ്റ്റോട്ടലിന്റെ കാവ്യമീമാംസ(Poetics)യില്‍ കാണാം. യൂറോപ്പിലെ നവോത്ഥാനഘട്ടം, ഇംഗ്ളണ്ടിലെ എലിസബത്തന്‍ കാലം തുടങ്ങിയ വിവിധ ദശകളിലൂടെ വികസിച്ച പാശ്ചാത്യനാടകവേദി (theatre) വിദ്യുച്ഛക്തിയുടെ കണ്ടുപിടിത്തത്തോടു കൂടി 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലായപ്പോഴേക്കും അവിശ്വസനീയമായ പല പരിവര്‍ത്തനങ്ങള്‍ക്കും രംഗമൊരുക്കിക്കഴിഞ്ഞു. പരമാവധി യാഥാതഥ്യബോധം ഉണ്ടാക്കുക എന്ന പുതിയ പ്രവണതയുടെ ഫലമായി അണിയറയുടെ സജ്ജീകരണങ്ങള്‍ കുറഞ്ഞുവരുന്ന ഒരു പ്രതിഭാസമാണ് ആധുനികകാലത്ത് കണ്ടുവരുന്നത്. നോ: അഭിനയം; ദൃശ്യകലകള്‍; നാടകം; നാടകവേദി; നാടകസംവിധാനം; രംഗവേദി (ടി.എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍