This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തൈലകല്പന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തൈലകല്പ
ആയുര്‍വേദത്തിലെ ഒരു ഔഷധപാകരീതി. ചില ദ്രവ്യങ്ങളുടെ ഔഷധ ഗുണം എണ്ണയില്‍ സ്വാംശീകരിച്ച് സംസ്കരിച്ചെടുക്കുന്നതാണ് തൈലകല്പന. എള്ളെണ്ണ, വെളിച്ചെണ്ണ, കടുകെണ്ണ, വേപ്പെണ്ണ, മരോട്ടി എണ്ണ തുടങ്ങിയ എണ്ണകളെല്ലാം തൈലകല്പനയ്ക്ക് ഉപയോഗിച്ചുവരുന്നു. സ്വരസം (ഔഷധ സത്ത്), കഷായം, കല്കം (അരച്ചെടുത്ത ഔഷധ പിണ്ഡം) എന്നീ രീതികളില്‍ പാകപ്പെടുത്തിയ ഔഷധവും എണ്ണയും വെള്ളവും ആണ് പ്രധാന ചേരുവകള്‍. നെയ്യ്, പാല്‍, തൈര്, അരിക്കാടി, മോര്, മാംസരസം എന്നിവയും ചില തൈലയോഗങ്ങളില്‍ ചേര്‍ക്കാറുണ്ട്.
എണ്ണയില്‍ പല തരത്തിലുള്ള ദ്രവദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്കരിക്കുമ്പോള്‍ ആ ദ്രവ്യങ്ങള്‍ നാലെണ്ണമോ അതില്‍ കുറവോ ആണെങ്കില്‍ ഓരോന്നും എണ്ണയുടെ നാലിരട്ടി വീതം ചേര്‍ക്കണം. എന്നാല്‍ നാലില്‍ കൂടുതല്‍ ദ്രവദ്രവ്യങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നും എണ്ണയുടെ സമം ചേര്‍ക്കണം. സ്വരസം ചേര്‍ത്ത് എണ്ണ കാച്ചുമ്പോള്‍ എണ്ണയുടെ നാലിരട്ടി സ്വരസവും എട്ടില്‍ ഒന്ന് കല്കവും ആണ് ചേര്‍ക്കുന്നത്. കഷായമാണ് ചേര്‍ക്കുന്നതെങ്കില്‍ എണ്ണയുടെ നാലിരട്ടി കഷായവും ആറില്‍ ഒന്ന് കല്കവും ചേര്‍ക്കുന്നു. വെള്ളമോ കാടിയോ ഉപയോഗിക്കുമ്പോള്‍ എണ്ണയുടെ നാലിരട്ടി ആ ദ്രവങ്ങളും നാലില്‍ ഒന്ന് കല്കവും ആണ് വേണ്ടത്. കല്കത്തിന് പ്രത്യേകം ദ്രവ്യങ്ങള്‍ പറഞ്ഞിട്ടില്ലെങ്കില്‍ കഷായത്തിനോ സ്വരസത്തിനോ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍തന്നെ കല്കത്തിനും സ്വീകരിക്കാവുന്നതാണ്.
നസ്യം, പാനം, അഭ്യംഗം, വസ്തി എന്നിങ്ങനെ തൈലങ്ങള്‍ക്ക് പലവിധ ഉപയോഗങ്ങളുണ്ട്. ഉപയോഗത്തിനനുസരിച്ചാണ് തൈലത്തിന്റെ പാകം നിശ്ചയിക്കുന്നത്.
1. 'മൃദുര്‍ന്നസ്യേ ഖരോഭ്യംഗേ
പാനേ വസ്തൌച ചിക്കണേ'
(അഷ്ടാംഗഹൃദയം)
2. 'നസ്യാര്‍ഥം സ്യാന്മൃദുഃ പകോ
മദ്ധ്യമഃ സര്‍വകര്‍മ്മസു
അഭ്യംഗാര്‍ഥം ഖരഃ പ്രോക്തോ
യുഞ്ജ്യാദേവം യഥോചിതം.'
(യോഗരത്നാകരം)
മൃദു, മധ്യമം, ഖരം എന്നിങ്ങനെ മൂന്നുവിധം പാകങ്ങളുണ്ട്. കാച്ചുന്ന സ്നേഹദ്രവ്യം മുഴുവനും വാര്‍ന്നുകിട്ടാതെ വരുന്ന (ചെളിയില്‍ ചേര്‍ന്ന മെഴുക്) പാകമാണ് മൃദുപാകം. മധ്യമപാകത്തില്‍ സ്നേഹദ്രവ്യം കല്കത്തില്‍ തീരെ നില്ക്കുകയില്ല. ഞെക്കി അരിച്ചെടുത്താല്‍ മുഴുവന്‍ തൈലവും ലഭ്യമാകും. ഇതിന് അരക്കുപാകം എന്നും പേരുണ്ട്. കഠിനമായ കല്കത്തോടുകൂടിയ സ്നേഹപാകത്തെ ഖരപാകമെന്ന് (മണല്‍ പാകം) പറയും. കല്കം വീണ്ടും കറുത്ത് തരിയായാല്‍ ദഗ്ധ പാകമെന്നും മൃദുപാകത്തിനു മുമ്പുള്ള പാകത്തെ ആമപാകമെന്നും പറയുന്നു. ഇവ രണ്ടും നീര്‍വിര്യം അഥവാ ഗുണരഹിതമാണ്. നസ്യം ചെയ്യുവാനുള്ള തൈലം മൃദുപാകമായിരിക്കണം. മധ്യമപാകം എല്ലാവിധ സ്നേഹകര്‍മങ്ങള്‍ക്കും (പാനം, വസ്തി തുടങ്ങിയവ) ഉപയോഗിക്കാം. തലയില്‍ തേക്കുവാനുള്ള തൈലം ഖരപാകമായിരിക്കണം.
ഇരുമ്പുകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ പാത്രമാണ് സാധാരണയായി എണ്ണ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഈ പാത്രത്തില്‍ എണ്ണയും ദ്രവദ്രവ്യവും കല്കവും കൂടി കലക്കി ചേര്‍ത്ത് മന്ദാഗ്നിയില്‍ സാവധാനം ഇളക്കി ജലം മുഴുവന്‍ വറ്റി കിട്ടുന്നതു വരെ കാച്ചി എടുക്കണം. എണ്ണയില്‍ ചേര്‍ത്ത ദ്രവദ്രവ്യം വറ്റിത്തീരുന്നതുവരെ ശക്തമല്ലാത്ത തീ പാത്രത്തിനു കീഴില്‍ കത്തിക്കൊണ്ടിരിക്കുന്നതിനോടൊപ്പം എണ്ണ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുകയും വേണം. കല്കം പാത്രത്തിന്റെ അടിയില്‍ കരിഞ്ഞു പിടിക്കാതിരിക്കാനും എണ്ണയില്‍ മരുന്ന് നല്ലതുപോലെ കലര്‍ന്നു ചേരാനും ഇതു സഹായിക്കുന്നു. എണ്ണ വളരെവേഗം വെള്ളം വറ്റിച്ച് പാകപ്പെടുത്തി എടുക്കാന്‍ പാടില്ല. എണ്ണയില്‍ ചേര്‍ക്കുന്ന ദ്രവദ്രവ്യങ്ങളുടെ വ്യത്യാസമനുസരിച്ച് എണ്ണ പാകപ്പെടുത്തി എടുക്കുന്നതിനും കാലവ്യത്യാസം കല്പിച്ചിട്ടുണ്ട്. ജലം, അരിക്കാടി, കഷായം എന്നിവ ചേര്‍ത്താണ് എണ്ണ കാച്ചുന്നതെങ്കില്‍ അഞ്ചുദിവസംകൊണ്ടും സ്വരസം ചേര്‍ക്കുമ്പോള്‍ മൂന്നുദിവസംകൊണ്ടും മാംസരസമാണെങ്കില്‍ ഒരു ദിവസംകൊണ്ടും തൈലം കാച്ചി അരിച്ചെടുക്കണം. പാല്‍ചേര്‍ത്ത് സംസ്കരിക്കുന്ന പാകങ്ങളില്‍ എണ്ണയില്‍ ചേര്‍ത്ത മറ്റു ദ്രവ്യങ്ങള്‍ ഏതാണ്ട് ചെളിപ്പരുവമാകുമ്പോള്‍ പാല്‍ ചേര്‍ത്താല്‍ മതിയാകും. പാല്‍ ചേര്‍ത്ത് രണ്ടുദിവസത്തിനുള്ളില്‍ എണ്ണ പാകമാക്കി അരിച്ചെടുക്കണം.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എണ്ണ ഉപയോഗയോഗ്യമല്ല. മൃദുപാകത്തില്‍ കാച്ചിയെടുക്കുന്ന എണ്ണയില്‍ അല്പം ജലാംശം കാണുമെന്നതുകൊണ്ട് അവ ആറുമാസത്തിനുള്ളില്‍ ഉപയോഗിക്കണം. മണ്‍ഭരണികളില്‍ സൂക്ഷിച്ചാല്‍ എണ്ണയുടെ മണവും ഗുണവും ദീര്‍ഘകാലം നിലനില്ക്കും.
(ഡോ. എസ്. നേശമണി; സ.പ.)