This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേനീച്ച വളര്‍ത്തല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:39, 6 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തേനീച്ച വളര്‍ത്തല്‍

Apiculture

തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി തേനീച്ചകളെ വളര്‍ത്തുന്ന വ്യവസായം. തേനീച്ച വളര്‍ത്തല്‍ ലോകവ്യാപകമായി വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രയോജനകരമാണ്. വന്യമായി കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീന മനുഷ്യന്‍ പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. 1851-ല്‍ ലാങ്സ് ട്രോത്ത് എന്ന ശാസ്ത്രജ്ഞന്‍ 'ഈച്ച സ്ഥലം' (Bee space) എന്ന തത്ത്വം ആവിഷ്കരിച്ചതോടുകൂടി ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിച്ചുള്ള കൃത്രിമ കൂടുകള്‍ നിലവില്‍വന്നു. ഈച്ചകള്‍ ചട്ടങ്ങള്‍ക്കിടയില്‍ അറയുണ്ടാക്കുന്നത് തടയുന്നതിനായി ചട്ടങ്ങള്‍ തമ്മിലും ചട്ടവും കൂടും തമ്മിലും പാലിക്കേണ്ട കൃത്യമായ വിടവ് ആണ് 'ബീ സ്പെയ്സ്'. 'ബീ സ്പെയ്സ്' തത്ത്വം അനുസരിച്ച് കൂടുണ്ടാക്കുമ്പോള്‍ കൂടിനുള്ളിലെ ചട്ടങ്ങള്‍ ചലിപ്പിക്കാനും കൂടിനുള്ളിലൂടെ ഈച്ചകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും. റവ. ഫാ. ന്യൂട്ടന്‍ 1910-ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് അനുയോജ്യമായ 'ന്യൂട്ടന്‍സ് ഹൈവ്' എന്ന ചെറിയ കൂട് നിര്‍മിച്ചതോടുകൂടിയാണ് ഇന്ത്യയില്‍ തേനീച്ച വളര്‍ത്തല്‍ വ്യാപകമായത്. പിന്നീടുണ്ടായ കണ്ടുപിടിത്തങ്ങള്‍ നിരവധി തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ക്ക് ജന്മം നല്കുകയും തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയവും ആദായകരവുമായ ഒരു കൃഷിയും ചെറുകിട വ്യവസായവുമായി വികസിപ്പിക്കുകയും ചെയ്തു.

ഒരു സാധാരണ തേനീച്ചക്കൂടിന്റെ ഭാഗങ്ങള്‍

ഇന്ത്യന്‍ തേനീച്ചകളുടെ ശാസ്ത്രീയ പരിപാലനം. ആറ് മി. മീ. 'ബീ സ്പെയ്സ്' പാലിക്കുന്ന 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള (frames) രണ്ട് തട്ടുകളോടുകൂടിയ പെട്ടികളാണ് തേനീച്ച വളര്‍ത്തലിന് സാധാരണയായി ഉപയോഗിക്കുന്നത്. അടിപ്പലക, അടിത്തട്ട്, മേല്‍ത്തട്ട്, മേല്‍മൂടി, ചട്ടങ്ങള്‍ എന്നിവയാണ് തേനീച്ചക്കൂടിന്റെ പ്രധാന ഭാഗങ്ങള്‍. കൂടാതെ കൂടിന്റെ ഉള്‍വിസ്തൃതി ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള പലക (dummy division board), മുകള്‍ത്തട്ടിലേക്കുള്ള റാണിയുടെ സഞ്ചാരം ഒഴിവാക്കുന്നതിന് ഉതകുന്ന റാണി ബഹിഷ്കരണി (Queen excluder) എന്നിവയും തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങളാണ്. തേനീച്ചക്കൂടുകള്‍ സാധാരണയായി ഒരു മീ. ഉയരമുള്ള കാലുകളിലാണ് സ്ഥാപിക്കാറുള്ളത്. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ച ഉറുമ്പു കെണികള്‍ (ant panes) സ്ഥാപിക്കുകയോ കീടനാശിനിപ്രയോഗം നടത്തുകയോ ചെയ്യണം.

പ്രകൃത്യാ മരപ്പൊത്തുകളിലും മറ്റും വന്യമായി കാണുന്ന കൂടുകളില്‍നിന്ന് ഈച്ചകളെ ശേഖരിച്ചോ വളര്‍ത്തുകൂടുകളില്‍നിന്ന് വിഭജനം നടത്തിയോ പുതിയ കൂടുകളിലേക്ക് ഈച്ചകളെ കണ്ടെത്തുന്നു. കൂടുകളില്‍ പുക ഏല്പിച്ച് ഈച്ചകളെ ശാന്തരാക്കിയ ശേഷം മരപ്പൊത്തില്‍നിന്നും മറ്റുമുള്ള ഈച്ചകളോടുകൂടിയ അടകള്‍ മുറിച്ചെടുത്ത് പുതിയ കൂടിലെ ചട്ടങ്ങളില്‍ വച്ചുകെട്ടി കൂടിനുള്ളില്‍ സ്ഥാപിക്കുന്നു. തേനും പൂമ്പൊടിയും അടങ്ങിയ അടകളെയും ഇപ്രകാരം മാറ്റി സ്ഥാപിക്കാറുണ്ട്. റാണി ഈച്ചയെ പുതിയ കൂടിനുള്ളില്‍ സ്ഥാപിക്കേണ്ടത് കൂടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഇതിനായി റാണിയെ കണ്ടെത്തി തീപ്പെട്ടിക്കൂടിലോ കമ്പികൊണ്ട് പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ പെട്ടികളിലോ (Queen cage) ആക്കി കൂടിനുള്ളില്‍ വച്ചുകൊടുക്കാവുന്നതാണ്. ഒന്നുരണ്ടു ദിവസത്തിനുശേഷം റാണി ഈച്ചയെ കൂടിനുളളില്‍ സ്വതന്ത്രമാക്കണം.

കൃത്രിമമായി തേനീച്ചകളെ കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ഇവയുടെ വളര്‍ച്ചാകാലത്ത് (ഒക്ടോബര്‍-നവംബര്‍) ഈച്ചകളുടെ എണ്ണം വര്‍ധിക്കുമ്പോഴേക്കും, പുതിയ റാണിയെ വിരിയിച്ച് കൂടുപിരിയാന്‍ ഈച്ചകള്‍ തയ്യാറെടുക്കുന്നു. ഈ അവസരത്തില്‍, പുതിയ റാണി വിരിഞ്ഞ് പുറത്തുവരുന്നതിനു മുമ്പായി പഴയ റാണിയെ മൂന്നോ നാലോ അടകള്‍ക്കും കുറെ വേലക്കാരി ഈച്ചകള്‍ക്കുമൊപ്പം പുതിയ പെട്ടിയിലേക്കു മാറ്റി കൂടു വിഭജനം നടത്തി പുതിയ തേനീച്ചക്കോളനികള്‍ ഉണ്ടാക്കിയെടുക്കുന്നു. പഴയ പെട്ടിയില്‍ പുതുതായി വിരിയുന്ന റാണി സ്ഥാനം ഏറ്റെടുക്കുന്നതിനാല്‍ കോളനി നശിച്ചുപോകുന്നില്ല. തേനും പൂമ്പൊടിയും ലഭ്യമാകുന്നതിനുള്ള സപുഷ്പിസസ്യങ്ങളും ശുദ്ധജലസ്രോതസ്സുമുള്ള തണല്‍ പ്രദേശങ്ങളാണ് തേനീച്ച വളര്‍ത്തലിന് അനുയോജ്യം. 50 മുതല്‍ 100 വരെ തേനീച്ചപ്പെട്ടികള്‍ 3-6 മീ. അകലത്തിലുള്ള വരികളിലായി തേനീച്ച വളര്‍ത്തല്‍ സ്ഥലത്ത് സ്ഥാപിക്കാവുന്നതാണ്. ഒരേ വരികളിലുള്ള പെട്ടികള്‍ 2-3 മീ. അകലത്തില്‍ കിഴക്കു ദര്‍ശനമായി വയ്ക്കുന്നതാണ് അഭികാമ്യം. കൂടുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നടത്തുന്നത് തേനീച്ചക്കോളനികളുടെ സംരക്ഷണത്തിന് ഉത്തമമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ കൂടുകളിലേക്ക് നേരിയ തോതില്‍ പുകയേല്പിച്ച് ഈച്ചകളെ ശാന്തരാക്കിയാണ് കൂടു പരിശോധന നടത്തുന്നത്. ചകിരി വച്ചു തീകൊളുത്തി പുകയുണ്ടാക്കുന്ന പുകയ്ക്കല്‍ യന്ത്രം (smoker) ഇതിനായി ഉപയോഗിക്കുന്നു. ഉളി ഉപയോഗിച്ച് ചട്ടങ്ങള്‍ ഇളക്കിയെടുക്കുന്നത് പരിശോധന സുഗമമാക്കുന്നു. ഇപ്രകാരം കൂടു പരിപാലനം നടത്തുമ്പോള്‍ കുത്തേല്ക്കാതിരിക്കുന്നതിനായി തൊപ്പിയും മുഖംമൂടിയും ഉപയോഗിക്കാറുണ്ട്. ഈച്ചകളുടെ എണ്ണം, പുഴുക്കളുടെ വളര്‍ച്ച, കൂടിനുള്ളിലെ തേന്‍, പൂമ്പൊടി, രോഗകീടബാധ തുടങ്ങിയവ കൂടുപരിശോധനാസമയത്ത് നിരീക്ഷണവിധേയമാക്കേണ്ടതാണ്.

ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തിലെ മധുപ്രവാഹകാലം (honey flow season). ഈ കാലയളവില്‍ തേനുത്പാദനം വര്‍ധിപ്പിക്കുന്നതിന് തേനീച്ചക്കൂടുകളെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചാകാലഘട്ടത്തിന്റെ (brood ceasing season) തുടക്കമായ ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കേണ്ടതാണ്. കൃത്രിമ അട(comb foundation sheet)നല്കി പുഴുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍, ബലഹീനമായ കോളനികളുടെ സംയോജനം, പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവയാണ് ഈ അവസരത്തില്‍ നടത്തേണ്ട പരിപാലനമുറകള്‍. തേനീച്ചക്കൂടുകളിലെ ആണ്‍ ഈച്ചകളുടെ ക്രമാതീതമായ വര്‍ധനവ് റാണി ഈച്ചയുടെ പ്രത്യുത്പാദനശേഷി കുറയുന്നതിന്റെ സൂചനയായി കരുതാം. ഇത്തരത്തിലുള്ള കൂടുകളില്‍ പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കേണ്ടത് കൂടിന്റെ നിലനില്പിന് അനിവാര്യമാണ്. വളര്‍ച്ചാകാലഘട്ടത്തില്‍ ആരോഗ്യമുള്ള റാണി ഈച്ചകളോടുകൂടിയ കൂടുകളില്‍ പുതുതായി രൂപപ്പെടുന്ന റാണി ഈച്ച വളര്‍ത്തല്‍ അറകള്‍ നശിപ്പിച്ച് കൂട്ടം പിരിയല്‍ ഒഴിവാക്കുന്നതിലൂടെ കൂടുകളില്‍ ഈച്ചകളുടെ എണ്ണം കുറയുന്നതിനെ നിയന്ത്രിക്കുന്നു.

മധുപ്രവാഹകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ തേനുത്പാദിപ്പിക്കുന്നതിന് തേനീച്ചക്കൂടുകള്‍ തേന്‍ സ്രോതസ്സുകളായ സസ്യങ്ങള്‍ വളരുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ദേശാടന തേനീച്ചക്കൃഷി സമ്പ്രദായം (migratory bee keeping) അവലംബിക്കാവുന്നതാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന കശുമാവും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പൂവണിയുന്ന റബ്ബര്‍ തോട്ടങ്ങളും മാര്‍ച്ച്-ജൂലായ് മാസങ്ങളില്‍ പുഷ്പിക്കുന്ന പുളിയും കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സുകളാണ്. മരുത്, മാവ്, പ്ളാവ്, ഏലം തുടങ്ങി നിരവധി സസ്യങ്ങളില്‍നിന്ന് തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കാറുണ്ട്. തളിരണിയുമ്പോള്‍ ഇലത്തണ്ടിലെ ഗ്രന്ഥികളില്‍ തേന്‍ ഉത്പാദിപ്പിക്കുന്ന റബ്ബറാണ് കേരളത്തിലെ ദേശാടന തേനീച്ചക്കൃഷിയുടെ അടിസ്ഥാനം.

തേനുത്പാദനകാലത്ത് തേനീച്ചപ്പെട്ടിയിലെ തട്ടുകള്‍ക്കിടയില്‍ 'റാണി ബഹിഷ്കരണി' സ്ഥാപിക്കുന്നത് മേല്‍ത്തട്ടില്‍ റാണി ഈച്ച പ്രവേശിച്ച് മുട്ടയിടുന്നതിനെ തടയുന്നു. നിരവധി ചെറിയ ദ്വാരങ്ങളുള്ള നാകത്തകിടാണ് റാണി ബഹിഷ്കരണി. ഇവയിലെ ദ്വാരങ്ങളുടെ വലുപ്പം വേലക്കാരി ഈച്ചകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നു. എന്നാല്‍ ഉദരത്തിന് വലുപ്പക്കൂടുതലുള്ള റാണി ഈച്ചയ്ക്ക് ഈ ദ്വാരങ്ങളിലൂടെ കടന്നുപോകാന്‍ കഴിയില്ല. റാണി ബഹിഷ്കരണി സ്ഥാപിക്കുന്നതുമൂലം ഈച്ചകള്‍ പെട്ടിയുടെ മുകള്‍ഭാഗം തേനും പൂമ്പൊടിയും മാത്രം ശേഖരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ഇത് മേല്‍ത്തട്ടില്‍ നിന്നുള്ള തേന്‍ശേഖരണം അനായാസമാക്കുന്നു. തേനീച്ചകള്‍ കീഴ്ത്തട്ടിലെ അടകളുടെ മുകള്‍ഭാഗം തേന്‍ശേഖരണത്തിനായും കീഴ്ഭാഗം പുഴു വളര്‍ത്തലിനായുമാണ് ഉപയോഗിക്കുന്നത്. തേനറകളില്‍ തേന്‍ ശേഖരിച്ചശേഷം വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് തേനറകള്‍ അടയ്ക്കുന്നു. 70-75 ശതമാനം അറകള്‍ അടച്ചു കഴിഞ്ഞ അടകളില്‍ നിന്ന് തേന്‍ ശേഖരിക്കാം.

തേനടകള്‍ പിഴിഞ്ഞെടുത്തോ തേന്‍ ശേഖരണയന്ത്രം (Honey extractor) ഉപയോഗിച്ചോ തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കാം. തേനടകള്‍ ചട്ടങ്ങള്‍ സഹിതം കൂടിനു പുറത്തെടുത്ത് തേന്‍കമ്പിയുപയോഗിച്ച് മൂടി ചെത്തി മാറ്റി തേന്‍ശേഖരണയന്ത്രത്തില്‍ സ്ഥാപിച്ച് കറക്കി തേനെടുക്കുന്നത് അടകള്‍ നശിക്കാതെ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുന്നു. മധുപ്രവാഹകാലത്ത് തേനുത്പാദനം കൂടുതലുള്ള കൂടുകളില്‍നിന്ന് 5-6 ദിവസത്തിലൊരിക്കല്‍ തേന്‍ ശേഖരിക്കാനാകും.

തേനുത്പാദനകാലത്തെത്തുടര്‍ന്നുള്ള മഴക്കാലത്ത് തേനും പൂമ്പൊടിയും ദുര്‍ലഭമായതിനാല്‍ തേനീച്ചകളെ സംബന്ധിച്ചിടത്തോളം ക്ഷാമകാലമാണ്. ഈ കാലയളവിലെ ഭക്ഷണത്തിനും പുഴുവളര്‍ത്തലിനുമായാണ് തേനീച്ചകള്‍ തേനും പൂമ്പൊടിയും കൂടുകളില്‍ സൂക്ഷിക്കുന്നത്. ആയതിനാല്‍ തേനുത്പാദന കാലയളവിന്റെ അവസാന ഘട്ടത്തില്‍ ക്ഷാമകാലത്തേക്കാവശ്യമായ തേന്‍ പെട്ടിയില്‍ അവശേഷിപ്പിക്കേണ്ടത് കോളനികളെ നിലനിര്‍ത്തുന്നതിനാവശ്യമാണ്. ആഹാര ദൗര്‍ലഭ്യംമൂലം ക്ഷാമകാലത്ത് ഈച്ചകള്‍ വളരെക്കുറച്ച് പുഴുക്കളെ മാത്രമേ വളര്‍ത്താറുള്ളൂ. ഇത് പെട്ടികളില്‍ ഈച്ചകളുടെ എണ്ണം കുറയാനിടയാക്കുന്നു. ഈ കാലയളവില്‍ അംഗസംഖ്യയ്ക്കനുസരിച്ച് അടകളുടെ എണ്ണം ക്രമപ്പെടുത്തി വിഭജന പലക ഉപയോഗിച്ച് കൂടിന്റെ ഉള്‍വിസ്തൃതി കുറച്ച് തേനീച്ചകളെ സംരക്ഷിക്കേണ്ടതാണ്. മാത്രമല്ല, അധികംവരുന്ന അടകള്‍ കൂടിനു പുറത്തെടുത്ത് വായു കടക്കാതെ തട്ടുകള്‍ക്കുള്ളിലാക്കി പാരാ ഡൈക്ലോറോ ബെന്‍സീന്‍ (PDB) എന്ന രാസവസ്തു ഉപയോഗിച്ച് സൂക്ഷിച്ചുവച്ച് അടുത്ത തേനുത്പാദനകാലത്തേക്ക് ഉപയോഗിക്കാം. മഴക്കാലത്ത് ആഹാര ദൗര്‍ലഭ്യം രൂക്ഷമാണെങ്കില്‍ തേനീച്ചകള്‍ക്ക് കൃത്രിമ ആഹാരം നല്കേണ്ടതാണ്. പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ചൂടാക്കിയുണ്ടാക്കുന്ന പഞ്ചസാര പാവ് ആണ് പ്രധാന കൃത്രിമ ആഹാരം. ഈ ലായനി തണുപ്പിച്ച് പരന്ന പാത്രങ്ങളിലാക്കി, മേല്‍മൂടി മാറ്റി ചട്ടങ്ങള്‍ക്കു മുകളില്‍ വച്ച് കൊടുക്കാവുന്നതാണ്. തേനീച്ചകള്‍ ലായനിയില്‍ മുങ്ങിപ്പോകാതിരിക്കാനായി പാത്രങ്ങളില്‍ ചെറിയ മരക്കഷണങ്ങള്‍ ഇട്ടുകൊടുക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങ് ഒരു പ്രധാന പൂമ്പൊടി സ്രോതസ്സായതിനാല്‍ പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടാറില്ല. പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ തേനീച്ചകള്‍ക്ക് പാല്‍ പ്പൊടി, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്ത് യീസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന കൃത്രിമ പൂമ്പൊടിയും നല്കാറുണ്ട്.

തേനീച്ചകളിലെ രോഗകീടബാധ. തേനീച്ചകളെ ബാധിക്കുന്ന രോഗകീടബാധകള്‍ തേനീച്ച വളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കുന്നു. ചിലന്തിവര്‍ഗത്തില്‍ പ്പെടുന്ന മണ്ഡരികള്‍ (mites) ആണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടം. ആന്തരപരാദ മണ്ഡരികള്‍ തേനീച്ചകളുടെ ശ്വസന നാളികളെ ബാധിക്കുന്നു. ബാഹ്യപരാദ മണ്ഡരികളായ വറോവ, ട്രൊപ്പീലിയിലാപ്സ് എന്നിവ വളര്‍ച്ചയെത്തിയ ഈച്ചകളെ കൂടാതെ പുഴുക്കളെയും സമാധികളെയും ആക്രമിക്കുന്നു. മണ്ഡരികള്‍ ഈച്ചകളുടെ ശരീരത്തില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഈച്ചകളെ നശിപ്പിച്ച് കോളനികളെ ദുര്‍ബലപ്പെടുത്തും. അംഗവൈകല്യം ബാധിച്ച് പറക്കാനാകാത്ത തേനീച്ചകളുടെയും ചത്ത പുഴുക്കളുടെയും സാന്നിധ്യം മണ്ഡരിബാധയെ സൂചിപ്പിക്കുന്നു. കൂടുകള്‍ക്കുള്ളില്‍ ഗന്ധകപ്പൊടി വിതറിയും ഫോര്‍മിക് ആസിഡ് ബാഷ്പം പ്രയോഗിച്ചും ഇവയെ നിയന്ത്രിക്കാം.

മെഴുക് ഉപയോഗിച്ചുള്ള അടകള്‍ തിന്നു നശിപ്പിക്കുന്ന മെഴുകു പുഴുക്കള്‍ (wax moth) ആണ് തേനീച്ചക്കൃഷിയെ ബാധിക്കുന്ന മറ്റൊരു കീടം. മെഴുകു പുഴുക്കളുടെ ശലഭങ്ങള്‍ കൂടിന്റെ വിടവുകളിലും മറ്റും മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ അടകള്‍ക്കുള്ളില്‍ വലകെട്ടി മെഴുകു തിന്ന് അടകള്‍ നശിപ്പിക്കുന്നതിന്റെ ഫലമായി ഈച്ചകള്‍ കൂട് ഉപേക്ഷിക്കുന്നു. ഈച്ചകളുടെ എണ്ണം കുറവായ കൂടുകളുടെ ഉള്‍വിസ്തൃതി കുറയ്ക്കുന്നതും കൂടുകള്‍ വിടവില്ലാതെ സൂക്ഷിക്കുന്നതും ഇവയുടെ ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. ഇറ്റാലിയന്‍ തേനീച്ചകള്‍ മരക്കറകളും മെഴുകും ചേര്‍ത്തുണ്ടാക്കുന്ന പ്രൊപ്പോളിസ് എന്ന പദാര്‍ഥം ഉപയോഗിച്ച് അടകള്‍ ബലപ്പെടുത്തുന്നതിനാലും വിടവുകള്‍ നികത്തുന്നതിനാലും മെഴുകു പുഴുക്കളുടെ ആക്രമണത്തെ ചെറുക്കുവാന്‍ കഴിയുന്നു. തേനീച്ചകളെ ഭക്ഷിക്കുന്ന ഈച്ചവിഴുങ്ങിപ്പക്ഷികളും (Bee eater birds) കടന്നലുകളുമാണ് തേനീച്ചക്കൃഷിയുടെ മറ്റു ശത്രുക്കള്‍.

സഞ്ചിരോഗം (Thaisac brood disease) എന്ന വൈറസ് ബാധയാണ് ഇന്ത്യന്‍ തേനീച്ചകളെ ബാധിക്കുന്ന പ്രധാന രോഗം. രോഗം ബാധിച്ച പുഴുക്കള്‍ ചത്ത് വീര്‍ത്ത് അടകള്‍ക്കുള്ളില്‍ കാണപ്പെടുന്നു. 1992-നുശേഷമാണ് കേരളത്തിലെ തേനീച്ചകളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയത്. ഈ രോഗം ധാരാളം തേനീച്ചക്കോളനികളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഫലപ്രദമായ ചികിത്സാവിധികള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം ബാധിച്ച കോളനികളെ നശിപ്പിച്ച് രോഗം പടരാതെ സൂക്ഷിക്കേണ്ടത് തേനീച്ച വളര്‍ത്തലിന് അത്യന്താപേക്ഷിതമാണ്. ഇറ്റാലിയന്‍ തേനീച്ചകളെ ഈ രോഗം ബാധിക്കുന്നില്ല.

ബാക്റ്റീരിയബാധമൂലം ഉണ്ടാകുന്ന ഫൗള്‍ബ്രൂഡ് രോഗങ്ങള്‍ പ്രധാനമായും ഇറ്റാലിയന്‍ തേനീച്ചകളെയാണ് ബാധിക്കുന്നത്. രോഗബാധയേറ്റ പുഴുക്കള്‍ അറകള്‍ക്കുള്ളില്‍ ചത്തിരിക്കുന്നതായി കാണപ്പെടുന്നു. ആന്റിബയോട്ടിക് (ഉദാ. ടെറാമൈസിന്‍) പഞ്ചസാരലായനിയില്‍ ചേര്‍ത്ത് ഈച്ചകള്‍ക്കു നല്കി ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.

തേനീച്ച ഉത്പന്നങ്ങള്‍. തേന്‍ കൂടാതെ മെഴുക്, പൂമ്പൊടി, റോയല്‍ ജെല്ലി, പ്രൊപ്പോളിസ്, തേനീച്ചവിഷം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്നു.

തേന്‍മെഴുക് . തേനീച്ചകള്‍ അട നിര്‍മിക്കുന്നതിനായി ഉത്പാദിപ്പിക്കുന്ന സങ്കീര്‍ണമായ വസ്തുവാണ് തേന്‍മെഴുക് (bee wax). ആള്‍ക്കഹോള്‍ എസ്റ്ററുകളും ഫാറ്റി അമ്ളങ്ങളും ചേര്‍ന്ന മെഴുക് വേലക്കാരി തേനീച്ചകളുടെ ഉദരത്തിന്റെ അടിഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥികളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. തേനീച്ചകളുടെ ഉദരഭാഗത്ത് പാളികളായി പ്രത്യക്ഷപ്പെടുന്ന മെഴുക് ഇവ വദനഭാഗം ഉപയോഗിച്ച് ചുരണ്ടിയെടുത്ത് രൂപാന്തരപ്പെടുത്തി അട നിര്‍മാണത്തിന് ഉപയോഗിക്കുന്നു. 14-18 ദിവസം പ്രായമായ വേലക്കാരി ഈച്ചകളാണ് മെഴുക് ഉത്പാദിപ്പിക്കുന്നത്.

തേനീച്ചക്കൂടുകളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മെഴുകിന് നിരവധി ഉപയോഗങ്ങളുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന തേന്‍മെഴുകിന്റെ ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നു. മെഴുകുതിരി ഉണ്ടാക്കുന്നതിനും തേനീച്ചക്കൂട്ടില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള്ള കൃത്രിമ അട (comb foundation sheet) നിര്‍മിക്കുന്നതിനുമാണ് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പെയ്ന്റ്, പോളിഷ്, മഷി, വാര്‍ണീഷ്, പശ തുടങ്ങി മുന്നൂറില്‍പ്പരം ഉത്പന്നങ്ങളില്‍ തേന്‍മെഴുക് ഉപയോഗിക്കപ്പെടുന്നു. തൊലിയോടു ചേര്‍ന്ന് ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുമെന്നതിനാല്‍ ലേപനങ്ങള്‍ തുടങ്ങി അനവധി മരുന്നുകളുടെ നിര്‍മാണത്തിന് തേന്‍മെഴുക് ഉപയോഗിക്കുന്നുണ്ട്. പ്രകൃതിജന്യ വസ്തുവായതിനാല്‍ തേന്‍മെഴുക് ച്യൂയിങ്ഗം, ലിപ്സ്റ്റിക് എന്നിവയിലും ഉപയോഗിക്കപ്പെടുന്നു.

തേനടകളില്‍നിന്ന് ചെത്തിമാറ്റപ്പെടുന്ന മെഴുകും പഴയ തേനടകളുമാണ് പ്രധാനമായും മെഴുക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വന്യമായി കാണപ്പെടുന്ന മലന്തേനീച്ചക്കൂടുകള്‍ മെഴുക് നിര്‍മാണത്തിന്റെ പ്രധാന സ്രോതസ്സാണ്. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തേനടകള്‍ മണിക്കൂറുകളോളം വെള്ളത്തില്‍ മുക്കിവയ്ക്കുന്നു. ഇത് മെഴുകില്‍ അടങ്ങിയ മാലിന്യവസ്തുക്കള്‍ നീക്കി മെഴുകിന് സ്വാഭാവിക നിറം നല്കുന്നതിന് ഉതകും. ഇപ്രകാരം കഴുകി ശുദ്ധിയാക്കിയ മെഴുക് വെള്ളത്തിനു മുകളില്‍ ഉരുക്കുന്നു. ഉരുകിയ മെഴുക് വെള്ളത്തോടൊപ്പം തുണികളിലൂടെ അരിച്ച് പരന്ന പാത്രങ്ങളിലാക്കി തണുക്കാനനുവദിക്കും. തുടര്‍ന്ന് വെള്ളത്തിനു മുകളില്‍ പാളികളായി ഉറയുന്ന മെഴുക് വേര്‍തിരിച്ചെടുക്കുന്നു. സ്വാഭാവിക മെഴുകിന് വെള്ളനിറമാണെങ്കിലും തേനീച്ചക്കൂടുകളില്‍ പൂമ്പൊടി, തേന്‍, മറ്റു മാലിന്യങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കംമൂലം മെഴുകിന്റെ നിറം വ്യത്യാസപ്പെടുന്നു. ആഗിരണശേഷിയുള്ള ഫലകങ്ങളിലൂടെ കടത്തിവിട്ടോ, ഹൈഡ്രജന്‍ പെറോക്സൈഡ് (H2O2) തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് ബ്ളീച്ച് ചെയ്തോ മെഴുകിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനാകും.

പൂമ്പൊടി. തേനീച്ചകളുടെ പ്രധാന മാംസ്യാഹാരമാണ് പൂമ്പൊടി. പലതരം പൂക്കളില്‍നിന്നു ശേഖരിക്കുന്ന പൂമ്പൊടി തേനീച്ചകള്‍ കൂടിനുള്ളിലെ പൂമ്പൊടി അറകളില്‍ നിറയ്ക്കുന്നു. തേനീച്ചകള്‍ പൂക്കളില്‍നിന്ന് തേനീച്ചയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറ്റിപ്പിടിക്കുന്ന പൂമ്പൊടി പിന്‍കാലുകള്‍ ഉപയോഗിച്ചു ശേഖരിച്ച് പൂമ്പൊടി സഞ്ചികളിലാക്കി (pollen basket) കൂട്ടിലേക്ക് കൊണ്ടുവരുന്നു. പൂമ്പൊടി അറകള്‍ക്കുള്ളില്‍വച്ച് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി കുറച്ച് പഞ്ചസാര ലാക്റ്റിക് അമ്ലമായി മാറും. ഈ അമ്ലം ഒരു സംരക്ഷണവസ്തു (preservative) ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂമ്പൊടി കൂടിനുള്ളില്‍ നശിക്കാതെ സൂക്ഷിക്കുന്നതിന് ഉതകുന്നു.

നിരവധി പോഷകങ്ങളുടെ കലവറയായ പൂമ്പൊടി ഉത്തമ ആഹാരവും ഔഷധവുമാണ്. കൂടിനുള്ളിലെ പൂമ്പൊടി അറകളില്‍നിന്ന് നേരിട്ടോ കൂടിന്റെ വാതിലില്‍ ഘടിപ്പിക്കാവുന്ന പൂമ്പൊടി ശേഖരണി (pollen collector) ഉപയോഗിച്ചോ പൂമ്പൊടി ശേഖരിക്കാവുന്നതാണ്. പൂമ്പൊടിയില്‍ 25 ശതമാനത്തോളം മാംസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ അമിനോ അമ്ലങ്ങള്‍, എന്‍സൈമുകള്‍, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവയുമുണ്ട്. ജീവകം 'ബി', 'സി', 'ഡി' എന്നിവയും ജീവകം 'എ'യുടെ ഉത്പാദനത്തിനു സഹായകമായ കാരോട്ടിനും ഇതില്‍ അടങ്ങിയിരിക്കുന്നു.

ഔഷധമൂല്യമുള്ള പൂമ്പൊടി പല രോഗങ്ങള്‍ക്കും മരുന്നായും ഉന്മേഷദായക വസ്തുവായും ഉപയോഗിക്കപ്പെടുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും വിശപ്പ് വര്‍ധിപ്പിക്കുന്നതിനും പൂമ്പൊടി ഉപയോഗപ്രദമാണ്.

തേനീച്ചപ്പാല്‍ അഥവാ റോയല്‍ ജെല്ലി (Royal jelly). റാണിയറകളില്‍ ഉള്ള പുഴുക്കള്‍ക്കും റാണി ഈച്ചയ്ക്കും നല്കുന്ന പാല്‍നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് റോയല്‍ ജെല്ലി. 6 മുതല്‍ 12 വരെ ദിവസം പ്രായമായ വേലക്കാരി ഈച്ചകളുടെ തലയില്‍ കാണപ്പെടുന്ന ഹൈപ്പോഫാരന്‍ജിയല്‍ ഗ്രന്ഥിയിലാണ് റോയല്‍ ജെല്ലി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 15-18% മാംസ്യവും 2-6% കൊഴുപ്പും 9-18% അന്നജവും 0.7-1.2% ക്ഷാരവും 65-70% ജലവും അടങ്ങിയിരിക്കുന്നു. നിരവധി അമിനോ അമ്ലങ്ങളുടെ കലവറയായ റോയല്‍ ജെല്ലിയില്‍ 'എ', 'ബി', 'സി' എന്നീ ജീവകങ്ങളും ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, സിലിക്കണ്‍ എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പോഷകമൂല്യങ്ങളുടെ കലവറയായ റോയല്‍ ജെല്ലി ശക്തിയും ചുറുചുറുക്കും പ്രദാനം ചെയ്യുന്നതായി കരുതപ്പെടുന്നതിനാല്‍ ഇതിന് ഏറെ വാണിജ്യപ്രാധാന്യമുണ്ട്. ആരോഗ്യവും സൗന്ദര്യവും ശക്തിയും വര്‍ധിപ്പിക്കുന്ന നിരവധി മരുന്നുകളില്‍ ഉപയോഗിക്കുന്ന റോയല്‍ ജെല്ലിയുടെ വ്യാവസായിക ഉത്പാദനം ഇന്ത്യയില്‍ താരതമ്യേന കുറവാണ്.

കൃത്രിമമായ റാണിയറകള്‍ നിര്‍മിച്ച് റാണിപ്പുഴുക്കളുടെ എണ്ണം വര്‍ധിപ്പിച്ചാണ് റോയല്‍ ജെല്ലി ഉത്പാദിപ്പിക്കുന്നത്. ഇപ്രകാരമുണ്ടാക്കിയ റാണിയറകള്‍ വെട്ടിച്ചെറുതാക്കി പുഴുക്കളെ നീക്കി നേര്‍ത്ത തടിസ്പൂണ്‍ ഉപയോഗിച്ചാണ് റോയല്‍ ജെല്ലി ശേഖരിക്കുന്നത്. ഒരു റാണിയറയില്‍നിന്ന് ഏകദേശം 200 മി.ഗ്രാം റോയല്‍ ജെല്ലി ലഭിക്കും.

തേനീച്ചവിഷം. ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനായി തേനീച്ചകള്‍ക്ക് പ്രകൃതി നല്കിയ വരദാനമാണ് തേനീച്ചവിഷം. വേലക്കാരി ഈച്ചകളുടെ ഉദരാഗ്രത്തിനുള്ളിലായുള്ള വിഷസഞ്ചിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിഷം വിഷസൂചിയിലൂടെ ശത്രുവിന്റെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു. തേനീച്ചക്കുത്ത് ഏല്ക്കുന്ന ഭാഗം നീരുവച്ച് വീര്‍ക്കുന്നു. കുത്തുമ്പോള്‍ തേനീച്ചയുടെ വിഷസഞ്ചിയും വിഷസൂചിയും ഉദരത്തില്‍നിന്നു വേര്‍പെട്ട് ശത്രുവിന്റെ ശരീരത്തില്‍ തറയ്ക്കും. വിഷസഞ്ചിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബാഷ്പീകരണ സ്വഭാവമുള്ള രാസവസ്തു മറ്റ് ഈച്ചകളെ പ്രകോപിപ്പിക്കുന്നതിനാല്‍ ശത്രുവിന് ഒന്നിലേറെ കുത്തേല്ക്കുവാനുള്ള സാധ്യതയുണ്ട്.

തേനീച്ചവിഷം നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കാമെന്നതിനാല്‍ ഇതിന് വളരെയേറെ വാണിജ്യ പ്രാധാന്യമുണ്ട്. ഹിസ്റ്റമിന്‍, എമറ്റമന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, സള്‍ഫര്‍, കാല്‍സ്യം, ചെമ്പ്, മഗ്നീഷ്യം എന്നിവയടങ്ങിയ തേനീച്ചവിഷം ചിലര്‍ക്ക് വര്‍ധിച്ച അലര്‍ജിയുണ്ടാക്കുന്നു. സന്ധിവാതം, മൈഗ്രേന്‍, ഞരമ്പുസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായി തേനീച്ചവിഷം ഉപയോഗിക്കപ്പെടുന്നു. സന്ധിവാതം ബാധിച്ച സന്ധികളില്‍ തേനീച്ചകളെക്കൊണ്ട് വിഷം കുത്തിവയ്പിക്കുന്ന 'എപ്പി തെറാപ്പി' എന്ന ചികിത്സാരീതി പല രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്.

തേനീച്ചക്കോളനികളില്‍ സ്ഥാപിക്കുന്ന പലകകളിലുള്ള ചെമ്പു കമ്പികളിലൂടെ ഷോക്ക് ഏല്പിച്ച് തേനീച്ചകളെ പ്രകോപിപ്പിച്ച് പലകയിലുള്ള ഗ്ളാസ് ഫലകങ്ങളില്‍ വിഷം വിസര്‍ജിപ്പിച്ചാണ് തേനീച്ചവിഷം ശേഖരിക്കുന്നത്. ഗ്ളാസ്സില്‍ ഉണങ്ങിപ്പറ്റിപ്പിടിക്കുന്ന തേനീച്ചവിഷം ചുരണ്ടിയെടുത്ത് ഉപയോഗിക്കുന്നു. ഒരു കൂട്ടില്‍നിന്ന് 50 മി.ഗ്രാം വരെ വിഷം ഇപ്രകാരം ശേഖരിക്കാവുന്നതാണ്. ശേഖരിക്കപ്പെടുന്ന വിഷം ലേപനങ്ങളിലും കുത്തിവയ്പ്പിനുള്ള ഔഷധങ്ങളിലും ഉപയോഗിക്കുന്നു.

പ്രൊപ്പോളിസ്.മരക്കറകള്‍ ശേഖരിച്ച് മെഴുകുമായിച്ചേര്‍ത്ത് തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്ന പ്രൊപ്പോളിസ് എന്ന പദാര്‍ഥം പ്രധാനമായും ചട്ടങ്ങള്‍ ഉറപ്പിക്കുന്നതിനും വിടവുകളും മറ്റും അടച്ച് കൂട് ബലപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. വൃക്ഷങ്ങളുടെ പട്ടയില്‍നിന്നും മുകുളങ്ങളില്‍ നിന്നുമാണ് ഈച്ചകള്‍ പ്രൊപ്പോളിസ് ശേഖരിക്കുന്നത്.

റെസിന്‍, എണ്ണകള്‍, മെഴുക്, പ്ലവനോയിക് സംയുക്തങ്ങള്‍ എന്നിവയടങ്ങിയ പ്രൊപ്പോളിസിന് അണുനശീകരണ സ്വഭാവമുള്ളതിനാല്‍ ഇത് തേനീച്ചക്കൂടുകളിലെ അണുബാധയെ തടഞ്ഞ് കൂടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായകമാണ്. ത്വഗ്രോഗങ്ങള്‍, ക്ഷയം, പൊള്ളല്‍, മുറിവ് എന്നിവയുടെ ചികിത്സയ്ക്ക് പ്രൊപ്പോളിസ് ഉപയോഗിച്ചുവരുന്നു. കൂടാതെ സൗന്ദര്യ സംവര്‍ധക ഔഷധങ്ങള്‍, സോപ്പ്, ലേപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. ചട്ടങ്ങളില്‍ നിന്ന് ചുരണ്ടിയോ പ്ളാസ്റ്റിക് വലകള്‍ വച്ചുകൊടുത്ത് അതില്‍ ശേഖരിക്കപ്പെടുന്ന പ്രൊപ്പോളിസ് വേര്‍തിരിച്ചെടുത്തോ ആണ് വാണിജ്യാവശ്യത്തിനായി ഇത് ശേഖരിക്കുന്നത്. നോ: തേന്‍

(ഡോ. ഫെയ്സല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍