This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയലക്റ്റിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 6 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയലക്റ്റിക്

Dialectic

വൈരുധ്യാധിഷ്ഠിത ചിന്ത അഥവാ വൈരുധ്യാത്മകവാദം. 'സംവാദ കല' എന്ന് അര്‍ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് 'ഡയലക്റ്റിക്' എന്ന പദത്തിന്റെ നിഷ്പത്തി. തത്ത്വചിന്തകര്‍ വ്യത്യസ്ത അര്‍ഥമാണ് ഈ പദത്തിനു നല്‍കിയിട്ടുള്ളത്.

യുക്തിപരമായി വിശകലനം ചെയ്ത് ആശയങ്ങളെ ഖണ്ഡിക്കുന്ന രീതി, സോഫിസ്റ്റുകളുടെ യുക്തിവാദം, ഗണങ്ങളെ ഉപഗണങ്ങളായി വിഭജിക്കുന്ന മാര്‍ഗം, പ്രത്യേക വിഷയങ്ങളില്‍ നിന്ന് യുക്തിചിന്തയിലൂടെ ഉദാത്തമായ അമൂര്‍ത്ത ആശയങ്ങളിലേക്കു എത്തിച്ചേരുകയും അവ പഠന വിധേയമാക്കുകയും ചെയ്യുന്ന രീതി, പൊതുവേ സമ്മതമായ പ്രമേയങ്ങളെ ആസ്പദമാക്കി നടത്തുന്ന വാദപ്രതിവാദങ്ങള്‍, ഔപചാരിക തര്‍ക്കശാസ്ത്രം, പ്രത്യക്ഷാനുഭവത്തിന് അതീതമായ കാര്യങ്ങളെ പരാമര്‍ശിക്കുമ്പോള്‍ യുക്തിചിന്തയ്ക്ക് സംഭവിക്കുന്ന പരസ്പര വൈരുധ്യങ്ങളെ വെളിപ്പെടുത്തല്‍, പൂര്‍വപക്ഷവും പ്രതിപക്ഷവും അവയുടെ സംശ്ലേഷണവും ഉള്‍ക്കൊള്ളുന്ന ചിന്തയുടെ വികാസം എന്നീ അര്‍ഥങ്ങള്‍ 'ഡയലക്റ്റിക്കിനു' കല്പിക്കപ്പെട്ടിട്ടുണ്ട്.

ബി.സി. അഞ്ചാം ശതകത്തില്‍ ഇലിയയിലെ സെനൊ (Zeno of Elea) ആണ് വൈരുധ്യാത്മകവാദം ആദ്യമായി പ്രയോഗിച്ചത് എന്നാണ് അരിസ്റ്റോട്ടല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പരോക്ഷമായ വാദങ്ങളിലൂടെ എതിരാളിയെ പരാജയപ്പെടുത്തുവാനുള്ള ഒരു മാര്‍ഗമായി സെനൊ വൈരുധ്യാധിഷ്ഠിത സമ്പ്രദായം പ്രയോഗിച്ചു. എതിരാളികളുടെ സിദ്ധാന്തങ്ങള്‍ അവിശ്വസനീയവും അസ്വീകാര്യവുമായ വിരോധാഭാസങ്ങളിലേക്ക് നയിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുക വഴിയാണ് ഇദ്ദേഹം ഇത് സാധ്യമാക്കിത്തീര്‍ത്തത്. സോഫിസ്റ്റുകള്‍ ഈ രീതി ദുരുപയോഗപ്പെടുത്തി. മോശമായ വാദമുഖങ്ങളെ മികച്ചതായി അവതരിപ്പിക്കുവാന്‍ അവര്‍ വൈരുധ്യാധിഷ്ഠിത ചിന്ത ഉപയോഗപ്പെടുത്തി. പ്ലേറ്റോ, അരിസ്റ്റോട്ടല്‍ തുടങ്ങിയവര്‍ ഈ പ്രവണതയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

സോക്രട്ടീസ് തന്റെ വൈരുധ്യാത്മകവാദം പ്രകടമാക്കിയത് സംവാദകലയിലൂടെയാണ്. ചോദ്യോത്തരങ്ങളിലൂടെ സത്യത്തെ കണ്ടെത്തുവാനാണ് ഇദ്ദേഹം ശ്രമിച്ചത്. ആഗമ രൂപേണയുള്ള അനുമാനങ്ങളിലൂടെ എതിരാളിയെ സാര്‍വത്രികമായ ആശയങ്ങളിലേക്ക് എത്തിക്കുന്നത് സോക്രട്ടീസിന്റെ രീതിയായിരുന്നു. അജ്ഞത ഭാവിച്ചുകൊണ്ട് വാദപ്രതിവാദം നടത്തുകയെന്നതാണ് സോക്രട്ടീസിന്റെ തനതു ശൈലി.

പ്ലേറ്റോയ്ക്ക് വൈരുധ്യാത്മകവാദം ഉദാത്തമായ കലയും തത്ത്വശാസ്ത്ര മാര്‍ഗവുമാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുവാനും അവയ്ക്ക് ഉത്തരം കണ്ടെത്തുവാനും കഴിവുള്ള വ്യക്തിയാണ് വൈരുധ്യാധിഷ്ഠിതചിന്തകന്‍. വൈരുധ്യാധിഷ്ഠിത ചിന്തയുടെ വിഷയം ഓരോ വസ്തുവിന്റേയും അചഞ്ചലമായ സത്തയെക്കുറിച്ചുള്ള അന്വേഷണമാണ്. എന്നാല്‍ വൈരുധ്യാധിഷ്ഠിതചിന്തയുടെ മാര്‍ഗത്തിനു മാറ്റങ്ങള്‍ സംഭവിക്കാം.

വൈരുധ്യാധിഷ്ഠിതചിന്ത പരമോന്നതമായ നന്മയിലേക്ക് മനുഷ്യനെ നയിക്കും എന്ന് പ്ലേറ്റോ കരുതി. മൂര്‍ത്തമായ യാഥാര്‍ഥ്യത്തിലേക്ക് എത്തുവാന്‍ വൈരുധ്യാധിഷ്ഠിതചിന്ത സഹായിക്കുന്നു. അപ്പോള്‍ താത്ക്കാലിക സങ്കല്പങ്ങളുടെ ആവശ്യം ഇല്ലാതാകും.

പ്ലേറ്റോയുടെ അഭിപ്രായത്തില്‍ ആത്മാവ് തന്നോടു തന്നെ നടത്തുന്ന നിശ്ശബ്ദ സംഭാഷണമാണ് ചിന്ത. അരിസ്റ്റോട്ടലിന്റെ വീക്ഷണത്തില്‍ ചിന്തയും സംഭാഷണവും രണ്ട് വ്യത്യസ്ത പ്രതിഭാസങ്ങളാണ്. സംഭാഷണത്തില്‍ ആശയവിനിമയത്തിനായി വാക്കുകളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ വഞ്ചനയ്ക്കു സാധ്യതയുണ്ട്. ചിന്ത ഏതെങ്കിലും വസ്തുവിനേയോ ആശയത്തേയോ മാത്രമേ ആശ്രയിക്കുന്നുള്ളൂ. അതിനാല്‍ ചിന്ത സംഭാഷണത്തേക്കാള്‍ സത്യസന്ധമായിരിക്കും.

വൈരുധ്യാത്മക വാദത്തെക്കുറിച്ചുള്ള ആദ്യത്തെ ക്രമനിബദ്ധമായ പ്രബന്ധം അരിസ്റ്റോട്ടലിന്റെ ടോപിക്സ് (Topics) എന്ന കൃതിയാണ്. പൊതുവേ സമ്മതമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള യുക്തിചിന്തയെ മാത്രമേ വൈരുധ്യാധിഷ്ഠിതചിന്തയായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അരിസ്റ്റോട്ടല്‍ വാദിച്ചു. ശാസ്ത്രീയമായ ജ്ഞാനം സമ്പാദിക്കുവാന്‍ വൈരുധ്യാധിഷ്ഠിതചിന്ത ഒരു മാര്‍ഗമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബൗദ്ധിക പരിശീലനത്തിനും, മറ്റുള്ളവരുമായി അവരുടെ തന്നെ പ്രമേയങ്ങളെ ആസ്പദമാക്കി സംവദിക്കുന്നതിനും, തെളിവ് അസാധ്യമായ പ്രഥമശാസ്ത്രതത്ത്വങ്ങളുടെ വിശകലനത്തിനുമാണ് വൈരുധ്യാധിഷ്ഠിതചിന്ത ഏറ്റവും പ്രയോജനപ്പെടുന്നത് എന്നായിരുന്നു അരിസ്റ്റോട്ടലിന്റെ അഭിപ്രായം.

പ്ലേറ്റോയുടെ സമകാലികനായിരുന്ന യുക്ലിഡ്സ് (Euclides of Megara) തര്‍ക്കശാസ്ത്രത്തില്‍ തനതായ ദര്‍ശനശൈലി ആവിഷ്കരിച്ച പണ്ഡിതനാണ്. ഈ മെഗാറിയന്‍ പാരമ്പര്യം പിന്നീട് സ്റ്റോയിക്കുകളും പിന്‍തുടര്‍ന്നു. സ്റ്റോയിക്ക് തര്‍ക്കശാസ്ത്രം വൈരുധ്യാത്മക വാദം എന്ന പേരില്‍ മാത്രമാണ് അറിയപ്പെട്ടിരുന്നത്. സെനോയുടെ വിരോധാഭാസ പ്രയോഗങ്ങള്‍ സ്റ്റോയിക്കുകളില്‍ വലിയ സ്വാധീനം ചെലുത്തി. ക്രിസിപ്പസിന്റെ (Chrysippus) നേതൃത്വത്തില്‍ സ്റ്റോയിക്ക് സ്കൂള്‍ വളരെയധികം പുരോഗതി കൈവരിച്ചു. ദൈവങ്ങള്‍ പോലും ക്രിസിപ്പസിന്റെ വൈരുധ്യാത്മകവാദത്തെ അംഗീകരിക്കും എന്നര്‍ഥം വരുന്ന ഒരു ചൊല്ല് അക്കാലത്ത് നിലനിന്നിരുന്നു. വൈരുധ്യാത്മകവാദം എന്നതു കൊണ്ട് സ്റ്റോയിക്കുകള്‍ പ്രധാനമായും ഉദ്ദേശിച്ചത് ഔപചാരിക തര്‍ക്കശാസ്ത്രം തന്നെയാണ്. എന്നാല്‍ വ്യാകരണസിദ്ധാന്തം, അര്‍ഥാഖ്യാനം, സത്യം എന്നിവയും സ്റ്റോയിക്കുകളുടെ വൈരുധ്യാത്മകവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. വൈരുധ്യാത്മകവാദത്തിന് അര്‍ഥങ്ങളെന്നും വാക്കുകളെന്നും രണ്ട് ഭാഗങ്ങളുള്ളതായി സെനെക (Seneca) അഭിപ്രായപ്പെട്ടു. അതായത് പറയുന്ന കാര്യവും, അത് പറയപ്പെടുന്ന രീതിയും എന്ന് ഡയലക്റ്റിക്കിനെ രണ്ടായി വിഭജിക്കാം.

കാന്റ് തന്റെ അതീതതര്‍ക്കശാസ്ത്രത്തിന്റെ (Transcendental Logic) രണ്ടാം ഭാഗത്തിന് അതീത വൈരുധ്യാത്മകവാദം (Transcendental dialectic) എന്നാണ് പേരു നല്‍കിയത്. മാനുഷിക ഗ്രഹണ ശക്തിക്ക് അതീതമായ തലങ്ങളെ സ്പര്‍ശിക്കുന്നു എന്നവകാശപ്പെടുന്ന നിര്‍ണയങ്ങളുടെ മിഥ്യയെ വെളിപ്പെടുത്താനുള്ള ഉപാധിയായാണ് കാന്റ് അതീത വൈരുധ്യാത്മകവാദത്തെ കണ്ടത്. എന്നാല്‍ ഈ മിഥ്യ സ്വാഭാവികവും അനിവാര്യവുമാണെന്ന് കാന്റ് അഭിപ്രായപ്പെട്ടു.

കാന്റിന്റെ പിന്‍ഗാമിയായ ജോഹാന്‍ ഗോട്ട്ലീബ് ഫിഷ്റ്റെ (Johann Gottlieb Fichte) ആണ് ജര്‍മന്‍ തത്ത്വശാസ്ത്രത്തില്‍ പൂര്‍വപക്ഷം (thesis), പ്രതിപക്ഷം (antithesis), സംശ്ലേഷണം (Synthesis) എന്ന ത്രയം ആദ്യമായി അവതരിപ്പിച്ചത്. പൂര്‍വപക്ഷത്തില്‍ നിന്ന് അനുമാനത്തിലൂടെ കണ്ടെത്താവുന്ന ഒന്നല്ല പ്രതിപക്ഷം എന്ന് ഫിഷ്റ്റെ പറഞ്ഞു. പൂര്‍വപ ക്ഷവും പ്രതിപക്ഷവും തെളിയിച്ച കാര്യങ്ങളുടെ സംയോജനം മാത്രമാണ് സംശ്ലേഷണം എന്നും ഫിഷ്റ്റെ അഭിപ്രായപ്പെട്ടു.

കാറല്‍ മാര്‍ക്സ്

ഹെഗലിന്റെ വൈരുധ്യാത്മക വാദത്തില്‍ ആശയങ്ങളും ചിന്തകളും വിപരീത തലങ്ങളിലേക്കു നീങ്ങുകയും പിന്നീട് ഉദാത്തമായ ഏകത്വത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. വൈരുധ്യാത്മകത സാര്‍വത്രികമായ ഒരു പ്രതിഭാസമാണെന്നും അത് ചിന്തയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല എന്നും ഹെഗല്‍ ചൂണ്ടിക്കാണിച്ചു. ചിന്തയുടെ വ്യവസ്ഥാപിത സ്വഭാവത്തെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് വൈരുധ്യാത്മക വാദം ചെയ്യുന്നത്. ആശയങ്ങളും വസ്തുക്കളും അവയുടെ പരിമിതികളുടെ സ്വഭാവിക ഫലമായാണ് വിപര്യയങ്ങള്‍ സൃഷ്ടിക്കുന്നത്. ചിന്തയിലെയും പ്രകൃതിയിലെയും സമൂഹത്തിലെയും വൈരുധ്യങ്ങള്‍ വികാസത്തിലേക്കു വഴിതെളിക്കുന്നു.

ഹെഗലിന്റെ വീക്ഷണങ്ങള്‍ വൈരുധ്യാധിഷ്ഠിത ചിന്തയുടെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഹെഗലിന്റെ വീക്ഷണങ്ങളെ ആസ്പദമാക്കിയാണ് കാറല്‍ മാര്‍ക്സ് തന്റെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം വികസിപ്പിച്ചെടുത്തത്. നോ : വൈരുധ്യാധിഷ്ഠിത ഭൗതികവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍