This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാന്യൂബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:28, 3 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാന്യൂബ്

Danube

യൂറോപ്പിലെ ഒരു പ്രധാന നദി. നീളത്തിലും ജലത്തിന്റെ അളവിലും വോള്‍ഗ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഡാന്യൂബിനാണ്. ജര്‍മനിയിലെ ബ്ലാക് ഫോറസ്റ്റില്‍ നിന്നുദ്ഭവിച്ച് തെ. കിഴക്കന്‍ ദിശയില്‍ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന ഡാന്യൂബിന് സൂ. 2815 കി. മീ. നീളമുണ്ട്. 829, 575 ച. കി. മീ. പ്രദേശത്തെ ഈ നദി ജനസേചിതമാക്കുന്നു.

ബ്ലാക് ഫോറസ്റ്റില്‍ നിന്നാരംഭിക്കുന്ന രണ്ടു ചെറിയ അരുവികള്‍ ഡോന്നവ്സ്ഷിന്‍ജനി (Donaueschingen)ല്‍ കൂടിച്ചേര്‍ന്നാണ് ഡാന്യൂബിനു രൂപം നല്‍കുന്നത്. മുന്നൂറോളം പോഷക നദികള്‍ ഡാന്യൂബിനുണ്ട്. ഡ്രാവ (Drava), പ്രൂത് (Prut), സാവ (Sava), ടിസോ (Tisza) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. യൂറോപ്പിന്റെ ഏകദേശം 1 /12 ഭാഗം ഡാന്യൂബ് നദിയാല്‍ ജലസേചിതമാകുന്നുണ്ട്. ആസ്റ്റ്രിയ, സ്ലോവാക്യ, ഹംഗറി, യുഗോസ്ലേവിയ,ബള്‍ഗേറിയ, റുമേനിയ, ഉക്രെയ് ന്‍ ജര്‍മനി, ക്രൊയേഷ്യ മൊല്‍ഡാവ തുടങ്ങിയ രാജ്യങ്ങളിലൂടെ ഡാന്യൂബ് കടന്നു പോകുന്നു. ഓരോ രാജ്യത്തിലും വ്യത്യസ്ത പേരുകളിലാണ് ഡാന്യൂബ് അറിയപ്പെടുന്നത്. ഇംഗ്ലീഷിലെ ഡാന്യൂബ് എന്ന പേര്‍ പൊതുവേ ഒരു രാജ്യത്തും ഉപയോഗിക്കുന്നില്ല. ജര്‍മനിയിലും ആസ്റ്റ്രിയയിലും 'ഡോനോ' (Donau), സ്ലോവാക്യയില്‍ 'ഡ്യൂനജ്' (Dunaj), യുഗോസ്ലേവിയാ ബല്‍ഗേറിയ എന്നിവിടങ്ങളില്‍ 'ഡ്യൂനോ' (Donau), റൂമേനിയയില്‍ 'ഡൂനറിയ' (Dunarea) തുടങ്ങിയ പേരുകളില്‍ ഡാന്യൂബ് അറിയപ്പെടുന്നു.

ഡാന്യൂബ് നദീതടം

പ്രകൃതിമനോഹരമാണ് ഡാന്യൂബ് നദീഭാഗങ്ങള്‍. വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകള്‍ക്കിടയിലൂടെയൊഴുകുന്ന നദി സമൃദ്ധമായ നിരവധി കൃഷിയിടങ്ങളേയും ചരിത്ര പ്രസിദ്ധമായ അനേകം നഗരങ്ങളേയും ജലസിക്തമാക്കികൊണ്ട് കടന്നു പോകുന്നു. തുടക്കത്തില്‍ കി., വ. കി. ദിശയിലൊഴുകുന്ന ഡാന്യൂബ് സ്വാബിയന്‍ ജൂറാ (Swabian Jura) മുറിച്ചു കടന്ന് ബവേറിയസമതലത്തിലേക്കു പ്രവേശിക്കുന്നു. റീജന്‍സ്ബര്‍ഗില്‍ വച്ച് കി.-തെ. കി. ദിശ സ്വീകരിക്കുന്ന നദി പസോ(Pasau)യില്‍ വച്ച് ആസ്റ്റ്രിയയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് ബൊഹിമിയന്‍ മലനിരകള്‍ക്കും (വടക്ക്) ആല്‍പ്സിന്റെ വടക്കേയറ്റത്തുള്ള മല നിരകള്‍ക്കും (തെക്ക്) ഇടയിലൂടെ പ്രവഹിക്കുന്നു. ഡാന്യൂബിന്റെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണിത്. വനനിബിഡമായ ഭൂപ്രകൃതിയും ചരിത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന കുന്നിന്‍ പുറങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. തുടര്‍ന്ന് നദി പ്രവഹിക്കുന്ന താഴ്വാരങ്ങളുടെ വീതി ക്രമേണ കൂടുകയും സമതലമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചതുപ്പ് പ്രദേശത്ത് എത്തുന്നതോടെ നിരവധി കൈവഴികളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. ചതുപ്പ് പ്രദേശത്തെ അതിജീവിക്കുന്നതോടെ വീണ്ടും ഒരു നദിയായി പ്രവഹിച്ച് തെക്കോട്ടൊഴുകി ഹംഗേറിയന്‍ മഹാസമതലത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് 190 കി. മീ. ദക്ഷിണദിശയിലൊഴുകുന്ന നദി യുഗോസ്ലേവിയന്‍ സമതലത്തില്‍ എത്തിച്ചേരുന്നു. ഈ സമതലത്തില്‍ വച്ച് ടിസോ (Tisza), ഡ്രാവ (Drava), സാവ (Sava), മൊറാവ (Morava) തുടങ്ങിയ പ്രധാന പോഷക നദികള്‍ ഡാന്യൂബില്‍ സംഗമിക്കുന്നു. ഹംഗേറിയന്‍ സമതലത്തിന്റെ പൂര്‍വ ഭാഗത്തുള്ള കാര്‍പാത്തിയന്‍-ബാള്‍ക്കന്‍ മലനിരകളെയും നദി മുറിച്ചു കടക്കുന്നുണ്ട്. യുഗോസ്ലേവിയയുടെയും റുമേനിയയുടെയും അതിര്‍ത്തിയിലെ ഇടുങ്ങിയതും ചെങ്കുത്തായതുമായ ഈ താഴ്വരപ്രദേശത്തെ 'അയണ്‍ ഗേറ്റ്' (Iron gate) എന്ന് വിശേഷിപ്പിക്കുന്നു. തുടര്‍ന്ന് 480 കി. മീ.-റോളം കിഴക്കോട്ടൊഴുകുന്ന ഡാന്യൂബ് ബള്‍ഗേറിയയിലെ സിലിസ്റ്റ്ര (Silistra) യ്ക്കടുത്തു വച്ച് വടക്കോട്ട് ദിശമാറി വീണ്ടും കിഴക്കോട്ടു തിരിഞ്ഞ് ഡെല്‍റ്റ പ്രദേശത്ത് എത്തിച്ചേരുകയും, റുമേനിയ-ഉക്രെയ്നിയന്‍ അതിര്‍ത്തിക്കടുത്തുവച്ച് കരിങ്കടലില്‍ നിപതിക്കുകയും ചെയ്യുന്നു. നദീമുഖത്തുള്ള വിശാലമായ ചതുപ്പ് പ്രദേശത്തെ മൂന്നു കൈവഴികളായാണ് നദി മുറിച്ചു കടക്കുന്നത്.

ആല്‍പ്സ് നദികളാണ് ഡാന്യൂബിന്റെ ആദ്യഘട്ടത്തില്‍ ഇതിലേക്ക് ജലമെത്തിക്കുന്നത്. നദിയുടെ മധ്യഭാഗങ്ങള്‍ കനത്ത വേനല്‍ മഴയില്‍ കരകവിഞ്ഞൊഴുകുക പതിവാണ്. എന്നാല്‍, നദീമുഖത്തിനടുത്തുവച്ച് ഡാന്യൂബില്‍ ചേരുന്ന പോഷകനദികളുടെ പ്രധാന ജലസ്രോതസ്സ് മഞ്ഞുകാല മഴയാണ്. ഈ മേഖലയില്‍ പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്

മധ്യയൂറോപ്പിനും തെ. കി. യൂറോപ്പിനുമിടയിലെ പ്രധാന ജലഗതാഗത പാതയായി വളരെ മുന്‍പു തന്നെ ഡാന്യൂബ് പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ശ. -ങ്ങളോളം ഈ മേഖലയില്‍ സുഗമമായ ഗതാഗതം ലഭ്യമായിരുന്നില്ല. നദീതീരത്തെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയായിരുന്നു ഇതിനു കാരണം 'അം'(Ulm) മുതല്‍ സമുദ്രം വരെയുള്ള നദീഭാഗം ഗതാഗതയോഗ്യമാണെങ്കിലും റീജന്‍സ് ബര്‍ഗിനു മുമ്പുള്ള ഭാഗങ്ങള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നില്ല. ശൈത്യകാലത്തെ മഞ്ഞുറയലും ജലനിരപ്പിനുണ്ടാകുന്ന ഏറ്റക്കുറച്ചിലുമാണ് ഗതാഗതത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഒരു പ്രധാന വാണിജ്യ പാത എന്ന നിലയിലും ഡാന്യൂബ് പ്രസിദ്ധി നേടിയിട്ടുണ്ട്. നദിയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന നിരവധി രാജ്യങ്ങളുടെ വാണിജ്യത്തില്‍ മുഖ്യപങ്കാണ് ഡാന്യൂബിനുള്ളത്. ഡാന്യൂബിനെ മറ്റു യൂറോപ്യന്‍ നദികളുമായി ബന്ധിപ്പിക്കുന്ന രണ്ടു പ്രധാന പദ്ധതികള്‍ നിലവിലുണ്ട്. ഡാന്യൂബിനെ റൈനുമായിബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആദ്യത്തേത്; രണ്ടാമത്തേത് ഒരു കനാല്‍ മാര്‍ഗം നദിയെ പോളിലെ ഓഡര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്നതും.

ഡാന്യൂബ് നദി

റുമേനിയയിലെ ബ്രൈല (Braila) യ്ക്കു ശേഷം വരുന്ന നദീഭാഗങ്ങള്‍ 1856-ലും മുഴുവന്‍ നദീഭാഗങ്ങള്‍ ഒന്നാം ലോക യുദ്ധത്തിനു ശേഷവും അന്തരാഷ്ട്ര നിയന്ത്രണത്തിലായിരുന്നു. യുദ്ധത്തിന്റെ ആരംഭത്തില്‍ ഡാന്യൂബിന്‍മേലുള്ള അന്താരാഷ്ട്ര നിയന്ത്രണം ജര്‍മനി നിര്‍ത്തലാക്കി. 1947-ല്‍ ഡാന്യൂബിയന്‍ രാജ്യങ്ങള്‍ ഒപ്പുവച്ച സമാധാന ഉടമ്പടികള്‍ നദിയിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു. 1948 ആഗ. 18-ലെ ബെല്‍ഗ്രേഡ് സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ 1949-ല്‍ ഡാന്യൂബ് കമ്മീഷന്‍ രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് 'അയണ്‍ ഗേറ്റിനും', 'മാരിറ്റൈം' ഭാഗങ്ങള്‍ക്കുമായി പ്രത്യേക ഭരണ സംവിധാനങ്ങള്‍ നിലവില്‍വന്നു. ആസ്റ്റ്രിയ, ബള്‍ഗേറിയ, ഹംഗറി, റുമേനിയ, റഷ്യ, സ്ലോവാക്യ, ഉക്രെയ് ന്‍ യുഗോസ്ലേവിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് കമ്മീഷന്‍. ക്രൊയേഷ്യ, ജര്‍മനി, മൊള്‍ഡാവ എന്നീ രാജ്യങ്ങള്‍ക്ക് നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്. ബെല്‍ഗ്രേഡ് സമ്മേളന നിര്‍ദേശങ്ങളുടെ പാലനം, ഗതാഗതയോഗ്യമായ എല്ലാ ഡാന്യൂബിയന്‍ ജലപാതകളില്‍ മേലുള്ള ഏകീകൃത പ്ലവന വ്യവസ്ഥിതി (Uni-form buoying system), നദികളിലെ ഗതാഗതത്തിനാവശ്യമായ അടിസ്ഥാന നിയമ വ്യവസ്ഥകള്‍ എന്നിവ പരിശോധിക്കുകയാണ് ഈ കമ്മിഷന്റെ പ്രധാന ദൗത്യങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍