This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍മേഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:23, 3 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാല്‍മേഷ്യ

Dalmatia

ക്രൊയേഷ്യയിലെ ഒരു പ്രദേശം. ഏഡ്രിയാറ്റിക് കടലിനും ബോസ്നിയ-ഹെര്‍സെഗോവിനയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിനു 320 കി. മീ. ദൈര്‍ഘ്യമുണ്ട്. ദിനാറിക് ആല്‍പ്സ് പര്‍വതനിര ഡാല്‍മേഷ്യയെ ബോസ്നിയ-ഹെര്‍സെഗോവിനയില്‍ നിന്നും വേര്‍തിരിക്കുന്നു. ഈ പ്രദേശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വ്യാപിച്ചിരിക്കുന്ന മലനിരകളെ നെരേത് വ (Neretva), കര്‍ക (Karka) എന്നീ നദികള്‍ മുറിച്ചുകടക്കുന്നു. ഏഡ്രിയാറ്റിക് കടലിന്റെ കിഴക്കന്‍ തീരത്തായി വ്യാപിച്ചിരിക്കുന്ന ഡാല്‍മേഷ്യന്‍ പ്രദേശത്തിന് 12,732 ച. കി. മീ. വിസ്തീര്‍ണവും, 4.8 മുതല്‍ 64 കി. മീ. വരെ വീതിയുമുണ്ട്. ഏഡ്രിയാറ്റിക് കടലിലെ ചില ദ്വീപുകള്‍ ഡാല്‍മേഷ്യന്‍ പ്രദേശത്തിന്റെ ഭാഗമാണ്. ബ്രാക് (Brac), ഹ്വാര്‍ (Hvar), കോര്‍കുല (Korcula), ദുഗി ഓതോക് (Dugi atok), മില്‍ജറ്റ് (Mljet) എന്നിവയാണ്ഇതില്‍ പ്രധാനപ്പെട്ടവ. ക്രമരഹിതമായ തീരപ്രദേശമാണ് ഡാല്‍മേഷ്യയുടേത്. കിന്നിന് (Kinn) അടുത്തുള്ള ബോസ്നിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ട്രോഗ്ലവ് (Mount Troglou) ദിനാറിക് ആല്‍പ്സിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാകുന്നു. 1913 മീറ്ററാണ് ഇതിന്റെ ഉയരം.

ഡാല്‍മേഷ്യന്‍ നദികളില്‍ ഭൂരിഭാഗവും ഗതാഗയോഗ്യമല്ല. ചില നദികള്‍ ഭാഗികമായി ഭൂമിക്കടിയിലൂടെയാണ് ഒഴുകുന്നത്. കിര്‍ക (Krika), സെറ്റിന (Setina) എന്നിവ മുഖ്യ നദികളില്‍പ്പെടുന്നു. ബോസ്നിയ-ഹെര്‍സെഗോവിനയിലൂടെയൊഴുകുന്ന നെരേത്വ ഡാല്‍മേഷ്യയെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു.

ഡാല്‍മേഷ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഡൂബൊവ്നിക്

പ്രധാനമായും ഒരു കാര്‍ഷിക പ്രദേശമാണ് ഡാല്‍മേഷ്യ. മുന്തിരി, ഒലിവ്, അത്തി, നാരകഫലങ്ങള്‍ മുതലായവ ഇവിടത്തെ പ്രധാന കാര്‍ഷികവിളകളാകുന്നു. വീഞ്ഞ്, ഒലിവ് തുടങ്ങിയവയാണ് മുഖ്യ ഉത്പന്നങ്ങള്‍. 20-ാം ശ. -ത്തിന്റെ ആരംഭത്തോടെ ഡാല്‍മേഷ്യയില്‍ വ്യാവസായികവത്കരണം ആരംഭിച്ചെങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ഈ പ്രദേശത്തിനു കാര്യമായ വ്യാവസായിക പുരോഗതി നേടാനായത്. ലോഹങ്ങള്‍, അലൂമിനിയം, ഇലക്ട്രോഡുകള്‍, സ്റ്റീല്‍-അലോയികള്‍, വസ്ത്രങ്ങള്‍, ആസ്ബസ്റ്റോസ്, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, ഫൈബര്‍ ബോര്‍ഡ് തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യവ്യാവസായികോത്പന്നങ്ങള്‍ ചില ഖനികളും ഈ പ്രദേശത്തുണ്ട്. സിബെനിക് (Sibenik), സ് പ്ലിറ്റ് (Split), ഡൂബൊവ്നിക് (Dubrovnik), സാദര്‍ (Zadar) എന്നിവയാണ് ഇവിടത്തെ പ്രധാന നഗരങ്ങള്‍.

ഇന്‍ഡോ-യൂറോപ്യന്‍ വംശീയവിഭാഗത്തില്‍പ്പെടുന്ന 'ഇലിറിയന്‍സ്' (lllyrians) ആയിരുന്നു ഡാല്‍മേഷ്യയിലെ ആദിമനിവാസികള്‍. ഇതിലെ ഒരു വിഭാഗമായിരുന്ന 'ഡെല്‍മെറ്റെ' (Delmetae) യുടെ പേരില്‍ നിന്നാണ് ഡാല്‍മേഷ്യ എന്ന പേരിന്റെ ഉദ്ഭവം. ജനങ്ങളില്‍ ഭൂരിഭാഗവും സൗത്ത് സ്ലേവിക് (South Slavic) വിഭാഗത്തില്‍പ്പെടുന്നു. ഇതില്‍ ഏകദേശം 82 ശ. മാ. റോമന്‍ കത്തോലിക്കരായ ക്രൊയേട്സുകളും (Croats), ശേഷിക്കുന്നവര്‍ ഓര്‍ത്തഡോക്സ് സെര്‍ബുകളുമാണ്. ചെറിയൊരു ശ. മാ. ഇറ്റലിക്കാരും ഇവിടെ നിവസിക്കുന്നുണ്ട്. ലാറ്റിന്‍, സൈറിലിക് എന്നീ ലിപികളില്‍ എഴുതുന്ന സെര്‍ബോ ക്രൊയേഷ്യന്‍ ഭാഷയാണ് ഇവിടെ പ്രചാരത്തിലുള്ളത്. വിനോദ സഞ്ചാരം ഇവിടെ ഒരു മുഖ്യ വ്യവസായമായി വളര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരമേഖലയില്‍ ഡാല്‍മേഷ്യയിലുണ്ടായ വികസനം ജനങ്ങളെ, ഇറ്റാലിയന്‍, ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രാപ്തിയുള്ളവരാക്കി. സുഖകരമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയുമാണ് ഡാല്‍മേഷ്യന്‍ വിനോദസഞ്ചാര വ്യവസായത്തെ പരിപോഷിപ്പിക്കുന്ന അടിസ്ഥാനഘടകങ്ങള്‍.

ചരിത്രം. ഡാല്‍മേഷ്യയിലെ അറിയപ്പെടുന്ന ആദ്യജനവിഭാഗങ്ങള്‍ ത്രേസ്യരും ഇല്ലീറിയന്മാരുമാണ്. ഈ ഇല്ലീറിയന്‍ രാജ്യത്ത് ബി. സി. 4-ാം ശ. -ത്തോടെ ഗ്രീക്കുകാര്‍ കോളനികള്‍ സ്ഥാപിച്ചു. ഇല്ലീറിയക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു ഗ്രീക്കുകാര്‍ റോമാക്കാരുടെ സഹായം അഭ്യര്‍ഥിക്കുകയും ഇതു റോമന്‍-ഇല്ലീറിയന്‍ യുദ്ധങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തു (സു. ബി. സി. 3-ാം ശ.). ബി. സി. 1-ാം ശ. ആയപ്പോഴേക്കും ഡാല്‍മേഷ്യ റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. റോമന്‍ സംസ്കാരത്തിന്റെ സ്വാധീനമുണ്ടാകുന്നതിന് ഇതു വഴിതെളിച്ചു. എ. ഡി. 5-ാം ശ.-ത്തില്‍ ഓസ്ട്രോഗോത്തുകള്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 6-ാം ശ.-ത്തില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി ഡാല്‍മേഷ്യയെ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. 6-ഉം 7-ഉം ശ.-ങ്ങളില്‍ സ്ലാവ് വര്‍ഗക്കാര്‍ ഈ പ്രദേശങ്ങള്‍ കയ്യടക്കിയിരുന്നു. 9-ാം ശ. -ത്തില്‍ ഷാര്‍ലമെന്‍ ഡാല്‍മേഷ്യയില്‍ ആധിപത്യം സ്ഥാപിച്ചു. പിന്നീട് 1420-ല്‍ വെനീഷ്യന്‍ ഭരണത്തില്‍ കീഴിലാകുന്നതുവരെ ക്രൊയേഷ്യയും സെര്‍ബിയയും ഹംഗറിയുമാണ് ഡാല്‍മേഷ്യയില്‍ ഭരണം നടത്തിയിരുന്നത്. 1797-ല്‍ വെനീഷ്യന്‍ ഭരണം അവസാനിച്ചു. തുടര്‍ന്നുള്ള ഡാല്‍മേഷ്യ ആസ്റ്റ്രിയയുടെ അധീനതയിലായി. പിന്നീട്, ഇതു ഫ്രാന്‍സിന്റെ ഭാഗമായി മാറി. വിയന്ന കോണ്‍ഗ്രസിനെ തുടര്‍ന്ന് ഡാല്‍മേഷ്യ 1815-ല്‍ ആസ്റ്റ്രിയയ്ക്കു തിരിച്ചുകിട്ടി. ഒന്നാം ലോകയുദ്ധശേഷം 1920-ലെ റാപ്പോളോ ഉടമ്പടിയിലൂടെ ഡാല്‍മേഷ്യ യുഗോസ്ലാവിയയുടെ ഭാഗമായി. രണ്ടാം ലോകയുദ്ധത്തില്‍ ഡാല്‍മേഷ്യയുടെ ചില ഭാഗങ്ങള്‍ ഇറ്റലിയുടെ കൈവശമായിരുന്നു. ഈ ഭാഗങ്ങള്‍ 1947-ല്‍ യുഗോസ്ലാവിയയ്ക്ക് മടക്കിക്കൊടുത്തു. 1990-കളുടെ തുടക്കത്തില്‍ യുഗോസ്ലാവിയയിലെ ആഭ്യന്തരയുദ്ധം ഇവിടേക്കും വ്യാപിച്ചിരുന്നു.

(ഡോ. പി. എഫ്. ഗോപകുമാര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍