This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റല്‍ ലൈബ്രറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 1 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ഡിജിറ്റല്‍ ലൈബ്രറി

Digital library

ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ലൈബ്രറി. കംപ്യൂട്ടറുകളില്‍ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വര്‍ക്കുകള്‍വഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റല്‍ ലൈബ്രറി എന്ന സങ്കല്പം യാഥാര്‍ഥ്യമായിത്തീര്‍ന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങള്‍ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങള്‍ സഞ്ചയിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതിനായി സ്റ്റോറേജ് ഏരിയ നെറ്റ് വര്‍ക്ക് (SAN), നെറ്റ് വര്‍ക്ക് സ്റ്റോറേജ് യൂണിറ്റുകള്‍ (NSU) തുടങ്ങിയ ഡേറ്റാ സംഭരണ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ വിവരങ്ങള്‍ ഇലക്ട്രോണിക് ശേഖര മാധ്യമങ്ങളില്‍ സൂക്ഷിച്ച് സംഭരിക്കാനും ആവശ്യമുള്ളപ്പോള്‍ യഥോചിതം വളരെ വേഗം വിതരണം ചെയ്യാനും ഈ സംവിധാനം അത്യന്തം പ്രയോജനപ്രദമാണ്.

ചരിത്രം

സാമ്പ്രദായികരീതിയിലുള്ള ഗ്രന്ഥശാലകള്‍ക്കുപകരം ആധുനിക സജ്ജീകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു പ്രാവര്‍ത്തികമാക്കാവുന്ന ഒരു ലൈബ്രറി സംവിധാനത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചു കാണുന്നത് 'സയന്‍സ് ഫിക്ഷന്‍' എന്ന പേരിലറിയപ്പെടുന്ന ശാസ്ത്ര നോവലുകളിലാണ്. വി. ബുഷ് ('അസ് വി മെ തിങ്ക്', ദി അത് ലാന്റിക് മന്ത്ലി, 176 (1), പേ. 101-8, 1945), ജെ. സി. ആര്‍. ലിക്ക്ലിഡെര്‍ ('ലൈബ്രറീസ് ഒഫ് ദ് ഫ്യൂച്ചെര്‍', കേംബ്രിഡ്ജ് (മസാച്യുസെറ്റ്സ്), എം.ഐ.ടി. പ്രസ്, 1965) തുടങ്ങിയവര്‍ ഹൈപ്പെര്‍ടെക്സ്റ്റ് (hypertext), ഹൈപ്പെര്‍ലിങ്ക് (hyperlink), നെറ്റ് വര്‍ക്കിങ് എന്നിവ ഉപയോഗിച്ച് ക്രമീകരിക്കുന്ന വിവരം യഥാസൗകര്യം ഉപയോക്താവിന് ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ പ്രയോജനം മനസ്സിലാക്കി, അത്തരത്തിലൊരു ക്രമീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലേഖനങ്ങള്‍ 1960-കളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് 1970-ല്‍ യു. എസ്സിലെ ഇല്ലിനോയി സര്‍വകലാശാലയിലെ മൈക്കെല്‍ മിച്ചെല്‍ ഹര്‍ട്ട് ആണ് പ്രഥമ ഡിജിറ്റല്‍ ലൈബ്രറിക്ക് രൂപം നല്‍കിയത്.

1970-കളില്‍ പേഴ്സണല്‍ കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തിനു മുന്‍പ് ടൈംഷെയറിങ് രീതിയില്‍ മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളിലാണ് ഉപയോക്താക്കള്‍ തങ്ങള്‍ക്കാവശ്യമുള്ള പ്രോഗ്രാമുകള്‍ പ്രക്രിയാവിധേയം (processing) ആക്കിയിരുന്നത്. ഓരോ ഉപയോക്താവിനും നിജപ്പെടുത്തുന്ന സമയം നിശ്ചിത തുക മുടക്കി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ടൈംഷെയറിങ് പ്രാവര്‍ത്തികമാക്കിയിരുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഇല്ലിനോയി സര്‍വകലാശാലയുടെ സഹായസഹകരണങ്ങളോടെ ലോകത്തിലെ പ്രഥമ ഡിജിറ്റല്‍ ലൈബ്രറിക്ക് ഹര്‍ട്ട് 1971-ല്‍ രൂപം നല്‍കിയത്. ഇദ്ദേഹം ടൈപ്പ് ചെയ്തു രൂപം നല്‍കിയ ആദ്യത്തെ ഇലക്ട്രോണിക് പുസ്തകമാണ് ദി യു. എസ്. ഡിക്ളറേഷന്‍ ഒഫ് ഇന്‍ഡിപ്പെന്‍ഡെന്‍സ്. ഈ സംരംഭത്തിന് 'പ്രോജക്റ്റ് ഗുട്ടെന്‍ബെര്‍ഗ്' എന്ന പേരും നല്‍കുകയുണ്ടായി. 6,000-ലേറെ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ ഗുട്ടന്‍ബെര്‍ഗ് ഡിജിറ്റല്‍ ലൈബ്രറി ആവശ്യക്കാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ (2003-ല്‍) ലഭ്യമാക്കുന്നുണ്ട്. 1992-ല്‍ യാദൃച്ഛികമായി രൂപംകൊണ്ട ഒരാശയമാണ് 'ജേര്‍ണല്‍ സ്റ്റോറേജ് പ്രോജക്റ്റ്' എന്ന പേരിലറിയപ്പെടുന്ന JSTOR ഡിജിറ്റല്‍ ലൈബ്രറി. മെലെന്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ 1995-ല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കൂന്ന രീതിയില്‍ JSTOR സ്ഥാപിക്കപ്പെട്ടു. 1991-93 കാലയളവില്‍ 'ഡിജിറ്റല്‍ ലൈബ്രറി' എന്ന സംജ്ഞയ്ക്കു വേണ്ടത്ര അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് പൊതുആവശ്യങ്ങള്‍ക്കായുള്ള ലൈബ്രറികള്‍, ഡേറ്റാബേസുകള്‍, നെറ്റ് വര്‍ക്കുകള്‍ എന്നിവയ്ക്ക് സഹായമെന്നോണം യു.എസ്. ഫെഡറല്‍ സംസ്ഥാനങ്ങളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി ഇലക്ട്രോണിക് ലൈബ്രറികള്‍ സ്ഥാപിക്കാനായി. 1993-ല്‍ യു. എസ്സില്‍ ഇലക്ട്രോണിക് ലൈബ്രറി നിയമം (.626) പാസാക്കപ്പെട്ടു.

1994-ല്‍ യു. എസ്സില്‍ ഡിജിറ്റല്‍ ലൈബ്രറി പ്രോഗ്രാമിന് തുടക്കം കുറിച്ചു. 60 ദശലക്ഷം ഡോളര്‍ നീക്കിവയ്ക്കപ്പെട്ട പ്രസ്തുത പദ്ധതിയിലൂടെ കോണ്‍ഗ്രസ് ലൈബ്രറിയിലെ 200 ഗ്രന്ഥശേഖരങ്ങളേയും (ഏകദേശം അഞ്ച് ദശലക്ഷം ഇനങ്ങള്‍) 2000-മാണ്ടോടെ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ലക്ഷ്യമിട്ടു. ഇതേവര്‍ഷം തന്നെ യു. എസ്സിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍, ഡര്‍പ (ഡിഫന്‍സ് അഡ്വാന്‍സ്ഡ് റീസേര്‍ച്ച് പ്രോജക്റ്റ്സ് ഏജന്‍സി), നാസാ എന്നീ സംഘടനങ്ങളുടെ സഹകരണത്തോടെ 'ഡിജിറ്റല്‍ ലൈബ്രറീസ് ഇനിഷ്യേറ്റീവ്' (DLI) എന്ന ചതുര്‍വത്സര പദ്ധതിക്ക് രൂപംനല്‍കി. കാര്‍നീഗി മെലണ്‍ സര്‍വകലാശാലയിലെ ഡിജിറ്റല്‍ വിഡിയൊ ലൈബ്രറി, ഇല്ലിനോയി സര്‍വകലാശാലയിലെ എന്‍ജിനീയറിങ് ശാസ്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഡിജിറ്റല്‍ ലൈബ്രറി, മിഷിഗന്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്രത്തിനും ബഹിരാകാശശാസ്ത്രത്തിനും പ്രാധാന്യം നല്‍കുന്ന ഡിജിറ്റല്‍ ലൈബ്രറി എന്നിവയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് യു. എസ്സിലെ ഗ്രന്ഥശാലകള്‍, വാര്‍ത്താവിനിമയ കോര്‍പ്പറേഷനുകള്‍, പുസ്തക പ്രസാധകര്‍, സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു വഴിയൊരുക്കി.

ഇതിന്റെ ഒന്നാം ഘട്ടത്തില്‍ (1994-98) വ്യത്യസ്ത മേഖലകളിലായി ആറ് പ്രധാന സര്‍വകലാശാലാ പദ്ധതികള്‍ക്കു തുടക്കമിട്ടു. സാങ്കേതികവിദ്യ മെച്ചപ്പെടുന്നതോടൊപ്പം ഹ്യൂമാനിറ്റീസ്, ആര്‍ട്ട്സ് എന്നിവയിലും വികസന ലക്ഷ്യത്തിനായി ഡിജിറ്റല്‍ ലൈബ്രറികളുടെ സംവിധാന ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടു. ഡിജിറ്റല്‍ ലൈബ്രറിയുടെ രണ്ടാം ഘട്ട വികസനം (1998-)സാങ്കേതികവിദ്യയെ അപേക്ഷിച്ച് 'ഇന്‍ഫര്‍മേഷന്‍ ലൈഫ് സൈക്കിളി'ലെ ഗവേഷണത്തിനാണ് പ്രാധാന്യം നല്‍കിയത്. ക്രമേണ യു. കെ., ഫ്രാന്‍സ്, ജര്‍മനി, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റല്‍ ലൈബ്രറികള്‍ വ്യാപകമാകാന്‍ തുടങ്ങി.

നിര്‍മാണം.

ഒപ്റ്റിക്കല്‍ സ്കാനര്‍, ഡിജിറ്റൈസര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി പുസ്തകങ്ങള്‍, ജേര്‍ണലുകള്‍, ഇതര മാധ്യമങ്ങളിലെ വിവരങ്ങള്‍, ചിത്രങ്ങള്‍, അല്‍ഗോരിഥങ്ങള്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍, തല്‍സമയ ഡേറ്റകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് അനുയോജ്യമായ SAN,NSU മാധ്യമങ്ങളില്‍ സംഭരിച്ചുവയ്ക്കപ്പെടുന്നു. ഒരിക്കല്‍ ക്രമീകരിക്കപ്പെട്ട ഡിജിറ്റല്‍ ഡോക്കുമെന്റിലെ ഉള്ളടക്കത്തെ ഉപയോക്താവിന് ഏതു രീതിയിലും ക്രമീകരിച്ച് പ്രദര്‍ശിപ്പിച്ച് വായിക്കാനാവും. ഇലക്ട്രോണിക് ബുക്കിലെ വിവരങ്ങള്‍ പുസ്തകത്തിലെ പേജ് രൂപത്തില്‍ മോണിറ്റര്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും അവയെ കംപ്യൂട്ടറിലെ ഫയല്‍ ആയി രൂപാന്തരപ്പെടുത്തി ഉപയോക്താവിന് ഡോക്കുമെന്റ് മാതൃകയില്‍ ലഭ്യമാക്കാനും ഇതു സഹായകമാകുന്നു. പഴയ ഡോക്കുമെന്റിനെ എഡിറ്റു ചെയ്ത് പുതിയവ തയ്യാറാക്കാനും നിശ്ചിത കീവേഡ് (keyword) കണ്ടുപിടിക്കാനുള്ള സേര്‍ച്ചിങ് നടത്താനും ഫയല്‍ രീതിയിലുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഡോക്കുമെന്റിലെ നിശ്ചിത പദങ്ങളുടേയും ഭാഗങ്ങളുടേയും വിശദീകരണത്തിനായി ഉപയോക്താവിന്റെ ശ്രദ്ധയെ ഡോക്കുമെന്റില്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കോ മറ്റൊരു ഡോക്കുമെന്റിലേക്കോ തിരിച്ചുവിടാനായി ഹൈപ്പെര്‍ടെക്സ്റ്റ്, ഹൈപ്പെര്‍ലിങ്ക് സങ്കേതങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

ഇത്തരത്തില്‍ ഡേറ്റ മുഴുവനും ഡിജിറ്റല്‍ രൂപത്തില്‍ ചിട്ടപ്പെടുത്തുന്നതോടൊപ്പം കാറ്റലോഗും ഡിജിറ്റല്‍ രീതിയില്‍ ക്രമപ്പെടുത്തുന്നു. ഇതുകൊണ്ട് ഡിജിറ്റല്‍ ലൈബ്രറിയുമായി ഇന്റര്‍നെറ്റിലൂടെയോ ഇതര നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെയോ ഉപയോക്താവ് ബന്ധപ്പെടുമ്പോള്‍ അയാള്‍ക്ക് കാറ്റലോഗും വിവര ഡേറ്റയും ഒരേ തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നു. കാറ്റലോഗ് നോക്കി തനിക്ക് ആവശ്യമുള്ള ഡോക്കുമെന്റ്/ഇലക്ട്രോണിക് പുസ്തകം തിരഞ്ഞെടുത്തശേഷം പ്രസ്തുത പേജോ താന്‍ കാണാനാഗ്രഹിക്കുന്ന ടെക്സ്റ്റ്/ചിത്രം ഗ്രാഫിക്സ് എന്നിവയോ യഥാക്രമം ഇലക്ട്രോണിക് ബുക്ക് റീഡറിലോ ടെര്‍മിനല്‍ സ്ക്രീനിലോ പ്രദര്‍ശിപ്പിക്കുന്നു.

പ്രവര്‍ത്തനം.

ഉപയോക്താവ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെടുന്നത് ക്വറി(query)കളിലൂടെയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ദ് ടൈംസ് (ലണ്ടന്‍) പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രജ്ഞന്റെ ചിത്രം, ഒരു ചലച്ചിത്രത്തിലെ ഒരു പ്രത്യേക ഷോട്ട്, നിര്‍ദിഷ്ട ഗാനം തുടങ്ങി ഡേറ്റാബേസില്‍ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും ക്വറികള്‍ രൂപാന്തരപ്പെടുത്താവുന്നതാണ്. ഇതിന് ഡിജിറ്റല്‍ ലൈബ്രറിയിലെ കീവേഡ് സംവിധാനം പ്രയോജനകരമാണ്. ശാസ്ത്ര വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഡിജിറ്റല്‍ ലൈബ്രറികളിലെ 'സെമാന്റിക് ഇന്‍ഡക്സ്' സംവിധാനം മറ്റൊരു ഗുണമേന്മയാണ്. സമാനമായ അര്‍ഥം വഹിക്കുന്ന കീവേഡുകളെ ഒന്നിച്ചു ക്രമപ്പെടുത്തുന്ന രീതിയാണിത്. സമാന പദങ്ങളുള്ള ഡോക്കുമെന്റുകളില്‍ ഉപയോക്താവിന് ആവശ്യമുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കാറുണ്ട്. സേര്‍ച്ചിലൂടെ ഇവകൂടി ലഭ്യമാക്കാന്‍ സെമാന്റിക് ഇന്‍ഡക്സ് സഹായിക്കുന്നു.

ഡേറ്റാബേസിലെ ഓരോ ഡോക്കുമെന്റിനേയും 10-15 കീവേഡുകളെ അടിസ്ഥാനമാക്കി വര്‍ഗീകരിച്ച് ആദ്യമായി ഡോക്കുമെന്റിന്റെ പ്രധാന വിഷയം കണ്ടെത്തുന്നു. തുടര്‍ന്ന് ഒന്നിച്ചു വരാറുള്ള കീവേഡുകള്‍ ഏതെല്ലാമാണെന്ന് ഒരു സൂപ്പര്‍കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടുപിടിക്കുന്നു. ഇതിനുശേഷം ഇത്തരത്തിലുള്ള കീവേഡ് സമൂഹങ്ങളെ ആസ്പദമാക്കി സെമാന്റിക് ഇന്‍ഡക്സിന് രൂപംനല്‍കുന്നു.

സാധാരണ ലൈബ്രറികളിലെപ്പോലെ ഡിജിറ്റല്‍ ലൈബ്രറിയില്‍ വിവിധ തരം മാധ്യമങ്ങളിലെ ഡേറ്റ സംഭരിച്ചു വയ്ക്കാം. ഒരുദാഹരണം: സാന്റാ ബാര്‍ബറായിലുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അലക്സാന്‍ഡ്രിയ ഡിജിറ്റല്‍ ലൈബ്രറിയില്‍ ഭൂപടങ്ങള്‍, ഉപഗ്രഹ ചിത്രങ്ങള്‍, ഭൂകമ്പ സംബന്ധമായ ഡേറ്റ, സ്പേസ് ഷട്ടിലിലൂടെ ലഭ്യമാകുന്ന വര്‍ണചിത്രങ്ങള്‍ തുടങ്ങിയവ സംഭരിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റിലൂടെ ഉപയോക്താകള്‍ക്ക് ഇവയെ നോക്കിക്കാണാന്‍ സാധിക്കുന്നു.

പൊതുവിഷയങ്ങളെ കൂടാതെ നിര്‍ദിഷ്ട വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ ലൈബ്രറികളും ഇന്നു നിലവിലുണ്ട്. വില്യം ഷെയ്ക്സ്പിയറുടെ കൃതികള്‍ക്കായി വാഷിങ്ടണ്‍ ഡിസിയില്‍ ക്രമപ്പെടുത്തിയ ഫോള്‍ജെര്‍ ഷെയ്ക്സ്പിയര്‍ ലൈബ്രറി ഈ സമ്പ്രദായത്തിന് നല്ലൊരുദാഹരണമാണ്.

സവിശേഷതകള്‍.

ഏറ്റവും പുതിയ വിവരങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കാനുള്ള സൗകര്യം, അന്ധന്മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഡോക്കുമെന്റുകള്‍ കംപ്യൂട്ടറൈസ്ഡ് സ്പീച്ച് സിന്തസൈസറുകളിലൂടെ സ്വചാലിത രീതിയില്‍ വായിച്ചു കേള്‍പ്പിക്കാനുള്ള സംവിധാനം എന്നിവ ഡിജിറ്റല്‍ ലൈബ്രറികളുടെ ഗുണമേന്മകളായിപ്പറയാം. ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ് സൗകര്യത്തിലൂടെ ആഗോള ലൈബ്രറി എന്ന സങ്കല്പത്തിന് രൂപംനല്‍കാനും ഡിജിറ്റല്‍ ലൈബ്രറികള്‍ക്കു കഴിയും. പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും ഡിജിറ്റല്‍ ലൈബ്രറികള്‍ ഇടയാക്കിയിട്ടുണ്ട്. വെബ് പേജുകളിലെ പരസ്യങ്ങള്‍ ഇതിനുദാഹരണമായി പറയാം.

ഡിജിറ്റല്‍ ലൈബ്രറികള്‍ നിയമപരവും സാമുദായികവും സാമ്പത്തികവുമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടവയാണ്. ഒരു ഡിജിറ്റല്‍ ഡോക്കുമെന്റിന്റെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും വളരെ വേഗം തയ്യാറാക്കാമെന്നതിനാല്‍ ഒരേ ഡോക്കുമെന്റിനെ പലര്‍ക്കും ഒരേ സമയം തന്നെ വീക്ഷിക്കാന്‍ സാധിക്കുന്നു. സാധാരണ പുസ്തകങ്ങളുടെ രചയിതാവിന് നല്‍കുന്നതുപോലെ ഡിജിറ്റല്‍ ഡോക്കുമെന്റിന്റെ ഉടമയ്ക്കുള്ള റോയല്‍റ്റി നല്‍കാന്‍ ഉപകരിക്കുന്ന നിയമവ്യവസ്ഥകളൊന്നും തന്നെ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ ഡിജിറ്റല്‍ ഡോക്കുമെന്റുകളെ വളരെ വേഗം എഡിറ്റു ചെയ്ത് മാറ്റാനാവുമെന്നതുകൊണ്ട് ഒരു ഡിജിറ്റല്‍ ഡോക്കുമെന്റിന്റെ സത്യാവസ്ഥവിലയിരുത്താനും പ്രയാസമാണ്.

ലൈബ്രറിയിലെ ഡേറ്റാബേസില്‍ ഡിജിറ്റല്‍ രീതിയില്‍ വിവരം ശേഖരിക്കാനുള്ള വിഭവശേഷി ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രശ്നം. മിക്ക ലൈബ്രറികള്‍ക്കും ഇതിനാവശ്യമായ പണം കണ്ടെത്താനാവില്ല. ഭാഗികമായി ഡിജിറ്റൈസേഷന്‍ നടപ്പാക്കുന്നുവെങ്കില്‍ ഡിജിറ്റൈസ് ചെയ്യപ്പെടാത്ത വിവരങ്ങള്‍ ഉപയോക്താകള്‍ക്ക് ലഭിക്കാതെ വരുന്നു. ഇതിനൊരു പരിഹാരമായി പല പ്രമുഖ ആനുകാലിക പ്രസാധകരും സിഡി റോം/വെബ്സൈറ്റ് മാധ്യമങ്ങളിലൂടെയും തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

വ്യത്യസ്ത ഭാഷകളിലെ ഡോക്കുമെന്റുകളെ തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടു പോകുന്നതും സങ്കീര്‍ണതയ്ക്കു കാരണമാകാറുണ്ട് http (Hyper Text Transfer Protocol), IP (Internet Protocol), Z39.50 (Information Retrieval Service Definition and Protocol Specification for Library Applications) മുതലായ പ്രോട്ടൊകോളുകള്‍, SGML (Standard Generalized Markup Language), XML (eXtensible Markup Language) പോലുള്ള മാര്‍ക്കപ്പ് സംവിധാനങ്ങള്‍ JPEG (Joint Photographic Experts Group), MPEG(Moving Picture Experts Group) തുടങ്ങിയ ഇമേജ് കംപ്രഷന്‍ രീതികള്‍, Unicode സമ്പ്രദായം മുതലായവ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമായിട്ടുണ്ട്.

പുസ്തകരൂപത്തിലല്ലാത്ത ഡോക്കുമെന്റുകള്‍, വിഡിയൊ, സംഭാഷണം, ഗ്രാഫിക്സ് മുതലായവ മള്‍ട്ടിമീഡിയ അടിസ്ഥാനമാക്കി അനുയോജ്യമായി ക്രമീകരിച്ച്, ഡേറ്റാബേസ് രൂപീകരിക്കുന്നതിനുള്ള നവീന രീതികള്‍ പരീക്ഷിച്ചു വരുന്നുണ്ട്. സ്പീച്ച് റെക്കഗ്നിഷന്‍ പ്രക്രിയ വളരെ മെച്ചപ്പെട്ടതായാല്‍ മാത്രമേ സംഭാഷണ ഡേറ്റ വേഗം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ. വിഡിയൊയില്‍ ഒരു പ്രതിബിംബത്തെ മറ്റൊന്നുമായി താരതമ്യപ്പെടുത്തിയാണ് ക്രമീകരിക്കാറുള്ളത്. തന്മൂലം ഒരു നിശ്ചിത പ്രതിബിംബത്തെ ഇമേജ് സേര്‍ച്ചിങ്ങിലൂടെ കണ്ടെത്താന്‍ സങ്കീര്‍ണമായ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു.

ഡിജിറ്റല്‍ ലൈബ്രറികളുടെ പൂര്‍ണമായ വികസനത്തിന് ലൈബ്രറി സയന്‍സ്, വിവരസാങ്കേതികവിദ്യ, കംപ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ശൈശവ ദശയിലാണെങ്കിലും ഡിജിറ്റല്‍ ലൈബ്രറികള്‍ വിദ്യാഭ്യാസ-വിവരസാങ്കേതിക രംഗങ്ങളില്‍ ചെലുത്തി വരുന്ന സ്വാധീനം വിലപ്പെട്ടതാണ്. ലോകത്തെ ഏതു മികച്ച ഡിജിറ്റല്‍ ലൈബ്രറിയുമായും നിമിഷങ്ങള്‍ കൊണ്ട് ബന്ധപ്പെടുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുമെന്നതിനാല്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ സര്‍വകലാശാലകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയൊരു അനുഗ്രഹമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍