This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഫ്ത്തീരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:00, 31 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിഫ്ത്തീരിയ

Diphtheria

ബാക്ടീരിയം മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗം. കോറിണി ബാക്ടീരിയം ഡിഫ്ത്തീരിയേ (coryne bacterium diphtheriae) എന്ന ജനുസ്സില്‍പ്പെട്ട ബാക്ടീരിയയാണ് രോഗകാരി. രണ്ടിനും പത്തിനും മധ്യേ പ്രായമുളള കുട്ടികളെയാണ് ഈ രോഗം സാധാരണ ബാധിക്കുന്നത്. ചര്‍മം എന്ന് അര്‍ഥമുളള 'ഡിഫ്ത്തേര' എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഡിഫ്ത്തീരിയ എന്ന പേരു നിഷ്പന്നമായിട്ടുള്ളത്. രോഗാവസ്ഥയില്‍ തൊണ്ടയിലും ശ്വാസനാളത്തിലും ഒരു നേര്‍ത്ത ചര്‍മം രൂപീകൃതമാവുന്നുണ്ട്. രോഗിയുടെ ഉച്ഛ്വാസ വായുവിലൂടെയാണ് രോഗം പകരുന്നത്. കണ്ണ്, മൂക്ക്, തൊലി, ജനനേന്ദ്രിയങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗാണു പ്രവേശിക്കാം. എന്നാല്‍ ശ്വാസനാളത്തെയാണ് മുഖ്യമായും ആക്രമിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്ത രോഗാണുവാഹകരിലൂടെയും രോഗം പകരാവുന്നതാണ്. അഞ്ചു ദിവസമാണു സാധാരണ ഊഷ്മായാന സമയം. ചിലപ്പോള്‍ ഒറ്റ ദിവസത്തിനുശേഷം തന്നെ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന ടോക്സിന്‍ രക്തത്തിലൂടെ ശരീരത്തില്‍ വ്യാപിക്കുന്നു. തൊവേദനയും പനിയുമാണ് ആദ്യലക്ഷണം. തുടര്‍ന്ന് തളര്‍ച്ച, ചുമ എന്നിവയുണ്ടാവുന്നു. തൊണ്ടയേയും ശ്വാസനാളത്തേയും ആവരണം ചെയ്യുന്ന ശ്ലേഷ്മസ്തരത്തിന്റെപുറത്ത് മൃതകോശങ്ങളും ബാക്ടീരിയങ്ങളും അടങ്ങുന്ന മഞ്ഞ കലര്‍ന്ന ചാരനിറത്തിലുളള ഒരു പാളി പ്രതൃക്ഷപ്പെടുന്നതാണ് ഡിഫ്ത്തീരിയ രോഗത്തിന്റെ ഏറ്റവും കൃത്യമായ ലക്ഷണം. കഴുത്തിലെ ലസികാഗ്രന്ഥികള്‍ക്കും വീക്കം ഉണ്ടാകുന്നു. തൊണ്ടയില്‍ രൂപികൃതമാകുന്ന ചര്‍മം ശ്വാസത്തിനു തടസ്സമുണ്ടാക്കുകയാണെങ്കില്‍ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരും. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ടോക്സിന്റെ പ്രവര്‍ത്തനം മൂലം നാഡീക്ഷതം (ന്യൂറ്റൈറ്റിസ്), ഹൃദയ പേശികള്‍ക്ക് തകരാറ് (മയോ കാര്‍ഡൈറ്റിസ്), വൃക്കള്‍ക്ക് നാശം തുടങ്ങിയവ ഉണ്ടായേക്കാം. പിള്ളവാതംപിടിപെട്ടാലെന്ന പോലെ ശരീര ഭാഗങ്ങള്‍ തളര്‍ന്നു പോകാറുണ്ട്.

ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ടോക്സിന്‍ നിര്‍വീര്യമാക്കുവാനുള്ള സ്വാഭാവിക പ്രവര്‍ത്തനമെന്ന നിലയില്‍ ശരീരം ഒരു പ്രതിവിഷം ഉത്പാദിപ്പിക്കാറുണ്ട്. യഥാസമയം ആവശ്യമായ തോതില്‍ പ്രതിവിഷം ഉത്പാദിപ്പിക്കപ്പെട്ടാല്‍ രോഗം ഭേദമാവും. മാത്രമല്ല, കുറേ കാലത്തേക്ക് രോഗം ചെറുക്കാന്‍ ശരീരത്തിന് ശേഷി ലഭിക്കുകയും ചെയ്യുന്നു. പെന്‍സിലിന്‍ പ്രയോഗിച്ച് തൊണ്ടയിലെ ബാക്ടീരിയങ്ങളെ നശിപ്പിക്കാനാവുമെങ്കിലും രക്തത്തിലെ ടോക്സിന്‍ നിര്‍വീര്യമാക്കുവാന്‍ പ്രതിവിഷം നല്‍കേതുണ്ട്.

1930 വരെ ശൈശവ മരണങ്ങളുടെ പ്രധാന കാരണം ഡിഫ്ത്തീരിയയായിരുന്നു. പ്രതിരോധ കുത്തിവയ്പുകളുടെ ആവിര്‍ഭാവത്തോടെയാണ് രോഗം നിയന്ത്രണാധീനമായത്. പ്രസ്തുത രോഗത്തിന്റെ ചരിത്രം-പ്രാരംഭ നിരീക്ഷണങ്ങള്‍ നടത്തിയത് മുതല്‍ രോഗ നിവാരണ മാര്‍ഗങ്ങള്‍ കണ്ടെത്തിരോഗ സംക്രമണം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതു വരെയുളള ചരിത്രം-രോഗ പ്രതിരോധ ശാസ്ത്രത്തി(Immunology)ന്റെ ചരിത്രവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നു. രോഗകാരകമായ സൂക്ഷമാണുവിനെ എഡ്വിന്‍ ക്ലെബ്(1883) ആണ് ആദ്യമായി ദര്‍ശിച്ചത്. ഒരു വര്‍ഷത്തിനു ശേഷം ലോഫ്ളര്‍ എന്ന ശാസ്ത്രജ്ഞന്‍ ഡിഫ്ത്തീരിയ രോഗികളുടെ തൊണ്ടയില്‍ നിന്ന് ബാക്ടീരിയത്തെ വേര്‍തിരിച്ചെടുത്തു. ക്ലബ്സ്-ലോഫ്ളര്‍ ബാസിലസ് (KLB) എന്നാണ് ഈ സൂക്ഷ്മാണുവിന് ആദ്യം പേര്‍ നല്‍കിയിരുന്നത്. ജര്‍മന്‍ ബാക്ടീരിയോളജിസ്റ്റായ എമില്‍ വോണ്‍ ബെറിങ് ആണ് സൂക്ഷ്മാണുവില്‍ നിന്ന് വേര്‍തിരിച്ച ടോക്സിന്‍ മറ്റു മൃഗങ്ങളില്‍ കുത്തിവയ്ക്കുമ്പോള്‍ അവ സ്വന്തമായി പ്രതിവിഷം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയത്. കുതിരകളില്‍ പല തവണ ചെറിയ അളവില്‍ ഡിഫ്ത്തീരിയ ടോക്സിന്‍ കുത്തി വച്ചപ്പോള്‍ രക്തത്തില്‍ പ്രതിവിഷം പ്രത്യക്ഷപ്പെട്ടു. ഈ പ്രതിവിഷം അടങ്ങുന്ന രക്തസിറം പ്രത്യേകമാക്കി, ഘടകങ്ങള്‍ വേര്‍തിരിച്ച് അണുവിമുക്ത സാഹചര്യങ്ങളില്‍ പലവിധ പ്രക്രിയകള്‍ക്കു വിധേയമാക്കിയ ശേഷമാണ് രോഗികളില്‍ പ്രയോഗിച്ചു നോക്കിയത്. കുതിരയുടെ സിറം ഒരു അന്യ മാംസ്യ പദാര്‍ഥമായതിനാല്‍ മനുഷ്യ ശരീരത്തില്‍ ദോഷകരമായ പ്രതിപവര്‍ത്തനങ്ങള്‍ ഉളവാക്കാനുളള സാധ്യതയുണ്ട്. തന്മൂലം വളരെ ചെറിയ അളവില്‍ കുത്തിവച്ചു പരീക്ഷിച്ചു നോക്കിയശേഷം മാത്രമേ ഡിഫ്ത്തീരിയ ടോക്സോയ്ഡ് നല്‍കാന്‍ സാധിച്ചിരുന്നുള്ളൂ. മാത്രമല്ല, കുതിരകളില്‍ നിന്നുത്പാദിപ്പിക്കുന്ന ഈ പ്രതിവിഷത്തിന് മനുഷ്യശരീരത്തില്‍ വളരെ വേഗം നാശം സംഭവിക്കുന്നതിനാല്‍ ദീര്‍ഘകാല സംരക്ഷണം ലഭിച്ചില്ല. തുടര്‍ന്ന് മനുഷ്യരില്‍ തന്നെ പ്രതിവിഷം ഉത്പാദിപ്പിക്കാനായി ടോക്സിന്‍ കുത്തിവച്ചു നോക്കിയപ്പോള്‍ രോഗം പിടിപെടുന്നാതായിട്ടാണ് തെളിഞ്ഞത്. 1907-നും 13-നുമിടയ്ക്ക് ബെറിങ്ങും തിയോബോള്‍ഡ് സ്മിത്തും ചേര്‍ന്ന് ഒരു വിഷ-പ്രതിവിഷ മിശ്രിതം മനുഷ്യരില്‍ നേരിട്ട് കുത്തിവച്ച്, ഡിഫ്ത്തീരിയയ്ക്കെതിരെ പ്രതിരോധക്ഷമത വികസിപ്പിക്കുന്നതില്‍ വിജയിച്ചു. ടെറ്റനസ് ടോക്സോയിഡ്, പെര്‍ട്ടൂസിസ് അഥവാ വില്ലന്‍ ചുമയുടെ വാക്സിന്‍ എന്നിവയ്ക്കൊപ്പം ഡിഫ്ത്തീരിയ ടോക്സോയിഡും (ഫോര്‍മലിന്‍ ചേര്‍ത്ത് നിര്‍വീര്യമാക്കിയ ടോക്സിന്‍) അടങ്ങുന്ന ഡിപിറ്റി എന്ന ഒറ്റ പ്രതിരോധ കുത്തിവയ്പ്പാണ് ഇന്ന് പ്രചാരത്തിലുള്ളത്. നവജാത ശിശുക്കള്‍ക്ക് ഒരു വയസ്സിനുളളില്‍ കൃത്യമായ കാലയളവില്‍ (രണ്ടു മാസത്തിലൊരിക്കല്‍) മൂന്നു കുത്തിവയ്പ്പുകള്‍ നല്‍കി രോഗപ്രതിരോധ ക്ഷമതയുണ്ടാക്കുന്നു. നിശ്ചിത കാലയളവില്‍ ബൂസ്റ്റര്‍ ഡോസും നല്‍കാറുണ്ട്. നോ : ഡിപിറ്റി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍