This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂസല്‍ഡോര്‍ഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 29 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൂസല്‍ഡോര്‍ഫ്

Duse,Eleonora

ജര്‍മനിയിലെ ഒരു നഗരം. നോര്‍ത്റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ (North Rhine-West Phalia) തലസ്ഥാനം എന്ന നിലയില്‍ പ്രസിദ്ധം. റൈന്‍ നദിയുടെ കിഴക്കേ തീരത്ത് കൊളോണിന് (cologne) 34 കി. മീ. വ. പ. മാറി സ്ഥിതി ചെയ്യുന്നു. ജര്‍മനിയിലെ ഒരു പ്രധാന വ്യാവസായിക-വാണിജ്യനഗരമാണ് ഡൂസല്‍ഡോര്‍ഫ്. ജനസംഖ്യ: 5,71,200 (1997).

ഡൂസല്‍ഡോള്‍ഫ് നഗരത്തിന്റെ ഒരു ദൃശ്യം

റൂര്‍ (Ruhr) വ്യാവസായിക മേഖലയുടെ വാണിജ്യ-ബാങ്കിങ് കേന്ദ്രമാണ് ഡൂസല്‍ഡോര്‍ഫ്. റൂര്‍ കല്‍ക്കരിപ്പാടത്തിന് തെക്കാണ് നഗരത്തിന്റെ സ്ഥാനം. 19-ഉം 20-ഉം ശ. ങ്ങളില്‍ നഗരത്തിനുണ്ടായ വികസനത്തില്‍ റൂര്‍ പ്രദേശത്തിലെ ഘനവ്യവസായങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. മെഷീന്‍ നിര്‍മാണം, ഫാബ്രിക്കേഷന്‍ തുടങ്ങിയ വ്യവസായങ്ങള്‍ ഇവിടെ വളരെയേറെ വികസിച്ചിട്ടുണ്ട്. റൂര്‍ പ്രദേശത്തെ ഇരുമ്പുരുക്ക് നിര്‍മാണകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഈ വ്യവസായശാലകള്‍ക്കു വേണ്ടി അസംസ്കൃതപദാര്‍ഥങ്ങളുടെ മുഖ്യസ്രോതസ്സും റൂര്‍ പ്രദേശമായിരുന്നു. റൂര്‍ പ്രദേശത്തെ പല വ്യാവസായിക സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങള്‍ ഡൂസല്‍ഡോര്‍ഫിലാണ് പ്രവര്‍ത്തിക്കുന്നത്.

മനോഹരങ്ങളായ പല മന്ദിരങ്ങളും പാര്‍ക്കുകളും, ഉദ്യാനങ്ങളും ഡൂസല്‍ഡോര്‍ഫ് നഗരത്തിലുണ്ട്. 1200-കളില്‍ ഗോഥിക് മാതൃകയില്‍ പണികഴിപ്പിച്ച ദേവാലയം, 1500-കള്‍ മുതല്‍ക്കുള്ള ടൗണ്‍ഹാള്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന മന്ദിരങ്ങളാകുന്നു. പ്രശസ്തമായ ഒരു ആര്‍ട്ട് അക്കാദമിയും നഗരത്തിലുണ്ട്. റൈന്‍, ഡൂസല്‍ നദികളുടെ സംഗമസ്ഥാനത്തെ ഒരു തുറമുഖം കൂടിയാണ് ഡൂസല്‍ഡോര്‍ഫ്. നഗരം ഒരു വാണിജ്യ-ബാങ്കിങ് കേന്ദ്രമായി വികസിക്കുന്നതിന് ഇവിടത്തെ വിശാലമായ ഹാര്‍ബര്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഷിപ്പിങ്ങും വിനോദസഞ്ചാര സമുദ്രപര്യടനങ്ങളും ഈ ഹാര്‍ബറിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നു. ജര്‍മനിയിലെ തിരക്കേറിയ ഒരു റെയില്‍-വ്യോമ-ഗതാഗതകേന്ദ്രം കൂടിയാണ് ഡൂസല്‍ഡോര്‍ഫ്. വ്യോമഗതാഗതം നഗരത്തെ രാജ്യ-രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ജര്‍മനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ഡൂസല്‍ഡോര്‍ഫിലാണ്. ഒരു സ്റ്റോക് എക്സ്ചേഞ്ചും, സര്‍വകലാശാലയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

13-ാം ശ.-ത്തിലാണ് നഗരം സ്ഥാപിതമായത്. വളരെക്കാലം അയല്‍നഗരമായ കൊളോണിന്റെ വളര്‍ച്ചയും പ്രശസ്തിയും ഈ നഗരത്തിന്റെ വികസനത്തിന് വിഘ്നം സൃഷ്ടിച്ചു. 1805-ല്‍ ബര്‍ഗ് പ്രദേശത്തിന്റെ തലസ്ഥാനമായി മാറിയ ഈ നഗരം 1815-ല്‍ പ്രഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. 19-ാം ശ. -ത്തിന്റെ മധ്യത്തില്‍ റൈന്‍നദിയിലെ ഷിപ്പിങ് സൗകര്യങ്ങള്‍ വികസിപ്പിച്ചതും, റൂര്‍ മേഖലയുമായി റെയില്‍മാര്‍ഗം ബന്ധിപ്പിച്ചതും നഗരവികസനം ത്വരിതഗതിയിലാക്കി. രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളും നശിച്ചെങ്കിലും ഒട്ടും വൈകാതെ തന്നെ പുനര്‍നിര്‍മാണവും നടന്നു.

ഡൂസല്‍ഡോര്‍ഫ് നഗരത്തില്‍ ഇന്നും 18-ാം ശ. -ത്തിലെ സംരക്ഷിത മന്ദിരങ്ങള്‍ കാണാം. വിശാലമായ പാതകളാലും ഉദ്യാനങ്ങളാലും അനുഗൃഹീതമായിരിക്കുന്ന ഈ ആധുനികനഗരം ഇപ്പോള്‍ ലോകത്തെ മികച്ച വ്യാവസായിക നഗരങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍