This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിഷ്യന്‍, വെസല്ലി (1485 - 1576)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 22 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടിഷ്യന്‍, വെസല്ലി (1485 - 1576)

Tiziano,Vecellio

ഇറ്റാലിയന്‍ ചിത്രകാരന്‍. പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യന്‍ സ്കൂള്‍ ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയന്‍ ചിത്രകലയുടെ പ്രശസ്തി വര്‍ധിപ്പിച്ചു.

ഇറ്റലിയിലെ ആല്‍പ്സ് പ്രദേശത്ത് 1485-ല്‍ ജനിച്ച ടിഷ്യന്‍ വെനിഷ്യന്‍ ചിത്രകലാവിദഗ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴില്‍ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. തുടര്‍ന്ന് പുരോഗമനചിന്താഗതിക്കാരനായ ജോര്‍ജിയോണിന്റെ സഹപ്രവര്‍ത്തകനായി. 1510-ല്‍ ജോര്‍ജിയോണ്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം പൂര്‍ത്തിയാക്കാതിരുന്ന സ്ലീപിംങ് വീനസ് എന്ന ചിത്രം ടിഷ്യനാണ് മുഴുമിപ്പിച്ചത്. 1516-ല്‍ ജിയോവന്നി ബെല്ലിനി അന്തരിച്ചതിനെ തുടര്‍ന്ന് വെനീഷ്യന്‍ റിപ്പബ്ലിക്കിലെ ഔദ്യോഗികചിത്രകാരനായി ടിഷ്യന്‍ അവരോധിക്കപ്പെട്ടു.

ടിഷ്യന്റെ ഒരു രചന -'വീനസ് ഒഫ് അര്‍ബിനോ'

1533-ല്‍ ഹോളി റോമന്‍ എംപറര്‍ ചാള്‍സ് അഞ്ചാമന്റെ കൊട്ടാരചിത്രകാരനായി ടിഷ്യന്‍ അവരോധിക്കപ്പെട്ടു. ഓര്‍ഡര്‍ ഒഫ് ദ് ഗോള്‍ഡന്‍ സ്പര്‍ ടിഷ്യന് ലഭിച്ചത് ഈ കാലയളവിലാണ്. 1545-46 കാലയളവില്‍ വിശിഷ്ടാതിഥിയായി റോമിലെത്തിയപ്പോള്‍ ടിഷ്യന്‍ മൈക്കലാഞ്ജലൊയെ സന്ദര്‍ശിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓഗ്സ്ബര്‍ഗിലെ രാജധാനിയിലെത്തി ചാള്‍സിന്റെ മകനും പില്‍ക്കാല സ്പെയിന്‍ ഭരണാധികാരിയുമായ ഫിലിപ് രണ്ടാമനെ സന്ദര്‍ശിച്ചു. വളരെക്കാലം ടിഷ്യന്റെ മുഖ്യരക്ഷാധികാരി ഇദ്ദേഹമായിരുന്നു. ടിഷ്യന്റെ ചുമതലയില്‍ രൂപംകൊണ്ട സ്റ്റുഡിയോയില്‍ അദ്ദേഹത്തിന്റെ മകനായ ഒറാസിയോയും മറ്റു പല കുടുംബാംഗങ്ങളും പ്രവര്‍ത്തകരായിരുന്നു. വെനിസിലെ പ്രമുഖ ചിത്രകാരനായി മാറിയ ടിഷ്യന്‍ പ്രശസ്ത സാഹിത്യകാരനായ പിയത്രോ അരറ്റിനോ, ശില്‍പിയായ യാക്കപ്പോ സന്‍സോവിനോ എന്നിവരുമായി ചേര്‍ന്ന് വെനീസിലെ സാംസ്കാരിക ജീവിതത്തെ ആകര്‍ഷകമാക്കി.

സാഹിത്യസംഭവങ്ങളെ ആധാരമാക്കി ടിഷ്യന്‍ വരച്ച പല ചിത്രങ്ങളും നവോത്ഥാനത്തിന് ഉണര്‍വേകി. ചിത്രരചനയ്ക്കു പുറമേ വാസ്തുശില്പകലയിലും പ്രാവീണ്യം നേടിയ ടിഷ്യന്റെ സേവനം പലരും ഉപയോഗപ്പെടുത്തിയിരുന്നു.

ആധുനിക നിരൂപകര്‍ ടിഷ്യന്റെ ചിത്രരചനയെ ആറു ഘട്ടങ്ങളായി തരം തിരിക്കുന്നു. 1516 വരെയുള്ള ആദ്യഘട്ടത്തില്‍ ബെല്ലിനിയുടെയും മറ്റും കാവ്യപാരമ്പര്യത്തിലുടലെടുത്ത ഒരു ശൈലിയാണ് പ്രകടമാകുന്നത്. സേക്രഡ് ആന്‍ഡ് പ്രൊഫേന്‍ ലൗ എന്ന ചിത്രവും മറ്റും ഈ കാലയളവില്‍ ടിഷ്യനെ ശ്രദ്ധേയനാക്കി. 1516 മുതല്‍ 1530 വരെയുള്ള രണ്ടാംഘട്ടത്തില്‍ ബലിപീഠങ്ങളിലെ സ്മാരകചിത്രങ്ങളായിരുന്നു ടിഷ്യന്റെ മുഖ്യസംഭാവനകള്‍. അസംപ്ഷന്‍ ഒഫ് ദ് വെര്‍ജിന്‍, മഡോണ ഒഫ് ദ് പെസാറോ ഫാമിലി, ഡെത്ത് ഒഫ് സെന്റ്പിറ്റര്‍ മര്‍ട്യര്‍ എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പുരാണ സംബന്ധമായ ഏതാനും ചിത്രങ്ങളും ഈ കാലയളവില്‍ ടിഷ്യന്‍ രചിക്കുകയുണ്ടായി. വര്‍ഷിപ് ഒഫ് വീനസ്, ബക്കാനന്‍ ഒഫ് ദി ആന്‍ഡ്രിയന്‍സ്, ബാക്കസ് ആന്‍ഡ് അരിയാദ്നെ എന്നീ ചിത്രങ്ങള്‍ ഫെറാറയിലെ ഡ്യൂക്കിനുവേണ്ടി രചിച്ചവയാണ്. ക്ലാസ്സിക്കല്‍ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താല്‍ ടിഷ്യന്റെ ചിത്രങ്ങളില്‍ പ്രകടമായ പരിവര്‍ത്തനം വന്നുചേര്‍ന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യന്‍ ചിത്രങ്ങളുടെ സവിശേഷതയായി മാറി.

1530 മുതല്‍ 40 വരെയുള്ള മൂന്നാം ഘട്ടത്തില്‍ കഠിനപ്രയത്നത്തില്‍ നിന്നു പിന്തിരിഞ്ഞ ടിഷ്യന്‍ സ്വാഭാവികരൂപങ്ങള്‍ വരച്ചുകാട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വീനസ് ഒഫ് അര്‍ബിനോ, പ്രസന്റേഷന്‍ ഒഫ് ദ് വെര്‍ജിന്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമേ ശ്രദ്ധേയരായ ചില വ്യക്തികളുടെ ചിത്രങ്ങളും ടിഷ്യന്‍ വരയ്ക്കുകയുണ്ടായി. ചാള്‍സ് അഞ്ചാമന്‍, കാര്‍ഡിനന്‍ ഇപ്പോലിറ്റോ ഡിമെഡിസി, ഫ്രാന്‍സിസ് ഒന്നാമന്‍ എന്നിവരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായി.

ടിഷ്യന്റെ റോമാ സന്ദര്‍ശനവും മൈക്കലാഞ്ജലോയുമായുള്ള ചങ്ങാത്തവുമാണ് 1540 മുതല്‍ 1550 വരെയുള്ള നാലാംഘട്ടത്തിന്റെ സവിശേഷത. നിറക്കൂട്ടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്ന ടിഷ്യന്‍ രൂപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ഇറ്റാലിയന്‍ ചിത്രരചനയില്‍ ഏറെ ആകൃഷ്ടനായി. അഞ്ചാം ഘട്ടത്തില്‍ (1550-60) അദ്ദേഹം രചിച്ച റേപ് ഒഫ് യൂറോപാ, വീനസ് ആന്‍ഡ് അഡോണിസ്, വീനസ് ആന്‍ഡ് ദ് ല്യൂട്ട് പ്ലെയര്‍ എന്നീ ചിത്രങ്ങളില്‍ ഇറ്റാലിയന്‍ ചിത്രരചനയുടെ സ്വാധീനം തെളിഞ്ഞുകാണാം.

1560-നുശേഷമുള്ള ആറാം ഘട്ടത്തില്‍ ടിഷ്യന്റെ ചിത്രരചനാമുന്നേറ്റത്തിന്റെ ഒരാവര്‍ത്തനമാണ് പ്രകടമാകുന്നത്: തനതായ ശൈലിയിലേക്കുള്ള ഒരു തിരിച്ചുവരവ്. മര്‍ട്യര്‍ഡം ഒഫ് സെന്റ് ലാറന്‍സ്, ആദം ആന്റ് ഈവ് എന്നീ ചിത്രങ്ങള്‍ ഇക്കാലത്ത് രചിച്ചവയാണ്. സ്വന്തം സ്മാരകത്തിനുവേണ്ടി പിയേത എന്നൊരു ചിത്രവും പൂര്‍ത്തിയാക്കി.

ടിഷ്യന്റെ ആദ്യകാല ചിത്രങ്ങളില്‍ ഏറെ ആകര്‍ഷകമായവ ബലിപീഠങ്ങള്‍ക്കുവേണ്ടി രചിച്ചവയാണ്. അസംപ്ഷന്‍ ഒഫ് ദ് വെര്‍ജിന്‍ എന്ന ചിത്രത്തിന്റെ വലുപ്പം അന്നത്തെ യാഥാസ്ഥിതികരെ ഞെട്ടിക്കുക തന്നെ ചെയ്തു. എങ്കിലും ഇതൊരു മാസ്റ്റര്‍ പീസായി അംഗീകരിക്കപ്പെട്ടു. ഡത്ത് ഒഫ് സെന്റ്പീറ്റര്‍ മര്‍ട്യര്‍ എന്ന ചിത്രത്തില്‍ സെന്റ് പീറ്ററിന്റെ കൊലപാതകം സ്മാരകതുല്യമായ അനേകം വൃക്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വരച്ചുകാട്ടിയിരിക്കുന്നത്. രൂപങ്ങളും പ്രകൃതിദൃശ്യങ്ങളും തമ്മിലുള്ള ഗാഢബന്ധം ടിഷ്യന്റെ ചിത്രങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 1576 ആഗ. 27-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍