This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷക്രീഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:50, 29 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.142 (സംവാദം)

അക്ഷക്രീഡ

അക്ഷങ്ങള്‍ (ചൂതുകള്‍, പകിടകള്‍, ചുക്കിണികള്‍) എറിഞ്ഞുള്ള ഒരുതരം പന്തയക്കളി. ഇതിന് അക്ഷക്രിയയെന്നും ദ്യൂതക്രീഡയെന്നും പാശകക്രീഡയെന്നും പേരുണ്ട്. ദ്യൂതക്രീഡയുടെ ഭാഷാരൂപമാണ് 'ചൂതുകളി'.

  'അപ്രാണിഭിര്‍യദ്ക്രിയതേ തല്ലോകേ ദ്യൂതമുച്യതേ

പ്രാണിഭിഃ ക്രിയതേയസ്തു സവിജ്ഞേയഃ സമാഹ്വയഃ' (മനുസ്മൃതി, അധ്യായം 9 : ശ്ളോകം 223).

(നിര്‍ജീവങ്ങളായ കരുക്കള്‍കൊണ്ടുള്ള കളിക്ക് ദ്യൂതം എന്നും പക്ഷി മൃഗാദികളെക്കൊണ്ടുള്ള കളിക്ക് സമാഹ്വയമെന്നും പേര്‍). ഋഗ്വേദം 10-ാം മണ്ഡലം 134-ാം സൂക്തം അക്ഷക്രീഡയെപ്പറ്റി പ്രതിപാദിക്കുന്നു. ചൂതുകളി പൂര്‍വകല്പത്തില്‍പോലും ഉണ്ടായിരുന്നു എന്നു മനുസ്മൃതിയിലെ 'ദ്യൂതമേതത് പുരാകല്പേ, ദൃഷ്ടം വൈരകരം മഹത്' എന്ന പദ്യവും വ്യക്തമാക്കുന്നു.

ഭാരതീയ പുരാണങ്ങളില്‍ രാജാക്കന്‍മാരുടെ ഒരു വിനോദമായിട്ടാണ് ഇതിനേക്കുറിച്ചു പരാമര്‍ശിച്ചിട്ടുള്ളത്. അവര്‍ക്കുവേണ്ടി ബ്രഹ്മാവുണ്ടാക്കിയതാണത്രേ ഈ വിനോദം. 'ശങ്കരശ്ച പുരാദ്വതം - സസര്‍ജസുമനോഹരം' എന്നു ബ്രഹ്മപുരാണത്തില്‍ പരാമര്‍ശമുണ്ട്.

അക്ഷക്രീഡയില്‍ ആസക്തി വര്‍ധിച്ചു സര്‍വസ്വവും നഷ്ടപ്പെടുത്തിയ രാജാക്കന്‍മാരുടെ കഥകള്‍ പുരാണങ്ങളില്‍ സുലഭമാണ്. നളന്റെയും ധര്‍മപുത്രരുടെയും കഥകള്‍തന്നെ ഇതിനു മികച്ച ഉദാഹരണം. ദ്യൂതക്രീഡ, മദ്യപാനം, സ്ത്രീസേവ, ഹിംസ, ധനമോഹം എന്നിവയില്‍ വ്യാപരിക്കുന്നവരില്‍ കലി കുടികൊള്ളുന്നുവെന്ന് ഭാഗവതം സൂചിപ്പിക്കുന്നു. രാജാക്കന്‍മാര്‍ അവശ്യം വര്‍ജിക്കേണ്ട സപ്തവ്യസനങ്ങളില്‍ ഒന്നായിട്ടാണ് മഹാഭാരതത്തില്‍ വിദുരര്‍ അക്ഷക്രീഡയെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 'ദ്യൂതം, സമാഹ്വയം ചൈവ, രാജാ, രാഷ്ട്രാന്നി-വാരയേത് രാജ്യാന്തകരണാ, വൈതൌ ദ്വൌ ദോഷൌ വൃഥിവീക്ഷിതാം.' -ദ്യൂതവും സമാഹ്വയവും രാജാവു തന്റെ രാജ്യത്തു നിരോധിക്കണം. ഇവ രണ്ടും രാജാക്കന്‍മാര്‍ക്കും രാജ്യവിനാശകാരികളായ ദോഷങ്ങളാണ് - എന്ന് മനുസ്മൃതി.

ഇങ്ങനെ എന്നും അപലപിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിവിധ രൂപങ്ങളില്‍ ഇന്നും നിലനില്ക്കുന്ന ഈ വിനോദം അതിപ്രാചീനകാലം മുതലേ പല രൂപങ്ങളില്‍ ഈജിപ്ത്, മെസപ്പൊട്ടേമിയ, ഗ്രീസ്, റോം, ചൈന, വെസ്റ്റ് ഇന്‍ഡീസ് മുതലായ രാജ്യങ്ങളില്‍ നിലനിന്നിരുന്നു. ബി.സി. 2,000-നു മുമ്പുള്ള ചൂതുകള്‍ ഈജിപ്തിലെ ശവകുടീരങ്ങളില്‍ നിന്നും, ബി.സി. 600-നു മുമ്പുള്ളവ ചൈനയില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഗ്രീക്കുകാര്‍ ട്രോയി നഗരം പിടിച്ചടക്കിയശേഷം പാലാമിഡ് ഈ കളി കണ്ടുപിടിച്ചു എന്നു സോഫോക്ളിസ് പറയുന്നു. മതകര്‍മങ്ങളോടു ബന്ധപ്പെട്ട ഭാഗ്യപരീക്ഷണങ്ങളില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നും അഭിപ്രായമുണ്ട്.

കളിയുടെ പ്രകാരഭേദം അനുസരിച്ച് ചൂതുകള്‍ പല ആകൃതിയില്‍ ഉണ്ട്. പിരമിഡ്, പഞ്ചഭുജം, അഷ്ടഭുജം എന്നിവയുടെ ആകൃതിയിലുള്ള ചൂതുകളാണ് അമേരിന്ത്യര്‍ ഉപയോഗിച്ചിരുന്നത്. ഈജിപ്തില്‍നിന്നും കിട്ടിയിട്ടുള്ള ചൂതുകള്‍ ചതുരക്കട്ടയുടെ ആകൃതിയിലുള്ളവയാണ്. മോഹഞ്ജൊദാരോയില്‍നിന്നും ഹരപ്പായില്‍നിന്നും കിട്ടിയിട്ടുള്ളവയില്‍ ചിലതു പരന്നതാണ്. സാധാരണ ചൂതുകള്‍ ആറുവശങ്ങളുള്ള കട്ടകളാണ്. ഒന്നുമുതല്‍ ആറുവരെ കുത്തുകള്‍ ഈ വശങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കും. എതിര്‍വശങ്ങളുടെ കുത്തുകളുടെ എണ്ണം ഏഴായിരിക്കത്തക്കവണ്ണം 1 ് 6, 2 ് 5, 3 ് 4 എന്നിങ്ങനെയാണ് അടയാളപ്പെടുത്തുക. ചൂതുകളിയുടെ വകഭേദമായ പകിടകളിയില്‍ രണ്ടറ്റം നീണ്ടുകൂര്‍ത്ത് നാലു പട്ടങ്ങളോടുകൂടിയ രണ്ടു കട്ടകള്‍ ഉപയോഗിക്കപ്പെടുന്നു. ഓരോന്നിന്റെയും വശങ്ങളില്‍ 1, 3, 6, 4 എന്നീ ക്രമത്തിനു കുത്തുകള്‍ ഇട്ടിരിക്കും. ചൂതുകള്‍ തടികൊണ്ടും ദന്തംകൊണ്ടും മൃഗങ്ങളുടെ എല്ലുകൊണ്ടും ലോഹംകൊണ്ടും നിര്‍മിക്കപ്പെട്ടിരുന്നു. വൈദിക കാലത്തു താന്നിക്കുരുകൊണ്ടുള്ള ചൂതുകള്‍ ഉപയോഗിച്ചിരുന്നതായി ഋഗ്വേദത്തില്‍ സൂചനയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍