This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാങ്ക് (സൈനികം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:23, 18 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ടാങ്ക് (സൈനികം)

Tank(military)

ക്യാറ്റര്‍പില്ലര്‍ (caterpillar) എന്നറിയപ്പെടുന്ന തുടര്‍ച്ചങ്ങലകള്‍ അഥവാ പാളങ്ങളുടെ സഹായത്താല്‍ ഉരുണ്ടു നീങ്ങുന്ന കവചിത യുദ്ധവാഹനം. യുദ്ധരംഗത്തെ അടിസ്ഥാനാവശ്യങ്ങളായ ചെറുത്തുനില്‍പ്പിനും വെടിവെയ്പ്പിനും ഒരേസമയം ഉപകരിക്കുന്നതാണ് ഈ വാഹനം.

മിസൈല്‍ ഉള്‍പ്പെടെയുള്ള വിവിധ തരം ആയുധങ്ങള്‍ ശേഖരിച്ചു വയ്ക്കാവുന്ന ആധുനിക ടാങ്ക് കരസേനയുടെ ഏറ്റവും ശക്തിയേറിയ ആണവേതര യുദ്ധോപകരണമാണ്. ആണവ പ്രസരണശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അവ സൗകര്യപ്രദമായ രീതിയില്‍ വിന്യസിപ്പിക്കുവാന്‍ ടാങ്കിലുള്ള സൈനികര്‍ക്കു കഴിയുന്നു.

യുദ്ധങ്ങളില്‍ മുഖ്യപങ്കു വഹിക്കുന്നതിനു പുറമേ ഒരു സൈനിക വിഭാഗത്തിന്റെ ശക്തി പ്രകടനങ്ങളുടെ മോടി വര്‍ധിപ്പിക്കാനും ടാങ്കുകള്‍ ഉപയോഗിച്ചുവരുന്നു. എല്ലാ രാജ്യങ്ങളുടേയും യുദ്ധസന്നാഹത്തിന്റെ ഒരവിഭാജ്യ ഘടകമാണ് ടാങ്ക്. ഇന്ന് ടാങ്കുകളുടെ നിയന്ത്രണത്തിന് കംപ്യൂട്ടറുകള്‍ വരെ ഉപയോഗിക്കുന്നുണ്ട് (ഉദാഹരണം ബ്രിട്ടനിലെ ചലഞ്ചര്‍ 2 MBT ).

ചരിത്രം

ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ സൗകര്യമുള്ള യുദ്ധവാഹനങ്ങള്‍ ബി. സി. 2000-ാം ആണ്ടോടുകൂടി നിര്‍മിച്ചു തുടങ്ങിയതായി രേഖകളുണ്ട്. മധ്യപൂര്‍വ ദേശക്കാരായ ഈജിപ്തുകാര്‍, ഹിറ്റൈറ്റുകള്‍ എന്നിവര്‍ അമ്പും വില്ലും പ്രയോഗിച്ചുള്ള യുദ്ധത്തില്‍ കുതിരകളെ പൂട്ടിയ രഥത്തെ യുദ്ധവാഹനമായി ഉപയോഗിച്ചിരുന്നു. ആയുധശേഖരമുള്ള യുദ്ധവാഹനത്തെ സംരക്ഷിക്കാനായി ഉരുട്ടി നീക്കാവുന്ന തരത്തിലുള്ള ചില കവചിത സജ്ജീകരണങ്ങള്‍ മധ്യകാലത്ത് നിലവിലുണ്ടായിരുന്നു. ബി. സി. 9-ാം ശ. -ത്തില്‍ അസീറിയന്മാരും ഇത്തരം സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്.

ഗൈദൊ ദ വിജെവനൊ (1335), ലിയനാര്‍ഡൊ ഡാ വിഞ്ചി (1484) എന്നിവര്‍ ബാറ്റില്‍ കാറുകള്‍ക്ക് രൂപകല്പന നല്‍കുകയുണ്ടായി. മധ്യകാലത്തില്‍ കുതിരകളെ പൂട്ടി വലിക്കുന്ന വണ്ടികളെ 'ബാറ്റില്‍ വാഗണു'കളായി മാറ്റിയെടുത്തിരുന്നു. ഇവയില്‍ പ്രധാന മായി രണ്ടിനങ്ങളാണ് ഉണ്ടായിരുന്നത്; പടയാളികളെ കൊണ്ടു പോകാനുള്ളവയും പീരങ്കി ഘടിപ്പിച്ചവയും. ശത്രുപക്ഷത്തിന്റെ ശരവര്‍ഷത്തെ ചെറുക്കുവാന്‍ ബാറ്റില്‍ വാഗണുകളുടെ ഇരുവശത്തും മരപ്പലകകള്‍ ഘടിപ്പിച്ചിരുന്നു. യുദ്ധഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ വാഹനങ്ങളെ ആവശ്യാനുസരണം കൊണ്ടുപോകാമായിരുന്നു. കുതിരകളെ കൂടാതെ കാറ്റാടിയന്ത്രം, ഗിയറുകള്‍ എന്നിവയുപയോഗിച്ചും ഇവയെ ചലിപ്പിക്കാനുള്ള രീതികള്‍ പരീക്ഷിച്ചു നോക്കിയിരുന്നു.

പാറ്റണ്‍

1855-ല്‍ നീരാവി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു കവചിത വാഹനം ഇംഗ്ലണ്ടിലെ ജെയിംസ് കോവന്‍ വികസിപ്പിച്ചെടുത്തെങ്കിലും അതിനര്‍ഹമായ അംഗീകാരം ലഭിച്ചില്ല. ക്രമേണ അമേരിക്കക്കാരും ജര്‍മനിയിലെ കൈസര്‍ വില്‍ഹെമും പ്രത്യേക കവചിത സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിര്‍മിച്ചുതുടങ്ങി. ഇംഗ്ലണ്ടില്‍ ഫോര്‍-വീല്‍ ഡ്രൈവായ ക്വാഡ്രി സൈക്കിളില്‍ (quadri cycle) മാക്സിം തോക്ക് ഘടിപ്പിച്ചുകൊണ്ടുള്ള സംവിധാനം പുറത്തിറക്കി. സ്വയം നിയന്ത്രിക്കാവുന്ന ഒരു കവചിത വാഹനം 1900-ല്‍ ഇംഗ്ലണ്ടില്‍ ജോണ്‍ ഫൗളര്‍ കമ്പനി നിര്‍മിച്ചു. ദക്ഷിണാഫ്രിക്കന്‍ യുദ്ധരംഗത്തേക്ക് (1899-1902) സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ചിരുന്നതും നീരാവി കൊണ്ടു പ്രവര്‍ത്തിക്കുന്നതുമായ 'സ്റ്റീം ട്രാക്ക്ഷന്‍ എന്‍ജി'നില്‍ കവചമിട്ട് യുദ്ധ വാഹനമായി മാറ്റുകയാണുണ്ടായത്. 1904-ഓടെ ഫ്രാന്‍സ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങള്‍ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങള്‍ നിര്‍മിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തില്‍ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുര്‍ഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിര്‍മാണം യുദ്ധരംഗത്തു മുന്നേറാന്‍ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. സഞ്ചരിക്കാന്‍ ചക്രങ്ങള്‍ക്കു പകരം ട്രാക്ക് അഥവാ ക്യാറ്റര്‍പില്ലര്‍ ട്രെഡ് (tread) ആണ് ഇവയിലുപയോഗിക്കുന്നത്. അന്ന് ട്രാക്കും ഹള്ളും (വാഹനത്തിന്റെ ചട്ടക്കൂട്) പ്രത്യേകം തൊഴിലാളികളെ കൊണ്ട്, അവര്‍ തമ്മില്‍ അറിയാത്ത വിധത്തിലാണ്, നിര്‍മിച്ചിരുന്നത്. മാത്രമല്ല, ഹള്ള് പണിയുന്നവരെ ധരിപ്പിച്ചിരുന്നത്, അത് മരുഭൂമിയിലേക്ക് ജലം കൊണ്ടു പോകാനുള്ള ഒരു തരം ജലനൗകയാണെന്നായിരുന്നു. അതു കൊണ്ടാണ് ഇതിന് ജലം സംഭരിക്കാനുള്ള പാത്രം എന്നര്‍ഥമുള്ള 'ടാങ്ക്' എന്ന പേരു ലഭിച്ചത്. പണി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ജര്‍മനിയിലേക്ക് കപ്പല്‍ വഴി രഹസ്യമായി പൊതിഞ്ഞു കടത്തിക്കൊണ്ടു വന്നപ്പോഴും ജര്‍മന്‍കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പൊതിക്കു പുറത്തു 'ടാങ്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണങ്ങളാല്‍ പില്‍ക്കാലത്ത് വാഹനത്തിന് ടാങ്ക് എന്ന പേരു തന്നെ സ്ഥിരീകരിക്കപ്പെട്ടു.

1915 ജൂലൈയില്‍ ബ്രിട്ടനിലെ റോയല്‍ നേവല്‍ എയര്‍ സര്‍വീസസ്സിന്റെ 'ആമേര്‍ഡ് കാര്‍ ഡിവിഷന്‍' മൂന്നു ട്രാക്കുകള്‍ അഥവാ പാളങ്ങള്‍ ഉള്ള കില്ലെന്‍ സ്ട്രെയിറ്റ് ട്രാക്ടറെ (Killen-Straight tractor) ഒരു കവചിത കാറിന്റെ ചട്ടക്കൂട് ഘടിപ്പിച്ച് പുറത്തിറക്കി. തുടര്‍ന്നു നിലവില്‍ വന്ന 'അഡ്മിറാലിറ്റി ലാന്‍ഡ്ഷിപ്പ്സ് കമ്മിറ്റി'യുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമായി 1915 സെപ്. -ല്‍ 'ലിറ്റില്‍ വില്ലി' എന്ന നാമത്തില്‍ ആദ്യ ടാങ്ക് നിര്‍മിക്കപ്പെട്ടു. അധികം വൈകാതെ വീതിയേറിയ കിടങ്ങുകള്‍ മറികടന്നു സഞ്ചരിക്കാന്‍ ശേഷിയുള്ള ബിഗ് വില്ലി എന്നയിനം ടാങ്കും പുറത്തിറക്കപ്പെട്ടു. ഈ മോഡല്‍ സ്വീകാര്യമായതിനാല്‍ ബ്രിട്ടിഷ് കരസേന 1916 ഫെബ്രുവരിയില്‍ അത്തരം 100 ടാങ്കുകള്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു.
പാറ്റണ്‍ ടാങ്ക്

1916 സെപ്തംബര്‍ 15-ന് നടന്ന സോം യുദ്ധത്തിലാണ് ടാങ്കുകള്‍ ആദ്യമായി യുദ്ധരംഗത്തിറക്കിയത്; 49 ടാങ്കുകള്‍ യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും ഒരു പരിധി വരെ മാത്രമേ വിജയം കൈവരിക്കാന്‍ അവയ്ക്കു കഴിഞ്ഞുള്ളു. എന്നാല്‍ 1917 ന. 20-ന് 474 ബ്രിട്ടിഷ് ടാങ്കുകള്‍ കംബ്രായി (Cambraie) കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തില്‍ ബ്രിട്ടിഷ് സേനയ്ക്കു ശത്രുവുമായിട്ടുള്ള കിടങ്ങു യുദ്ധത്തില്‍ ഉജ്വല വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ശത്രുവിന്റെ നിരകളെ ഭേദിച്ചു കടക്കാന്‍ ടാങ്കുകള്‍ക്കാവും എന്ന് ഇതോടെ മനസ്സിലാക്കപ്പെട്ടു. എന്നാല്‍ ഈ കടന്നുകയറ്റത്തെ വേണ്ടത്ര ചൂഷണം ചെയ്ത് ശത്രുനിരകളെ ഛിന്നഭിന്നമാക്കാന്‍ ആവശ്യമായ വേഗതയും ആക്രമണ പരിധിയും (range) അന്നത്തെ ടാങ്കുകള്‍ക്കില്ലായിരുന്നു. അവയുടെ ഏകദേശ വേഗത മണിക്കൂറില്‍ 64 കി. മീറ്ററും ആക്രമണ പരിധി 32-64 കി. മീറ്ററും ആയിരുന്നു. ക്രമേണ ഭാരക്കുറവും അധിക ആക്രമണ പരിധിയും ഉള്ള ടാങ്കുകള്‍ ലോകമെമ്പാടും നിര്‍മിക്കാനാരംഭിച്ചു.

വിവിധ ഇനങ്ങള്‍

ടാങ്കുകളെ അടിസ്ഥാനപരമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ഒന്ന്, മെയിന്‍ ബാറ്റില്‍ ടാങ്ക് (Main Battle Tank-MBT). ഒരു സൈന്യത്തിന്റെ പ്രധാന കവചിത വാഹനമാണിത്. ബ്രിട്ടിഷുക്കാരുടെ ചിഫ്റ്റന്‍, ചലഞ്ചര്‍ 1, 2, അമേരിക്കയിലെ M60, റഷ്യയുടെ T-62, ജര്‍മനിയുടെ ലെയോപര്‍, ഫ്രെഞ്ചുകാരുടെ AMX 30, ഇന്‍ഡ്യയുടെ INS ജ്യോതി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രണ്ടാമത്തെ ഇനം രംഗനിരീക്ഷണത്തിനുള്ളവയാണ്. ആദ്യത്തെ ഇനത്തെ അപേക്ഷിച്ച് ഭാരവും, ശക്തിയും ഇവയ്ക്ക് കുറവാണ്. ബ്രിട്ടിഷുകാരുടെ സ്കോര്‍പ്പിയണ്‍, അമേരിക്കയുടെ M 551 ഷെരിഡല്‍, റഷ്യയുടെ PT-76 എന്നിവ ഈ ഇനത്തില്‍പ്പെടുന്നു. ടാങ്ക് യൂണിറ്റുകളെ വ്യോമാക്രമണത്തില്‍ നിന്നു രക്ഷിക്കാനായിട്ടുള്ള 'ആന്റി എയര്‍ക്രാഫ്റ്റ് ടാങ്കുകള്‍' എന്ന മറ്റൊരിനം കൂടിയുണ്ട്.

അരിവാളുകള്‍ ഘടിപ്പിച്ച യുദ്ധവാഹനം- ലിയനാര്‍ഡൊ ഡാ വിഞ്ചി വരച്ച രേഖാചിത്രം

ഇതു കൂടാതെ പ്രത്യേക ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്ന ടാങ്കുകളുമുണ്ട്. ടാങ്കിന്റെ സഞ്ചാരപാതയില്‍ വിതറിയിരിക്കാവുന്ന മൈനുകളെ അപകടം കൂടാതെ യാന്ത്രികമായി നിര്‍വീര്യമാക്കാനും കമ്പിവേലികളെ പൊളിച്ചു മാറ്റാനും ഉപയോഗിക്കുന്ന ഫ്ളെയ് ല്‍ ടാങ്ക്, ഗുഹ, കിടങ്ങ് എന്നിവിടങ്ങളില്‍ പതിയിരിക്കുന്ന ശത്രുവിനു നേരെ ഫ്ളെയിം ത്രോവെര്‍ (flame thrower) അയയ്ക്കാന്‍ പ്രാപ്തിയുള്ള ഫ്ളെയിം ത്രോവെര്‍ ടാങ്ക്, ആന്റിടാങ്ക് കുഴികളെ ബ്രഷ്വുഡ് (brushwood) പാകി നിറയ്ക്കാന്‍ വിന്യസിക്കുന്ന ഫെസിന്‍ ടാങ്ക്, ടാങ്കിന്റെ സഞ്ചാരം സുഗമമാക്കാനായി സഞ്ചാരപാതയില്‍ പ്രബലിത കയര്‍ പായ (coirmatting ) ചുരുള്‍ നിവര്‍ത്തി വിരിക്കാന്‍ സൗകര്യമുള്ള ബോബിന്‍ ടാങ്ക്, കുഴികള്‍, കടല്‍ ഭിത്തികള്‍ എന്നിവയെ തരണം ചെയ്യാനായി ടാങ്കിന്റെ മുന്‍/പിന്‍ഭാഗത്തു പ്രവണി (ramp) ഘടിപ്പിച്ചിട്ടുള്ള റാംപ് ടാങ്ക്, ചെറിയ അരുവികളുടെ കുറുകെ പാലം പണിയാനായി പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ടു പോകാനുള്ള ബ്രിഡ്ജ്ലേയെര്‍ അഥവാ ബ്രിഡ്ജ് ടാങ്ക് (bridge tank) ജലത്തിലൂടെ സഞ്ചരിക്കാനായി പ്രൊപ്പെല്ലെറും ട്രാക്കു കളുമുള്ള അംഫീബിയെസ് ടാങ്ക് (amphibious tank) എന്നിവ ഇത്തരം ടാങ്കുകളില്‍ പ്രധാനപ്പെട്ടവയാണ്.

പ്രധാന ഭാഗങ്ങള്‍

ഐഡ്ലര്(idler)‍

റണ്ണിങ്ങ് ഗിയറിന്റെ മുന്‍വശത്തോ പിന്‍വശത്തോ ഘടിപ്പിച്ചിട്ടുള്ള ചക്രം. ട്രാക്കുകളെ നയിക്കുന്ന ഗൈഡ് ചക്രമാണിത്. ഇതിന്റെ സ്ഥാനത്തിനു മാറ്റം വരുത്തിയാണ് ട്രാക്കുകളിലനുഭവപ്പെടുന്ന വലിവിന്റെ അളവു നിയന്ത്രിക്കുന്നത്.

കപോള (capola)

ടാങ്കിലെ കമാന്‍ഡര്‍ക്ക് പുറത്തുള്ള കാഴ്ചകള്‍ സുരക്ഷിതമായിരുന്നു കാണുവാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടം അഥവാ മുറി. ഇതിനെ സ്വതന്ത്രമായി ചുറ്റിക്കറക്കാന്‍ സാധിക്കും. ഇതിനുചുറ്റും ദൃശ്യോപകരണങ്ങളും മറ്റു തരത്തിലുള്ള കവചങ്ങളും ക്രമീകരിച്ചിരിക്കും.

കവചം (armour)

വെടിയുണ്ടകള്‍, മറ്റു തരത്തിലുള്ള ക്ഷേപണികള്‍ (projectiles) എന്നിവയില്‍ നിന്നുള്ള രക്ഷയ്ക്കായി ടാങ്കിനെ മുഴുവനായോ ഭാഗികമായോ ഉരുക്ക് അഥവാ അലൂമിനിയം തകിടുകള്‍ കൊണ്ടു പൊതിയുന്നു. ഈ മറകളാണ് ടാങ്കിന്റെ കവചം എന്നറിയപ്പെടുന്നത്. ടാങ്കിന്റെ ഉപയോഗത്തിനനുസൃതമായാണ് ഈ തകിടുകളുടെ കനം നിശ്ചയിക്കാറുള്ളത്.

ഗ്ലാസി (glasi)

ഹള്ളിന്റെ മുന്‍ഭാഗത്തുള്ള പ്ലേറ്റ് അഥവാ പലകയാണ് ഗ്ലാസി.

ഷാസി (chassis)

റണ്ണിങ്ങ് ഗിയര്‍, ഹള്ളിന്റെ കീഴ്ഭാഗം, മറ്റു പ്രചാലക യൂണിറ്റുകള്‍ എന്നിവയ്ക്കു പൊതുവേ പറയുന്ന പേര്. മറ്റു വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഒരു ടാങ്കിന്റെ ഷാസി.

ടററ്റ്(turret)

ടാങ്കില്‍ പടയാളികള്‍ ഇരിക്കുന്നതും തോക്കുകള്‍ ഉറപ്പിച്ചിരിക്കുന്നതുമായ സ്ഥലം.

ടാററ്റിനകത്തു രണ്ടോ മൂന്നോ സൈനികരുണ്ടാവും. ദൃശ്യോപകരണങ്ങള്‍ വഴി ഇവര്‍ക്കു പുറംകാഴ്ചകള്‍ കാണാനാകും.

മറ്റൊരു പ്രത്യേകത ടററ്റിനു സ്വതന്ത്രമായി 360ത്ഥ -ഉം ചുറ്റിക്കറങ്ങാനാകും എന്നതാണ്. ഇതുമൂലം ഏതു ദിശയിലേക്കും വെടിവെയ്ക്കുക എളുപ്പമാണ്.

ട്രാക്ക്/പാളം

ബ്രിട്ടീഷ് ചലഞ്ചര്‍

ടാങ്കിനെ സഞ്ചാര യുക്തമാക്കുന്ന ബെല്‍റ്റാണ് പാളം അഥവാ ട്രാക്ക് എന്നറിയപ്പെടുന്നത്. റബറും ഉരുക്കും കൊണ്ടാണ് പാളങ്ങള്‍ നിര്‍മിക്കുന്നത്. ട്രാക്കിന്റെ സന്ധി ബന്ധം (articulating link) ഷൂവിന്റെ ആകൃതിയിലാണ് നിര്‍മിക്കുന്നത്. ഇത്തരം 'ഷൂകളെ' പരസ്പരം പിന്നുകളുപയോഗിച്ചു ബന്ധിപ്പിക്കുന്നു. ഈ ഷൂകളില്‍ പല്ലു പോലുള്ള കൂര്‍ത്ത ഭാഗങ്ങളുണ്ട്. സ്പ്രോക്കറ്റുമായി കൊരുക്കുവാനും, ഐഡ്ലര്‍, റോസ് ചക്രങ്ങള്‍ എന്നിവയുടെ നിര്‍ദേശകങ്ങള്‍ ആയി പ്രവര്‍ത്തിക്കുവാനും ഉപകരിക്കുന്നത് ഈ പല്ലുകളാണ്.

ട്രാന്‍സ്മിഷന്‍

ടാങ്കിന്റെ എന്‍ജിന്‍ സൃഷ്ടിക്കുന്ന ശക്തി ട്രാക്കുകള്‍ക്കു പകര്‍ന്നു നല്‍കുന്നതിനുള്ള ഒരു സംവിധാനമാണ് ട്രാന്‍സ്മിഷന്‍. ടാങ്കിന്റെ ദിശാത്മക നിയന്ത്രണത്തിനുള്ള ഉപാധി കൂടിയാണിത്. ഗിയര്‍ ബോക്സ് ഇതില്‍ ഉള്‍പ്പെടുന്നു. മിക്കപ്പോഴും ട്രാക്കുകളെ ഗിയര്‍ ബോക്സുമായിട്ടാണ് ഘടിപ്പിക്കാറുള്ളത്. അതിനാല്‍ അവയെ നിയന്ത്രിക്കുന്നതിനായി ഗിയര്‍ ബോക്സുകളില്‍ പ്രത്യേകം ലിവറുകള്‍ ഘടിപ്പിച്ചിരിക്കും.

ദൃശ്യോപകരണങ്ങള്‍

ടാങ്കിലെ പടയാളികള്‍ക്കും അതിന്റെ കമാന്‍ഡര്‍ക്കും ചുറ്റുമുള്ള കാഴ്ചകള്‍ സുരക്ഷിതമായി കാണാന്‍ വേണ്ടി ദൃശ്യോപകരണങ്ങള്‍ സജ്ജീകരിക്കാറുണ്ട്. സുഷിരങ്ങള്‍, സ്ലോട്ടുകള്‍, ചെറിയ ജനാലകള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇവ കൂടാതെ പ്രകാശീയ ഉപകരണങ്ങളായ ദൂരദര്‍ശിനി, പെരിസ്കോപ്പ്, എപ്പിസ്കോപ്പ് എന്നിവയും ഉപയോഗിക്കാറുണ്ട്. രാത്രികാലങ്ങളില്‍ ദര്‍ശന സഹായികളായി സെര്‍ച്ചു ലൈറ്റുകളും, ഇന്‍ഫ്രാറെഡ് ഉപകരണങ്ങളും ഉപയോഗിക്കുന്നു. ടാങ്കില്‍ നിന്നും ഒരു ഇന്‍ഫ്രാറെഡ് പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രേഷണം ചെയ്യുന്ന ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ലക്ഷ്യത്തില്‍ തട്ടി പ്രതിഫലിച്ചു വരുമ്പോള്‍ ലക്ഷ്യസ്ഥാനത്തുള്ള വസ്തുവിനെ തിരിച്ചറിയാനും ഈ ഉപകരണങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ ടാങ്കിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ ഈ ഉപകരണങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും.

നിലംബനം (suspension)

റണ്ണിങ്ങ് ഗിയര്‍ ഉപയോഗിച്ച്, ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ളതും സുഖപ്രദവുമായ സഞ്ചാരം സൃഷ്ടിക്കാന്‍ വേണ്ടി, ഉപയോഗിക്കുന്ന സംവിധാനം. ഇവ വിവിധ തരത്തില്‍ ലഭ്യമാണ്. നീണ്ട ചുരുളന്‍ സ്പ്രിങ്ങുകളുള്ള ക്രിസ്റ്റി സംവിധാനം, ടോര്‍ഷണ്‍ ബാര്‍, പൊല്യൂട്ട് സ്പ്രിങ്ങുകള്‍, ഹോഴ്സ്റ്റ്മാന്‍, സ്പ്രിങ്ങ് ഭുജം എന്നിവ ഉദാഹരണങ്ങളാണ്.

ബോഗി (bogie)

ടാങ്കിന്റെ ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള സമുച്ചയം അഥവാ ചട്ടക്കൂട്. മിക്കവാറും ഇതിനോടു സ്പ്രിങ്ങുകളുപയോഗിച്ചാണ് ചക്രങ്ങള്‍ ഘടിപ്പിക്കാറുള്ളത്.

മാന്റ്ലെറ്റ് (mantlet)

ടററ്റില്‍ തോക്കു കടന്നുപോകുന്ന സുഷിരത്തെ സംരക്ഷിക്കുന്ന കവച അറയാണിത്. ഇത് ആന്തരികമോ ബാഹ്യമോ ആകാം.

സ്പ്രോക്കറ്റ് (sprocket)

റണ്ണിങ്ങ് ഗിയറിന്റെ രണ്ടറ്റത്തുമുള്ള ചാലിത ചക്രം. ഇതു ട്രാക്കുമായി കൊരുത്തു കഴിഞ്ഞാല്‍ മാത്രമേ ടാങ്കിനു ചലിക്കാന്‍ കഴിയുകയുള്ളു.

ഹള്‍ (hull)

ടാങ്കിന്റെ ചട്ടക്കൂട്. ഇതിനോടു ടാങ്കിലെ നിലംബന സംവിധാനത്തിലെ ഘടക ഭാഗങ്ങള്‍ നേരിട്ടു ഘടിപ്പിക്കുകയാണു പതിവ്. ടാങ്കിലെ പവര്‍ യണിറ്റും, ട്രാന്‍സ്മിഷനും, റണ്ണിങ്ങ് ഗിയറും, വെടിക്കോപ്പുകളും സജ്ജീകരിച്ചിട്ടുള്ളത് അതിന്റെ ഹള്ളിലാണ്. പടയാളികളെ സംരക്ഷിക്കുന്നതിലും ഹള്ളിനു കാര്യമായ പങ്കുണ്ട്. ഉരുക്കു തകിടുകളും വാര്‍ത്തെടുത്ത ഉരുക്കും കൊണ്ടാണിത് നിര്‍മിക്കുന്നത്. ഇതിന്റെ രൂപകല്പനയും കവചങ്ങളുടെ ഘടനയും പരമാവധി സംരക്ഷണം നല്‍കുന്ന തരത്തിലുള്ളതാണ്. ക്ഷേപണികളില്‍ നിന്നുള്ള ആഘാതം കുറയ്ക്കാനായി ഹള്ളിന്റെ പ്രതലങ്ങള്‍ ഉള്ളിലേക്കു ചരിഞ്ഞ വിധത്തിലാണ് പണിയുന്നത്. ജലത്തില്‍ കൂടി കടന്നു പോകേണ്ട ടാങ്കുകളുടെ ഹള്‍, ജലം അകത്തു കടക്കാത്ത രീതിയിലാണ് നിര്‍മിക്കേണ്ടത്. ടാങ്കില്‍ ടററ്റിനു മുന്‍പില്‍ ഹള്ളിലാണ് ഡ്രൈവറുടെ ഇരിപ്പിടം.

പവര്‍ യൂണിറ്റും എന്‍ജിന്‍ സിസ്റ്റവും

മിക്ക ടാങ്കുകളിലും ഉപയോഗിക്കുന്നത് ആന്തര ജ്വലന എന്‍ജിനുകളാണ്- പ്രത്യേകിച്ചും ഡീസല്‍ എന്‍ജിനുകള്‍. ഇത്തരം എന്‍ജിനുകളുടെ താഴ്ന്ന ഇന്ധനോപഭോഗ നിരക്കാണ് അവ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

ചില അവസരങ്ങളില്‍ വിവിധ തരം ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന എന്‍ജിനുകളും ഉപയോഗിക്കാറുണ്ട്. അപൂര്‍വമായി ഉയര്‍ന്ന ത്വരണം ലഭിക്കാന്‍ വേണ്ടി വാതക ടര്‍ബൈനോ അഥവാ ജെറ്റ് എന്‍ജിനോ ഉപയോഗിക്കുന്നു.

റണ്ണിങ്ങ് ഗിയര്‍

ടാങ്കിന്റെ ഭാരം, അതിലെ തോക്കുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഗതി ബലം, നോദനത്തിനാവശ്യമായ എന്‍ജിന്‍ ശക്തി എന്നിവയെല്ലാം ശരിയായ രീതിയില്‍ തറയിലേക്ക് പ്രേഷണം ചെയ്യുന്നതു റണ്ണിങ്ങ് ഗിയറാണ്. ഇഴയും പാളങ്ങള്‍, പാളങ്ങളിലെ ഡ്രൈവ് ചക്രങ്ങള്‍, ട്രാക്ക് റോളറുകള്‍, അവയുടെ നിലംബന സംവിധാനം, താങ്ങ് റോളറുകള്‍, ഐഡ്ലറുകള്‍, അവയുടെ പാള-വലിവ് ഉപകരണങ്ങള്‍ എന്നിവ റണ്ണിങ്ങ് ഗിയറിന്റെ ഭാഗങ്ങളാണ്. ട്രാക്കു റോളറുകളെ വിവിധ രീതിയില്‍ ഘടിപ്പിക്കാം. തേയ്മാനം, ചലിക്കുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിവ കുറയ്ക്കാനായി റബര്‍ ബുഷുകളും ഘടിപ്പിക്കാറുണ്ട്. പാളങ്ങളില്‍ റബര്‍ കൊണ്ട് പണിത 'റോഡ് പാഡുകളും' (road pads) കാണും. ടാങ്ക് കടന്നു പോകുമ്പോള്‍ തറയ്ക്കു സംഭവിക്കുന്ന ക്ഷതം ഒരു പരിധിവരെ കുറയ്ക്കാനാണ് റോഡ് പാഡുകള്‍ ഉപയോഗിക്കുന്നത്.

സഞ്ചാര രീതി

ടാങ്കു തറയില്‍ ചെലുത്തുന്ന മര്‍ദം കുറയ്ക്കാനായി അതിലെ പാളങ്ങള്‍ കഴിയുന്നത്ര വീതിയില്‍ പണിയുന്നു. ഭാരം കുറഞ്ഞ ചില ടാങ്കുകളില്‍ മര്‍ദം ചതുരശ്ര സെന്റിമീറ്ററിനു 0.35 കി. ഗ്രാം വരെ മാത്രമേ വരൂ. തന്മൂലം അവയ്ക്ക് മനുഷ്യര്‍ക്കു നടന്നു പോകാന്‍ പ്രയാസമേറിയ പാതകളില്‍ക്കൂടി പോലും കടന്നു പോകാന്‍ സാധിക്കുന്നു; തരിമണലില്‍ കൂടിയുള്ള യാത്ര ഇതിനുദാഹരണമാണ്.

ഒരു ടാങ്കു പരുപരുത്ത തറയില്‍ക്കൂടി കടന്നു പോകുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കവും ചാട്ടവും കുറയ്ക്കാന്‍ ടാങ്കിന്റെ നീളം വര്‍ധിപ്പിക്കണം. എന്നാല്‍ നീളം കൂടുന്തോറും ടാങ്കിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. പരസ്പരവിരുദ്ധങ്ങളായ ഇവയെ തമ്മില്‍ യോജിപ്പിച്ചുകൊണ്ടുപോകാനായി മിക്കപ്പോഴും ടാങ്കിന്റെ പാളങ്ങളുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 1.5:1 ആയി നിയന്ത്രിക്കുന്നു.

ആഴം കുറവുള്ള ജലാശയങ്ങളിലൂടെ തറയില്‍ സഞ്ചരിക്കുന്ന വിധത്തില്‍ തന്നെ ടാങ്കിനെ ഓടിച്ചു കൊണ്ടു പോകാനാവും. ആഴം കൂടുതലുണ്ടെങ്കില്‍ അവയിലൂടെ നീന്തിപ്പോകുന്ന മട്ടിലും കടന്നു പോകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടാങ്ക് ജലത്തില്‍ പൊങ്ങിക്കിടക്കേണ്ടതുണ്ട്. ഒന്നുകില്‍ ടാങ്കിന്റെ ഘടന തന്നെ അങ്ങനെയുള്ളതായിരിക്കും. അല്ലെങ്കില്‍ ടാങ്കിനെ അങ്ങനെയാക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ കൂടി ടാങ്കില്‍ കരുതിവച്ചിരിക്കും. ചില ടാങ്കുകളില്‍ ഇതിനായി 'കൊളാപ്സിബിള്‍ ഫ്ളൊട്ടേഷന്‍ സ്ക്രീനുകള്‍' (collapsible floatation screen) കാണും.

എന്നാല്‍ ഭാരം കൂടുതലുള്ള ടാങ്കുകള്‍ക്ക് ഇങ്ങനെ നീന്തിപ്പോകാന്‍ സാധ്യമല്ല. അവ നദിയുടെ അടിത്തട്ടില്‍ തറയില്‍ കൂടി എന്ന പോലെ 'മുങ്ങിത്താണ്' കടന്നു പോകുന്നു. ഇങ്ങനെയുള്ള ടാങ്കുകള്‍ പൂര്‍ണമായും ജലരോധകമായിട്ടാണു (water tight) നിര്‍മിക്കാറുള്ളത്. അതുപോലെ ജലത്തിനടിയിലൂടെ കടന്നു പോകുമ്പോള്‍, ടാങ്കിനകത്തുള്ള സൈനികര്‍ക്കു ശ്വസിക്കാനും, ടാങ്കിലെ എന്‍ജിന്റെ ഉപയോഗത്തിനും ആവശ്യമുള്ളത്ര ശുദ്ധവായു കടത്തിവിടാനായി ഒരു കുഴല്‍ കൂടി ടാങ്കില്‍ ഘടിപ്പിച്ചിരിക്കും. ഈ കുഴലിന്റെ ഒരറ്റം ജലനിരപ്പിനു മുകളില്‍ത്തന്നെ നിലനിറുത്താന്‍ പ്രത്യേക സംവിധാനവും ടാങ്കില്‍ ത്തന്നെ ലഭ്യമായിരിക്കും.

വെടിക്കോപ്പുകള്‍

മൈനുകള്‍ നിര്‍ വീര്യമാക്കുന്ന ഷെര്‍മന്‍ ഫ്ളെയ് ല്‍‍ ടാങ്ക്

ടാങ്ക് രൂപകല്പനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം അതില്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളാണ്. ഒരു MBT-യുടെ പ്രധാന പ്രതിയോഗി മറ്റൊരു MBT തന്നെയാണ്. തന്മൂലം മറ്റു ടാങ്കുകളെ തകര്‍ക്കാനോ അവയുടെ കവചത്തെ ഭേദിക്കാനോ ഒരു ടാങ്കില്‍ നിന്നു വര്‍ഷിക്കുന്ന വെടിയുണ്ടകള്‍ക്കു കഴിയണം. ഇതുകൊണ്ട് ടാങ്കുകളില്‍ പൊതുവേ 75 മി. മീ. - 120 മി. മീ. വരെ ഉള്‍വിസ്തൃതി (calibre) ഉള്ള തോക്കുകള്‍ ആണ് ഉപയോഗിക്കാറുള്ളത്. ഇവയിലെ വെടിയുണ്ട പ്രത്യേകം തയ്യാറാക്കപ്പെട്ടവയുമായിരിക്കും. ഉദാഹരണമായി, കട്ടിയേറിയ ഉരുക്കു കൊണ്ടു നിര്‍മിച്ചതും കവചം തുളച്ചു കയറാന്‍ ശേഷിയുള്ളതുമായ 'ആര്‍മര്‍ പിയേഴ്സിങ്ങ് പ്രൊജക്റ്റൈല്‍'(APP), 'ആര്‍മര്‍ പിയേഴ്സിങ്ങ് ഡിസ്കാര്‍ഡിങ്ങ് സബൊ' (APDS), 'ഹൈ എക്സ്പ്ലോസീവ് ആന്റി ടാങ്ക്' (HEAT) എന്നിവ MBT-കളില്‍ ഉപയോഗിക്കുന്നു. ഇവയ്ക്ക് വെടിയുണ്ടയെ അപേക്ഷിച്ചു, യഥാക്രമം രണ്ടിരട്ടി, നാലിരട്ടി, അഞ്ചിരട്ടി വരെ കനമേറിയ കവചത്തെ തുളച്ചു ഭേദിക്കാന്‍ കഴിയും. ഇവ കൂടാതെ ഷെല്ലുകള്‍, റൈഫിളുകള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്.

മുങ്ങിത്താണു സഞ്ചരിക്കാവുന്ന ജെര്‍മന്‍ "PzKpfw III"ടാങ്ക്

വെടിയുണ്ടകള്‍ ലക്ഷ്യസ്ഥാനത്തു തന്നെ പതിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടാങ്കുകളില്‍ 'പരിധി മാപിനി(range finder) ഉപകരണങ്ങള്‍' ഘടിപ്പിക്കുന്നു: ഉദാ: 12.7 മി. മീ. 'റേഞ്ചിംഗ് മെഷീന്‍ ഗണ്‍'. ഇവയുപയോഗിച്ച് ആദ്യം ലക്ഷ്യസ്ഥാനത്തിലേക്കു 'ട്രേസര്‍ ബുള്ളറ്റുകളെ' കൂട്ടം കൂട്ടമായി തൊടുത്തു വിടുന്നു. അവ ഏതെങ്കിലും ലക്ഷ്യസ്ഥാനത്തു തറച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ലക്ഷ്യത്തിലേക്കുള്ള ദൂരം എത്രയെന്നു കണക്കാക്കാന്‍ കഴിയും. പിന്നീട് ഇതനുസരിച്ചു പ്രധാന ആയുധങ്ങള്‍ ഉപയോഗിച്ചു ലക്ഷ്യസ്ഥാനത്തെ ആക്രമിക്കാം. ഇതു കൂടാതെ 'പ്രകാശീയ പരിധിമാപി', 'ലേസര്‍ പരിധിമാപി' തുടങ്ങിയവ, ലക്ഷ്യസ്ഥാനത്തേക്കു ലേസര്‍ രശ്മികള്‍ അയച്ചശേഷം, അവ ലക്ഷ്യത്തില്‍ തട്ടി പ്രതിഫലിച്ചു വരുന്ന സമയദൈര്‍ഘ്യത്തില്‍ നിന്നു ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ കൃത്യമായി കണക്കാക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്ഥാനനിര്‍ണയം നടത്തപ്പെട്ട ലക്ഷ്യസ്ഥാനം വളരെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ അതിലേക്കു സാധാരണയുള്ള ക്ഷേപണികളെക്കൂടാതെ നിയന്ത്രിത മിസൈലുകളേയും അയയ്ക്കുന്നു. ഇത്തരത്തില്‍ സജ്ജീകരിക്കപ്പെട്ട രണ്ടു ടാങ്കുകളാണ് അമേരിക്കക്കാരുടെ M60A2, M551 ഷെരിഡന്‍ എന്നിവ. ഇവ രണ്ടിലും ഉപയോഗിക്കുന്നത് ഷെല്ലാഹ് നിയന്ത്രിത മിസൈലുകളാണ് (Shellah controlled missiles). അതുപോലെ ഒരു ടാങ്ക് യുദ്ധഭൂമിയിലൂടെ കടന്നു പോകുമ്പോള്‍ അതിനു കുലുക്കവും ചരിവും സംഭവിക്കാറുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യസ്ഥാനത്തേക്കു കൃത്യമായി ആയുധങ്ങള്‍ അയയ്ക്കണമെങ്കില്‍ ടാങ്കിലെ തോക്കിന്റെ ദിശയില്‍ മാറ്റം വരാന്‍ പാടില്ല. ജൈറോസ്കോപ്പുകള്‍ (gyroscope) ഉപയോഗിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍