This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗൂര്‍, രബീന്ദ്രനാഥ് (1861 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:39, 17 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാഗൂര്‍, രബീന്ദ്രനാഥ് (1861 - 1941)

നോബല്‍ പുരസ്കാരം നേടിയ പ്രഥമ ഭാരതീയ സാഹിത്യകാരന്‍. നിരവധി സ്വതന്ത്ര ബംഗാളി കൃതികളുടെയും ചില ബംഗാളി രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളുടെയും നിര്‍മാതാവ്, ഭാരതീയ സാഹിത്യത്തിലും ഇംഗ്ലീഷു സാഹിത്യത്തിലും അപൂര്‍വമായ സ്ഥാനം നേടിയ എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രത്യേകം ശ്രദ്ധേയന്‍. ബംഗാള്‍, ഇന്ത്യ എന്നീ അതിര്‍ത്തിവരമ്പുകള്‍ക്കപ്പുറം സ്വന്തം ചിന്തകളിലൂടെയും രചനകളിലൂടെയും സാര്‍വദേശീയ തലത്തില്‍ അത്യുന്നത സ്ഥാനം കൈവരിച്ച ഋഷി തുല്യനായ മഹാകവിയായിരുന്നു ടാഗൂര്‍.

രബീന്ദ്രനാഥ് ടാഗൂര്‍

ഭാരതസംസ്കാരശില്പി, സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായിത്തീര്‍ന്ന ബംഗാളികവി, ബംഗാളി ഭാഷയിലെ നോവല്‍, ചെറുകഥ, നാടകം എന്നീ സാഹിത്യശാഖകള്‍ക്ക് ഏറ്റവും കൂടുതല്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആദ്യത്തെ എഴുത്തുകാരന്‍ എന്നീ നിലകളിലും ടാഗൂര്‍ സര്‍വാദരണീയനാണ്. മൗലികതയുള്ള അനുഗൃഹീതനായ ഗാനരചയിതാവും, ഒരു നൂതന സംഗീതശൈലിയുടെ ഉപജ്ഞാതാവും മികവുറ്റ ഒരു ചിത്രകാരനും കൂടിയായിരുന്നു ഇദ്ദേഹം. സംസ്കാരം പരിരക്ഷിക്കാനും പരമ്പരാഗത സംസ്കാരത്തോടും പ്രകൃതിയോടും ഗാഢമായി ബന്ധപ്പെട്ട ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാനും ഇദ്ദേഹം പരിശ്രമിച്ചു. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹൃദസാന്ദ്രമായ ബന്ധം വളര്‍ത്താന്‍ ഈ ആദര്‍ശവാദി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. തത്ത്വചിന്തകനായ ടാഗൂര്‍ ആത്മസാക്ഷാല്‍ക്കാരത്തെ ജീവിതലക്ഷ്യമായി കാണുകയും തന്റെ കാലഘട്ടത്തിലെ ഭാരതീയര്‍ക്കു മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുകയും ചെയ്തു.

നടന്‍ കൂടിയായ കവി- വാല്മീകി പ്രതിഭ എന്ന നാടകത്തില്‍ ടാഗൂര്‍ വാല്മീകിയുടെ വേഷത്തില്‍

ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ ക്കൊത്തയിലെ ജൊറോഷൊങ്കോവില്‍ 1861 മേയ് 1-ന് ജനിച്ചു. അച്ഛന്‍ മഹര്‍ഷി ദേവേന്ദ്രനാഥ ടാഗൂര്‍, അമ്മ ശാരദാദേവി, മുത്തച്ഛന്‍ ദ്വാരകാനാഥ ടാഗൂര്‍.

മധുസൂദന്‍ ദത്ത്, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജി തുടങ്ങിയ പ്രഗല്ഭ ബംഗാളി സാഹിത്യകാരന്മാരുടെ പിന്തുടര്‍ച്ചക്കാരനായ രബീന്ദ്രനാഥ് പതിനഞ്ചു വയസ്സുള്ളപ്പോള്‍ തന്നെ, സാഹിത്യരചന തുടങ്ങി. അന്നേതന്നെ, ഇദ്ദേഹത്തിന്റെ കൃതികള്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടും തുടങ്ങി. ബംഗാളിലെ വൈഷ്ണവ ഗായകരുടെയും ഇംഗ്ലീഷ് സാഹിത്യത്തിലെ കാല്പനിക-വിക്ടോറിയന്‍ കാലഘട്ടങ്ങളിലെ പ്രമുഖകവികളായ കീറ്റ്സ്, ഷെല്ലി, വേഡ്സ്വര്‍ത്ത്, ടെന്നിസന്‍, ബ്രൗണിംഗ് എന്നിവരുടെയും സ്വാധീനത്തിനു വിധേയനായ രബീന്ദ്രന്‍ പതിനെട്ടു വയസ്സു തികയും മുന്‍പേ ഏഴായിരത്തോളം വരി കവിതയുടെ രചയിതാവായി വളര്‍ന്നു.

ബാല്യകാലത്തുതന്നെ രബീന്ദ്രനാഥ് തന്റെ ജ്യേഷ്ഠന്മാരുടെ മാതൃക പിന്തുടര്‍ന്ന് ലഘുകവിതകള്‍ എഴുതിവന്നു. അതിലൊന്ന് ജ്യേഷ്ഠന്‍ യാദൃച്ഛികമായി കാണാനിടയാവുകയും കുടുംബാംഗ ങ്ങളുടെയെല്ലാം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ജ്യേഷ്ഠനായ ജ്യോതീന്ദ്രനാഥും പത്നി കാദംബരീദേവിയും രബീന്ദ്രനു പ്രോത്സാഹനം നല്‍കി. പിതാവിന്റെ അഭിനന്ദനത്തിനും ഇദ്ദേഹം പാത്രമായി. അക്കൊല്ലം പതിവനുസരിച്ച് കല്‍ക്കത്ത (കൊല്‍ ക്കൊത്ത)യില്‍ നടന്ന ഹിന്ദുമേളയില്‍ ഗുരുജനങ്ങളുടെ നിര്‍ദേശപ്രകാരം രബീന്ദ്രനാഥ് തന്റെ ഒരു കവിത വായിച്ചു. സന്നിഹിതരായിരുന്ന ബങ്കിം ചന്ദ്രചാറ്റര്‍ജി തുടങ്ങിയ മഹാരഥന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആ കവിതാപാരായണത്തിനു കഴിഞ്ഞു. അതിനെ തുടര്‍ന്ന് കൗമാരകാലത്തു രബി നിരന്തരം കവിതാരചന നടത്തുകയും ആ കൃതികളില്‍ പലതും കുടുംബത്തോടു ബന്ധപ്പെട്ട ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അക്കൂട്ടത്തില്‍ 'സന്ധ്യാസംഗീതം' എന്ന കവിത ബങ്കിം ചാറ്റര്‍ജിയുടെ പ്രശംസയ്ക്കു പാത്രമായി.

ടാഗൂറും ഗാന്ധിജിയും

രബീന്ദ്രനാഥിന്റെ ഗുരുജനങ്ങള്‍ ആ ബാലനെ കൊല്‍ ക്കൊത്തയിലെ ഏതെങ്കിലുമൊരു വിദ്യാലയത്തില്‍ ചേര്‍ത്തു പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. രബിയും തന്റെ ജ്യേഷ്ഠസഹോദരന്മാരോടൊപ്പം സ്കൂളില്‍ പോകാന്‍ ആഗ്രഹിച്ചു. പിന്നീട്, ആ ബാലനെ രക്ഷാകര്‍ത്താക്കള്‍ കൊല്‍ ക്കൊത്തയിലെ പ്രസിദ്ധമായ നോര്‍മല്‍ സ്കൂളില്‍ ചേര്‍ത്തു. എങ്കിലും ഏറെ ത്താമസിയാതെ യുറേഷ്യന്‍ മാനേജ്മെന്റിന്റെ കീഴില്‍ പുതുതായി സ്ഥാപിക്കപ്പെട്ട ബംഗാള്‍ അക്കാദമി എന്ന വിദ്യാലയത്തിലേക്കു രബിയെ മാറ്റിച്ചേര്‍ക്കുകയുണ്ടായി. അവിടത്തെ അന്തരീക്ഷം ബാലന് ആദ്യം ഉത്സാഹജനകമായിരുന്നുവെങ്കിലും അവിടെയുള്ള ഏകാഗ്രമായ പഠനവും ട്യൂഷന്‍ പഠനവും മറ്റുമായി പൊരുത്തപ്പെടാന്‍ രബിക്കു കഴിഞ്ഞില്ല. ഈ ഔപചാരിക വിദ്യാഭ്യാസം അചിരേണ രബീന്ദ്രനാഥിനു ദുസ്സഹമായിത്തീര്‍ന്നു. അതു മനസ്സിലാക്കിയ ഗുരുജനങ്ങള്‍ ആ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും രബീന്ദ്രനാഥ് വീട്ടിലിരുന്ന് സ്വച്ഛന്ദമായ രീതിയില്‍ പഠനം നടത്തിക്കൊള്ളട്ടെ എന്നു തീരുമാനിക്കുകയും ചെയ്തു.

ടാഗൂറും ശ്രീനാരായണഗുരുവും

രബിയുടെ 16-ാം വയസ്സില്‍ ജ്യേഷ്ഠന്‍ സത്യേന്ദ്രനാഥ് ഇംഗ്ലണ്ടിലേക്കു പോയപ്പോള്‍ അനുജനെ കൂടെ തന്നോടൊപ്പം കൊണ്ടുപോയി. അങ്ങനെ ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്ന രബി ആദ്യം ബ്രൈറ്റ്സിലെ പബ്ലിക് സ്കൂളില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. അല്പകാലം കഴിഞ്ഞ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യപഠനം നടത്തി. എന്നാല്‍ അവിടെ പഠിച്ചിരുന്ന വിഷയങ്ങളില്‍ ഇംഗ്ലീഷ് സാഹിത്യം രബിക്ക് ആകര്‍ഷകമായിരുന്നെങ്കിലും അതോടൊപ്പം പഠിക്കേണ്ടതായിരുന്ന ലത്തീന്‍ ഭാഷ അദ്ദേഹത്തിന് ഇഷ്ടപ്പെടാന്‍ കഴിഞ്ഞില്ല. അല്പകാലം കഴിഞ്ഞപ്പോള്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ പഠിത്തവും രബിക്കു മടുത്തു. ഒടുവില്‍ സര്‍വകലാശാലാപഠനം പൂര്‍ത്തിയാക്കാതെ തന്നെ രബീന്ദ്രനാഥ് ഇന്ത്യയിലേക്കു മടങ്ങിപ്പോന്നു.

1878-ല്‍ തന്റെ ആദ്യകാല കവിതകള്‍ സമാഹരിച്ചു കവികഹാനി എന്ന പേരില്‍ ഒരു പുസ്തകം രബീന്ദ്രന്‍ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം ഉപരിപഠനാര്‍ഥം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ട വര്‍ഷത്തിലായിരുന്നു അതിന്റെ പ്രകാശനം. ഇംഗ്ലണ്ടില്‍ നിന്നു മടങ്ങിവന്ന് അധികകാലം കഴിയുന്നതിനുമുമ്പു രബീന്ദ്രനാഥ് നാടകരചനയും ആരംഭിച്ചു. ഇദ്ദേഹത്തിന്റെ വാല്മീകി പ്രതിഭ എന്ന ആദ്യനാടകം കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് അരങ്ങത്ത് അവതരിപ്പിച്ചത്. ആ നാടകാവതരണത്തില്‍ വാല്മീകിയുടെ ഭാഗം അഭിനയിച്ചത് രബീന്ദ്രനാഥ് തന്നെ ആയിരുന്നു.

പിതാവിനോടൊപ്പം ഹിമാലയത്തിലേക്കും കൊല്‍ ക്കൊത്തയ്ക്കു പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്കും നടത്തിയ യാത്രകള്‍ പ്രദാനം ചെയ്ത അനുഭവം രബീന്ദ്രനാഥിനു വിലപ്പെട്ടതായി. ഹിമാലയസാനുപ്രദേശത്തെ പ്രകൃതിദൃശ്യങ്ങള്‍ രബീന്ദ്രനാഥിന്റെ ബാലമനസ്സില്‍ ദൃഢമായി പതിയുകയും തദ്ഫലമായി പ്രകൃതിയോട് അദ്ദേഹത്തിനു സ്ഥായിയായ ആഭിമുഖ്യം ജനിക്കുകയും ചെയ്തു. അച്ഛനുമൊത്തുള്ള ഈ യാത്രയുടെ ഭാഗമായി രബീന്ദ്രനാഥ് സന്ദര്‍ശിച്ച സ്ഥലങ്ങളിലൊന്ന് അച്ഛന്‍ ഒരു ഗ്രാമപ്രദേശത്തു വാങ്ങിയിരുന്ന പ്രകൃതിരമണീയമായ ഭൂസ്വത്ത് ആയിരുന്നു. 'ശാന്തിനികേതനം' എന്ന പേരു നല്‍കപ്പെട്ട ആ സ്ഥലത്തു രബീന്ദ്രനാഥിന്റെ അച്ഛന്‍ ഇടയ്ക്കിടയ്ക്കു ചെന്നു താമസിക്കാറുണ്ടായിരുന്നു. ഋഷിതുല്യനായ പിതാവിന്റെ പരിപക്വവും സ്നേഹമസൃണവുമായ പെരുമാറ്റം മൂലം ശാന്തിനികേതനത്തിനു ചുറ്റുമുണ്ടായിരുന്ന മുഷ്ക്കരന്മാരായ ആളുകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വമ്പിച്ച മാറ്റം വരുത്താന്‍ സാധിച്ചു. അവര്‍ രബീന്ദ്രനാഥിനോടും പിതാവിനോടും മര്യാദയോടും സ്നേഹത്തോടും കൂടിയാണ് പെരുമാറിയത്. ഈ അനുഭവം ആയിരിക്കാം വേടന്റെ ക്രൗഞ്ചവധം കണ്ടു മനസ്സുനൊന്തു സ്നേഹാര്‍ദ്ര മനസ്കനായ ഋഷിയായി പരിണമിച്ച വാല്മീകിയെക്കുറിച്ച് ഒരു നാടകം എഴുതാന്‍ രബീന്ദ്രനാഥിനെ പ്രേരിപ്പിച്ചത്. അച്ഛനുമൊത്തുള്ള ഈ യാത്രകള്‍ രബീന്ദ്രനാഥിന്റെ മനസ്സില്‍ വളര്‍ത്തിയ പ്രകൃതിസ്നേഹം ഇദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രതിഫലിക്കുകയുണ്ടായി. പ്രകൃതിയുടെ സൗകുമാര്യത്തെയും പ്രകൃതിയില്‍ തുളുമ്പി നില്‍ക്കുന്ന സര്‍ഗചൈതന്യത്തെയും ഇദ്ദേഹം എല്ലാ കാലത്തും തന്റെ സാഹിത്യ കൃതികളില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രകൃതി സൗന്ദര്യത്തിന്റെ നടുവില്‍ ശാന്തിനികേതനിലെ ആശ്രമവും, പിന്നീട് 'വിശ്വഭാരതി' സര്‍വകലാശാലയും സ്ഥാപിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും അച്ഛനുമൊത്തുള്ള ഹിമാലയയാത്രയില്‍ നിന്ന് ആര്‍ജിച്ച സംസ്കാരമായിരുന്നു എന്നു കരുതാം.

1883-ല്‍ രബീന്ദ്രനാഥ് വിവാഹിതനായി. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശാലീനയായ ഒരു പെണ്‍കുട്ടി ആയിരുന്നു വധു. നാഗരിക പരിഷ്കാരം കടന്നു ചെന്നിട്ടില്ലാതിരുന്ന കുടുംബമായിരുന്നു അവളുടേത്. 'ഭവതാരിണി' എന്ന അവളുടെ പേര് ഇദ്ദേഹത്തിനിഷ്ടമായില്ല. അതു കൊണ്ടിദ്ദേഹം തന്റെ പത്നിക്കു 'മൃണാളിനി' എന്ന പുതിയ പേരു നല്‍കി. വിവാഹത്തിനുശേഷം കുറേക്കാലം കൂടി അവള്‍ സ്കൂളില്‍ പോയി പഠനം തുടര്‍ന്നു.

മൃണാളിനി ദേവി

രബീന്ദ്രനാഥിന് ഒരു മകളും തുടര്‍ന്ന് ഒരു മകനും ജനിച്ചു. മക്കളെ ശരിക്കു വളര്‍ത്തിക്കൊണ്ടു വരുക എന്ന ലക്ഷ്യത്തോടു കൂടി ത്തന്നെ ഇദ്ദേഹം കുട്ടികള്‍ക്കായുള്ള കഥകളും കവിതകളും രചിച്ചു തുടങ്ങി. കുടുംബഗൃഹത്തില്‍ രബീന്ദ്രനാഥും പത്നിയും വസിച്ചിരുന്ന ഭാഗം നിരന്തര പ്രവര്‍ത്തനങ്ങളുടെ അരങ്ങായിത്തീര്‍ന്നു. പലതരം സന്ദര്‍ശകര്‍ അവിടെ പതിവായി വന്നുതുടങ്ങി. സംഭാഷണവും സാഹിത്യചര്‍ച്ചയും നാടക റിഹേഴ്സലും നാടകാവതരണങ്ങളും അവിടെ സാധാരണമായി നടന്നുകൊണ്ടിരുന്നു. അവിടെ എത്തുന്ന അതിഥികളെയെല്ലാം സ്വീകരിക്കുക, വേണ്ട വിധത്തില്‍ സല്‍ക്കരിക്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്നിവയെല്ലാം, മൃണാളിനി ദേവിയുടെ കര്‍ത്തവ്യങ്ങളായിത്തീര്‍ന്നു. അവര്‍ അതെല്ലാം കാര്യക്ഷമമായിത്തന്നെ നിര്‍വഹിച്ചു. അങ്ങനെ യാഥാസ്ഥിതിക വധു അചിരേണ നാഗരിക ഗൃഹസ്ഥയായി മാറി.

എന്നാല്‍ ദുഃഖാനുഭവങ്ങള്‍ വീണ്ടും വീണ്ടും ആ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ സംഭവിച്ച സന്താനമരണം ആയിരുന്നു അതിനുണ്ടായ ആദ്യഹേതു. കുടുംബത്തിലെ ദുരന്തങ്ങള്‍ ടാഗൂറിന്റെ പൊതുക്കാര്യ പ്രവര്‍ത്തനങ്ങളെയോ സര്‍ഗവ്യാപാരങ്ങളെയോ തളര്‍ത്തിയില്ല. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഇടയ്ക്കിടെ ചെന്നു വസിക്കാറുണ്ടായിരുന്ന ശാന്തിനികേതനത്തിലെ ആശ്രമത്തെ രബീന്ദ്രനാഥ് ഒരു വിദ്യാലയമായി വികസിപ്പിച്ചു. ഇദ്ദേഹം തന്റെ പ്രശസ്തങ്ങളായ പല കൃതികളും രചിച്ചതും ഇക്കാലത്താണ്. കവിത, നാടകം, നോവല്‍, ചെറുകഥ എന്നീ വിഭിന്ന വിഭാഗങ്ങളില്‍പെടുന്ന കൃതികള്‍ ഇക്കൂട്ടത്തില്‍ പുറത്തുവന്നു. ബംഗാളി ഭാഷയിലെ ഒരു പ്രമുഖ സാഹിത്യകാരനായി ഇദ്ദേഹം ഉയര്‍ന്ന കാലമാണ് ഇത്. ഇതിനെല്ലാം പുറമേ, അഭിനയരംഗത്ത് തന്റെ സിദ്ധികള്‍ അസന്ദിഗ്ധമായി പ്രദര്‍ശിപ്പിക്കാനും ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിനു സാധിച്ചു.

ടാഗൂറും നെഹ്റുവും
ടാഗൂറും ഐന്‍സ്റ്റീനും

എന്നാല്‍ ദുഃഖാനുഭവങ്ങള്‍ രബീന്ദ്രനാഥിനെ പിന്നെയും വേട്ടയാടിക്കൊണ്ടിരുന്നു. 1902-ല്‍ ഇദ്ദേഹത്തിന്റെ പത്നി മരണമടഞ്ഞു. ആ കുടുംബത്തിന് ഏറ്റ കനത്ത ആഘാതം ആയിരുന്നു ഈ മരണം. അതിനെത്തുടര്‍ന്ന് 1905-ല്‍ ഇദ്ദേഹത്തിന്റെ പിതാവും ദിവംഗതനായി. ടാഗൂറിനു വ്യക്തിപരമായി അളവറ്റ ദുഃഖം ഉളവാക്കിയ പല ദുരിതങ്ങളും, അനുഭവിക്കേണ്ടിവന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തില്‍ ക്ലേശകരമായ ഒരു പൊതുക്കാര്യ പ്രവര്‍ത്തനത്തിലും ഇദ്ദേഹത്തിനു മുഴുകേണ്ടതായിവന്നു. ബ്രിട്ടിഷ് ഗവണ്‍മെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ ബംഗാള്‍ വിഭജനത്തിന് എതിരായി 1905-ല്‍ ആരംഭിച്ച സംഘടിത പ്രക്ഷോഭണത്തില്‍ ഇദ്ദേഹവും ഭാഗഭാക്കായി.

സ്വാതന്ത്ര്യ സമരകാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ ഏറെയൊന്നും നിമഗ്നനായില്ല എങ്കിലും, ഗാന്ധിജിയുമായും നെഹ്റുവുമായും സൗഹൃദബന്ധം പുലര്‍ത്തുകയും രാഷ്ട്രീയ സംഭവവികാസങ്ങളോടു ധീരമായും നിരന്തരമായും പ്രതികരിക്കുകയും ചെയ്തു കൊണ്ടിരുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സമകാലിക പ്രശ്നങ്ങളോടു പ്രതികരിച്ചപ്പോഴെല്ലാം ഹൃദയമാണ് ഇദ്ദേഹത്തെ നയിച്ചുപോന്നത്. സ്വന്തം മനസ്സാക്ഷിയുടെ, ആത്മാവിന്റെ വെളിച്ചത്തെയാണ് ടാഗൂര്‍ എപ്പോഴും പിന്തുടര്‍ന്നതെന്നു സ്പഷ്ടം.

1878 മുതല്‍ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടര്‍ന്ന്, മറ്റു പലതിനും പുറമേ 1888-ല്‍ മായാര്‍ഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ല്‍ ഛൊഖേര്‍ബാലി (വിനോദിനി), 1906-ല്‍ നൗകാ ഡൂബി (കപ്പല്‍ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ല്‍ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചര്‍ച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പില്‍ക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവല്‍ രചിച്ചു തുടങ്ങുകയും 1910-ല്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ബംഗാളിയില്‍ ഗീതാഞ്ജലിയും പുറത്തുവന്നു. 1912-ല്‍ ഡാക് ഘര്‍ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും വെളിച്ചം കണ്ടു.

അക്കൊല്ലംതന്നെ ടാഗൂര്‍ ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെവച്ചു ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ പ്രശസ്ത ഇംഗ്ലീഷ് കവിയായ ഡബ്ള്യു. ബി. യേറ്റ്സിനെയും സി, എഫ്. ആന്‍ഡ്രൂസിനെയും ഗീതാഞ്ജലി വായിച്ചു കേള്‍പ്പിക്കാന്‍ ടാഗൂറിനു അവസരമുണ്ടായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ടൈപ്പു ചെയ്ത കോപ്പിയുമായി താന്‍ സഞ്ചരിച്ചതും ട്രെയിനിലും ബസ്സിലും റെസ്റ്റാറന്റുകളിലും മറ്റും വച്ച് അത്യാര്‍ത്തിയോടെ താന്‍ അതു വായിച്ച് ആനന്ദതുന്ദിലനായതും ലോകപ്രശസ്ത ഇംഗ്ലീഷ് കവിയായ യേറ്റ്സ് ആ കൃതിയുടെ അവതാരികയില്‍ പറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ടുനടന്നതെല്ലാം ആ ഭാവഗീതങ്ങളുടെ ആവര്‍ത്തിച്ചുള്ള വായനയില്‍ അനുഭവിച്ചു എന്നു യേറ്റ്സ് അഭിപ്രായപ്പെടുന്നു. ആ കാവ്യത്തില്‍ ആകൃഷ്ടനായ യേറ്റ്സ് അതിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതാനും അത് അച്ചടിക്കാന്‍ ഏര്‍പ്പാടു ചെയ്യാനും തയ്യാറായി. അതിനെത്തുടര്‍ന്ന് അമേരിക്കയില്‍ ഒരു പര്യടനത്തിനായി പോയ ടാഗൂര്‍ മടങ്ങിയെത്തിയപ്പോള്‍, ഗീതാഞ്ജലിക്ക് അക്കൊല്ലത്തെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു. നോബല്‍ സമ്മാനസമിതി ഈ കാവ്യത്തെ സോളമന്റെ 'സോങ് ഒഫ് സോങ്സ്' (ഉത്തമഗീതം) എന്ന കാവ്യത്തോട് ഉപമിക്കുകയുണ്ടായി. ഈ സമ്മാനവൃത്താന്തം ടാഗൂറിനെയും, ഗീതാഞ്ജലിയെയും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തി.

ഇന്ത്യയിലേക്കു മടങ്ങി വന്ന ടാഗൂറിനെ 1913-ല്‍ കല്‍ക്കത്ത സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടാഗൂര്‍ ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും വളര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.

1919-ല്‍ ശാന്തിനികേതനില്‍ മടങ്ങിയെത്തിയതിനുശേഷം ടാഗൂര്‍ 1921-ല്‍ അതിനെ 'വിശ്വഭാരതി' എന്ന പേരില്‍ സര്‍വകലാശാലയായി ഉയര്‍ത്തി. ഭാരതീയ സംസ്കാരവും, അതിനെ അടിസ്ഥാനമാക്കിക്കൊണ്ട്, വിവിധ വിഷയങ്ങളും പഠിപ്പിക്കുക എന്നതായിരുന്നു വിശ്വഭാരതിയുടെ ഉദ്ദേശ്യം. ഭാരതീയ പാരമ്പര്യവുമായി ബന്ധപ്പെടുത്തി പ്രകൃതിയുമായുള്ള നിരന്തര സംവാദത്തിന് അവസരം നല്‍കി, രൂപം നല്‍കിയ അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും നിര്‍ണായകമായ സ്വാധീനം ചെലുത്തി.

ഈ ഘട്ടത്തിലും ടാഗൂര്‍ തന്റെ സാംസ്കാരിക പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, ഇന്ത്യയിലെ സമകാലിക സംഭവവികാസങ്ങളുടെ നേര്‍ക്കു ശക്തമായി പ്രതികരിച്ചിരുന്നു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരായി പ്രതിഷേധിക്കാന്‍ 1919-ല്‍ ജാലിയന്‍ വാലാബാഗില്‍ തടിച്ചു കൂടിയ നിരായുധരായ ജനങ്ങളുടെ നേര്‍ക്കു തുടര്‍ച്ചയായി വെടിയുണ്ട വര്‍ഷിച്ച് അനേകം പേരുടെ കൂട്ടക്കൊല നടത്തിയ ബ്രിട്ടിഷ് ഭരണാധികാരികളുടെ നടപടിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി, 1919-ല്‍ ടാഗൂര്‍ തനിക്കു ഗവണ്‍മെന്റു നല്‍കിയിരുന്ന 'സര്‍' സ്ഥാനം വലിച്ചെറിഞ്ഞു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊണ്ടിരുന്ന ഈ ദേശസ്നേഹി സങ്കുചിതമായ ദേശീയതാവാദത്തെ അനുകൂലിച്ചിരുന്നില്ല.

നോബല്‍ സമ്മാനം നേടി അന്താരാഷ്ട്ര കവിയെന്നനിലയില്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയതിനു ശേഷവും രബീന്ദ്രനാഥ് ടാഗൂര്‍ അവിസ്മരണീയങ്ങളായ പല സാഹിത്യകൃതികള്‍ രചിക്കുകയുണ്ടായി. ഘരേ ബാഹരേ (വീട്ടിലും പുറത്തും-നോവല്‍,1916), യോഗായോഗ് (നോവല്‍, 1929), ചണ്ഡാലിക (നൃത്തനാടകം, 1933), ചതുരദ്ധ്യായ് (നോവല്‍, 1934) എന്നിവ അക്കൂട്ടത്തില്‍ പ്രത്യേക പ്രാധാന്യം ഉള്ളവയാണ്.

ജൊറോഷൊങ്കോ-ടാഗൂറിന്റെ ജന്മഗൃഹം

സംഗീതത്തില്‍ ബാല്യകാലം മുതല്‍ തത്പ്പരനായിരുന്ന രബീന്ദ്രനാഥ് ആ കലയില്‍ കാലക്രമേണ കൂടുതല്‍ പ്രാവീണ്യം ആര്‍ജിച്ചു. തന്റെ കവിതകളും ഗാനങ്ങളും ആലപിക്കാന്‍ സവിശേഷമായ ഒരു സംഗീത ശൈലി തന്നെ ഇദ്ദേഹം ആവിഷ്കരിച്ചു. 'രബീന്ദ്ര സംഗീത്' എന്ന പേരില്‍ അറിയപ്പെടുന്ന ആ ഗാനശൈലി ബംഗാളികള്‍ ഇന്നും ഹൃദിസ്ഥമാക്കി സൂക്ഷിക്കുകയും അഭിമാനപൂര്‍വം പ്രയോഗിക്കുകയും ചെയ്തുവരുന്നു.

ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിനു മുകളില്‍ ഒരു വള്ളത്തില്‍ നിവര്‍ന്നു കിടന്ന് പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങള്‍ക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങള്‍ ചമച്ച് ഇദ്ദേഹം സ്വയം ഉറക്കെ ച്ചൊല്ലുകയും ആ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാന സഞ്ചയം ഇപ്രകാരം രൂപം കൊള്ളുവാനിടയായി. രബീന്ദ്ര സംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്.

വാര്‍ധക്യത്തോട് അടുക്കാന്‍ തുടങ്ങിയതു മുതല്‍ രബീന്ദ്രനാഥ് തനതായ രീതിയില്‍ ചിത്രരചനയും ആരംഭിച്ചിരുന്നു. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വന്നുപോകുന്ന തെറ്റുകള്‍ വെറുതെ വെട്ടി തെറ്റുതിരുത്തുക മാത്രം ചെയ്യാതെ, ആ വെട്ടലുകളെ ചിത്രത്തിലെ രേഖകളായി വികസിപ്പിക്കുകയും അവയെല്ലാം ചേര്‍ത്ത് ആകര്‍ഷകമായ ഒരു രേഖാചിത്രമാക്കുകയും ചെയ്യുന്ന പതിവ് ഇദ്ദേഹം വളര്‍ത്തിയെടുത്തു. കാലാന്തരത്തില്‍ കലാമൂല്യമുള്ള രേഖാചിത്ര രചനയായി ഇതിനെ അംഗീകരിച്ചുകൊണ്ട് ബോധപൂര്‍വം ഇപ്രകാരമുള്ള വെട്ടിത്തിരുത്തലുകള്‍ നടത്താന്‍ തുടങ്ങി. തദ്ഫലമായി ടാഗൂറിന്റെ കൃതികളില്‍ പലതിന്റെയും ആദ്യത്തെ കൈയെഴുത്തു പകര്‍പ്പുകള്‍ ചിത്രഫലകങ്ങള്‍ക്കു തുല്യങ്ങളായിത്തീര്‍ന്നു. ഇപ്രകാരമുള്ള രണ്ടായിരത്തില്‍പ്പരം ചിത്രങ്ങള്‍ ടാഗൂര്‍ വാര്‍ധക്യ കാലത്തു വരച്ചിട്ടുണ്ടെന്നു ഗവേഷകന്മാര്‍ പറയുന്നു.

നല്ല അഭിനയവാസനയുള്ള മഹാകവി തന്റെ മിക്ക നാടകങ്ങളിലെയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുക പതിവായിരുന്നു. വാല്മീകി പ്രതിഭ എന്ന നാടകത്തിലെ വാല്മീകിയായി ഇദ്ദേഹം അഭിനയിച്ച സംഭവം പലരും പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രമേണ തനതായ ഒരു അഭിനയ ശൈലിയും നാടകാവതരണ സമ്പ്രദായവും ആവിഷ്കരിച്ച് ബംഗാളി നാടകവേദിയെ സമ്പന്നമാക്കാന്‍ രബീന്ദ്രനാഥിനു കഴിഞ്ഞു.

ഭാവഗീത ശൈലിയിലുള്ള കൃതികള്‍ രചിച്ചു കൊണ്ടാണ് ടാഗൂര്‍ കാവ്യരംഗത്തു കടന്നുവന്നതെങ്കിലും പിന്നീടൊരിക്കലും ഇദ്ദേഹം ഒരു കാല്പനിക ഭാവഗായകന്‍ ആയിരുന്നിട്ടില്ല. ഒരേസമയം വികാരതീക്ഷ്ണത തുളുമ്പുന്നതും ആത്മാവിന്റെ നിഗൂഢാനുഭൂതികള്‍ ആവിഷ്കരിക്കുന്നതുമായ ഒരു പുതിയ കാവ്യധാരയ്ക്ക് ഇദ്ദേഹം രൂപം നല്‍കി. ടാഗൂറിന്റെ മിക്ക പില്‍ക്കാല കവിതകളിലും പ്രതീകാത്മകശൈലിയും മിസ്റ്റിക് സ്വഭാവവും ഉദാത്ത ഭാവാവിഷ്കരണവും ദൃശ്യമാണ്. എന്നാല്‍ പേര്‍ഷ്യയിലെ സൂഫിഗായകരുടെ മിസ്റ്റിസിസത്തെയോ ഫ്രാന്‍സിലെ പ്രതീകാത്മക കവിതാമാതൃകയെയോ ടാഗൂര്‍ അനുവര്‍ത്തിച്ചു എന്നുപറയാനാവില്ല. ഭാരതീയമായ ദാര്‍ശനികതയും ഉദാത്ത ഭാവവും മൂര്‍ത്തഭാവനയും അവയില്‍ സമ്മേളിക്കുന്നു. ഇദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ഗീതാഞ്ജലി ഇതിനു ദൃഷ്ടാന്തമാണ്. ആത്മസാക്ഷാല്‍ക്കാര വ്യഗ്രതയില്‍ നിന്ന് ഉറവെടുക്കുന്ന അനുഭൂതികളെ അനുഭവിച്ചറിയത്തക്ക മൂര്‍ത്ത ചിത്രങ്ങളായി ആവിഷ്കരിക്കുകയാണ് കവി ഇത്തരം കൃതികളില്‍ ചെയ്യുന്നത്. ഗീതാഞ്ജലിക്കു പുറമേ ഇദ്ദേഹം രചിച്ച കാവ്യരൂപത്തിലുള്ള കൃതികളില്‍ ഗീതിമാല്യ, സന്ധ്യാ സംഗീത്, പ്രഭാത സംഗീത്, ക്രുഡി ഓകോമള്‍, മാനസി, നൈവേദ്യ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.

ഗീതാഞ്ജലി ഗീതങ്ങള്‍ മുഖ്യമായും ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഭക്തി ഗീതങ്ങളാണ്. ആത്മാവിന്റെ ക്ഷേത്രമാണ് മനുഷ്യശരീരം, മനുഷ്യാത്മാവാകട്ടെ ദൈവത്തിന്റെ ക്ഷേത്രവും, ദൈവചൈതന്യം നിറയുമ്പോഴേ, മനുഷ്യാത്മാവ് ചൈതന്യ ധന്യമാവുകയുള്ളു. ഇത്തരം ആശയങ്ങള്‍ ഗീതാഞ്ജലി ഗീതങ്ങളില്‍ സുലഭമാണ്. ഇതിലെ നൂറ്റിമൂന്നു ഗീതങ്ങളുടെയും ആശയസമന്വയമുണ്ടാകുമ്പോള്‍ അതിശക്തവും കാവ്യാര്‍ദ്രവുമായ ഒരര്‍ച്ചനാഗീതമായി ഗീതാഞ്ജലി നൂതനരൂപം പൂണ്ടുണരുന്നതു കാണാം.

"Where the mind is without fear and the head is held high (എവിടെ മനസ്സ് നിര്‍ഭയമായും ശിരസ്സ് ഉന്നതമായും നില്‍ക്കുന്നു) എന്നു തുടങ്ങുകയും "Into that heaven of freedom my Father (ആ സ്വാതന്ത്ര്യസ്വര്‍ഗത്തിലേക്ക് അല്ലയോ പിതാവേ എന്റെ രാജ്യത്തെ ഉണര്‍ത്തീടേണമേ) എന്ന് അവസാനിക്കുകയും ചെയ്യുന്ന പ്രാര്‍ഥന എത്രയേറെ അര്‍ഥസാന്ദ്രമാണെന്ന് എടുത്തു പറയേണ്ടതില്ല. ഇന്ത്യയുടെ ദേശീയ ഗാനമായ "ജനഗണമനയുടെ കര്‍ത്താവ് ടാഗൂറാണെന്ന വസ്തുതയും ഇവിടെ ഓര്‍ക്കാം.

ടാഗൂറിന്റെ ഒരു പ്രസിദ്ധ കവിതയാണ് 'ഉര്‍വശി'. 'ഉര്‍വശി' എന്ന മിത്തിന്റെ പുനഃസൃഷ്ടിയായ ഇത് അപൂര്‍വ കലാസൗഭഗമിയലുന്ന ഒരു കവിതയായി രൂപം പൂണ്ടിരിക്കുന്നു. ആദ്യം ഇതിദ്ദേഹം ഇംഗ്ലീഷിലാണെഴുതിയത്. പിന്നീട് ബംഗാളിയിലേക്കു മൊഴിമാറ്റം നടത്തി. 'ശിശുതീര്‍ഥ' (ഇംഗ്ലീഷില്‍ 'ദ് ചൈല്‍ഡ്') ഗാന്ധിജിയുടെ ദണ്ഡിയാത്ര അവലംബമാക്കി രചിച്ച ചിന്തോദ്ദീപകമായ ഒരു ശ്രേഷ്ഠ കവിതയാണ്. വിശ്വാസത്തിന്റെ മനുഷ്യനെ കപട പ്രവാചകന്‍ എന്നു മുദ്ര കുത്തി തീര്‍ഥാടകര്‍ കൊല്ലുന്നതില്‍ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ഗാന്ധി വധത്തിന്റെ മുന്നറിയിപ്പു കാണാന്‍ കഴിയുന്നു. കാല്‍വരിക്കുന്നു കയറുന്ന ഗാന്ധിജിയാണ് ഈ കവിതയിലെ പ്രതിപാദ്യം. ഒരു കുഞ്ഞിന്റെ പിറവിയിലാണ് കവിത അവസാനിക്കുന്നത്. ഇതില്‍ പ്രതീകാത്മകത പ്രകടമാണ്.

രബീന്ദ്രനാഥിന്റെ കാവ്യജീവിതാരംഭം മുതല്‍ ഇദ്ദേഹത്തിനു നാടകരചനയില്‍ ഉണ്ടായിരുന്ന താത്പര്യത്തിനുള്ള സാക്ഷ്യപത്രമാണ് ഇദ്ദേഹത്തിന്റെ പ്രശസ്തകൃതി വാല്മീകി പ്രതിഭ. വാല്മീകിയെക്കുറിച്ചുള്ള പുരാണകഥയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സന്ദേശം നാടകീയമായി ആവിഷ്കരിക്കുന്ന കൃതിയാണത്. അതില്‍ അദ്ദേഹം വാല്മീകിയായി അഭിനയിച്ചതില്‍ നിന്നുതന്നെ ആ നാടകത്തോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മബന്ധം പ്രകടമാകുന്നു. വാല്മീകിയെ എക്കാലത്തെയും ആദര്‍ശപുരുഷനായി ആര്‍ജവത്തോടുകൂടി ചിത്രീകരിക്കാനാണ് ഈ നാടകത്തില്‍ കവി ഉദ്യമിച്ചിട്ടുള്ളത്. കുറേക്കൂടി പ്രശസ്തമായിത്തീര്‍ന്ന പോസ്റ്റ് ഓഫീസ് എന്ന നാടകത്തിലാകട്ടെ, പ്രതീകാത്മകമായ ആവിഷ്കരണരീതി അവലംബിച്ചിരിക്കുന്നു. അതിലെ മുഖ്യകഥാപാത്രമായ ബാലനും അവന്‍ കാത്തിരിക്കുന്ന പോസ്റ്റുമാനും അയാള്‍ കൊണ്ടുവരുമെന്നു ബാലന്‍ വിശ്വസിക്കുന്ന സന്ദേശവും ആ സന്ദേശത്തിന്റെ പ്രേഷകനായ രാജാവും പരസ്പരബദ്ധങ്ങളായ വസ്തുതകളെ വ്യംഗ്യാത്മകമായ രീതിയില്‍ പ്രതിനിധാനം ചെയ്യുന്നു. ഒരു മിസ്റ്റിക് അനുഭൂതിയുടെ നിഗൂഢത ഈ നാടകത്തിലെ പ്രമേയത്തിനുണ്ട്. അതേസമയം ഒരു ബാലന്റെ സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും ജീവിത യാഥാര്‍ഥ്യങ്ങളോടു കൂട്ടിയിണക്കുന്ന ഒരു കുട്ടിക്കഥയുടെ മൂര്‍ത്തത, സാരള്യം എന്നിവയും ഇതിനുണ്ട്. ഇവയ്ക്കുപുറമേ മായാര്‍ ഖേല്‍, വിസര്‍ജന്‍, രാജാ ഓ റാണി, പ്രകൃതീര്‍ പ്രതിരോധ്, മാലിനി, രക്തകരവി, ചിരകുമാരസഭാ എന്നീ വ്യത്യസ്ത രൂപഭാവങ്ങളോടു കൂടിയ പല നാടകങ്ങളും ടാഗൂര്‍ രചിച്ചു. ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ കൃതികളാണ് ചിത്രാംഗദ, ചണ്ഡാലിക എന്നീ നൃത്തനാടകങ്ങള്‍. അവ ഇദ്ദേഹത്തിന്റെ നാടകസങ്കല്പത്തില്‍ അന്തര്‍ഭവിച്ചിരുന്ന വൈവിധ്യം വ്യക്തമാക്കുന്നു.

നടീര്‍പൂജ, ചണ്ഡാലിക എന്നീ നാടകങ്ങളിലെ ശ്രീമതിയും പ്രകൃതിയും സ്ത്രീത്വത്തിന്റെ കഴിവും പൂര്‍ണതയും വ്യക്തമാക്കുന്നു. ആദ്യത്തെ നാടകത്തിലെ കഥ നടക്കുന്നത് അജാതശത്രു എന്ന രാജാവിന്റെ കൊട്ടാരത്തിലാണ്. ബുദ്ധന്റെ ഏറ്റവും പ്രിയം കുറഞ്ഞ ശിഷ്യനായ ആനന്ദഭിക്ഷുവുമായി പൊടുന്നനെ പ്രേമത്തിലാവുന്ന ചണ്ഡാലകന്യകയാണ് ചണ്ഡാലികയിലെ പ്രകൃതി. ആശാന്റെ ചണ്ഡാലഭിക്ഷുകിയില്‍ നിന്ന് ഏറെ ഭിന്നമാണ് ടാഗൂറിന്റെ ചണ്ഡാലിക.

ടാഗൂറിന്റെ ഏറ്റവും ശ്രേഷ്ഠമായ നാടകമായി പരിഗണിക്കപ്പെടുന്നത് മുക്തധാരയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി. ഗാന്ധിജി ചര്‍ക്ക ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതിനോടു വിയോജിച്ച ആളാണ് ടാഗൂര്‍. പക്ഷേ, അതേ സമയം, യന്ത്രവത്ക്കരണം നമ്മെ മനുഷ്യത്വഹീനരാക്കുമെന്നു ടാഗൂറും വിശ്വസിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ യന്ത്രവത്ക്കരണം എങ്ങനെ അപകടത്തിലാക്കുന്നു എന്നു കാണിക്കുകയാണ് ടാഗൂര്‍ ഈ നാടകത്തിലൂടെ. നാടകം നല്‍കുന്ന സന്ദേശം ഇതാണ്: മാനുഷികമൂല്യങ്ങള്‍ പരമപ്രധാനമാണ്. ഈ സത്യത്തിന്റെ നേര്‍ക്കു കണ്ണടയ്ക്കുക ആത്മഹത്യാപരമാണ്.

പ്രേമത്തിന്റെ ആര്‍ദ്രസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന നാടകമാണ് ചിത്ര. അര്‍ജുനനും ചിത്രയും തമ്മിലുള്ള സംഭാഷണം പ്രേമഭാവത്തിന്റെ വര്‍ണോജ്വലത അനാവരണം ചെയ്യുന്നു. അതേസമയം, ഇരുവരും ബോധപൂര്‍വമോ അബോധപൂര്‍വമോ സ്വീകരിച്ചിരിക്കുന്ന കാപട്യത്തിന്റെ-നാട്യത്തിന്റെ-അടരുകള്‍ ഒന്നൊന്നായി ഇളകി വീഴുകയും ചെയ്യുന്നു. ഒടുവില്‍, ഇരുവരും യഥാര്‍ഥ പ്രേമധന്യതയില്‍ പൂര്‍ണരായിത്തീരുന്നു.

മഹാഭാരതത്തില്‍ നിന്ന് അനേകം ഇതിവൃത്തങ്ങള്‍ ടാഗൂര്‍ സ്വീകരിച്ചിട്ടുണ്ട്. ഗാന്ധാരിയുടെ പ്രാര്‍ഥന, കര്‍ണ്ണനും കുന്തിയും എന്നീ രണ്ടു നാടകങ്ങള്‍ ഇത്തരുണത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. രണ്ടിലും മാതൃ-പിതൃബന്ധമാണ് മുഖ്യധാര. ഗാന്ധാരിയും ദുര്യോധനനുമാണ് ഗാന്ധാരിയുടെ പ്രാര്‍ഥനയില്‍. കുന്തിയും കുന്തി പ്രസവിച്ചുടനെ നദിയിലുപേക്ഷിച്ച കര്‍ണ്ണനുമാണ് രണ്ടാമത്തേതില്‍. ദുഃഖത്തിന്റെ അമ്മയാണ് ഗാന്ധാരി; കുന്തിക്കും ധര്‍മസങ്കടമൊഴിഞ്ഞ നേരമില്ല; വിശേഷിച്ചും കര്‍ണ്ണസാന്നിധ്യത്തില്‍. പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവരെ ഉപേക്ഷിക്കാന്‍ തന്നോടാവശ്യപ്പെടരുതെന്നു കര്‍ണ്ണന്‍ പറയുന്നത് വരാന്‍ പോകുന്ന സംഭവങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. തോല്‍വിയും മരണവും ഏറ്റുവാങ്ങാന്‍ നിര്‍ദാക്ഷിണ്യം തന്നെ വീണ്ടും വിടുകയാണെന്നും മകന്‍ ദുര്യോധനന്‍ തെറ്റാണു ചെയ്യുന്നതെന്നും ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും അറിയാമായിരുന്നു. പക്ഷേ, അച്ഛന്‍ അതിന്റെ നേര്‍ക്കു കണ്ണടയ്ക്കുമ്പോള്‍ അമ്മ ധാര്‍മികരോഷം കൊണ്ടു ജ്വലിക്കുകയാണ്. അപൂര്‍വമായ അനുഭവമായി മാറുന്നു ഈ നാടകങ്ങള്‍ വായനയിലും അരങ്ങിലും.

ഭാരതീയ സാഹിത്യത്തിന്റെ ഈടുവയ്പ്പുകളായി കണക്കാക്കപ്പെടുന്ന ഏതാനും നോവലുകളുടെ കര്‍ത്താവാണ് ഇദ്ദേഹം. അക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധ ആര്‍ജിച്ചിട്ടുള്ള കൃതി ഗോറ ആണ്. അസാധാരണ വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഒരു കാലത്തു ബംഗാളിലും ഉത്തരേന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും വമ്പിച്ച ചലനങ്ങള്‍ സൃഷ്ടിച്ച ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതുമായ നോവലാണ് ഗോറ.

റഷ്യന്‍ സാഹിത്യത്തില്‍ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിനുള്ള സ്ഥാനമാണ് ടാഗൂറിന്റെ ഗോറയ്ക്കു ഇന്ത്യന്‍ സാഹിത്യത്തില്‍ പല പ്രമുഖ നിരൂപകരും നല്‍കിയിട്ടുള്ളത്. ഗോറ എന്ന അനാഥശിശുവിന്റെ സംഭവബഹുലമായ ജീവിതകഥയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ ടാഗൂര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ശിപായിലഹളയില്‍ കൊല്ലപ്പെടുന്ന ഒരു ഇംഗ്ലീഷുകാരന്റെ മകനാണ് ഗോറ. യാഥാസ്ഥിതിക ഹിന്ദുവായി, ഏതാണ്ടൊരു മതഭ്രാന്തന്‍ തന്നെയായി വളരുന്ന ഗോറ ഒടുവില്‍ ഹിന്ദുവിനെയും മുസല്‍മാനെയും ക്രിസ്ത്യാനിയെയും എല്ലാം സമമായി കാണുന്ന ഒരു യഥാര്‍ഥ ഭാരതീയനായി മാറുന്ന സാമൂഹിക പരിണാമം ഈ നോവലില്‍ തെളിഞ്ഞു കാണാം.

ഇത്രത്തോളം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നില്ലെങ്കിലും, ഘരേ ബാഹരേ (വീട്ടിലും പുറത്തും), നൗകാ ഡൂബി (കപ്പല്‍ച്ചേതം), ചോഖേല്‍ബാലി (വിനോദിനി), ചതുരംഗ, ദൂയിബോന്‍, രാജര്‍ഷി, ചതുരധ്യായ് എന്നീ നോവലുകള്‍ തികച്ചും വ്യത്യസ്തങ്ങളായ പ്രമേയങ്ങളും പുതുമയുള്ള സംഭവഗതികളും ഉള്‍ക്കൊള്ളുന്നവയാണ്. നൗകാ ഡൂബീ എന്ന നോവലിലെ ഇതിവൃത്തവും കഥാപാത്രങ്ങളും ഈ വസ്തുത വ്യക്തമാക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ രണ്ടു യുവതികളുടെ വിവാഹം കഴിഞ്ഞ് അവര്‍ക്കു വരന്മാരെ കാണാന്‍ അവസരം കിട്ടുന്നതിനുമുമ്പ്, ഇരുകൂട്ടരും ഭര്‍ത്തൃഗൃഹത്തിലേക്കു യാത്ര പുറപ്പെട്ടപ്പോള്‍ അവര്‍ സഞ്ചരിച്ചിരുന്ന കപ്പലിന് അപകടം സംഭവിക്കുകയും അതിനെത്തുടര്‍ന്ന് ഓരോ വധുവും അന്യയുവതിയുടെ വരനോടൊപ്പം അയാളുടെ പത്നിയെന്ന നിലയില്‍ യാത്ര തുടരാന്‍ ഇടയാവുകയും ചെയ്തതിന്റെ അനന്തരഫലങ്ങളാണ് ഈ നോവലില്‍ പ്രതിപാദിച്ചിട്ടുള്ളത്. ജാതിവ്യവസ്ഥയോട് അനുബന്ധിച്ചും വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയെ സംബന്ധിച്ചും നിലവിലിരുന്ന അനാചാരങ്ങള്‍, അവയോടുള്ള എതിര്‍പ്പ്, സാമൂഹിക പരിഷ്കരണത്തിനായി ബ്രഹ്മസമാജിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന പരിശ്രമങ്ങള്‍ എന്നിവ ടാഗൂറിന്റെ നോവലുകളില്‍ പ്രതിഫലിക്കുന്നു.

അസംഭവ്യമായ പലതുമുണ്ടെങ്കിലും നൗകാ ഡൂബിയാണ് ടാഗൂറിന്റെ ഏറ്റവുമധികം ജനപ്രീതി നേടിയ നോവല്‍.

ചെറുകഥാകൃത്തെന്ന നിലയിലും രബീന്ദ്രനാഥ് ഭാരതീയാസ്വാദക ലോകത്തിനു സുപരിചിതനാണ്. ഇദ്ദേഹത്തിന്റെ കാബൂളിവാലാ, പോസ്റ്റ് മാസ്റ്റര്‍ എന്നീ കഥകള്‍ വിഖ്യാതങ്ങളാണ്.

ഇവ കൂടാതെ, 'സമാപ്തി', 'നഷ്ടനീഡ' തുടങ്ങിയ മറ്റേതാനും കഥകള്‍ കൂടി മഹാകവി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബങ്കിംചന്ദ്രനെ പ്പോലെയോ, അതിലേറെയോ ആധുനിക ഇന്ത്യന്‍ നോവലിന്റെ സ്രഷ്ടാവായ ടാഗൂര്‍ തന്നെയാണ് ശരിക്കും ലക്ഷണയുക്തമായ ചെറുകഥകള്‍ ബംഗാളിയില്‍ ആദ്യമായെഴുതിയത്. ഇദ്ദേഹത്തിന്റെ കഥകള്‍ മിക്കവയും ദരിദ്രനാരായണന്മാരുടെ മോഹങ്ങളും ദൈന്യതകളും നിറഞ്ഞവയാണ്. ടാഗൂറിന്റെ ചെറുകഥകളുടെ ഒരു സവിശേഷത ആ കഥകളിലുടനീളം ഓളം വെട്ടിനില്‍ക്കുന്ന കാവ്യാത്മകതയാണ്. നോവലെറ്റ് എന്നു വിശേഷിപ്പിക്കാവുന്ന നീളമുള്ള കഥകളുമുണ്ട് കൂട്ടത്തില്‍. അക്രമരാഷ്ട്രീയവും രാഷ്ട്രീയകൊലപാതകങ്ങളും സര്‍വസാധാരണമായ ഇന്ന് ഏറെ പ്രസക്തിയുള്ള ഒന്നാണ് ടാഗൂറിന്റെ ചതുരദ്ധ്യായ് (നാലു അധ്യായങ്ങള്‍) എന്ന ചെറുകഥ. ഇതില്‍ കഥാനായകനായ അഥിന്‍ കഥാനായികയായ ഇളയോടു പറയുന്നു:

"ദേശസ്നേഹത്തിനുപരിയായുള്ള, അതില്‍ വിശ്വാസമില്ലാത്തവരുടെ ദേശസ്നേഹം നദി കടക്കാന്‍ ഉപയോഗിക്കുന്ന ഒരു മുതലയുടെ മുതുകു പോലെയാണ്. അല്പത്വം, വിശ്വസ്തതയില്ലായ്മ, പരസ്പരമുള്ള അവിശ്വാസം, രഹസ്യമായ ഉപജാപങ്ങള്‍, നേതൃത്വത്തിന്നായുള്ള ഗൂഢപദ്ധതികള്‍-ഇതെല്ലാം അവരെ ഇന്നല്ലെങ്കില്‍ നാളെ നദിയുടെ അടിത്തട്ടിലെ ചെളിക്കുണ്ടിലാഴ്ത്തും. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പ്രേമകഥ പറയുകയാണ് ടാഗൂര്‍ ഇവിടെ; സോവിയറ്റ് വിപ്ലവത്തിന്റെയും സ്റ്റാലിനിസ്റ്റു പുനഃനിര്‍മാണത്തിന്റെയും കഥ ദശാബ്ദങ്ങള്‍ക്കുശേഷം പാസ്റ്റര്‍ നാക്ക് ഡോക്ടര്‍ ഷിവാഗോയില്‍ പറഞ്ഞതുപോലെ. ടാഗൂറിന്റെ പ്രതിഷേധമാണ് നാലു അധ്യായങ്ങള്‍. അതു ജനിച്ചതാവട്ടെ, ദീനാനുകമ്പയുടെയും സ്നേഹത്തിന്റെയും ഉറവുകളില്‍ നിന്നാണു താനും. ഡോക്ടര്‍ ഷിവാഗോയിലെ യൂറിയും ലാറയും ചെയ്യുന്നതുപോലെ നാലധ്യായങ്ങളിലെ അഥിനും ഇളയും പ്രേമത്തിന്റെ തിക്തമാധുര്യമാണ് നമുക്ക് പകര്‍ന്നുതരുന്നത്.

ഗൗരവമേറിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഏതാനും പ്രബന്ധങ്ങളുടെയും ആത്മകഥാപരങ്ങളായ ചില ഗ്രന്ഥങ്ങളുടെയും കര്‍ത്താവു കൂടിയാണ് ടാഗൂര്‍. ജീവചരിത്ര സാഹിത്യത്തിന്റെ വിശിഷ്ട മാതൃകകള്‍ എന്നു നിസ്സംശയം പറയാവുന്ന ഇദ്ദേഹത്തിന്റെ ആത്മകഥാഗ്രന്ഥങ്ങള്‍ ബംഗാളി ഭാഷയില്‍ ഈ സാഹിത്യശാഖയ്ക്കു നവജീവന്‍ പ്രദാനം ചെയ്തു.

ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യമുള്ള വിഷയങ്ങളാണ് ടാഗൂര്‍ പ്രബന്ധ രൂപത്തിലുള്ള തന്റെ ഗ്രന്ഥങ്ങളില്‍ കൈകാര്യം ചെയ്തിട്ടുള്ളത്. രാജാപ്രജാ, വിശ്വപരിചയ്, യൂറോപ് പ്രബാസീര്‍ പത്ര എന്നിവ ഇക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹി ക്കുന്നവയാണ്. അതിവിപുലമായ ലോകസഞ്ചാരം നടത്തുകയും പ്രധാനപ്പെട്ട മിക്ക രാജ്യങ്ങളും പല തവണ സന്ദര്‍ശിക്കുകയും അനേകം പ്രസംഗപര്യടനങ്ങള്‍ തന്നെ നിര്‍വഹിക്കുകയും ചെയ്ത ഒരു വിശ്വപൗരന്‍ ആയിരുന്നു ടാഗൂര്‍ എന്നു പറയാം. തന്റെ വ്യക്തിഗതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും സമകാലിക ഭാരതത്തിലെ സംഭവവികാസങ്ങളോടു പ്രതികരിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിയെന്ന നിലയിലും രാഷ്ട്രീയവും സാംസ്കാരികവുമായ പല വിഷയങ്ങളിലും ഇദ്ദേഹം വിപുലമായ പരിജ്ഞാനം നേടിയിരുന്നു. ഈ അനുഭവസമ്പത്ത് ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളെ അമൂല്യമാക്കിത്തീര്‍ത്തിട്ടുണ്ട്.

ഭാരതത്തിലെ പ്രാചീന സാഹിത്യത്തെ അധികരിച്ച് ടാഗൂര്‍ തയ്യാറാക്കി പുറത്തിറക്കിയ പ്രബന്ധത്തില്‍ ആ വിഷയത്തെ സംബന്ധിച്ച് ഇദ്ദേഹത്തിന് ഉണ്ടായിരുന്ന ഉള്‍ക്കാഴ്ചയും അതിന്റെ സമഗ്രമായ ഒരു വ്യാഖ്യാനവും സമചിത്തതയോടു കൂടിയ ഒരു വിലയിരുത്തലും പ്രകടമായിട്ടുണ്ട്.

ടാഗൂറും പ്രകൃതിയും. ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ള കവികളില്‍ ബഹുഭൂരിപക്ഷവും പ്രപഞ്ചപ്രകൃതിയുടെ സൌന്ദര്യത്തെയും അതില്‍ പ്രകടമാകുന്ന വിഭിന്ന ഭാവങ്ങളെയും അതീവ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുള്ളതായി കാണാം. രബീന്ദ്രനാഥ ടാഗൂര്‍ ഇക്കാര്യത്തില്‍ അദ്വിതീയനായി നിലകൊള്ളുന്നു. ഇദ്ദേഹത്തിന്റെ പ്രകൃതി ചിത്രീകരണത്തില്‍ അത്യന്തം ശ്രദ്ധാര്‍ഹമായ മറ്റൊരു വശം കൂടി കാണുന്നുണ്ട്. മനുഷ്യന്റെ കണ്‍കവരുകയും അതുവഴി മനസ്സിനെ വശീകരിക്കുകയും ചെയ്യുന്ന ഒരു ബാഹ്യവസ്തുവെന്ന നിലയിലല്ല, ഇദ്ദേഹം പ്രകൃതിയെ സാഹിത്യത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തിനു പ്രകൃതി മനുഷ്യജീവിതത്തിന്റെ അവിഭാജ്യഭാഗവും പ്രതീകവും ആണ്; അത്രമാത്രവുമല്ല, മനുഷ്യന്‍ പ്രകൃതിയുടെ ഒരു അവിഭാജ്യഭാഗം കൂടിയാണ്. അതിനാലാണ് ഇദ്ദേഹം പ്രകൃതിയുടെ ദൃശ്യപ്രതിഭാസമായ ഭൌതിക പ്രപഞ്ചത്തോടും അതിന്റെ ആത്മസത്തയോടും സമന്വയിച്ചു കൊണ്ടു മനുഷ്യജീവിതത്തിന്റെ അര്‍ഥവും മൂല്യവും കണ്ടെത്താന്‍ ശ്രമിക്കുന്നത്. പ്രകൃതിയുടെ നടുവില്‍, അതിന്റെ വിഭിന്ന പ്രതിഭാസങ്ങളോട് ബന്ധം പുലര്‍ത്തിക്കൊണ്ടു മാത്രമേ മനുഷ്യനു തന്റെ സ്രഷ്ടാവിനെ കണ്ടെത്താനും ആത്മസാക്ഷാല്‍ക്കാരം പ്രാപിക്കാനും കഴിയുകയുള്ളുവെന്ന സത്യമാണ് ഗീതാഞ്ജലിയിലൂടെ ടാഗൂര്‍ വെളിപ്പെടുത്തുന്നത്. ശാന്തിനികേതന വിദ്യാലയത്തിലും വിശ്വഭാരതിയിലും ഇദ്ദേഹം നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായവും പ്രകൃതിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു. ടാഗൂറിന്റെ തത്ത്വചിന്തയും രാഷ്ട്രതന്ത്രപരമായ ആശയങ്ങളും ഈ പ്രകൃതിദര്‍ശനത്തില്‍ അധിഷ്ഠിതമാണെന്നു പറയാം.

ടാഗൂര്‍ സാഹിത്യം - മലയാളത്തില്‍. മലയാള സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ള ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖന്‍ ടാഗൂര്‍ തന്നെയാണ്. പ്രകൃത്യാരാധന, യോഗാത്മകത തുടങ്ങിയ ടാഗൂര്‍ക്കവിതകളുടെ പല ഭാവതലങ്ങളും ആധുനിക മലയാളകവിത സ്വാംശീകരിച്ചിട്ടുണ്ട്. ടാഗൂറിന്റെ കാവ്യപ്രതിഭ നേരിട്ടു സ്വാധീനം ചെലുത്തിയിട്ടുള്ള മലയാള കവികളിലൊരാള്‍ ജി. ശങ്കരക്കുറുപ്പാണ്. "ടാഗൂറിനെപ്പോലെ എന്റെ ഭാവനാചക്രവാളവും ആദര്‍ശബോധവും വികസിപ്പിച്ച മറ്റൊരു കവിയില്ല എന്ന് ജി. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ കഥകളും മലയാള ചെറുകഥാലോകത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ലഘുകഥ ഭാവഗീതത്തോളമുയര്‍ന്ന ഒരു കലാരൂപമാണെന്ന പാഠം മലയാളികള്‍ക്കു പകരുന്നതില്‍ ടാഗൂര്‍ക്കഥകള്‍ക്കു വലിയ പങ്കുണ്ടായിരുന്നുവെന്നു മിക്ക സാഹിത്യചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ചില വിമര്‍ശകര്‍ ഉറൂബിന്റെ കഥകളില്‍ ടാഗൂര്‍ കഥകളുടെ സ്വാധീനം പ്രകടമാണെന്ന് വിലയിരുത്തിയിട്ടുമുണ്ട്.

ഒട്ടു മിക്ക മുഖ്യകൃതികളും വിവര്‍ത്തനം ചെയ്തുകൊണ്ട് മലയാളസാഹിത്യം ടാഗൂറിനെ ആദരിച്ചിട്ടുണ്ട്. വിവര്‍ത്തന സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചത് സഞ്ജയന്‍ ആയിരുന്നു. എങ്കിലും, ജി. ശങ്കരക്കുറുപ്പ്, പുത്തേഴത്തു രാമന്‍ മേനോന്‍, വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരിലൂടെയാണ് വിവര്‍ത്തനങ്ങള്‍ ഏറെയും പുറത്തിറങ്ങിയത്. ഗീതാഞ്ജലിക്കു പദ്യത്തിലും ഗദ്യത്തിലുമായി ഒട്ടനവധി പരിഭാഷകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജി. യുടെ കൃതിക്കാണ് ഏറെ സ്വീകാര്യത ഉണ്ടായത്. ഗീതാഞ്ജലി ആദ്യമായി പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തു തുടങ്ങിയത് കെ. എം. നായര്‍ ആയിരുന്നു. എല്‍. എം. തോമസ് ആയിരുന്നു ഗീതാഞ്ജലിയുടെ പ്രഥമ ഗദ്യവിവര്‍ത്തകന്‍. ഗീതാഞ്ജലിക്കുപുറമേ ജി. ശങ്കരക്കുറുപ്പ് നൂറ്റൊന്നു കിരണങ്ങള്‍ എന്ന പേരില്‍ നൂറ്റിയൊന്നു ടാഗൂര്‍ക്കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ വിക്ടറി യുടെ സ്വതന്ത്ര പുനഃസൃഷ്ടിയാണ് ചങ്ങമ്പുഴയുടെ യവനിക.

1919-ല്‍ പുത്തേഴത്തു രാമന്‍ മേനോന്‍ രണ്ടു വാല്യങ്ങളിലായി ടാഗൂറിന്റെ പ്രധാന ചെറുകഥകള്‍ തര്‍ജുമ ചെയ്തു പ്രസിദ്ധീകരിച്ചു. ടാഗൂര്‍ക്കഥകള്‍ എന്ന ആ കൃതിയാണ് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ടാഗൂര്‍ വിവര്‍ത്തനം. പുത്തേഴത്ത് രാമന്‍ മേനോന്‍ ടാഗൂറിന്റെ ചതുരധ്യായ് എന്ന നോവല്‍ തര്‍ജുമ ചെയ്തിട്ടുണ്ട്. അദ്ദേഹവും കണ്ണമ്പ്ര കുഞ്ഞുണ്ണിമേനോനും കൂടെയാണ് രാജര്‍ഷി വിവര്‍ത്തനം ചെയ്തിട്ടുള്ളത്. പുത്തേഴത്തിന്റെ മറ്റൊരു സംഭാവനയാണ് ടാഗോര്‍ കണ്ട ഇന്ത്യ എന്ന ഗ്രന്ഥം. ടാഗൂറിന്റെ ഗദ്യകൃതികള്‍ക്കുണ്ടായ മറ്റു മുഖ്യവിവര്‍ത്തനങ്ങള്‍ ഇവയാണ്; വീട്ടിലും പുറത്തും (ഘരേ ബാഹരേ) - ബി. കല്യാണിയമ്മ, യോഗായോഗ് - സി. ആര്‍. ശര്‍മ, ഗോറ - വി. ആര്‍. പരമേശ്വരന്‍പിള്ള, വിനോദിനി (ചോഖേര്‍ ബാളി) - വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍. നൗകാ ഡുബി എന്ന നോവലിനു മൂന്നു പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. അവ ഇവയാണ് - വിധിവിലാസം (ഏ. പി. പരമേശ്വരന്‍പിള്ള), മുഗ്ദ്ധരാഗം (മേനോക്കയ്മള്‍ വാസുദേവനുണ്ണിത്താന്‍), സ്നേഹശിക്ഷ (ഡോ. കെ. എം. ജോര്‍ജ്). ഏതാനും ടാഗൂര്‍ കഥകളുടെ വിവര്‍ത്തനമാണ് കുന്നത്തു ജനാര്‍ദനമേനോന്റെ കഥാരാമവും സി. ആര്‍. ശര്‍മയുടെ കഥാരത്നങ്ങളും. കെ. സി. പിള്ളയാണ് ടാഗൂറിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള മറ്റൊരാള്‍.

ടാഗൂറിന്റെ പ്രസിദ്ധ ലഘുനാടകങ്ങളില്‍ പലതും പല വാല്യങ്ങളായി വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് പ്രസിദ്ധമായ തപാലാപ്പീസിന്റെയും ചിത്രാംഗദയുടെയും പരിഭാഷകന്‍. ചിത്രാം ഗദയ്ക്കു എന്‍. വി. കൃഷ്ണവാര്യരും ഒരു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.

കഥ, കവിത, നോവല്‍, നാടകം എന്നിവയോടൊപ്പം ടാഗൂറിന്റെ പല പ്രബന്ധങ്ങളും മലയാളത്തില്‍ തര്‍ജുമ ചെയ്തിട്ടുണ്ട്. പ്രാചീന സാഹിത്യസംബന്ധിയായ ടാഗൂറിന്റെ ലേഖനങ്ങള്‍ കെ. ദാമോദരന്‍ നമ്പ്യാര്‍ പരിഭാഷപ്പെടുത്തി. പ്രധാന പ്രബന്ധങ്ങളില്‍ പലതും ടാഗൂറിന്റെ പ്രബന്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.

ടാഗൂറിന്റെ ആത്മകഥയായ ജീവിതസ്മൃതി വിവര്‍ത്തനം ചെയ്തിട്ടുള്ളതിനു (കെ. സി. പിള്ള) പുറമേ നിരവധി ജീവചരിത്രങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ ടാഗൂര്‍ എന്ന കൃതിയും കൃഷ്ണ കൃപാലാനി എഴുതിയ ജീവചരിത്രത്തിന്റെ മലയാള പരിഭാഷയും അക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. മറ്റു ജീവചരിത്രകാരന്മാരില്‍ എസ്. ഗുപ്തന്‍ നായര്‍, തായാട്ടു ശങ്കരന്‍ തുടങ്ങി പല പ്രമുഖരുമുണ്ട്.

കേരളത്തില്‍ നിന്നു ഗീതാഞ്ജലിക്ക് ഒരു സംസ്കൃത വിവര്‍ ത്തനവും ഉണ്ടായിട്ടുണ്ട്. എന്‍. ഗോപാലപിള്ളയാണ് അതു നിര്‍വഹിച്ചത്.

1941 ആഗ്. 7-ന് ഈ മഹാപുരുഷന്‍ ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍