This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടലെറാന്‍ (1754-1838)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടലെറാന്‍ (1754-1838)
Talleyrand
ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും. 1789 മുതല്‍ 1834 വരെ ഫ്രാന്‍സ് ഭരിച്ചിരുന്ന മിക്ക ഗവണ്‍മെന്റുകളിലും ഇദ്ദേഹം പ്രമുഖസ്ഥാനം വഹിച്ചിരുന്നു. 1754 ഫെ. 2-ന് പാരിസിലെ ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പൂര്‍ണ നാമധേയം ചാള്‍സ് മോറിസ് ദെ ടലെറാന്‍-പെരിഗോര്‍ഡ് എന്നാണ്. മതപുരോഹിതനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. 1788-ല്‍ ഓട്ടനിലെ ബിഷപ്പ് ആയ ഇദ്ദേഹം പുരോഹിതന്മാരുടെ പ്രതിനിധി എന്ന നിലയില്‍ 1789-ല്‍ എസ്റ്റേറ്റ്സ് ജനറലില്‍ അംഗമായി. എസ്റ്റേറ്റ്സ് ജനറല്‍ പിന്നീട് നാഷണല്‍ അസംബ്ലി ആയപ്പോഴും ഇദ്ദേഹം അംഗമായി തുടര്‍ന്നു. മതകാര്യങ്ങളിലെ ഔചിത്യരഹിതമായ ഇടപെടലിനെത്തുടര്‍ന്ന് 1791-ല്‍ പോപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. തുടര്‍ന്ന് ഇദ്ദേഹം ചില നയതന്ത്ര നിയമനങ്ങള്‍ സ്വീകരിച്ചു. നാഷണല്‍ അസംബ്ലി ഇദ്ദേഹത്തെ നയതന്ത്രദൗത്യവുമായി 1792-ല്‍ ഇംഗ്ലണ്ടിലേക്കയച്ചു. ഫ്രഞ്ചുവിപ്ലവത്തോടെ രാജവാഴ്ച അവസാനിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം ഇംഗ്ലണ്ടില്‍ അഭയാര്‍ഥിയായി തങ്ങി (1792 സെപ്.). 1794-ല്‍ അമേരിക്കയിലേക്കു പോയി. ഫ്രാന്‍സില്‍ ഡയറക്ടറിഭരണം സ്ഥാപിതമായതിനെത്തുടര്‍ന്ന് 1796 സെപ്.-ല്‍ പാരിസില്‍ മടങ്ങിയെത്തി. ഡയറക്ടറി 1797-ല്‍ ഇദ്ദേഹത്തെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. നെപ്പോളിയന്‍ അധികാരത്തില്‍ വരുന്നതിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി. 1799-ല്‍ വിദേശകാര്യമന്ത്രിസ്ഥാനം രാജിവച്ചു. നെപ്പോളിയന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ ടലെറാന്‍ വീണ്ടും വിദേശകാര്യമന്ത്രിയായി. എന്നാല്‍ നെപ്പോളിയന്റെ നയങ്ങള്‍ ഫ്രാന്‍സിനെ നാശത്തിലേക്കു നയിക്കുമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന ഇദ്ദേഹം കാലാന്തരത്തില്‍ നെപ്പോളിയനെ എതിര്‍ത്തു. 1807-ല്‍ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നെപ്പോളിയന്‍ ഭരണത്തില്‍നിന്നും നിഷ്കാസിതനായതോടെ, ബൂര്‍ബണ്‍ ഭരണം പുനഃസ്ഥാപിക്കാന്‍ പരിശ്രമിച്ച ഇദ്ദേഹം ബൂര്‍ബണ്‍ ചക്രവര്‍ത്തി ലൂയി 18-ാമന്റെ വിദേശകാര്യമന്ത്രിയായി (1814). ഈ പദവിയില്‍ വിയന്ന കോണ്‍ഗ്രസിനെക്കൊണ്ട് ഫ്രാന്‍സിന് അനുകൂലമായ നിലപാട് എടുപ്പിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു നയതന്ത്രവിജയം ആയിരുന്നു. 1815-ല്‍ മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു. എങ്കിലും 1830-ല്‍ ലൂയി ഫിലിപ്പിനെ അധികാരത്തിലേറ്റുന്നതിന് അനുകൂലമായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. ലൂയി ഇദ്ദേഹത്തെ ലണ്ടനിലെ അംബാസഡറായി നിയോഗിച്ചു (1830). 1834 വരെ ഈ പദവിയില്‍ തുടര്‍ന്നു. 1838 മേയ് 17-ന് ടലെറാന്‍ പാരിസില്‍വച്ചു മരണമടഞ്ഞു.