This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിപ്സകേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:48, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിപ്സകേസി

Dipsacaceae

ഡിപ്സകേലിസ് (Diapsacales) ഗോത്രത്തില്‍പ്പെടുന്ന സസ്യകുടുംബം. ഒമ്പതു ജീനസ്സുകളിലായി 160 സ്പീഷീസ് ഈ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ഏഷ്യയുടെ വടക്കെ അതിര്‍ത്തിയിലും ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും യൂറോപ്പിന്റെ വടക്കന്‍ ഭാഗങ്ങളിലും ഈ കുടുംബത്തിലെ അംഗങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. ഇവയിലധികവും ഏകവര്‍ഷിയോ ബഹുവര്‍ഷിയോ ആയ ഓഷധികളാണ്; അപൂര്‍വമായി ചെറിയ കുറ്റിച്ചെടികളുമുണ്ട്. ഇലകള്‍ സമ്മുഖമായോ അപൂര്‍വമായി മണ്ഡലിതമായോ (whorled) വിന്യസിച്ചിരിക്കും. അനുപര്‍ണങ്ങളില്ല.

തണ്ടിന്റെ അറ്റത്ത് ഹെഡ് അല്ലെങ്കില്‍ പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സഹപത്രങ്ങള്‍ ബാഹ്യദളങ്ങള്‍ പോലെയുള്ള പരിചക്ര (involucre)മായി രൂപപ്പെട്ടിരിക്കുന്നു. പുഷ്പങ്ങള്‍ ദ്വിലിംഗികളാണ്. ചിലയിനങ്ങളില്‍ സഹപത്രം ചെറുതും നേര്‍ത്ത രോമങ്ങള്‍ പോലെ 5-10 ആയി വിഭജിക്കപ്പെട്ടതും ആയിരിക്കും. ദളങ്ങളുടെ ചുവടുഭാഗം യോജിച്ച് നാളാകൃതിയായിത്തീര്‍ന്നിരിക്കും. ഇത്തരത്തിലുള്ള സംയുക്ത ദളത്തിന്റെ അറ്റം നാലോ അഞ്ചോ പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടോ മൂന്നോ, നാലോ അഞ്ചോ കേസരങ്ങള്‍ ദളങ്ങള്‍ക്കെതിരെയായി ദളങ്ങളുടെ വശങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കും (epipetalous). അണ്ഡാശയം അധോജനിയാണ്; ഒരു ലോക്യൂളില്‍ ഒരു അണ്ഡം മാത്രമേയുള്ളൂ. വാര്‍ത്തികാഗ്രം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒറ്റ വിത്തുമാത്രമുള്ള ഫലം ചിരസ്ഥായിയായ ബാഹ്യദളങ്ങള്‍ കൊണ്ടുള്ള മകുടത്തോടുകൂടിയതാണ്. വിത്തില്‍ ബീജാന്നമുണ്ട്.

സ്ക്കാബിയോസ കൊളംബേറിയ

ഡിപ്സകേസി സസ്യകുടുംബത്തിലെ ടീസല്‍ (teasel) എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന ഡിപ്സക്കസ് (Dipsacus) ഇനം മാത്രമേ സാമ്പത്തിക പ്രാധാന്യമുള്ളതായിട്ടുള്ളൂ. ഇതിന് 12 സ്പീഷീസുണ്ട്. യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇതിന്റെ പുഷ്പമഞ്ജരി വസ്ത്രനിര്‍മാണത്തില്‍ തുണിയിലെ ഈര്‍പ്പം മാറ്റി കട്ടിയാക്കിയെടുക്കുന്നതിന് ഉപയോഗിക്കുന്നു. സഹപത്രങ്ങളാണ് ഇതിന് ഏറെ സഹായകരമായിട്ടുള്ളത്. ഇപ്പോള്‍ ഇത് വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും മേന്മയേറിയ തുണിത്തരങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചു വരുന്നുണ്ട്. റോമാസാമ്രാജ്യകാലം മുതല്‍ക്കേ ഇതു ഉപയോഗിച്ചു വന്നിരുന്നതായി രേഖകളുണ്ട്. ഇംഗ്ലണ്ടില്‍ റിച്ചാര്‍ഡ് I-ന്റെ കാലം മുതല്‍ (1199) ഇത് കൃഷി ചെയ്തിരുന്നതായും വസ്ത്രനിര്‍മാണത്തില്‍ ഉപയോഗിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിപ്സകേസിയിലെ സ്ക്കാബിയോസ കോകാസിക്ക (Scabiosa caucasica) എന്നയിനം അലങ്കാരസസ്യമായി നട്ടു വളര്‍ത്തപ്പെടുന്നു. സെഫലാറിയ സിറിയക്ക (Cephalaria syriaca) വളരെ അപകടകാരിയായ കളസസ്യമാണ്.

ഡിപ്സകേസി കുടുംബം വലേറിയനേസി (Valerianaceae) കുടുംബത്തോട് ബന്ധുത്വമുള്ളതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍