This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:20, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍

വിവിധതരത്തിലുള്ള ഉത്പന്നങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള വന്‍കിട ചില്ലറ വില്പനശാല. വിപുലമായ ഒരു കച്ചവട ശൃംഖലയുടെ ഭാഗമായിട്ടായിരിക്കും മിക്കപ്പോഴും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിവിസ്തൃതമായ വില്പനശാലയില്‍ വ്യത്യസ്തങ്ങളായ ചരക്കുകള്‍ വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്റുകളായി തിരിച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് ഇത്തരം ചില്ലറ വില്പന സ്ഥാപനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ എന്ന പേരിലറിയപ്പെടുന്നത്. ഉപഭോക്താക്കള്‍ക്കാവശ്യമായ വിവിധതരം ഉത്പന്നങ്ങള്‍ ഒരേ സ്ഥലത്തുതന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷണീയത. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ വളരെ എളുപ്പമാണ്.

ലോകത്തിലെ ഏറ്റവും വലിയ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോര്‍(ന്യൂയോര്‍ക്ക് സിറ്റി

19-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂളിലും ലീഡ്സിലും കച്ചവടകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന വലിയ ഹാളുകളാണ് ആധുനിക ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുടെ പ്രാഗ്രൂപങ്ങള്‍. വെറുമൊരു കച്ചവടസ്ഥലം എന്നതില്‍നിന്ന് വ്യത്യസ്തമായി, സാധനങ്ങള്‍ വാങ്ങാനെത്തുന്ന നാനാതരം ഉപഭോക്താക്കളുടെ സൌന്ദര്യാഭിരുചികള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് ആധുനിക ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. സാധനസാമഗ്രികള്‍ വാങ്ങുന്നതിനെ ഒരു വിനോദം പോലെ ആസ്വാദ്യകരമാക്കുന്നു എന്നതാണ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുടെ പ്രത്യേകത. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കുവേണ്ടി വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കുപുറമേ കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഭോജനശാലകള്‍ തുടങ്ങിയവയൊക്കെ വന്‍കിട ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധനങ്ങള്‍ കുത്തിനിറച്ചിരിക്കുന്ന പരമ്പരാഗത വില്പനശാലകളില്‍ ചരക്കുകള്‍ നേരിട്ട് തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടാവില്ല. എന്നാല്‍, ഉപഭോക്താക്കള്‍ക്കുതന്നെ തങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സ്വയം തിരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഉപഭോക്തൃസൗഹൃദപരമായ ആധുനിക വിപണന തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ എന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍