This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിന്‍ഡി, വിന്‍സെന്റ് (1851-1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിന്‍ഡി, വിന്‍സെന്റ് (1851-1931)

Dindy,Vincent

ഫ്രഞ്ചു സംഗീതജ്ഞന്‍. 1851 മാര്‍ച്ച് 27-ന് പാരിസില്‍ ജനിച്ചു. പോള്‍ മേരി തിയോഡോര്‍ വിന്‍സെന്റ് ഡിന്‍ഡി എന്നാണ് പൂര്‍ണനാമധേയം. ധനികകുടുംബത്തില്‍പ്പിറന്ന ഇദ്ദേഹത്തിന് ചെറുപ്പത്തിലേതന്നെ ജന്മവാസനയെ പരിപോഷിപ്പിക്കുന്നതിനുളള അവസരം ലഭിച്ചു. ഡീമര്‍, ലാവിഗ്നാക് തുടങ്ങിയ പ്രഗല്ഭ സംഗീതജ്ഞരായിരുന്നു ഗുരുനാഥന്മാര്‍. 1870-71 കാലയളവില്‍ ഇദ്ദേഹം പ്രഷ്യന്‍ യുദ്ധത്തില്‍ ഭടനായി സേവനമനുഷ്ഠിച്ചു. യുദ്ധാന്തരം ഒരഭിമുഖസംഭാഷണ വേളയില്‍ സീസര്‍ ഫ്രാങ്കുമായി ചങ്ങാത്തത്തിലാവുകയും ക്രമേണ അത് ഇദ്ദേഹത്തിന്മേല്‍ ശക്തമായൊരു സ്വാധീനമായിത്തീരുകയും ചെയ്തു. എന്നാല്‍ ഡിന്‍ഡിയുടെ പഠനകൗതുകം അപ്പോഴും തീര്‍ന്നില്ല. വൈകാതെ അദ്ദേഹം കൊളോണ്‍ ഓര്‍ക്കെസ്ട്രയില്‍ ചേര്‍ന്ന് കൂടുതല്‍ ഉപകരണ സംഗീതം പഠിച്ചു. 1874 ആയപ്പോഴേയ്ക്കും ഇദ്ദേഹം സിംഫണികളും മറ്റു രചനകളുമായി ശ്രദ്ധേനായിത്തുടങ്ങി.

വാഗ്നറുടെ 'റിംഗ് സൈക്കിളിന്റെ'അഗാധസ്വാധീനത്തിനടിമയായിരുന്ന ഡിന്‍ഡിക്ക്, തനിക്കൊരു 'ഫ്രെഞ്ച് വാഗ്നര്‍' ആകണമെന്നായിരുന്ന അഭിലാഷം. ലെ ചാന്റ് ഡി ലാ ക്ളോഷെ (1879-93) ലാ ലെജന്‍ഡെ ഡി സെയ്ന്റ് ക്രിസ്റ്റോഫെ (1908-1915) തുടങ്ങിയ അതിമനോഹരങ്ങളായ നാടകങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ഇദ്ദേഹത്തിന് അവയൊന്നും വിജയമാക്കാനായില്ല. എന്നാല്‍ സംഗീതലോകത്ത് നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1886-ലെ സിംഫണി ഓണ്‍ എ ഫ്രഞ്ച് മൗണ്ട്നെയ് ര്‍ ഇതിനു മികച്ച ഉദാഹരണമാണ് . ട്രംപറ്റിലെ സ്യൂട്ട് ഇന്‍ ഡി മേജറും, രണ്ടു ഫ്ളൂട്ട് രചനകളും, 1886-ലെ സ്ട്രിംഗ് ക്വാര്‍ട്ടെറ്റും മികച്ചമറ്റു സംഗീത സംഭാവനകളാണ്. ഈണങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാറുള്ള ഇദ്ദേഹം പിയാനോയ്ക്കും ഓര്‍ഗനുമായി നിരവധി ലഘുഗീതങ്ങളും രചിച്ചിട്ടുണ്ട്. വിസ്മയകരമായ പശ്ചാത്തല സംഗീതപ്പൊലിമ ഇദ്ദേഹത്തിന്റെ രചനകളുടെയെല്ലാം മുഖ്യസവിശേഷതയാണ്.

1906-ല്‍ ഡിന്‍ഡി ബീഥോവന്റെ ജീവചരിത്രമെഴുതി പ്രകാശനം ചെയ്തു. 1911-ല്‍ ഫ്രാങ്കിന്റെ ജീവചരിത്രത്തിനും ഇദ്ദേഹം രൂപം നല്‍കി.

സംഗീതാധ്യാപകന്‍, സംഗീത സൈദ്ധാന്തികന്‍ എന്നീ നിലകളിലും ഡിന്‍ഡി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1894-ല്‍ ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് പാരിസിലെ സ്കോള കാന്റോറം എന്ന സംഗീത ഗുരുകുലം നിലവില്‍ വന്നത്. ആദ്യം ക്രൈസ്തവ സംബന്ധിയായ സംഗീതാഭ്യസനം മാത്രമായിരുന്നു അവിടെ നടന്നിരുന്നത്. എന്നാല്‍ പില്ക്കാലത്ത് 1900-ല്‍ ഇത് ഒരു സംഗീതകലാശാല തന്നെയായി മാറി. ജീവിതാന്ത്യത്തില്‍ ഡിന്‍ഡി ഇവിടത്തെ അധ്യാപകനായിരുന്നു. 1931 ഡിസം. 2-നാണ് ഇദ്ദേഹം അന്തരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍