This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിജിറ്റാലിസ് ഔഷധങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിജിറ്റാലിസ് ഔഷധങ്ങള്‍
Digitalis drugs
ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു വിഭാഗം ഔഷധങ്ങള്‍. ഇവയുടെ പ്രധാന സ്രോതസ്സായ 'ഫോക്സ് ഗ്ലോവ്' (Fox glove) വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ ലത്തീന്‍ നാമമാണ് ഡിജിറ്റാലിസ്. എന്നാല്‍ സമാന രാസഘടന (ഗ്ലൈക്കോസൈഡ്) ഉളളതും ഹൃദയത്തില്‍ സമാനമായ പ്രയോഗഫലങ്ങള്‍ ഉളവാക്കാന്‍ കഴിവുള്ളതുമായ പദാര്‍ഥങ്ങള്‍ മറ്റ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഈ ഔഷധങ്ങളെല്ലാം തന്നെ പൊതുവില്‍ ഡിജിറ്റാലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
പുരാതന ഈജിപ്തിലെ (സു. 1500 ബിസി) പുരോഹിത ഭിഷഗ്വരന്മാരും റോമാക്കാരും (സു. 500 ബി.സി) സ്ട്രോഫാന്‍തസ് (Strophanthus), ഒളിയാന്‍ഡര്‍ (അരളി) തുടങ്ങിയ ഉഷ്ണമേഖലാ സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ചില ഡിജിറ്റാലിസ് ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 1785-ല്‍ വില്യം വിതറിങ് എന്ന ഇംഗ്ലീഷ് ഭിഷഗ്വരനാണ് ഫോക്സ് ഗ്ലോവ് സസ്യങ്ങളില്‍ നിന്നും ഡിജിറ്റാലിസ് ഔഷധങ്ങള്‍ വേര്‍തിരിക്കുകയും അവയുടെ പ്രഭാവം വിശദമായി പഠിക്കുകയും ചെയ്തത്. ഡിജിറ്റാലിസ് ഔഷധങ്ങള്‍ പ്രയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശകമായി ഇന്നും ഉപയോഗിക്കപ്പെടുന്ന ഒരു പ്രാമാണിക വൈദ്യശാസ്ത്ര ഗ്രന്ഥമാണ് ഇദ്ദേഹം രചിച്ച അക്കൗണ്ട് ഒഫ് ദ് ഫോക്സ് ഗ്ലോവ് ആന്‍ഡ് സം ഒഫ് ഇറ്റ്സ് മെഡിക്കല്‍ യൂസസ്.
ഡിജിറ്റാലിസ് പര്‍പ്യൂറിയേ അഥവാ പര്‍പിള്‍ ഫോക്സ് ഗ്ലോവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഡിജിറ്റോക്സിന്‍ (Digitoxin), ഡിജിറ്റാലിസ് ലാന്റയില്‍ നിന്നും ലഭ്യമാക്കുന്ന ഡിജോക്സിന്‍ (Digoxin), സ്ട്രോഫാന്‍തസ് ഗ്രാറ്റസില്‍ നിന്നുളള ഔആബേയ് ന്‍ (Ouabain) എന്നിവയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഡിജിറ്റാലിസ് ഔഷധങ്ങള്‍.