This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാപ്താരി, കേശവ് ലക്ഷ്മണ്‍ (1880 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:37, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാപ്താരി, കേശവ് ലക്ഷ്മണ്‍ (1880 - 1956)

Daptari, Keshav Laxman

ഭാരതീയ ജ്യോതിശ്ശാസ്ത്രപണ്ഡിതന്‍. 1880 ന. 22-ന് നാഗ്പൂരിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, തത്ത്വശാസ്ത്രഗ്രന്ഥങ്ങള്‍, വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ എന്നിവയില്‍ പരിജ്ഞാനം നേടിയ ഇദ്ദേഹം ചില പ്രമുഖ പണ്ഡിതന്മാരുമായുള്ള സൗഹൃദത്തിലൂടെ സംസ്കൃതത്തിലും ജ്യോതിഷത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മികച്ച അറിവു നേടി. നാഗ്പൂരിലെ മോറീസ് കോളജില്‍നിന്ന് 1900-ല്‍ ബിരുദം സമ്പാദിച്ചു. 1905-ല്‍ നിയമബിരുദവും ഇദ്ദേഹത്തിനു ലഭിച്ചു.

നാഗ്പൂരിലെ പഥ്വാര്‍ഥന്‍ സ്കൂളിലും, ഭാരതത്തിലെ പല കോളജുകളിലും ഗണിതശാസ്ത്രാധ്യാപകനായും സംസ്കൃതാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡാപ്താരി കുറച്ചുകാലം വക്കീലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, സംസ്കൃതം, ഹോമിയോപ്പതി, വേദാന്ത തത്ത്വശാസ്ത്രം, കാലഗണനം എന്നീ മേഖലകളിലാണ് ഡാപ്താരി വിശേഷപഠനം നടത്തിയിട്ടുള്ളത്. ജ്യോതിശ്ശാസ്ത്രത്തിലും ജ്യോതിഷത്തിലും അഗാധമായ പാണ്ഡിത്യം നേടിയ ഇദ്ദേഹം 'ആധുനിക ഭാസ്ക്കരാചാര്യന്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഹോമിയോപ്പതിയിലുള്ള നൈപുണ്യംമൂലം 'ഹോമിയോപ്പതി ധന്വന്തരി' എന്ന അപരനാമത്തിനും അര്‍ഹനായി. പഞ്ചാംഗത്തില്‍ സാധാരണ വന്നുചേരുന്ന ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള പണ്ഡിതോചിതമായ നിര്‍ദേശങ്ങള്‍ നല്‍കിയും ഇദ്ദേഹം ജനശ്രദ്ധ നേടിയിട്ടുണ്ട്.

പല മേഖലകളിലായി സമ്പാദിച്ച തന്റെ വിജ്ഞാനം ഭാരതത്തിന്റെ സാംസ്കാരികോന്നമനത്തിനായി പ്രയോജനപ്പെടുത്തുവാന്‍ ഡാപ്താരി ശ്രദ്ധിച്ചു. ഭാരതീയവിജ്ഞാന (Indology) ത്തെക്കുറിച്ച് മികച്ച നിരവധി ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം തയ്യാറാക്കി. ജാതിവ്യവസ്ഥയും അയിത്തവും നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇതോടൊപ്പം സമുദായം ഭ്രഷ്ട് കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന വിധവകളുടെ പുനരധിവാസത്തിനും ഡാപ്താരി യത്നിച്ചിരുന്നു.

ധര്‍മനിര്‍ണയമണ്ഡലം, നാഗ്പൂര്‍ തിലക് പഞ്ചാംഗ, മധ്യപ്രദേശ് സംശോധന എന്നീ സംഘടനകളുടെ സ്ഥാപകരിലൊരാളായ ഡാപ്താരിക്ക് ഡി. ലിറ്റ്. (1941), വിദ്വരത്ന (1948) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഭാരതീയ ജ്യോതിശ്ശാസ്ത്രനിരീക്ഷണ (1929), തത്ത്വമീമാംസാപദ്ധതി (1937), സച്ചികിത്സാപ്രകാശിക (1949), ധര്‍മരഹസ്യ, അസ്ട്രോണമിക്കല്‍ മെഥേഡ് ആന്‍ഡ് ഇറ്റ്സ് ആപ്ലിക്കേഷന്‍ റ്റു ദ് ക്രോണോളജി ഒഫ് എന്‍ഷ്യന്റ് ഇന്ത്യ, ദ് റാഷനലിസ്റ്റിക് ഇന്റര്‍പ്രറ്റേഷന്‍ ഒഫ് ദി ഉപനിഷത്ത് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1956-ല്‍ ഡാപ്താരി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍