This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാന്‍ ഫോദിയൊ ഉസ്മാന്‍ (1754/5 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:32, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാന്‍ ഫോദിയൊ ഉസ്മാന്‍ (1754/5 - 1817)

Dan Fodio Usuman

ഇസ്ലാമിക മതപണ്ഡിതനും പ്രചാരകനും . പശ്ചിമാഫ്രിക്കയിലെ പഴയ ഗോബിര്‍ (ഇന്നത്തെ നൈജീരിയയിലെ സൊകോട്ടൊ സം സ്ഥാനം) രാജ്യത്താണ് ഫുള്‍ബ (Fulba) എന്ന ഇസ്ലാം മതശാഖയുടെ പ്രമുഖ പ്രചാരകനായ ഡാന്‍ ഫോദിയൊ ഉസ്മാന്‍ ജനിച്ചത്. ഗോബിര്‍ നിവാസികളുടെയിടയില്‍ സുന്നി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്ത ഒരു കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. ഇസ്ലാം മതാനുഭാവികളായിരുന്നു ഗോബിറിലെ ഭരണാധികാരികളും പ്രഭുക്കന്മാരും. എങ്കിലും പരമ്പരാഗത ഹൗസ സംസ്കാരത്തിലെ ആചാരങ്ങളും നിയമങ്ങളുമാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഇസ്ലാം ശരിയത്ത് നിയമം അതേപടി നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. ഇത് അഭ്യസ്തവിദ്യരായ മുസ്ലീങ്ങളില്‍ അസ്വസ്ഥത ഉളവാക്കുകയും ഇസ്ലാം നവോത്ഥാന പ്രസ്ഥാനത്തിന് വഴി തെളിക്കുകയും ചെയ്തു. ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളില്‍ ഒരാളായിരുന്നു ഡാന്‍ ഫോദിയൊ ഉസ്മാന്‍.

ചെറുപ്പത്തില്‍ ഗോബിര്‍, സംഫാര, കാത്സിന, കെബ്ബി തുടങ്ങിയ സ്ഥലങ്ങളില്‍ മതപ്രചാരണത്തില്‍ ഉസ്മാന്‍ ഏര്‍പ്പെട്ടു. ബലപ്രയോഗത്തില്‍ ഇദ്ദേഹം ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍, പല ഭരണാധികാരികളും പരമ്പരാഗത ഹൗസ നിയമങ്ങള്‍ ഉപേക്ഷിച്ച് ഇസ്ലാം നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ വിസമ്മതിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി. 1804-ല്‍ ഉസ്മാന്റെ ശിഷ്യന്മാര്‍ ഗോബിര്‍സേനയുമായി ഏറ്റുമുട്ടി. ഇസ്ലാം നവോത്ഥാന വക്താക്കള്‍ ഈ ഏറ്റുമുട്ടലിനെ 'ജിഹാദ്' (Jihad) അഥവാ അവിശ്വാസികള്‍ക്കെതിരെയുള്ള പുണ്യയുദ്ധമായി വിശേഷിപ്പിച്ചു.

1808-ല്‍ ഗോബിര്‍ രാജ്യവംശത്തിന്റെ അപചയം പൂര്‍ണമാവുകയും ഗോബിറിലെ കലാപങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഉസ്മാന്റെ നേതൃത്വത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള ഭരണം ഗോബിറില്‍ സ്ഥാപിക്കപ്പെട്ടു. 1817-ല്‍ ഉസ്മാന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദു ബെല്ലോ അധികാരം ഏറ്റെടുത്തു.

ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണത്തിനായി ഉസ്മാന്‍ ലേഖനങ്ങളും കവിതകളും എഴുതി. അനിസ്ലാമികവും ഹൗസ സംസ്കാരത്തിന്റെ പ്രതീകങ്ങളുമായ ആചാരങ്ങള്‍, ചടങ്ങുകള്‍, സംഗീതം, അലങ്കാര വസ്ത്രങ്ങള്‍ തുടങ്ങിയവയെ വിമര്‍ശിച്ചു കൊണ്ടുള്ളവയാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍. ഇദ്ദേഹത്തിന്റെ അല്‍-ദാലിയ്യ (Al-daleyah) എന്ന കവിത മുഹമ്മദു നബിയുടെ സൂക്തങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സഹായകമായി. ഹൗസ സംസ്കാരത്തിലധിഷ്ഠിതമായ പശ്ചിമാഫ്രിക്കന്‍ ഭരണവും ആചാരങ്ങളും ഉന്മൂലനം ചെയ്ത് തത്സ്ഥാനത്ത് ഇസ്ലാമിക നിയമങ്ങളും വിശ്വാസങ്ങളും പുനസ്ഥാപിക്കുന്നതില്‍ ഡാന്‍ ഫോദിയൊ ഉസ്മാന്‍ വിജയിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍