This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാനിയേല്‍, കെ.എം. (1920 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:22, 12 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡാനിയേല്‍, കെ.എം. (1920 - 88)

മലയാളസാഹിത്യ നിരൂപകനും കലാചിന്തകനും. 1920 മേയ് 9-ന് ഇടയാറന്മുളയില്‍ ജനിച്ചു. പിതാവ് കെ. എം. മത്തായി, മാതാവ് റേച്ചലമ്മ. മഹാകവി കെ. വി. സൈമണ്‍ പിതൃസഹോദരനും ഇടയാറന്മുള കെ. എം. വര്‍ഗീസ് സഹോദരനുമാണ്. തിരുവനന്തപുരം ആര്‍ട്ട്സ് കോളജില്‍ മലയാളം ഓണേഴ്സ് ക്ലാസില്‍ ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്നു. മലയാളം ബി. എ. ഓണേഴ്സ് ഒന്നാം റാങ്കു നേടിയാണ് ഇദ്ദേഹം വിജയിച്ചത്. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു (1942-46). പിന്നീട് കോട്ടയം സി. എം. എസ്. കോളജ്, തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (1958-75) എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. ഇതിനു ശേഷം യു. ജി. സി. പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

കെ.എം.ഡാനിയേല്‍

പാശ്ചാത്യ-പൗരസ്ത്യ സാഹിത്യസിദ്ധാന്തങ്ങളുടെ സഹായത്തോടെ സാഹിത്യവിമര്‍ശനം നടത്തിയവരില്‍ ശ്രദ്ധേയനാണ് കെ. എം. ഡാനിയേല്‍. ശംഖനാദം (1952), നവചക്രവാളം നളിനിയിലും മറ്റും, വീണ പൂവ് കണ്‍മുമ്പില്‍, കലാദര്‍ശനം (1969), വിമര്‍ശന വീഥി, വേദവിഹാരപഠനങ്ങള്‍ (1984), വിമര്‍ശനം- സിദ്ധാന്തവും പ്രയോഗവും (1988) എന്നിവയാണ് പ്രധാന കൃതികള്‍. വീണപൂവിനെപ്പറ്റി മുമ്പുണ്ടായിട്ടുള്ള നിരൂപണങ്ങളിലധികവും പഠനവിധേയമാക്കിയതിനു ശേഷം നടത്തിയ പുതിയ വിലയിരുത്തലാണ് വീണ പൂവ് കണ്‍മുമ്പില്‍. ഭാരതീയാചാര്യന്മാരുടെ രസധ്വനിസിദ്ധാന്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇതു രചിച്ചിരിക്കുന്നത്. 'കവിതയെ കവിതയായി കാണുക, കാവ്യസ്വഭാവത്തിന്റെ അനാച്ഛാദനത്തിന് ആവശ്യമായ വസ്തുതകള്‍ മാത്രം വിമര്‍ശനത്തിനുപയോഗിക്കുക' എന്നതാണ് ഇതിലെ വിമര്‍ശന രീതി എന്ന് കൃതിയുടെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കലാദര്‍ശനത്തില്‍ കലയുടെ ശാശ്വതതത്ത്വം, എന്താണു കല തുടങ്ങിയ ഏഴധ്യായങ്ങളാണുള്ളത്. അരിസ്റ്റോട്ടല്‍ മുതല്‍ എലിയട്ട് വരേയും ഭരതമുനി മുതല്‍ അഭിനവഗുപ്തന്‍ വരേയുമുള്ള പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാരെ ഇതില്‍ പഠനവിധേയരാക്കിയിട്ടുണ്ട്. ഗ്രന്ഥകാരന്റെ വ്യക്തമായ കാഴ്ചപ്പാടും ചിന്താശക്തിയും ഇതില്‍ തെളിഞ്ഞു കാണാം. സമഞ്ജസവും സഹൃദയാഹ്ലാദകരവുമാണ് ഡാനിയേലിന്റെ രചനാ രീതി. സാഹിത്യവിമര്‍ശനത്തിനു പുറമേ മലയാള വ്യാകരണം, ദ്രാവിഡഭാഷകളുടെ താരതമ്യപഠനം എന്നിവയിലും നിഷ്ണാതനായിരുന്നു ഇദ്ദേഹം. ഡോ. കെ. രാഘവന്‍ പിള്ളയുമൊത്ത് കേരളപാണിനീയത്തിന് സംശോധിതക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. കലാദര്‍ശനം എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി (1970). 1988 ജൂല. 18-നു കെ. എം. ഡാനിയേല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍