This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഹൌസി പ്രഭു (1812 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 11 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡല്‍ഹൗസി പ്രഭു (1812 - 60)

ഇന്ത്യയിലെ മുന്‍ ബ്രിട്ടിഷ് ഗവര്‍ണര്‍ ജനറല്‍. യഥാര്‍ഥ പേര് ജെയിംസ് ആന്‍ഡ്രൂ ബ്രൗണ്‍ റാംസെ എന്നാണ്. സ്കോട്ട്ലന്‍ഡില്‍ ഡല്‍ഹൗസിയിലെ ഒന്‍പതാമതു പ്രഭു ആയ ജോര്‍ജ് റാംസെ (1770-1838)യുടെ മകനായി ഇദ്ദേഹം 1812 ഏ. 22-ന് ജനിച്ചു. ഓക്സ്ഫോഡില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം 1837-ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1838-ല്‍ പത്താമത്തെ പ്രഭു ആയി. ബോര്‍ഡ് ഒഫ് ട്രേഡിന്റെ വൈസ് പ്രസിഡന്റും (1843) പ്രസിഡന്ററും (1845), ആയിരുന്നിട്ടുണ്ട്.

1848 ജനു.-യില്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായി നിയമിതനായി. ഹാര്‍ഡിഞ്ച് പ്രഭുവിന്റെ പിന്‍ഗാമിയായാണ് 35-ാമത്തെ വയസ്സില്‍ ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദൃഢചിത്തനും സ്ഥിരോത്സാഹിയുമായ ഇദ്ദേഹം സുസ്ഥിരവും സുസംഘടിതവുമായ ഒരു ബ്രിട്ടിഷ് ഭരണ വ്യവസ്ഥിതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചു. അതിനുവേണ്ടി ധാരാളം നാട്ടുരാജ്യങ്ങളെ ഈസ്റ്റിന്ത്യാകമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ഇദ്ദേഹം കൊണ്ടുവന്നു. കമ്പനിയുടെ ആശ്രിതരായ നാട്ടുരാജ്യങ്ങളില്‍ അനന്തരാവകാശികളായി രാജകുടുംബാംഗങ്ങളില്ലെങ്കില്‍ ആ രാജ്യങ്ങള്‍ ബ്രിട്ടിഷ് സാമ്രാജ്യത്തില്‍ ലയിപ്പിക്കുന്ന നിയമം ("ഡോക്ട്രിന്‍ ഒഫ് ലാപ്സ്) നടപ്പാക്കി. അങ്ങനെ, 1848-നും 54-നും ഇടയ്ക്ക് സത്താറ, ജയ്പ്പൂര്‍. സാംബല്‍പ്പൂര്‍, ഭഗത്ത്, ഉദയപ്പൂര്‍, നാഗ്പ്പൂര്‍, ഝാന്‍സി തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. രണ്ടാം സിക്ക് യുദ്ധത്തില്‍ സിക്കുകാരെ തോല്‍പ്പിച്ച് പഞ്ചാബ് കൈവശപ്പെടുത്തി. അഫ്ഘാന്‍ മലനിരകള്‍ വരെയുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ബ്രിട്ടിഷ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി(1848-49).പഞ്ചാബിന്റെ റവന്യൂ, നീതിനിര്‍വഹണ, ഭരണകാര്യങ്ങള്‍ക്കായി പ്രത്യേക കമ്മിഷനെ നിയമിച്ചു.

ഡല്‍ഹൗസി പ്രഭു

രണ്ടാം ബര്‍മാ യുദ്ധത്തില്‍ ബര്‍മാ രാജാവിനെ തോല്‍പിച്ച് ബര്‍മയും തുടര്‍ന്ന് സിക്കിമും ഉള്‍പ്പെടുത്തി സാമ്രാജ്യം വിപുലീകരിച്ചു (1852). സൈനിക സഹായ കരാറുകളിലൂടെ നാട്ടുരാജ്യങ്ങളില്‍നിന്ന് ചുങ്കം പിരിക്കുകയും ചുങ്കം മുടക്കം വരുത്തുന്ന രാജ്യങ്ങളെ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്യുന്ന നയം നടപ്പിലാക്കി. ഇതനുസരിച്ച്, ഹൈദരാബാദിലെ നൈസാമിന്റെ അധീനതയിലായിരുന്ന ബീറാര്‍ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. (1853). ദുര്‍ഭരണം ആരോപിച്ച് അയോദ്ധ്യയും അവധും പിടിച്ചടക്കി. കൂടാതെ നാട്ടുരാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പദവികളും സ്ഥാനമാനങ്ങളും മറ്റും നിര്‍ത്തലാക്കുന്ന നിയമങ്ങളെ ഡല്‍ഹൗസി കൊണ്ടുവന്നു. ബംഗാള്‍ ഭരണം ഗവര്‍ണര്‍ ജനറല്‍ നേരിട്ട് നടത്തുന്നതിനു പകരം ഒരു ലഫ്റ്റനന്റ് ഗവര്‍ണറുടെ കീഴിലാക്കി. ഈ പരിഷ്ക്കാരം കേന്ദ്രഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഡല്‍ഹൗസിക്ക് സഹായകമായി. പൊതുമരാമത്തിന് പ്രത്യേക വകുപ്പുണ്ടാക്കുകയും റോഡുനിര്‍മാണവും ജലസേചന പദ്ധതികളും വിപൂലീകരിക്കുകയും ചെയ്തു. റെയില്‍വേ, ടെലിഗ്രാഫ്, ഇന്ത്യയ്ക്ക് മൊത്തത്തിലുള്ള ഏകീകൃത തപാല്‍ വ്യവസ്ഥ എന്നിവയ്ക്ക് രൂപം നല്‍കി. വാണിജ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പരിഷ്ക്കാരങ്ങളും സാമൂഹിക വ്യവസ്ഥിതിയില്‍ ദൂരവ്യാപക ഫലങ്ങളുളവാക്കിയ മാറ്റങ്ങളും വരുത്തി. ഇദ്ദേഹത്തിന് 1849-ല്‍ മാര്‍ക്വസ് (പ്രഭു) പദവി ലഭിച്ചിരുന്നു, 1856 ഫെ. -ല്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ നിന്ന് വിരമിച്ചു. ഡല്‍ഹൗസിയുടെ പല പരിഷ്ക്കാരങ്ങളും ഇന്ത്യയിലെ ജനങ്ങളിലുണ്ടാക്കിയ രോഷം 1857-ലെ ലഹളയ്ക്ക് ഒരു കാരണമായി. 1860 ഡി. 19-ന് ഇദ്ദേഹം ഡല്‍ഹൗസി കൊട്ടാരത്തില്‍ മരണമടഞ്ഞു.

(ഡോ. എസ്. ഷറഫുദീന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍