This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോജനസ് (അപ്പളോണിയയിലെ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:43, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയോജനസ് (അപ്പളോണിയയിലെ)

Diogenes (of Apollonial)

അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജീവിച്ചിരുന്ന ഗ്രീക്കു തത്ത്വചിന്തകന്‍. ഏഥന്‍സ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. അയോണിയന്‍ വീക്ഷണങ്ങള്‍, മനസ്സിനെക്കുറിച്ചുള്ള അനക്സഗോറസിന്റെ സിദ്ധാന്തങ്ങള്‍, അണുവാദവീക്ഷണം എന്നിവ ഇദ്ദേഹത്തെ സ്വാധീനിച്ചു. അനാക്സിമെനീസിനെ (Anaximenes) പിന്തുടര്‍ന്നുകൊണ്ട്, പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും അടിസ്ഥാന വസ്തുവായ വായുവിന്റെ വിവിധ രൂപാന്തരങ്ങള്‍ മാത്രമാണെന്ന ഒരു ഭൗതിക സിദ്ധാന്തത്തിന് ഇദ്ദേഹം രൂപം നല്‍കി.

പലതില്‍ നിന്നും ഉത്തമമായതിനെ തിരഞ്ഞെടുക്കുന്ന ഒരു പണ്ഡിതന്‍ എന്നാണ് ഡയോജനസിനെക്കുറിച്ച് തിയോഫ്രാസ്റ്റസ് അഭിപ്രായപ്പെട്ടത്. ആശയങ്ങളെ ക്രമാനുഗതമായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു വ്യക്തിയായും ഇദ്ദേഹം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് തത്ത്വചിന്തയുടെ പരിവര്‍ത്തനഘട്ടത്തില്‍ പുരാതന ആശയങ്ങളുടെ ഉള്‍ക്കാഴ്ചയും പുതിയ കണ്ടുപിടിത്തങ്ങളും തമ്മില്‍ സമന്വയിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

രണ്ട് ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരു മൂലവസ്തുവിന്റെ അവസ്ഥാന്തരങ്ങളാണെന്ന സിദ്ധാന്തം ഇദ്ദേഹം ആവിഷ്കരിച്ചത്. പ്രപഞ്ചത്തിലെ ഓരോ വസ്തുവും മറ്റു വസ്തുക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെങ്കില്‍ അവ തമ്മില്‍ പരസ്പര പ്രവര്‍ത്തനം അസാധ്യമായിത്തീരുമായിരുന്നു. എന്നാല്‍ വസ്തുത അതല്ല. വസ്തുക്കള്‍ തമ്മില്‍ പരസ്പര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ദ്രവ്യങ്ങള്‍ തമ്മില്‍ മൗലിക വ്യത്യാസങ്ങള്‍ ഒന്നും ഇല്ലതന്നെ. പ്രപഞ്ചത്തില്‍ കാണുന്ന സന്തുലിതാവസ്ഥയാണ് ഡയോജനസിനെ സ്വാധീനിച്ച രണ്ടാമത്തെ ആശയം. ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നതും സര്‍വവ്യാപി ആയിട്ടുള്ളതുമായ അടിസ്ഥാനപരമായ ഒന്നിന്റെ മാര്‍ഗനിര്‍ദേശവും നിയന്ത്രണവും ഉള്ളതു കൊണ്ടാണ് പ്രപഞ്ചത്തില്‍ ക്രമബദ്ധത നിലനില്‍ക്കുന്നത്. ഡയോജനസിന്റെ അഭിപ്രായത്തില്‍ അടിസ്ഥാനപരമായ പ്രപഞ്ച വസ്തു വായുവാണ്. ജീവന്റെ അടിസ്ഥാന ഘടകമായ വായുതന്നെയാണ് പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ ജീവജാലങ്ങളുടെയും ഉറവിടം. പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ ഭൗതികമാറ്റങ്ങള്‍ക്കും കാരണമാകുന്നതും വായുവാണ്. ഏറ്റവും അനുവര്‍ത്തനക്ഷമമായ ദ്രവ്യമാണ് വായു. ശൈത്യം, ചൂട്, ഈര്‍പ്പം, ജലമയമില്ലാത്ത അവസ്ഥ എന്നിവയ്ക്കെല്ലാം കാരണമായ വായു ജീവജാലങ്ങളില്‍ ഉള്ളപ്പോള്‍ അവയില്‍ ഈശ്വര ചൈതന്യം സ്പന്ദിക്കുന്നതായി കണക്കാക്കാം.

വായുവിന്റെ യാന്ത്രികവും ആത്മീയവുമായ ഗുണങ്ങളെ ആസ്പദമാക്കി സംവേദനം, പ്രത്യക്ഷണം, വികാരം, ചിന്ത എന്നിവയെ വിശദീകരിക്കാനും ഇദ്ദേഹം ശ്രമിച്ചു. സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങള്‍ക്കാണ് ഡയോജനസ് പ്രാധാന്യം കല്പിച്ചത്. സമകാലിക ചിന്തകന്മാര്‍ക്ക് ഇദ്ദേഹത്തിന്റെ ഈ സവിശേഷത പൂര്‍ണ രൂപത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. ഡയോജസിന്റെ പ്രധാനകൃതി ഓണ്‍ നേച്ചര്‍ (On Nature) ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍