This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയസ്പൊറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:04, 10 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയസ്പൊറ

Diaspora

പാലസ്തീന്‍ പ്രദേശത്തുനിന്ന് വിദേശങ്ങളിലേക്ക് യഹൂദര്‍ നടത്തിയ കുടിയേറ്റങ്ങള്‍. ചിതറിപ്പോകല്‍ (Dispersion) എന്നര്‍ഥം വരുന്ന ഡയസ്പൊറ (Diaspora) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഈ പദം രൂപം കൊണ്ടിട്ടുള്ളത് എന്നു കരുതപ്പെടുന്നു. ഇസ്രായേല്‍ രാജ്യസ്ഥാപനത്തിന്റെ ആദ്യഘട്ടത്തില്‍ യഹൂദര്‍ തങ്ങളുടെ വംശീയ ഏകത (Ethnical Unity) നിലനിര്‍ത്തിക്കൊണ്ട് പാലസ്തീനിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രമാണ് കഴിഞ്ഞിരുന്നത്.

ബി.സി. എട്ടാം നൂറ്റാണ്ടില്‍ (ബി.സി.734-721) പാലസ്തീനിന്റെ വടക്കന്‍ മേഖല അസ്സീറിയന്‍ ചക്രവര്‍ത്തി പിടിച്ചടക്കി. യുദ്ധത്തില്‍ വിജയികളായ അസ്സീറിയന്‍ സൈനികര്‍ യഹൂദരെ സാമ്രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വം കൊണ്ടുപോയി. അങ്ങനെ ഇസ്രായേലില്‍ വംശീയ ഏകത പുലര്‍ത്തിക്കഴിഞ്ഞിരുന്ന യഹൂദജനത ചിന്നിച്ചിതറുവാനിടയായി. വിദൂരദേശങ്ങളിലേക്കു താമസം മാറ്റിയതിനെത്തുടര്‍ന്ന് യഹൂദര്‍ ഇതര ജനവര്‍ഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിത്തുടങ്ങി.

ബി. സി. ആറാം നൂറ്റാണ്ടില്‍ (ബി. സി. 598-587) പാലസ്തീനിന്റെ തെക്കന്‍ മേഖല ബാബിലോണിയന്‍ ചക്രവര്‍ത്തി പിടിച്ചടക്കി. അതിനെത്തുടര്‍ന്ന് തെക്കന്‍ മേഖലയിലെ യഹൂദരും വിദൂര ദേശങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. അനേകം യഹൂദര്‍ നാടുകടത്തപ്പെട്ടത് ബാബിലോണിയയിലേക്കാണ്. നാടുകടത്തപ്പെട്ടവരായിരുന്നെങ്കിലും ബാബിലോണിയയിലെ യഹൂദര്‍ തങ്ങളുടെ വംശീയ ഏകത നിലനിര്‍ത്തിപ്പോന്നു. ബി.സി. 539-ല്‍ പേര്‍ഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് ബാബിലോണിയന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ അടിമത്തത്തില്‍ നിന്ന് മോചനം നേടിയ യഹൂദര്‍ തങ്ങളുടെ പൂര്‍വദേശത്തേക്കു മടങ്ങി പലസ്തീന്‍ രാജ്യം പുന:സ്ഥാപിച്ചു.

ബി. സി. 323-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി മാസിഡോണിയന്‍ സാമ്രാജ്യം സ്ഥാപിച്ചതിനെത്തുടര്‍ന്ന് ഗ്രീക്കുഭരണം നിലവില്‍ വന്ന കിഴക്കന്‍ മേഖലകളില്‍ വാണിജ്യാഭിവൃദ്ധി ഉണ്ടായതിനാല്‍ അവിടേക്ക് വന്‍തോതില്‍ കുടിയേറ്റം ആരംഭിച്ചു. അതിന്റെ ഭാഗമെന്നവണ്ണം അനേകം യഹൂദരും കുടിയേറി. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ടോളമി ഭരണാധികാരിയായിരുന്ന കാലത്ത് ഈജിപ്റ്റിന്റെ പല ഭാഗങ്ങളിലും യഹൂദകോളനികള്‍ ഉയര്‍ന്നുവന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍-അഗസ്റ്റസ് സീസര്‍ റോമാ ചക്രവര്‍ത്തിയായിരുന്ന കാലത്ത്-സിറിയ, എഷ്യാമൈനര്‍, മെസപ്പൊട്ടേമിയ, കപ്പദോച്ചിയ, പോന്തൂസ്, ഫ്രീജിയ, ഗ്രീസ്, ഇറ്റലി തുടങ്ങിയ അനേകം പ്രദേശങ്ങളില്‍ യഹൂദര്‍ കുടിയേറി. ഏറ്റവും കൂടുതല്‍ യഹൂദര്‍ കുടിയേറിയത് റോമാസാമ്രാജ്യത്തിലെ പ്രമുഖനഗരങ്ങളായ അലക്സാന്‍ഡ്രിയ, അന്ത്യോഖ്യ, റോം എന്നിവിടങ്ങളിലാണ്. ഏറ്റവും സമ്പന്നവും പ്രതാപമേറിയതും ആയ യഹൂദ കോളനി അലക്സാന്‍ഡ്രിയയിലാണു രൂപംകൊത്. സ്വയംഭരണാവകാശത്തോടുകൂടിയ നഗരപ്രദേശമായിരുന്നു അലക്സാന്‍ഡ്രിയയിലെ യഹൂദ കോളനി. ഡയസ്പൊറക്കാരായ യഹൂദര്‍ റോമാ സാമ്രാജ്യത്തിലെ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനത്തോളം ഉണ്ടായിരുന്നു.

അധ്വാനശീലരായ യഹൂദ കുടിയേറ്റക്കാര്‍ കോളനി സ്ഥാപിച്ചിടത്തെല്ലാം ശക്തരും സമ്പന്നരും ആയി മാറി. പാലസ്തീനിലെ യഹൂദര്‍ യാഥാസ്ഥിതികരായി തുടര്‍ന്നപ്പോള്‍ ഡയസ്പൊറക്കാരായ യഹൂദര്‍ കുറേക്കൂടി ഉത്പതിഷ്ണമനസ്ഥിതിയോടെ മറ്റു ജനവിഭാഗങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഡയസ്പൊറക്കാര്‍ അധികവും ഗ്രീക്കുഭാഷയാണു സംസാരിച്ചിരുന്നത്. ഗ്രീക്കു നാമധേയങ്ങളും അവര്‍ സ്വീകരിച്ചു. അവരില്‍ അധികംപേരും വാണിജ്യപ്രവര്‍ത്തനങ്ങളിലാണേര്‍പ്പെട്ടിരുന്നത്. പലസ്തീന്‍ യഹൂദരെക്കാള്‍ സമ്പന്നരായി. 'ഡയസ്പൊറ യഹൂദര്‍' സമ്പത്തിന്റെ പിന്‍ബലം കൊണ്ട് തങ്ങള്‍ നിവസിച്ചിരുന്ന പ്രദേശങ്ങളിലെ രാജാക്കന്മാരുടേയും മറ്റു ഭരണാധികാരികളുടേയും സൗഹൃദം നേടിയെടുത്തു. അലക്സാന്‍ഡ്രിയയിലാണെങ്കില്‍ അവിടത്തെ സ്വദേശികളെക്കാള്‍ കൂടുതല്‍ പ്രാമാണ്യം വാണിജ്യരംഗത്തും ഭരണരംഗത്തും ഡയസ്പൊറക്കാര്‍ നേടി. എന്നാല്‍ സൈനികസേവനത്തില്‍ നിന്ന് യഹൂദരെ മാറ്റി നിര്‍ത്തുവാന്‍ റോമന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചു. റോമാക്കാരുടെ സൈനിക ചിഹ്നത്തെ വിഗ്രഹങ്ങളായി യഹൂദര്‍ വ്യാഖാനിച്ചതാണ് ഇതിനു കാരണം. ആദ്യകാലങ്ങളില്‍ യഹൂദര്‍ക്ക് റോമാസാമ്രാജ്യത്തിലെ പൗരത്വവും നല്‍കിയിരുന്നില്ല. എന്നാല്‍ ഏ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഡയസ്പൊറ യഹൂദര്‍ക്ക് റോമന്‍ പൗരത്വം ലഭിച്ചു തുടങ്ങി.

പൊതുവേ യവന(ഗ്രീക്കു) സംസ്കാരത്തിന്റെ മധ്യത്തിലാണ് ഡയസ്പൊറ യഹൂദര്‍ കഴിഞ്ഞിരുന്നത്. അക്കാരണത്താല്‍ ഗ്രീക്കു സംസ്കാരവും യഹൂദസംസ്കാരവും തമ്മിലുള്ള ഒരു തരം സങ്കലനം അവിടങ്ങളിലെല്ലാം ഉണ്ടായി. അക്കാലത്ത് ഏറ്റവും പ്രധാന യവന സംസ്കാര കേന്ദ്രമായിരുന്ന അലക്സാന്‍ഡ്രിയ, ഒരു പ്രമുഖ യഹൂദ സംസ്കാര കേന്ദ്രമായും അറിയപ്പെട്ടു. പ്രശസ്തരായ അനേകം യഹൂദപണ്ഡിതന്മാര്‍ ഇവിടെ ഉണ്ടായിരുന്നു. ബൈബിള്‍ പഴയ നിയമത്തെ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയതുള്‍പ്പെടെ പല സംഭാവനകളും അവര്‍ സാഹിത്യത്തിനു നല്‍കി.

യവന സംസ്കാരവുമായി ഇണങ്ങിച്ചേര്‍ന്നുവെങ്കിലും തങ്ങളുടെ ആധ്യാത്മിക നേതൃത്വത്തിനായി ഡയസ്പൊറ യഹൂദര്‍ നോക്കിയത് പലസ്തീനിയന്‍ യഹൂദരെ ആയിരുന്നു. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ അവര്‍ സദാ ജെറുസലേമുമായി ബന്ധം പുലര്‍ത്തി. പലസ്തീനിയന്‍ എന്നോ 'ഡയസ്പൊറ' എന്നോ ഉള്ള വ്യത്യാസം കൂടാതെ, യഹൂദരെല്ലാം ഒന്നാണെന്ന ചിന്ത വളര്‍ത്തുവാന്‍ ഈ നിലപാട് സഹായിച്ചു. ബലി അര്‍പ്പണം എന്ന ഏറ്റവും ശ്രേഷ്ഠമായ മതാനുഷ്ഠാനം ജെറുസലേം ദേവാലയത്തില്‍ മാത്രമേ സാധ്യമാകൂ എന്ന യഹൂദ വിശ്വാസം ഡയസ്പൊറയെ ജെറുസലേമുമായി നിരന്തരബന്ധം പുലര്‍ത്തുവാന്‍ പ്രേരിപ്പിച്ചു. ഡയസ്പൊറയില്‍ സ്ഥാപിക്കപ്പെട്ട ജൂതദേവാലയങ്ങളെ (Synagogue) സാധാരണ പ്രാര്‍ഥനകള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. റോമന്‍ ആക്രമണത്തിന്റെ ഫലമായി ജെറുസലേം തകര്‍ന്നതിനു ശേഷവും യഹൂദ മതത്തെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഡയസ്പൊറ സിനഗോഗുകള്‍ വലുതായൊരു പങ്കുവഹിച്ചു.

ഡയസ്പൊറ പ്രദേശങ്ങളില്‍ യഹൂദ വിരുദ്ധ മനോഭാവം വളര്‍ന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്. യഹൂദ കോളനികളില്‍ നിലനിന്ന ഒത്തൊരുമയും അവരുടെ സമ്പല്‍സമൃദ്ധിയും തദ്ദേശവാസികളുടെ മനസ്സില്‍ വിദേശികളോടുള്ള ഒരു തരം ഭയം (Xenophobia) വളര്‍ത്തി. യഹൂദര്‍ തങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയേക്കുമോ എന്ന ഭയം തദ്ദേശീയര്‍ക്കുണ്ടായി. അതിന്റെ ഫലമായി അന്ത്യോഖ്യ. അലക്സാന്‍ഡ്രിയ, കേസറിയ തുടങ്ങിയ നഗരങ്ങളില്‍ യഹൂദവിരുദ്ധ ലഹളകള്‍ ഉണ്ടാവുക പതിവായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍